ADVERTISEMENT

എന്താണു ഹീറോയിസം…?  നനഞ്ഞുകുതിർന്ന വാഗമൺ മലനിരകളിലേക്കുള്ള ഡ്രൈവിന് ഇടയിലാണ് ആ ചോദ്യമുയർന്നത്. കാറിന്റെ വൈപ്പർ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടേയിരുന്നു. മഴ മാറുമ്പോൾ കിടുകിടാ വിറപ്പിച്ചുകൊണ്ട് കാറ്റും മഞ്ഞും വാഗമണ്ണിലെത്തുന്ന സഞ്ചാരികളെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു. ടൗണിൽനിന്ന് ഞങ്ങൾ വീണ്ടും താഴേക്കു ഡ്രൈവ് ചെയ്തു.  തേയിലത്തോട്ടങ്ങളിലെ ഒറ്റവീടുകളും ഒറ്റമരങ്ങളും കണ്ടൊരു യാത്ര എത്തിയത് ഗ്രാസ്മെയർ റിസോർട്ടിൽ.  മാനേജർ റസൽ ഗ്രാസ്മെയർ എന്ന പേരിനു പിന്നിലെ കഥ പറഞ്ഞുതന്നു. 

grasmere-vagamon2

ലണ്ടനിൽ സഞ്ചാരികളുടെ പറുദീസകളിലൊന്നാണ് ഗ്രാസ്മെയർ ഗ്രാമം. ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ വലിയ കൗണ്ടി ആയ കംബ്രിയയിലാണ് ഗ്രാസ്മെയർ ഗ്രാമം. അവിടുത്തെ കെട്ടിടങ്ങൾപോലും അതിമനോഹരമാണ്. ത്രികോണാകൃതിയിൽ മേലാപ്പുയർത്തി നിരനിരയായി നിൽക്കുന്ന ഗ്രാസ്മെയർ കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വാഗമണ്ണിലെ ഗ്രാസ്മെയർ റിസോർട്ടിലെ കോട്ടേജുകൾ.  

കോട്ടേജിലെ രണ്ടാംനിലയിലെ ബാൽക്കണിയിൽനിന്നു നോക്കിയപ്പോഴാണ് ആദ്യത്തെ ‘ഹീറോയിസം’ ചോദ്യത്തിനുള്ള ഉത്തരം വന്നത്. അകലെ മലനിരകളെ മഞ്ഞുപൊതിയുന്നുണ്ട്. ബാൽക്കണി ഡോർ തുറന്നിട്ടാൽ കിടുകിടാ വിറയ്ക്കുന്നതണുപ്പുമുണ്ട്. പോരാത്തതിന് നൂൽമഴയും.  ഈ കാലാവസ്ഥയിൽ ഗ്രാസ്മെയറിലെ നീലനീന്തൽക്കുളത്തിൽ മുങ്ങിനിവരുന്നതാണു ഹീറോയിസം- എറണാകുളത്തുനിന്നു ഗ്രാസ്മെയറിൽ എത്തിയ മാർട്ടിനും സുഹൃത്തും പൂളിൽനിന്നു വിളിച്ചുപറഞ്ഞു- ‘’ഇറങ്ങിക്കോ… കിടു എക്സ്പീരിയൻസ് ആണ്’’ 

grasmere-vagamon3

പിന്നെയെന്തു നോക്കാൻ… മഴയിൽ, കുളത്തിൽ കുളിക്കുന്ന ആ ഹീറോയിസത്തിന് അടിമകളായി യാത്രാസംഘം. ഗ്രാസ്മെയർ തടാകത്തിന്റെ പേരിലാണ് ലണ്ടനിലെ ഗ്രാമം അറിയപ്പെടുന്നത്. വാഗമണ്ണിൽ തടാകത്തിനു പകരം അത്യുഗ്രൻ വെള്ളച്ചാട്ടമാണ് നമ്മുടെ ഗ്രാസ്മെയറിന് അടുത്തുള്ളത്. മീൻമുട്ടി വെള്ളച്ചാട്ടം. കേരളത്തിൽ ഈ പേരുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. അവിടേക്കു സഞ്ചാരികളെത്താറുമുണ്ട്. എന്നാൽ വാഗമണ്ണിലെ മീൻമുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്ക് അപ്രാപ്യമാണ്. സ്വകാര്യസ്ഥലത്താണ് മീൻമുട്ടി വെള്ളച്ചാട്ടം. ഗ്രാസ്മെയറിലെ  കോട്ടേജിൽനിന്നാൽ മാത്രമേ മീൻമുട്ടിയെ ഇങ്ങനെ മുഴുവൻ സൗന്ദര്യത്തോടെ കാണാൻ പറ്റൂ എന്ന് മാനേജർ റസൽ..  

grasmere-vagamon1

ആ നീലനീന്തൽകുളത്തിന്റെ അറ്റത്തു പിടിച്ചിരുന്നാൽ അപ്പോൾ മൂന്നുണ്ട് കാര്യങ്ങൾ. വാഗമൺ കുന്നുകളിൽ പൊതിയുന്ന മഞ്ഞിനെ ഏറ്റുവാങ്ങാം. കുന്നിൻമുകളിലെ ഇൻഫിനിറ്റി ഫീലുള്ള കുളത്തിൽ കുളിക്കാം. പിന്നെ മീൻമുട്ടിയുടെ ഹുംകാരം കേൾക്കാം. ഈ കുളത്തിൽ കുളിക്കുന്നതു ഹീറോയിസം തന്നെയല്ലേ… ?തണുത്തുവിറച്ചിരിക്കുന്ന സമയത്ത് കുളത്തിൽനിന്നു പ്രചോദനം തന്ന മാർട്ടിൻ… നിനക്കു നന്ദി. ആദ്യചാട്ടത്തിൽതന്നെ തണുപ്പ് ഇറങ്ങിപ്പോയി. നാലുപേരും മത്സരിച്ചു നീന്താൻ തുടങ്ങിയപ്പോൾ ഉൻമേഷം പൂർവാധികമായി. 

grasmere-vagamon4

പൂളിൽനിന്നു കയറിയാൽ സുന്ദരമായ മുറിയിൽ ചെന്ന് ചൂടുചായ മൊത്തിക്കുടിക്കാം. ചങ്ങാതിമാരോടൊത്ത് ബാൽക്കണിയിൽ സംസാരിച്ചിരിക്കാം. രുചികരമായ ആഹാരം റസ്റ്ററന്റിൽനിന്നുവരുത്താം. ബാൽക്കണി വാതിൽ അടച്ച് വെള്ളച്ചാട്ടത്തിന്റെയും ലോകത്തിന്റെയും ശബ്ദം മ്യൂട്ട് ചെയ്ത് ശാന്തതയോടെ ഉറങ്ങാം.  

"I wandered lonely as a cloud          

 That floats on high o'er vales and hills,      

 When all at once I saw a crowd

A host, of golden daffodils

Beside the lake, Beneath the trees

Fluttering and dancing in the breeze''

വില്യം വേർഡ്സ് വർത്ത് എന്ന വിശ്വകവിയുടെ  I wandered lonely as a cloud എന്ന  കവിതയിൽനിന്നുള്ള വരികളാണിത്. വിശ്വപ്രസിദ്ധനായ കവി ഗ്രാസ്മെയർ സ്വദേശിയായിരുന്നു. ഗ്രാസ്മെയർ റിസോർട്ടിൽ ഇരുന്ന് മീൻമുട്ടിയുടെ സംഗീതവും മഞ്ഞിന്റെ തലോടലുമേറ്റാൽ നമ്മളിലും  കവിത വരുമായിരിക്കും.  രാവിലെ തിരിച്ചിറങ്ങുമ്പോഴും മഴ കവിത രചിക്കാനുള്ള പുറപ്പാടിലായിരുന്നു. 

ഗ്രാസ്മെയർ റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക്- 7025460317

English Summary: The Grasmere Resort In Vagamon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com