ADVERTISEMENT

തൃശൂർ ∙ കാടുകാണാൻ മോഹമുണ്ട്: പക്ഷേ, കാട്ടിൽ കയറിയുള്ള ട്രക്കിങ്ങിന് അത്ര ധൈര്യം പോരാ. സകുടുംബം പ്രകൃതിയാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്ന പലരെയും പിന്നാക്കം വലിക്കുന്നത് ഈ ചിന്തയ‍ാണ്. ഇങ്ങനെയുള്ളവരടക്കം യാത്രാസ്നേഹികളെയെല്ലാം പിടിച്ചുവലിക്കാൻ പാകത്തിനു ജില്ലയിലൊരു സുന്ദര കാനന പാതയുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ആരംഭിച്ചു തുമ്പൂർമൂഴി വഴി ചൊക്കന, പാലപ്പിള്ളി, ചിമ്മിനി, പീച്ചിയിലൂടെ നെല്ലിയാമ്പതിയിൽ അവസാനിക്കുന്ന യാത്ര സമ്മാനിക്കുന്നത് ജംഗിൾ സഫാരിക്കു തുല്യമായ യാത്രാനുഭവം. പക്ഷേ, റോഡുകൾ പലയിടത്തും മോശമാണ്, വീതി കുറവും.

P04.indd
തൃശൂർ പാലപ്പിള്ളി മുപ്ലി എസ്റ്റേറ്റിലെ സെന്റ് ജൂഡ് പള്ളി

പാത വികസിപ്പിച്ചു ടൂറിസം സർക്യൂട്ടിനു രൂപം നൽകാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങിയാൽ ചരിത്രം പിറക്കും. (പ്രത്യേകം ശ്രദ്ധിക്കേണ്ടത്: കോവിഡ് കാലമാണിത്. സാമൂഹികാവസ്ഥ സുരക്ഷിത നിലയിലെത്തിയ ശേഷം മാത്രം യാത്രയെക്ക‍ുറിച്ചു ചിന്തിക്കുന്നതാണ് ഉചിതം. ഒട്ടുമിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സന്ദർശക നിയന്ത്രണമുണ്ട്.)

നെടുമ്പാശേരി ടു നെല്ലിയാമ്പതി

ഇക്കോ ടൂറിസമെന്ന വാക്കു തേഞ്ഞുപഴകിയതാണെങ്കിലും നെടുമ്പാശേരിയിൽ നിന്നു നെല്ലിയാമ്പതിയിലേക്കൊരു വിനോദ സഞ്ചാര സർക്യൂട്ട് വന്നാൽ കേരളത്തിൽ ഇക്കോ ടൂറിസത്തിന് ഇതിലും മികച്ച ഉദാഹരണങ്ങൾ വിരളമാകും. നെടുമ്പാശേരിയിൽ നിന്ന് അതിരാവിലെ ആരംഭിക്കുന്ന വിധത്തിൽ യാത്ര തുടങ്ങിയെന്നു കരുതുക.

ആദ്യത്തെ പ്രധാന ‘ഡെസ്റ്റിനേഷൻ’ ഏഴാറ്റുമുഖമാണ്. ഇവിടെ നിന്നു തുമ്പൂർമൂഴി കറങ്ങി അതിരപ്പിള്ളിയിലെത്താം. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ച ശേഷം ചെമ്പൻകുന്ന് വഴി വെള്ളിക്കുളങ്ങരയിലെത്താം. ചൊക്കന, ചക്കിപ്പറമ്പ്, മുക്കണാംപതി വഴി പാലപ്പിള്ളിയിലേക്കുള്ള യാത്ര വിജനവും സുന്ദരവുമായ പാതയിലൂടെയാണ്. പാലപ്പിള്ളിയിലെ ആട്ടുപാലങ്ങൾ രസികൻ അനുഭവമാകും.

മുപ്ലിയം, മുനിയാട്ടുകുന്ന് വഴി ചിമ്മിനി ഡാമിലെത്തി അൽപ നേരം ചെലവഴിക്കാം. തുടർന്നു മരോട്ടിച്ചാൽ ഭാഗത്തേക്കുള്ള യാത്രയിൽ വെള്ളച്ചാട്ടങ്ങൾ ഉല്ലാസകരമായ അനുഭവം പകരും. പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ ഏറ്റവും വലിയ ആകർഷണം ഇതായി മാറും. പീച്ചി ഡാം കണ്ട ശേഷം കുറച്ചുദൂരം യാത്ര ദേശീയപാതയിലൂടെ. പട്ടിക്കാട് വഴി നെന്മാറയിലെത്തിയ ശേഷം വീണ്ടും പ്രകൃതിസുന്ദര കാഴ്ചകളിലേക്ക്.

P04.indd
തൃശൂർ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശന കവാടം

യാത്രയ്ക്കൊടുവിൽ കാത്തിരിക്കുന്നത് നെല്ലിയാമ്പതി മലനിരകൾ. ഏകദേശം 180 കിലോമീറ്റർ പിന്നിടുന്ന യാത്ര. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളൊഴിവാക്കി നേരിട്ടൊരു ട്രൈബൽ ഇക്കോ ട്രാക്ക് മാത്രമായി കണ്ടാൽ നെടുമ്പാശേരിയിൽ നിന്ന് 4 മണിക്കൂറിനുള്ളിൽ നെല്ലിയാമ്പതിയ‍ിലെത്താനാകുമെന്നാണു പ്രാഥമിക കണക്കുകൂട്ടൽ.

ഒരു ഹെറിറ്റേജ് ബസ് ആയാലോ ?

കെഎസ്ആർടിസിയോ ടൂറിസം വികസന കൗൺസിലോ നെടുമ്പാശേരിയിൽ നിന്നൊരു ഹെറിറ്റേജ് ബസ് സർവീസ് തുടങ്ങിയാൽ ക്ലിക്കാകുമെന്നതിൽ സംശയം വേണ്ടെന്നു ടൂറിസം മേഖലയിലെ വിദഗ്ധർ പറയുന്നു. പത്തനംതിട്ടയിൽ നിന്നു ഗവിയിലേക്കുള്ള ബസ് സർവീസ് പോലെ വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട യാത്രാമാർഗമായി അതു മാറിയേക്കാം.

രാവിലെ നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ടാൽ ഉച്ചയ്ക്കു മുൻപേ നെല്ലിയാമ്പതി എത്താൻ കഴിയുമെങ്കിലും പലയിടത്തു നിർത്തി യാത്രചെയ്യുന്ന ഹെറിറ്റേജ് ബസുകൾ വൈകിട്ട് എത്തുന്ന വിധത്തിൽ ആസൂത്രണം ചെയ്യുന്നതും ആലോചിക്കാവുന്നതു തന്നെ. മുപ്ലി, കുറുമാലിപ്പുഴകളുടെ നദീതടത്തിലൂടെ ചിമ്മിനിയെ അറിഞ്ഞുകൊണ്ടാകണം യാത്ര.

ഏറുമാടത്തിൽ കണ്ണുംനട്ട്

ടൂറിസം സർക്യൂട്ട് ആരംഭിക്കാനായാൽ ചിമ്മിനിയാകും ഏറ്റവുമധികം മിന്ന‍ിത്തെളിയുക. വനയാത്ര, പ്രകൃതി പഠന ക്യാംപുകൾ, സുരക്ഷാ സംവിധാനങ്ങളോടെയുള്ള ജലയാത്ര, ഉദ്യാനം, അക്വേറിയം, ഏറുമാടം തുടങ്ങിയ സൗകര്യങ്ങൾ സന്ദർശകരെ മാടിവിളിക്കും. ചിമ്മിനിയിൽ ഡാം മാത്രമാണു കാണാൻ ഉള്ളതെന്ന തോന്നലിലാണു പലപ്പോഴും സന്ദർശകർ അകന്നു നിൽക്കാറുള്ളത്.

thrissur-trip3
കാനനസുന്ദരി മഴക്കാലമായതോടെ സമൃദ്ധമായ മാമ്പാറ വെള്ളച്ചാട്ടം ഇപ്പോൾ. (ഫോറസ്റ്റ് വാച്ചർ ജിബി ജോൺ എടുത്ത ചിത്രം)

എന്നാൽ, കാടിനുള്ളിലൂടെയുള്ള യാത്രയാണു ചിമ്മിനിയുടെ ഹൈലൈറ്റ് എന്നു പലർക്കുമറിയില്ല. ടൂറിസം സോൺ, വന്യജീവി സങ്കേതം എന്നിവ മാത്രമല്ല ചിമ്മിനിയിലുള്ളത്. പ്രവേശനത്തിനു നിയന്ത്രണമുള്ള ബഫർ സോൺ, കർശന നിരോധനമുള്ള കോർ ഏരിയ എന്നിവയും ചിമ്മിന‍ി വനമേഖലയുടെ പ്രത്യേകതയാണ്. ചിമ്മിനിയിൽ വനംവകുപ്പ് നടത്തുന്ന ടൂറിസം പദ്ധതികളെ നിർദിഷ്ട സർക്യൂട്ടുമായി ബന്ധിപ്പിക്കാനായാൽ വലിയ നേട്ടമാകും.

ആട്ടുപാലങ്ങൾ, ആഹാ!

പാലപ്പിള്ളിയിൽ നിന്ന് അതിരപ്പിള്ളി ഭാഗത്തേക്കുള്ള യാത്രയിലെ കിടിലൻ അനുഭവമാണ് ആട്ടുപാലങ്ങൾ. വിദൂര ഗ്രാമങ്ങളിലേക്കും എസ്റ്റേറ്റുകളിലേക്കുമൊക്കെ പുഴ മുറിച്ചുകടന്നു യാത്രചെയ്യാൻ പാകത്തിന് ഉരുക്കു വടങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പാലങ്ങളാണിവ.

സാധാരണ തൂക്കുപാലങ്ങൾ പോലെയല്ല, അൽപം കൂടി സാഹസികമാണ് ആട്ടുപാലങ്ങളിലൂടെയുള്ള യാത്ര. തൂക്കുപാലങ്ങളെക്കാൾ ആട്ടം കൂടുതലാണിവയ്ക്ക്. പാലപ്പിള്ളി മേഖലയിൽ ഒന്നിലേറെ ആട്ടുപാലങ്ങളുണ്ട്. റോഡരികിൽ വണ്ടി നിർത്തിയിട്ട ശേഷം ആട്ടുപാലത്തിലൊന്നു കയറി തിരികെയെത്തി യാത്ര തുടരാം. 

ട്രൈബൽ ഹെറിറ്റേജ് ടൂറിസം

ടൂറിസം സർക്യൂട്ട് നിലവിൽ വന്നാൽ രക്ഷപ്പെടാൻ പോകുന്നത് ഈ മേഖലയിലെ പരമ്പരാഗത ആദിവാസി സമൂഹം കൂടിയാണ്. 5 ആദിവ‍ാസി ഊരുകളുള്ള ഈ ഭാഗത്ത് താമസം, പരമ്പരാഗത ഭക്ഷണം, വനവിഭവങ്ങളുടെ വിൽപനശാലകൾ എന്നിവ ഒരുക്കിയാൽ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടും.

ചിമ്മിനി വനമേഖല ഉത്തരവാദിത്ത വിനോസഞ്ചാര (റെസ്പോൺസിബിൾ ടൂറിസം) പദ്ധതികൾക്ക് ഏറെ അനുയോജ്യം. കുട്ടവഞ്ചി യാത്ര, ട്രക്കിങ് തുടങ്ങിയവ പുനരാരംഭിച്ചാൽ സന്ദർശകർ ഒഴുകുമെന്നതിൽ സംശയം വേണ്ട. വനാന്തരങ്ങളിലെ വെള്ളച്ചാട്ടങ്ങളായ ചൂരൽതള, പായമ്പാറ, പുറനാട്, പൂമല, വലിയവര, മങ്ങാട്ടുകൊമ്പൻ, മരോട്ടിച്ചാൽ, ഓലക്കയം, എലിഞ്ഞിപ്പാറ എന്നിവയും അത്യാകർഷകം.

English Summary: Amazing Places to Visit in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com