ADVERTISEMENT

സ്വര്‍ഗസമാനമായ പ്രകൃതിക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാര്‍. മലയാളികളുടെ സ്വകാര്യ അഭിമാനമായ മൂന്നാറിലും പരിസരപ്രദേശത്തും കാണാനായി കാഴ്ചകള്‍ ഒട്ടേറെയുണ്ട്. അത്തരത്തിലുള്ള ഇടങ്ങളില്‍ ഒന്നാണ് മലയിൽ കള്ളൻ ഗുഹ. 

munnar-stay1

മൂന്നാറില്‍ നിന്നും തേക്കടിയിലേക്ക് പോകുന്ന റോഡില്‍, ഏകദേശം പതിനാലു കിലോമീറ്റര്‍ പിന്നിട്ട്, ദേവികുളം കഴിഞ്ഞാണ് ഈ ഗുഹ. ഗ്യാപ്പ് റോഡിന്‍റെ വീതി കൂടിയഭാഗത്ത്, ഇടത് വശത്തായുള്ള പാറക്കെട്ടില്‍ ഈ ചെറിയ ഗുഹ കാണാം. കഥകള്‍ ഉറങ്ങുന്ന ഈ ഗുഹ ഇതുവഴി പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടത്താവളങ്ങളില്‍ ഒന്നുകൂടിയാണ്. 

മൂന്നാറിലെ കായംകുളം കൊച്ചുണ്ണി!

മലയിൽ കള്ളൻ ഗുഹയ്ക്ക് ആ പേര് കിട്ടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് കേട്ടിട്ടില്ലേ? പിശുക്കരും അറുത്ത കൈക്ക് ഉപ്പുതേക്കാത്തവരുമായ സമ്പന്നരെ കൊള്ളയടിച്ച്, ആ പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന നല്ലവനായ കള്ളനായിരുന്നു കൊച്ചുണ്ണി. അതേ പോലൊരു കള്ളന്‍ പണ്ട് കാലത്ത് ഈ ഗുഹയിൽ താമസിച്ചിരുന്നത്രേ. ഈ വഴി യാത്ര ചെയ്യുന്ന സമ്പന്നരെ കൊള്ളയടിച്ച് സമീപ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുകയായിരുന്നു ആ കള്ളൻ ചെയ്തിരുന്നത്. നാട്ടുകാര്‍ അയാളെ 'മലയിൽ കള്ളൻ' എന്ന് വിളിച്ചു. കാലക്രമേണ, ഈ ഗുഹ അയാളുടെ പേരിൽ അറിയപ്പെട്ടു.

munnar

1960കളിൽ മൂന്നാറിലെ തോട്ടം മാനേജർമാരായ സായ്‌പന്മാർക്കും തമിഴ്നാടുമായി കച്ചവട ബന്ധം ഉണ്ടായിരുന്ന വ്യാപാരികൾക്കും ഒരുപോലെ പേടിസ്വപ്നം ആയിരുന്നു പിടിച്ചുപറിക്കാരനായിരുന്ന തങ്കയ്യൻ. 

ടോപ് സ്റ്റേഷനിൽ നിന്ന് കൊരങ്കിണിയിലേക്കുള്ള പാതയായിരുന്നു തങ്കയ്യന്റെ താവളം. മാനേജർമാരുടെ ബംഗ്ലാവുകളിൽ കയറി മോഷണം നടത്തുകയായിരുന്നു തങ്കയ്യന്റെ ഹോബി. കിട്ടുന്നതിൽ ഒരു വിഹിതം പാവങ്ങൾക്കു നൽകിയിരുന്നു. ഒരുതവണ പൊലീസിന്റെ പിടിയിൽ ആയെങ്കിലും കബളിപ്പിച്ചു രക്ഷപ്പെട്ടു. അന്ന് ഈ ഗുഹ വഴിയാണ് രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഈ ഗുഹയ്ക്ക് ഇയാളുടെ പേര് വന്നത്. 60കളുടെ അവസാനം തമിഴ്നാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തങ്കയ്യൻ കൊല്ലപ്പെട്ടതായാണ് പഴമക്കാർ പറയുന്നത്.

എട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും തങ്കയ്യന്റെ പേരിലുള്ള ഗുഹ ഇന്നും നിലനിൽക്കുന്നു. ഇരുട്ട് നിറഞ്ഞ് അകത്തേക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. അൽപം അകത്തേക്ക് നടന്നാൽ ശ്വാസംമുട്ടും അനുഭവപ്പെടും.

മഞ്ഞില്‍പ്പൊതിഞ്ഞ മൂന്നാര്‍ കാണാം

റോഡിൽ നിന്ന് ഒരു മീറ്ററോളം ഉയരത്തിലാണ് ഗുഹയുടെ പ്രവേശന കവാടം. ഗുഹയിലേക്ക് കയറാൻ മുന്നില്‍ കോൺക്രീറ്റ് പടികൾ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഉൾവശം വിസ്തൃതി കുറവാണെങ്കിലും നല്ല ഉയരമുള്ളതാണ്. സന്ദര്‍ശകര്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാനാവും. കഷ്ടിച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള വലിപ്പം മാത്രമേ ഗുഹയ്ക്ക് ഉള്ളു. പണ്ടുകാലത്ത് സന്യാസിമാര്‍ ഇവിടെ തപസ്സു ചെയ്യാനും ഉപയോഗിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.  

ഗുഹക്ക് എതിർ വശത്തായുള്ള വ്യൂപോയിന്‍റില്‍ നിന്നും നോക്കിയാല്‍ ലോക്ക് ഹാർട്ട് എസ്‌റ്റേറ്റിന്‍റെ സുന്ദരദൃശ്യം കാണാം. വലത് വശത്തായി മഞ്ഞണിഞ്ഞ് നിൽക്കുന്ന ചൊക്രമുടിയും കാണാം.

കാഴ്ചകള്‍ കണ്ടുകൊണ്ട് ചൂടുചായ കുടിക്കാം

ഗുഹയ്ക്ക് എതിര്‍വശത്തായി ചായയും ചെറുകടികളും വില്‍ക്കുന്ന ഒരു കടയുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ ഇരിക്കാനും ചുറ്റുമുള്ള കാഴ്ചകള്‍ വീക്ഷിക്കാനും സൗകര്യമുണ്ട്. സാധാരണയായി ഈ വഴി പോകുന്ന ബൈക്കര്‍മാരുടെയും മറ്റും സ്ഥിരം വിശ്രമകേന്ദ്രമാണ് ഇത്.

അടുത്തുള്ള മറ്റ് സ്ഥലങ്ങൾ

മൂന്നാർ, ദേവികുളം, സൂര്യനെല്ലി, പൂപ്പാറ, കൊളുക്കുമല എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും മലയില്‍ കള്ളന്‍ ഗുഹയ്ക്ക് അടുത്തായാണ്‌ സ്ഥിതിചെയ്യുന്നത്. മൂന്നാറിലെ മറ്റിടങ്ങളെപ്പോലെ തന്നെ മഞ്ഞുകാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

 

English Summary: Rock cave, Munnar( Malayil Kallan Guha)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com