ADVERTISEMENT

ടൂറിസത്തിന്റെ കൈവിട്ട ഇന്നലെകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതോടൊപ്പം കൈവിട്ട നല്ലനാളുകൾ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് കല്ലടയാറിന്റെ ഓളപ്പരപ്പിൽ ഉദിച്ചുയർന്ന തുഴച്ചിൽ പ്രതിഭകളും. 15 വർഷം മുൻപ്, ജലോത്സവവേദികളിലെ അദ്ഭുത താരോദയമായ ബോട്ട് ക്ലബിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് തുഴച്ചിലിലെ ‘കടൽക്കുത്ത്’ ശൈലിയുടെ കരുത്തും സൗന്ദര്യവും അനുഭവിച്ചറിഞ്ഞവരെല്ലാം.

കോവിഡിനപ്പുറം സുവർണ നിമിഷങ്ങൾ പുനർജനിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ് കല്ലടയാറിന്റെ സ്വന്തം പടക്കുതിരകൾ. ‘ജീസസ്’ എന്ന ദൈവനാമത്തിനു പിന്നിൽ ഒരു ശുഭാരംഭം പ്രതീക്ഷിക്കുകയാണ് ഇവർ. പടപ്പക്കര, കല്ലട, അരിനല്ലൂർ ഗ്രാമവാസികളുടെ ജലമൽസരാവേശത്തിലാണ് 2006ൽ ജീസസ് ബോട്ട് ക്ലബിന്റെ ജനനം. ക്ലബ് രൂപീകരിച്ച നാൾ മുതൽ നേട്ടങ്ങളുടെ അണിയത്തായിരുന്നു സ്ഥാനം. നെഹ്റു ട്രോഫി വള്ളംകളി മൽസരത്തിൽ മൂന്നുതവണ വിജയം, മൂന്നു തവണ റണ്ണേഴ്സ് അപ്. ട്രാക്കിൽ ‘ജീസസ്’ കുറിച്ചിട്ട ദൂരം താണ്ടാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല.

Boat-Club

ചരിത്രത്തിലൂടെ...

കല്ലട ജലോത്സവത്തിൽ തുഴയെറിയാൻ 2001ലാണ് ദേവി ബോട്ട് ക്ലബ് രൂപീകരിച്ചത്. മൂന്നാം തുഴക്കാരൻ സന്തോഷ് അടൂരാൻ ക്ലബ് വിട്ടതിനു പിന്നാലെ അദ്ദേഹത്തോടൊപ്പം ഏതാനും തുഴച്ചിൽക്കാർ കൂടി എത്തിയതോടെ കൊടുവിള സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ് രൂപമെടുത്തു. 2002ൽ കല്ലട കപ്പും നേടി. 2005ൽ സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്ബിലും ചേരിതിരിവുണ്ടായി. അങ്ങനെയാണ് പടപ്പക്കര സെന്റ് ജോസഫ് ബോട്ട് ക്ലബിന്റേയും മൺറോത്തുരുത്ത് റിവഞ്ച് ബോട്ട് ക്ലബിന്റേയും ജനനം. ആ വർഷം രണ്ടു ക്ലബ്ബിലെയും അംഗങ്ങൾ രമ്യതയിലെത്തി ശ്രീഗണേശൻ ചുണ്ടനുമായി മൽസരത്തിനിറങ്ങി കപ്പടിച്ചു.

Boat-Club1

കല്ലടയാറ്റിൽ തെളിയിച്ച കരുത്തു പുന്നമടയിലും പരീക്ഷിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. 2006ൽ എടത്വയിൽ ചേർന്ന യോഗത്തിൽ സന്തോഷ് അടൂരാൻ അധ്യക്ഷനായാണ് പടപ്പക്കര ജീസസ് ബോട്ട് ക്ലബ് ജനിക്കുന്നത്. ആ വർഷത്തെ ഹീറ്റ്സിൽ 4.44 മിനിറ്റിൽ ഫിനിഷ് ചെയ്ത ജീസസ് ക്ലബ്ബിന്റെ നേട്ടത്തെ മറികടന്നു തുഴയാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.

Boat-Club4

2008ൽ ഒന്നാം സ്ഥാനം നേടി വീണ്ടും കരുത്തറിയിച്ചു. 2009ലും വിജയം ആവർത്തിച്ചു. പ്രവാസി വ്യവസായി ജിജി ജേക്കബ് ആയിരുന്നു ക്യാപ്റ്റൻ. മൂന്നാറിൽ പ്രത്യേകം കുളം നിർമിച്ചു പരിശീലനം നൽകി ആരെയും തോൽപ്പിക്കുന്ന നിലയിലേക്ക് ടീം എത്തി. 2010ൽ ഫൈനൽ കാണാനായില്ല. ജിജി ജേക്കബ് പിന്മാറിയതോടെ തൃക്കുന്നപ്പുഴ കലാധരൻ ടീമിനെ ഏറ്റെടുത്തു. അങ്ങനെ 2011ൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ട് ക്ലബ്ബിന്റെ തുഴക്കരുത്തു കുറഞ്ഞു. ടീം അംഗങ്ങളെ കൂടുതൽ പണം കൊടുത്തു മറ്റു ടീമുകൾ വലവീശിപ്പിടിച്ചു.

Boat-Club5

പണമാണു വില്ലൻ

നൂറിലേറെ തുഴച്ചിൽക്കാർ, രണ്ട് ഇടിക്കാർ, ഏഴു താളക്കാർ, അഞ്ച് അമരക്കാർ... ഇത്രയും പേരുടെ പരിശീലനവും ചെലവുകളും. പണമാണു വലിയ വെല്ലുവിളിയാകുന്നത്. പരിശീലന കാലത്തെ ശമ്പളം, ഭക്ഷണം, യാത്രാപ്പടി... അൻപതു ലക്ഷത്തോളം ചെലവുണ്ടെന്നാണ് കണക്ക്. 35 ലക്ഷമെങ്കിലും കൂടിയേ തീരുവെന്ന് ക്ലബ് സെക്രട്ടറി ജയേഷ്. വള്ളംകളിയെ സ്നേഹിക്കുന്ന സ്പോൺസറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചിലർ സമീപിക്കുന്നുണ്ട്. ചാംപ്യൻഷിപ് ബോട്ട് ലീഗ്(സിബിഎൽ) എന്ന വലിയ വേദി ക്ലബിനു വലിയ പ്രതീക്ഷയേകുന്നുണ്ട്. ക്ലബിന്റെ ആശയലക്ഷ്യങ്ങളോട് ചേർന്നു പോകുന്ന സ്പോൺസറെയും ക്യാപ്റ്റനെയും കൂടെക്കൂട്ടിയാൽ പുത്തൻ കുതിപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ജീസസിന്റെ പ്രസിഡന്റ് ഉദയൻ പടപ്പക്കരയും.

English Summary: Jesus Boat Club Future Plans after Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com