ADVERTISEMENT

എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് വയനാടിന്റേത്. വയനാടിന്റെ ഹൃദയഭാഗത്ത് കാഴ്ചയുടെ വിരുന്നാണ് ബാണാസുര സാഗർ അണക്കെട്ട്. കൽപ്പറ്റയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. മലകൾ അതിരിട്ട താഴ്‌വരയിൽ നിറഞ്ഞു നിൽക്കുന്ന ബാണാസുര സാഗർ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എർത്ത് ഡാം അണക്കെട്ടാണ്. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നും.

misty-havens2

മഞ്ഞുമൂടിയ ബാണാസുര മലകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് പ്രകൃതിയുടെ അഭൂതപൂർവമായ ദൃശ്യവിരുന്നാണ്. വയനാട്ടിലെ വെള്ളമുണ്ട എന്ന ഗ്രാമത്തിലാണ് ബാണാസുര സാഗർ ഡാം സ്ഥിതിചെയ്യുന്നത്. വെള്ളമുണ്ടയുടെ തലയെടുപ്പാണ് ബാണാസുര മല. വയനാട്ടിലെ  ഏറ്റവും പഴയ ഗ്രാമങ്ങളിൽ ഒന്നുകൂടിയാണ് വെള്ളമുണ്ട. 

misty-havens8

ആദ്യകാലങ്ങളിൽ വയനാട്ടിലേക്ക് കുടിയേറിയവരിൽ അധികവും വെള്ളമുണ്ടയിലാണ് ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയത്. എന്നാൽ പുറംലോകത്തിന് ഈ നാട് പരിചിതമായി തുടങ്ങിയത് പേരാമ്പ്ര -കുറ്റ്യാടി റോഡ് വന്നതോടുകൂടിയാണ്. ഗ്രാമീണ അന്തരീക്ഷമുള്ള വെള്ളമുണ്ട ഇന്ന് വിനോദസഞ്ചാരമേഖല കൂടിയാണ്. വെള്ളമുണ്ടയിൽ ഇപ്പോൾ സഞ്ചാരികൾക്കായി ഒട്ടേറെ താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ ബാണാസുര സാഗർ ഡാം കാണാതെ പോകാനാവില്ല. എവിടെ താമസിക്കുമെന്ന ആശങ്കയുണ്ടെങ്കിൽ വെള്ളമുണ്ടയിൽ തന്നെ അതിനുള്ള അവസരമുണ്ട്. വയനാടൻ പ്രകൃതിയുടെ ഏതാണ്ട് പനോരമിക് കാഴ്ച ഒരുക്കുന്ന താമസയിടം. വെള്ളമുണ്ടയിലെ കുരിശുമലയുടെ താഴെയായി തേയിലത്തോട്ടങ്ങൾക്ക് നടുവിലായിട്ടുള്ള മിസ്റ്റി ഹാവൻ റിസോർട്ടിൽ താമസിച്ച് മഞ്ഞിന്റെ മാസ്മരികതയറിഞ്ഞ് അവധിദിവസം ചെലവിടാം. 

misty-havens3

മലയടിവാരത്തായുള്ള കോട്ടേജുകളിലേക്ക് എത്തണമെങ്കിൽ കഠിനമായ കയറ്റം കയറണം. ചെറുകാറുകൾ പോലും കയറുന്ന വഴിയാണെങ്കിലും ഇല്ലിമുളകൾ അതിരിടുന്ന ആ വഴി നടന്നുകയറുന്നതാണ് കൂടുതൽ രസകരം. ഒരേ രൂപകൽപനയിലുള്ള മൂന്ന് കോട്ടേജുകളാണ് മിസ്റ്റി ഹാവനിലുള്ളത്. താഴ്‌വാരത്തിന്റെ കാഴ്ച ആസ്വദിച്ച് താമസിക്കാം. പുറംലോകത്തിന്റെ ശബ്ദമോ, ബഹളമോ അവിടെ ശല്യപ്പെടുത്തില്ല. നേരിയ നൂൽമഴ പെയ്യുമ്പോൾ കോട്ടേജിന്റെ ഉമ്മറത്തു ചൂരൽകസേര വലിച്ചിട്ട് ഇരിക്കണം. 

misty-havens7

ഒരു കുടുംബത്തിന് യോജിച്ച മട്ടിലാണ് കോട്ടേജ്. വലിയൊരു ബഡ്റൂം. പിന്നെ കുട്ടികൾക്കായ് ചെറിയൊരു മുറിയും. കാറ്റ് വീശുമെങ്കിലും നല്ല തണുപ്പുണ്ടാകുമെങ്കിലും വൈകുന്നേരങ്ങളിൽ മിസ്റ്റി ഹാവന്റെ റൂഫ് ടോപ്പിൽ കയറിയൊന്നു നിൽക്കണം. അതൊരു അനുഭവമാണ്. നിലമ്പൂരിന്റെ നാടുകാണിച്ചുരത്തിന്റെയൊക്കെ മുകളിൽനിന്നുള്ളതുപോലെയുണ്ടാകും കാഴ്ച. പ്രകൃതിയുടെ പനോരമിക് വ്യൂ. കാറ്റിനോട് മത്സരിക്കുന്ന കാറ്റാടി മരങ്ങളുടെ മൂളൽ കേട്ട്,സുഹൃത്തുക്കളുമായി ആ റൂഫ്ടോപ്പിൽ ഇരിക്കുന്നത് രസകരമായിരിക്കും. റൂഫ് ടോപ്പിന് താഴെ റസ്റ്ററന്റാണ്. ചില്ലുജനാലകൾക്കുള്ളിലൂടെ ആ താഴ്‌വാരം കണ്ട് ഭക്ഷണം ആസ്വദിക്കാം.

misty-havens

ബാണാസുര സാഗർ ഡാം വഴിക്കാഴ്ചയാണ്. ബോട്ടിങ് നടത്താം. സാഹസികർക്ക് ബാണാസുര മലയിലേക്കു വനംവകുപ്പിന്റെ അനുമതിയോടെ ട്രെക്കിങ് നടത്താം. 

misty-havens5

റൂട്ട്

എറണാകുളം-കോഴിക്കോട്-താമരശ്ശേരി- വൈത്തിരി- പടിഞ്ഞാറത്തറ-വെള്ളമുണ്ട- 257 Km

misty-havens1

ശ്രദ്ധിക്കേണ്ടത്

ലഘുപാനീയങ്ങളും ലഘുആഹാരങ്ങളും സ്നാക്സും പുറത്തുനിന്നു വാങ്ങണം. നല്ല മഴ പെയ്തിട്ടുണ്ടെങ്കിൽ റിസോർട്ടിലേക്കുള്ള കയറ്റത്തിൽ വാഹനം കുറച്ചു സൂക്ഷിച്ച് ഓടിക്കുക. സാധ്യമെങ്കിൽ യാത്രികരെ ഇറക്കുക,കുട കയ്യിൽ കരുതുക. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടാം-9895963483

 

English Summary: Misty Haven - An Eco Retreat Wayanad Resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com