ADVERTISEMENT

മനോഹരമാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ കൺകുളിർക്കുന്ന ഈ കാഴ്ചകൾക്കിടയിലും അധികൃതർ കണ്ണടയ്ക്കുന്ന മറ്റു ചില കാഴ്ചകളുണ്ട്.  മനോഹരമായ ഇടുക്കിയെ കാണാൻ കുറച്ചൊന്നുമല്ല വിനോദ സഞ്ചാരികൾ സഹിക്കേണ്ടത്.

ഇടിഞ്ഞുപൊളിഞ്ഞ റോഡും പ്രാഥമിക സൗകര്യമില്ലാത്ത സ്ഥലങ്ങളും ഇടുക്കിയുടെ മാറ്റു കുറയ്ക്കുന്നു. നമ്മുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന വില്ലന്മാരെ പരിചയപ്പെടാം.

സൂര്യനെല്ലി

ജില്ലയിൽ കൂടുതൽ സഞ്ചാരികളെത്തുന്ന ചിന്നക്കനാലിലും സൂര്യനെല്ലിയിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കൊളുക്കുമല ട്രക്കിങ് പുനരാരംഭിച്ചതിനു ശേഷവും സഞ്ചാരികളുടെ എണ്ണം വർധിക്കാത്തതിന് കാരണം രൂക്ഷമായ ഗതാഗത പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ്.

idukki-tourism-4-image-845-440
വിനോദ സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സൂര്യനെല്ലി ടൗൺ

കൊളുക്കുമലയുടെ കവാടമായ സൂര്യനെല്ലിയിൽ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യമില്ല. ഇവിടെ ഒരു ടൂറിസം ഇൻഫർമേഷൻ സെന്റർ ഇല്ലാത്തതും പ്രതിസന്ധിയാണ്. ഒരു ബസ് പോലും ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയിലേക്കില്ല.

ഇടുക്കി

ആർച്ച്ഡാമും, വൈശാലി ഗുഹയും, ഹൈഡൽ പാർക്കും അടക്കം ജില്ലാ ആസ്ഥാനത്ത് കാഴ്ചകൾ ഏറെയാണ്. എന്നാൽ ചെറുതോണിയിൽ നിന്നും മെഡിക്കൽ കോളജിനു മുന്നിലൂടെ അണക്കെട്ടിലേക്കുള്ള റോഡ് കുണ്ടും കുഴിയുമായിട്ടും നന്നാക്കാൻ നടപടിയില്ല.

idukki-tourism-7-image-845-440
മറയൂർ പാമ്പാറിന്റെ ദൃശ്യം

ഇടുക്കി കണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അടിഭാഗം റോഡിൽ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള റോഡായതിനാൽ ഇത് ഗതാഗതയോഗ്യമാകണമെങ്കിൽ അവർ തന്നെ കനിയണം.

തൂവൽ വെള്ളച്ചാട്ടം

ആകാശത്തുനിന്ന് ഒഴുകിയെത്തുന്നപോലെ മനോഹരമാണ് തൂവൽ വെള്ളച്ചാട്ടം. എന്നാൽ ഈ മനോഹര കാഴ്ച കാണണമെങ്കിൽ തകർന്ന റോഡിലൂടെ ദുരിതപാത താണ്ടണം. എഴുകുംവയൽ - തൂവൽ - പത്തുവളവ് റോഡ് തകർന്നതോടെ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും യാത്രാദുരിതമാണ്.

idukki-tourism-3-image-845-440
തൂവൽ വെള്ളച്ചാട്ടം

വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ റോഡ് ഇപ്പോൾ കുണ്ടുംകുഴിയുമായി മാറി.  കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ വൻ കുഴികളാണുള്ളത്.

കാൽവരിമൗണ്ട്

മഞ്ഞിന്റെ താഴ്‌വരയാണ് ഇടുക്കി–കട്ടപ്പന റോഡിലെ ഈ പാർക്ക്. ഇടുക്കി ജലാശയം ആസ്വദിച്ച് കാറ്റുകൊണ്ടിരിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ പ്രധാന റോഡിൽ നിന്ന് അവിടേയ്ക്കുള്ള പാത പൂർണമായി ഗതാഗതയോഗ്യമല്ല.

idukki-tourism-6-image-845-440
ഇടുക്കി കാൽവരിമൗണ്ടിൽ നിന്നുള്ള ഇടുക്കി ജലാശയത്തിന്റെ ദൃശ്യം.

ഏതാനും ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗം കല്ലും മണ്ണുമായി കിടക്കുകയാണ്.  കുത്തനെയുള്ള കയറ്റമായതിനാൽ കല്ലും മണ്ണും നിറഞ്ഞ ഭാഗത്തു കൂടി വാഹനങ്ങൾ കയറണമെങ്കിൽ ഏറെ ബുദ്ധിമുട്ടാണ്.

മറയൂർ

സ‍ഞ്ചാരികളുടെ ഇഷ്ട മേഖലയാണ് മറയൂർ– കാന്തല്ലൂർ പ്രദേശം. ഫാം ടൂറിസവും ചന്ദനക്കാടുകളും നാഷനൽ പാർക്കും വെള്ളച്ചാട്ടങ്ങളുമായി സമൃദ്ധം.

idukki-tourism-12-image-845-440

എന്നാൽ ഇവിടേക്കെത്തുന്ന സഞ്ചാരികൾ  ശുചിമുറി, വെയിറ്റിങ്‌ ഷെഡ് തുടങ്ങി അടിസ്ഥാന സൗകര്യമില്ലാതെ വലയുകയാണ്. ഇതിനായി കോവിൽക്കടവ് ടൗണിൽ പണിത കെട്ടിടം ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.

ഇലവീഴാപ്പൂഞ്ചിറ

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇലവീഴാപ്പൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ   ഇലകൾ പൊഴിയാറില്ല. മൂന്ന് മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയിൽ ഒരു മരം പോലുമില്ല. 

ഉദയാസ്തമയങ്ങളുടെ വിസ്മയകരമായ ദൃശ്യം ഇവിടെ കാണാം.   എന്നാൽ ഈ ദൃശ്യഭംഗി ആസ്വദിക്കാൻ ചെന്നെത്താൻ സാധിക്കാതെ സഞ്ചാരികൾ വലയുകയാണ്.  സഞ്ചാരയോഗ്യമായ  റോഡില്ല എന്നതുതന്നെ കാരണം.

മാട്ടുപ്പെട്ടി

മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് മാട്ടുപ്പെട്ടി. ഡാമും ബോട്ടിങ്ങും പുൽമേടുകളും കൊണ്ട് മനോഹരമായ പ്രദേശം. മൂന്നാറിൽ നിന്ന് 9 കിലോമീറ്റർ മാത്രമാണ് മാട്ടുപ്പെട്ടി അണക്കെട്ടിലേക്കുള്ള ദൂരം എങ്കിലും ഇത് താണ്ടാൻ ഇപ്പോൾ ഒരു മണിക്കൂർ എങ്കിലും വേണം.

കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര സന്ദർശകരുടെ നടുവൊടിക്കും.  2018 ലെ പ്രളയത്തിൽ തകർന്ന ഭാഗം പോലും ഇപ്പോഴും അതേപടി കിടക്കുന്നു. മാട്ടുപ്പെട്ടിയുടെ മനോഹാരിത ഈ കുഴികൾ കവർന്നെടുക്കുകയാണ്.

English Summary: The pathetic condition of roads Badly affected Idukki Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com