ADVERTISEMENT

കൊറോണയുടെ ചൂടിൽ നിന്നും ഒന്ന് രക്ഷപ്പെടാം എന്നു കരുതിയാണ് അധികം ദൂരയല്ലാതെ,എളുപ്പത്തിൽ എത്തിച്ചേരാവുന്ന ചെറു ട്രിപ്പ് പ്ലാൻ ചെയ്തത്. സ്വന്തം വാഹനത്തിൽ എളുപ്പത്തിൽ പോയി വരാൻ പറ്റുന്ന സ്ഥലം ഏതെന്ന ആലോചനയിൽ മൂന്നാറാണ് മനസ്സിലേക്ക് കടന്നു വന്നത്. കൊച്ചിയിൽ നിന്നും വേഗത്തിൽ പോയി വരാവുന്ന ഇടമായതിനാൽ മൂന്നാർ തന്നെ തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു. അവിടെ തിരക്ക് ഏറിവരുന്നതായി ദിവസേന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.  കുഞ്ഞു മക്കളുമായി അങ്ങോട്ടു പോകണോ എന്ന സംശയമായി. അങ്ങനെ അന്തം വിട്ടു നിൽക്കുന്ന സമയത്ത് കാന്തല്ലൂർ ഒരു കുന്തം പോലെ ഞങ്ങളുടെ മനസ്സിലേക്ക് തറച്ചുകയറി. 

kanthalloor-marayoor-travel5

എന്നാൽ പിന്നെ അങ്ങോട്ട് തന്നെ. ഞങ്ങൾ വണ്ടി കാന്തല്ലൂരിലേക്ക് വിട്ടു. സത്യം പറഞ്ഞാൽ മൂന്നാറിനേക്കാൾ സുന്ദരികളാണ് മറയൂരും കാന്തല്ലൂരും. ടൂറിസ്റ്റുകളുടെ ഉന്തും തള്ളും ഒന്നുമില്ലാതെ കാഴ്ചകൾ കണ്ടു രസിച്ചു പോകാൻ പറ്റിയ വഴികളാണ് മറയൂരിൽ നിന്നും കാന്തല്ലൂരിലേക്കുള്ളതും. 

ആപ്പിളും സ്ട്രോബറിയും ഒാറഞ്ചും വിളയുന്ന നാട്

കേരളത്തിന്റെ ശീതകാല കൃഷിക്കളമാണു കാന്തല്ലൂർ. നമ്മുടെ നാട്ടിൽ ആപ്പിളും സ്ട്രോബറിയും ഓറഞ്ചുമൊക്കെ വിളയിച്ചെടുക്കുന്ന നാടാണ് കാന്തല്ലൂർ, അത്ര തണുപ്പാണ് ഈ നാടിന്. മൂന്നാറിൽ നിന്നും കാന്തല്ലൂരിലേക്കുള്ള വഴിയാണ് ശരിക്കും ആസ്വദിക്കണ്ടേത്. മൂന്നാർ ടൗൺ കഴിഞ്ഞാൽ പിന്നെ നിറയെ തേയിലത്തോട്ടങ്ങൾ ആണല്ലോ. രണ്ടു വശത്തുമുള്ള തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്.ഇടയ്ക്കിടെ വണ്ടി നിർത്താതെ രക്ഷയില്ല. കാരണം തേയിലത്തോട്ടങ്ങളെ മൂടുന്ന കോടമഞ്ഞ്, വലിയതും ചെറിയതുമായ വെള്ളച്ചാട്ടങ്ങൾ, നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകൾ, അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കാഴ്ചകളുണ്ട് മറയൂർ കാന്തല്ലൂർ റൂട്ടിൽ.

kanthalloor-marayoor-travel1

കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന സ്ഥലമാണ് കാന്തല്ലൂർ. അങ്ങോട്ടേക്ക് യാത്ര പുറപ്പെടുമ്പോൾ ഞങ്ങളുടെയൊക്കെ ഉള്ളിലും കാന്തല്ലൂരിലെ തണുപ്പിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. മൂന്നാറിൽ നിന്നും മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആ ചിന്തകൾക്ക് ചിറക് മുളച്ചു. കാറിൻറെ ഗ്ലാസ് താഴ്ത്തിയത് മാത്രമേ ഓർമ്മയുള്ളൂ. തുളച്ചുകയറുന്ന തണുത്തകാറ്റ് വണ്ടിക്കുള്ളിൽ മുഴുവൻ നിറഞ്ഞു.വെളുപ്പാൻ കാലത്ത് വീട്ടിൽ നിന്നും ഇറങ്ങി ഹൈറേഞ്ച് കയറിവന്നതിന്റെ ക്ഷീണമൊക്കെ ആ തണുപ്പ് അങ്ങ് കൊണ്ടുപോയി. "എന്നാ തണുപ്പാ അമ്മേ" എന്നു പറഞ്ഞ് കൈകൾ കൂട്ടി തിരുമ്മുന്ന മക്കളെ കണ്ടപ്പോൾ എൻറെ പൊന്ന് കൊറോണേ ഒന്നു വേഗം പോയി തരുമോ എന്ന് ചോദിക്കാനാണ് തോന്നിയത്.യാത്രകൾ ആസ്വദിക്കുന്ന മക്കളുണ്ടെങ്കിൽ അടിപൊളിയാണ്. 

തണുത്തിട്ട് ഞാൻ ഗ്ലാസ് കയറ്റിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ എന്നെ തടഞ്ഞത് മക്കളായിരുന്നു. ഈ തണുപ്പ് കൊള്ളാനല്ലേ അമ്മേ നമ്മൾ ഇവിടെ വന്നത്. അത് ശരിയാണല്ലോ.  ഇടയ്ക്ക് കാറിൽ നിന്നും ഒന്ന് പുറത്തിറങ്ങണം. മഴ പെയ്യുന്നത് പോലെ തോന്നും, പക്ഷേ സംഭവം മഞ്ഞുപെയ്യുന്നതാണ്. തുള്ളിതുള്ളിയായി വീഴുന്ന മഞ്ഞും  നമ്മളെ വന്നു മൂടുന്ന കോടയുമെല്ലാം വഴിയിൽ നിന്നുതന്നെ ആസ്വദിക്കാം.പിന്നെ ഒരു കാര്യം തേയിലത്തോട്ടങ്ങളുടെ അടുത്താണ് ഇറങ്ങുന്നതെങ്കിൽ കാലിൽ അട്ട കയറാതെ സൂക്ഷിക്കണം. ഈ അട്ടകടി ഫേമസാണ്. ആള് കയറി കടിക്കുന്നതൊന്നും നമ്മൾ അറിയില്ല. പിന്നെ ചോരകുടിച്ച് വീർത്ത് വീഴാറാകുമ്പോഴായിരിക്കും ബ്രേക്കിംഗ് ന്യൂസ് വരുന്നത്. അതുകൊണ്ട് നനഞ്ഞ സ്ഥലങ്ങളിലാണ് ഇറങ്ങുന്നതെങ്കിൽ ഒരിടത്തുതന്നെ അധികസമയം നിൽക്കാതിരിക്കുക. ഇടയ്ക്കിടെ കാലിലേക്കും ചെരിപ്പിലേക്കും ഷൂസിനുള്ളിലേയ്ക്കുമെല്ലാം നോക്കിയാൽ കടി കിട്ടാതെ രക്ഷപ്പെടാം. 

kanthalloor-marayoor-travel3

ഈ അട്ടകടിയെക്കുറിച്ച് അറിയാത്തവർ ഒന്നുമല്ല നമ്മൾ മലയാളികൾ. പക്ഷെ അറിയാമായിരുന്നിട്ടും എനിക്കും കിട്ടി ഒരു കടി.അതുകൊണ്ടാണ് സൂക്ഷിക്കണം എന്ന് പറഞ്ഞത്. അങ്ങനെ കാലിൽ കടിച്ച അട്ടയെ തോണ്ടിയെറിഞ്ഞ് ഞങ്ങളുടെ യാത്ര വീണ്ടും മുന്നോട്ട്.മുകളിലേക്കുള്ള യാത്രയിൽ വാഹനത്തിൻറെ വലതുവശത്ത് ഇരിക്കണം. കണ്ണു ചിമ്മരുത്.

ചന്ദനക്കാട്ടിലൂടെ, മുനിയറകൾ കണ്ട്

വണ്ടി മറയൂർ റേഞ്ചിലായി. ഇനിയുള്ള യാത്ര  ഇരുവശത്തും ഇടതൂർന്ന് നിൽക്കുന്ന ചന്ദനമരങ്ങൾക്കിടയിലൂടെയാണ്. ഇടയ്ക്ക് ആ കാടുകൾക്കുള്ളിലേക്ക് നോക്കിയാൽ മാൻകൂട്ടങ്ങൾ ചാടി പോകുന്നത് കാണാം. മലയണ്ണാനും കുരങ്ങന്മാരും ഇടയ്ക്കിടെ വഴിയരികിൽ വന്നിരിക്കും.നമ്മുടെ ഡെസ്റ്റിനേഷൻ കാന്തല്ലൂരാണെങ്കിലും അതിനുമുന്നേ കാണേണ്ട ചിലതുണ്ട്. പലരും കണ്ടിട്ടുണ്ടാകും. മറയൂരിന്റെ സവിശേഷതകളാണല്ലോ ചന്ദനക്കാടും കരിമ്പിൻ തോട്ടങ്ങളും, എന്നാൽ മറയൂരിനെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒന്നുണ്ട്, മുനിയറകൾ. 

kanthalloor-marayoor-travel6

കിഴക്കോട്ടൊഴുകുന്ന പാമ്പാറിനു കുറുകെയുള്ള കോവിൽക്കടവു പാലം കടന്നാണ് നമ്മൾ പോകുന്നത്. കോവിൽക്കടവ് അത്യാവശ്യം വലിയ കവലയാണ്.അവിടെനിന്നു സ്നാക്സും മറ്റും വാങ്ങി മുകളിലേക്കു വീണ്ടും ഡ്രൈവ് ചെയ്യണം. കമലഹാസന്റെ അൻപേശിവം സിനിമയിലെ ബസ് ആക്സിഡന്റ് സീൻ ഷൂട്ട് ചെയ്ത വഴിയിലൂടെയാണ് നമ്മൾ പോകുന്നത്. അങ്ങനെ മുകളിലേക്ക് കയറി തുടങ്ങുമ്പോൾ ആനക്കോട്ടപാറ എന്ന ഒരു ബോർഡ് കാണും. വണ്ടി അപ്പൊൾ തന്നെ ചവിട്ടി നിർത്തിക്കോളണം. അവിടെയാണ് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ചരിത്രമുറങ്ങുന്ന മുനിയറകൾ. 

ഇവിടെയെത്തി ആദ്യം ടിക്കറ്റ് എടുക്കണം,എന്നിട്ട് നമുക്ക് മുകളിലേക്ക് നടക്കാം. ഇവിടെ നല്ല ബാത്റൂമുണ്ട്.നല്ല വൃത്തിയുള്ളതാണ്. ധൈര്യമായി ഉപയോഗിക്കാം.അങ്ങനെ ടിക്കറ്റ് കൗണ്ടറിൽ നിന്നും നടന്നു മുകളിലേക്ക് കയറുമ്പോൾ തന്നെ നമ്മുടെ സൈഡിലും മുമ്പിലുമായി മുനിയറകൾ കാണാം.

marayur-muniyara

ഈ മുനിയറകൾക്ക് ക്രിസ്തുവിനും മുമ്പേ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രം പറയാനുണ്ട്. മുനിയറ എന്നാൽ ആദിമമനുഷ്യരുടെ മൃതികുടീരങ്ങളാണ്. ഓരോ മുനിയറകളും ആറായിരം വർഷം വരെ പഴക്കമുള്ളതാണെന്ന് ചരിത്രം. അന്നു മൃതസംസ്കാരം നടന്നിരുന്ന ഇടങ്ങളായിരിക്കാം ഇവയെന്നും ഇനി അതല്ല പണ്ട് സന്യാസിമാർ വസിച്ചിരുന്ന ഇടമാണ് ഈ അറകൾ എന്നും പറയുന്നു. 

കാന്തല്ലൂരിലെയ്ക്കുള്ള വഴിയേ കുറച്ചു നേരം ഇവിടെ ഒന്ന് ഇരുന്നിട്ട് പോകാം. ആനക്കോട്ട പാറപ്പുറത്ത് ഇരിക്കുമ്പോൾ ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന പാട്ട് അറിയാതെ മൂളി പോകും. അത്ര രസമാണ് കുളിരുള്ള കാറ്റേറ്റ് അവിടെയിരിക്കാൻ.

കുന്നിൽ ചരുവിലെ നെല്ലറകൾ 

അങ്ങനെ മുനിയറകൾ കണ്ടു നമ്മൾ മുന്നോട്ടുപോകുമ്പോൾ  പെട്ടെന്ന് കണ്ണിൽ പച്ചപ്പും വന്നു നിറയും.ആ സ്ഥലമാണ് പയസ് നഗർ, അതിമനോഹരമായ കാർഷികഗ്രാമമാണിത്.മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് വണ്ടിയോടിച്ചാൽ നമുക്ക് പയസ് നഗർ ഗ്രാമത്തിന്റെ നെല്ലറകൾ കാണാം.വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് പതുക്കെ പാടത്തേക്ക് ഒന്ന് ഇറങ്ങി നടക്കാം. തട്ടുതട്ടായിട്ടാണ് ഇവിടെ കൃഷി ചെയ്യുന്നത്. കുന്നിന്റെ മുകളിൽ നിന്ന് താഴോട്ട്  നെല്ല് വിളഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ്. 

marayoor-kanthaloor-trip

പോകുന്ന വഴിക്ക് ഒരു ചെറിയ കടയുടെ മുമ്പിലായി ഒരു ചുവന്ന പഴം കണ്ട് വണ്ടി നിർത്തി കാര്യമന്വേഷിച്ചു. മരത്തക്കാളിയാണിത്.ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് കടയിലെ ചേട്ടൻ കാണിച്ചു തന്നു. ഇവിടുത്തെ ആദിവാസികൾ ശേഖരിക്കുന്നതാണത്രേ ഇവ. വെളുത്തുള്ളി,സീതപ്പഴം, ഓറഞ്ച്, പാഷൻഫ്രൂട്ട് എന്നിവയും ഇവിടെ കിട്ടും. സാധ്യമെങ്കിൽ അവ വാങ്ങണം. അവ ശേഖരിക്കുന്നവർക്കൊരു സഹായമാണ്. നമുക്കു നല്ല ആഹാരവുമായി. 

മൺവീട്ടിൽ താമസം

കാന്തല്ലൂരിന്റെ കാഴ്ചകൾ പറഞ്ഞുതീരുംമുൻപേ നമ്മുടെ താമസസ്ഥലത്തെത്തി.പുത്തൂർ എന്ന ചെറിയൊരു ഗ്രാമത്തിലെ മലയടിവാരത്തിൽ വെള്ളച്ചാട്ടത്തിനടുത്തുള്ള രണ്ടുനിലയുള്ള മരവീട്ടിലാണ് നമ്മുടെ താമസം.അസ്സൽ ഒരു ഗ്രാമത്തിൽ രാപ്പാർക്കാൻ യോജിച്ച ഗ്രാമവീടു തന്നെയാണ് കാന്തല്ലൂർ വൂഡ്സ്.

kanthalloor-marayoor-travel7

കാന്തല്ലൂരിലെ ഈ മൺവീട്ടിൽ വലിയൊരു ഗ്രൂപ്പിനു പോലും സുഖമായി കഴിയാനുള്ള സ്ഥലമുണ്ട്. മണ്ണ് പൂശിയതിൽ മരം പാകിയാണ് മൺ വീടിന്റെ ചുവരുകൾ. മഡ്‌ ഹൗസിന്റെ ഒരു വശത്ത് നല്ലൊരു വെള്ളച്ചാട്ടമുണ്ട്. ഇറങ്ങാൻ സാധിക്കില്ലെങ്കിലും സദാ സമയവും കരിങ്കല്ലിൽ തട്ടി താഴേയ്ക്ക് പതിയ്ക്കുന്ന ആ പാലരുവിയുടെ ശബ്ദം ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. രണ്ടു നിലകളുണ്ട് ഈ മൺവിടിന്. താഴെ ഒരു മുറിയും അടുക്കളയും. മുകളിൽ രണ്ട് മുറികൾ. ഇവിടുത്തെ അടുക്കള നമ്മുടെ വീട്ടിലേത് പോലെ തന്നെ ഉപയോഗിക്കാം. 

മൺവീട്ടിൽനിന്നും നോക്കിയാൽ അങ്ങകലെ മലകൾക്കിടയിൽ സൂര്യൻ അസ്തമിക്കുന്നതും താഴെ തട്ടുതട്ടായി തിരിച്ചിരിക്കുന്ന കൃഷിയിടങ്ങളും കാണാം. ഫാനും എസിയും ഒന്നുമില്ലാതെ നല്ല തണുപ്പത്ത് ഈ മൺവീടിനുള്ളിൽ മൂടി പുതച്ചുകിടക്കാൻ തന്നെ വല്ലാത്തൊരു സുഖമാണ്. രണ്ട് നിലകളുള്ള കെട്ടിടം പരിസ്ഥിതി സൗഹൃദ രീതികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്കുള്ള കറണ്ട് ഉൽപ്പാദിപ്പിക്കുന്നത് നേരത്തെ കണ്ട ആ വെള്ളച്ചാട്ടത്തിൽ  നിന്നുമാണ്. എന്ത് സഹായത്തിനും രാജേന്ദ്രൻ ചേട്ടനുണ്ടാകും. ഭക്ഷണമുണ്ടാക്കിതരുന്നതും, ക്യാമ്പ് ഫയർ സെറ്റ് ചെയ്യുന്നതുമെല്ലാം പുള്ളിക്കാരനാണ്.

kanthalloor-marayoor-travel4

രാത്രിയിൽ തണുപ്പിനെ കൂട്ടുപിടിച്ച് മുറ്റത്ത് ഒരുക്കിയിരിക്കുന്ന തീനാളങ്ങൾക്ക് മുന്നിൽ രാജേന്ദ്രൻ ചേട്ടൻ തയ്യാറാക്കി തന്ന ഭക്ഷണവും കഴിച്ച് നമുക്ക് കൂടാം. മഴ ഇടയ്ക്കിടെ എത്തിനോക്കും അത് കാര്യമാക്കണ്ട, അതും ഒരു സുഖമുള്ള ഫീലാണ്.പിറ്റേന്ന് രാവിലെ മഡ് ഹൗസിനോടും രാജേന്ദ്രൻ ചേട്ടനോടും യാത്ര പറഞ്ഞ്  തിരിച്ചിറങ്ങിയപ്പോൾ വഴികളില്ലൊം കനത്ത മഞ്ഞു വന്ന് മൂടിയിരുന്നു,ഞങ്ങളുടെ മനസിലും.

മഡ്‌ ഹൗസിലെ താമസത്തിന് വിളിക്കാം

94478 05176

83018 62738

English Summary: Exploring Kanthalloor and Marayoor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com