ADVERTISEMENT

മൂന്നാറിലെ തണുപ്പിൽ വിയർത്തു കുളിച്ചിട്ടുണ്ടോ…? അതും കാറിലിരുന്ന്… കുളിരുള്ള രാത്രിയിൽ… !

മൂന്നാറിനപ്പുറം മറയൂരിലേക്കായിരുന്നു യാത്ര. ചീയപ്പാറ വെള്ളച്ചാട്ടമൊക്കെ ആയപ്പോൾ തന്നെ സന്ധ്യയായി. മൂന്നാർ പട്ടണം മഞ്ഞിന്റെ പുതപ്പിനുള്ളിൽ മയങ്ങിയിട്ട് ഏറെ നേരമായെന്നു വിജനവീഥികൾ പറഞ്ഞു. ഞങ്ങളുടെ കാറിന്റെ പ്രകാശം മാത്രമേ തേയിലക്കുന്നുകൾക്കിടയിലൂള്ളൂ. മെല്ലെയാണു യാത്ര.  ഇരവിക്കുളം ദേശീയോദ്യാനത്തിന്റെ കവാടമായ  രാജമലയിലെത്തി ഫോട്ടോ എടുത്തപ്പോൾ വിചാരിച്ചില്ല, ആ ഫോറസ്റ്റ് സ്റ്റേഷന്റെ മുകളിലേക്ക് കുറച്ചുകഴിഞ്ഞുതന്നെ ഓടിക്കയറേണ്ടിവരുമെന്ന്. 

Rajamala-

മുൻപ് രാജമലയിൽ നീലക്കുറിഞ്ഞി പൂത്തപ്പോഴും വരയാടിനെ കാണാൻ ബസ് യാത്ര നടത്തിയപ്പോഴും മാത്രമേ അവിടെ കയറിയിട്ടുള്ളൂ. ചെറിയ അരുവിയ്ക്കു കുറുകെയുള്ള പാലം കടന്ന് വീണ്ടും മുന്നോട്ട്. നിറയെ വളവുകളാണു മുന്നിൽ. ''പടയപ്പയുടെ വിഹാര കേന്ദ്രങ്ങളാണിവിടെ''- കാറിലിരുന്നു മയക്കമാരംഭിച്ച ഫൊട്ടോഗ്രഫറോടു മെല്ലെ പറഞ്ഞു. അതുകൊണ്ടുതന്നെ വളവുകൾ മെല്ലെയേ ഒടിക്കുകയുള്ളൂ. പാതി മയക്കത്തിൽ ഊം എന്നൊരു മൂളൽ കേട്ടു.

രാജമലയിൽനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ പോലും പോകുന്നതിനു മുൻപ് പറഞ്ഞതുപോലെ, പ്രതീക്ഷിക്കാതെ പടയപ്പ മുന്നിലെത്തി. ഒരു വളവിൽ കാറിന്റെ പ്രകാശം ആ ഗജവീരനെ ഒന്നു തലോടി. പിന്നെയും ഇരുട്ട്. തേയിലക്കാടിന്റെ വേരുകൾക്കടിയിലെ മൺഭിത്തിയ്ക്കും പടയപ്പയ്ക്കും ഒരേ നിറം.  പടയപ്പ എന്താണു ചെയ്യുന്നത് എന്നറിയില്ല. നിൽക്കുകയാണോ, മുന്നോട്ടുവരുകയാണോ…. അറിയില്ല. 

Rajamala-2-

കാരണം ടോർച്ച് അടിക്കുംപോലെ കാറിന്റെ ലൈറ്റ് തിരിക്കാൻ പറ്റില്ലല്ലോ. ഭാഗ്യത്തിന് മറയൂർ ഭാഗത്തുനിന്നൊരു ജീപ്പ് അപ്പുറത്തു വന്നു നിന്നു. അതിന്റെ വെളിച്ചത്തിൽ പടയപ്പയുടെ ചലനം ഞങ്ങൾക്കു പിടികിട്ടി. അവൻ ഭീകരമായ കൊമ്പുമായി മുന്നോട്ടു മെല്ലെ വരുകയാണ്. ഫൊട്ടോഗ്രഫറുടെ ഉറക്കമെല്ലാം കിഴക്കോട്ടൊഴുകുന്ന പാമ്പാർ കടന്ന് ഉസ്‌‌‌ലാംപെട്ടിയിലെത്തി.  

കാർ മെല്ലെ പിന്നോട്ടെടുത്തു. റിവേഴ്സ് കാമറയുടെ അരണ്ട വെളിച്ചത്തിൽ റോഡ് കാണാം. കാർ തിരിഞ്ഞപ്പോൾ വീണ്ടും പടയപ്പയുടെ ദേഹത്തു പ്രകാശമടിച്ചു. കൂസലില്ലാതെ വലതുവശം ചേർന്നു വരുകയാണു ചങ്ങാതി. രാജ്യത്തെ റോഡ് നിയമങ്ങളൊക്കെ അങ്ങേർക്ക് അറിയാമെന്നു തോന്നുന്നു. കാൽനടക്കാർ വലതു വശം ചേർന്നാണല്ലോ നടക്കേണ്ടത്. ആനയും കാറും തമ്മിലുള്ള ദൂരം ഏതാണ്ട് പതിനഞ്ചോ ഇരുപതോ മീറ്റർ മാത്രമേ ഉണ്ടാകുകയുള്ളൂ. കാർ അനക്കിയാൽ ആന ഓടിവരുമോ… പെട്ടെന്നു റിവേഴ്സ് എടുക്കുന്നത് ആനയെ പ്രകോപിപ്പിക്കുമോ… ഇങ്ങനെ പലവിധ ചിന്തകൾ മുന്നിലൂടെ പാഞ്ഞുപോയി. ഇതിനിടെ കുറച്ചുനേരം അസ്ത്രപ്രജ്ഞനായി നിന്നു സമയം പോയി.  എവിടേ, റിവേഴ്സ് ഗിയർ എവിടേ… സംഗതി തിരഞ്ഞിട്ടു കാണുന്നില്ല. പണി പാളുമെന്നു മനസ്സു പറഞ്ഞപ്പോൾ മനസ്സാന്നിധ്യം വീണ്ടെടുത്ത് ഗിയർ കൃത്യമായി വീഴ്ത്തി, മെല്ലെ റിവേഴ്സ് എടുത്തു പോന്നു.

Padayappa-2-

ഓരോ ചെറുവളവുകളിലും നിർത്തി നോക്കുമ്പോൾ പടയപ്പയുടെ വരവു കണ്ടു. അപ്പുറത്തെ ജീപ്പും മെല്ലെ മുന്നോട്ടുതന്നെ വരുന്നുണ്ട്.  കുറച്ചുവീതി കിട്ടിയപ്പോൾ കാർ തിരിച്ചെടുത്ത് രാജമലയുടെ കവാടത്തിലേക്ക് ഓടിച്ചു കയറ്റി. തമിഴ് തൊഴിലാളികളെ കയറ്റിയ ഒരു ജീപ്പും പിന്നെ മൂന്നാർ സ്വദേശികളുടെ ആൾട്ടോയും ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു. അവരും ഫോറസ്റ്റ് സ്റ്റേഷനോടു ചാരി പാർക്കു ചെയ്തു.

ആൾട്ടോയിലുള്ളവർക്ക് തുറന്ന ഡോർ അടയ്ക്കാൻ സമയം കിട്ടുന്നതിനു മുൻപ് പടയപ്പ ഫോറസ്റ്റ് ഓഫീസിനടുത്തേക്ക് നടന്നെത്തി.  അപ്പോഴേക്കും ഞങ്ങൾ ഓഫീസിന്റെ പടവുകളിലേക്കു കയറി സുരക്ഷിതരായിരുന്നു. വെള്ളക്കാറിനെ ഒന്നുനോക്കി, അടുത്തുള്ള പെട്ടിക്കടകളിൽ പരിശോധന നടത്തി പടയപ്പ മെല്ലെ തേയിലക്കാടിനോടു ചേർന്ന ഇരുട്ടിലേക്കു ചേർന്നു നിന്നു. തോട്ടം തൊഴിലാളികളുടെ ജീപ്പ് അവിടെ എവിടെയോ ആയിരുന്നു നിർത്തിയിട്ടിരുന്നത്. അവരുടെ കാര്യം എന്തായി എന്ന് പടവുകൾ ഇറങ്ങി അന്വേഷിക്കാൻ പോലും പറ്റാത്ത സ്ഥിതി.  പിന്നിലെ പാർക്കിങ് സ്പേസിൽ ലൈറ്റ് ഇല്ല. പടയപ്പ ഒരു നിഴൽപോലെ നിൽക്കുന്നത് കാറിൽ തിരിച്ചു കയറുമ്പോൾ കണ്ടു. പിന്നെ തിരിഞ്ഞുനോക്കിയില്ല.  ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ (വിറയൽ കൂടിയുണ്ടേ) മെല്ലെ മറയൂരിലേക്കു ഡ്രൈവ് ചെയ്തു. 

Padyappa-3-

മൂന്നാർ മറയൂർ യാത്രയിൽ രാജമലയ്ക്കടുത്തുള്ള ഭാഗം യാത്രികർ സൂക്ഷിക്കണം. പ്രത്യേകിച്ചു സന്ധ്യമയങ്ങിയാൽ. പടയപ്പയുടെ വരവു പ്രതീക്ഷിച്ചുവേണം വളവുകളിൽ വണ്ടിയോടിക്കാൻ.  വേഗം അരുത്. മൂന്നാർ യാത്രയിൽ പലരും കണ്ടിട്ടുണ്ടാകും പടയപ്പ എന്ന കൊമ്പനെ. ആനയുടെ പൂർവികനായിരുന്ന മാമത്തിനെ ഓർമിപ്പിക്കുന്ന തരത്തിൽ കൊമ്പുകളും അപാര ഫിഗറുമാണ് പടയപ്പയ്ക്ക്. ശരിക്കും മൂന്നാറിന്റെ താരം.  ആരെയും ഉപദ്രവിക്കാറില്ല എന്നു ഫോറസ്റ്റുകാർ പറഞ്ഞു.  ശരിയായിരുന്നു. പടയപ്പ റോഡിനോടു ചേർന്നു നടന്നുവന്ന് മെല്ലെ ഇരുട്ടിലേക്കു മറയുകയാണല്ലോ ഉണ്ടായത്.

Padayappa-4-

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ സമീപപ്രദേശങ്ങളാണു രാജമലയും മറ്റും. അതുകൊണ്ടുതന്നെ രാജമലയുടെ രാജാവായി ഒരു ആനതന്നെ വേണ്ടേ…? അതായിരിക്കാം പടയപ്പ.

പടയപ്പയുടെ മുന്നിൽ പെട്ട്, വാഹനം തിരിക്കാനുള്ള സമയം കിട്ടിയില്ലെങ്കിൽ  പരിഭ്രമിക്കരുത് എന്നു നാട്ടുകാരിലൊരാൾ പറഞ്ഞു. വാഹനം അനക്കാതെയും ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഹോൺ മുഴക്കാതെയും ഇരുന്നാൽ പടയപ്പ പടയപ്പയുടെ പാട്ടിനു പോകും. എങ്കിലും വേഗം കുറച്ചു സൂക്ഷിച്ചുതന്നെ പോകുക.  പടയപ്പ ഉപദ്രവകാരിയല്ലെങ്കിലും എപ്പോഴാണു മൂഡ് മാറുക എന്നറിയില്ലല്ലോ.

Padayappa-1-

മൂന്നാർ മറയൂർ വഴിയിൽ രാത്രിയാത്രയുണ്ടെങ്കിൽ മറ്റു വാഹനങ്ങളുമായി ചേർന്നു പോകുക. മൂന്നാർ വിനോദസഞ്ചാരപാതയിൽ ആനയിറങ്കൽ ഡാം, മാട്ടുപ്പെട്ടി ഡാം എന്നിടങ്ങളിൽ ആനകളെ കാണാറുണ്ട്.

ആനയെ മുന്നിൽ കണ്ടാൽ ജാഗ്രതയോടെ നിൽക്കണം. വാഹനത്തിന്റെ അവസ്ഥ ഏതാണോ അതു തന്നെ തുടരണം. എൻജിൻ റേസ് ചെയ്യാനോ ഹോൺ മുഴക്കാനോ പാടില്ല.  ലൈറ്റു പോലും തൽസ്ഥിതിയിൽനിന്നു മാറ്റരുത്. ഉദാഹരണത്തിനു ബ്രൈറ്റ് ലൈറ്റ് ആണു തെളിഞ്ഞുകിടക്കുന്നതെങ്കിൽ ഡിം ആക്കരുത്. തിരിച്ചും ചെയ്യരുത്.  ആന നമ്മളെ സസൂക്ഷ്മം നിരീക്ഷിക്കുമത്രേ. നമ്മുടെ ചെറിയ ചലനം പോലും അറ്റാക്കിങ് ആണെന്നു കരുതി ആന കൗണ്ടർ അറ്റാക്കിങ്ങിനു മുതിരുമത്രേ. ബഹളം വയ്ക്കാതെയും മറ്റും നിന്നാൽ ആന തന്റെ വഴിത്താരനോക്കി പോകുമെന്നാണു വിദഗ്ധർ പറയുന്നത്.

English Summary: Padayappa  the Adventurous Elephant in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com