ADVERTISEMENT

കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് എല്ലാവരും ഒന്ന് തലയുയര്‍ത്തി വന്നപ്പോഴേക്കായിരുന്നു രണ്ടാം തരംഗം പടി കടന്നെത്തിയത്. കേരളത്തെ ഇക്കുറി വളരെ കാര്യമായിത്തന്നെ പിടിച്ചുലച്ചു എന്നു തന്നെ പറയാം. പലരുടെയും ജീവിതമാര്‍ഗങ്ങള്‍ക്ക് മേല്‍ വീണ്ടും കരിനിഴല്‍ മൂടി. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് ടൂറിസം മേഖലയാണ്.

കേരള സംസ്ഥാനത്തെ മൊത്തവരുമാനത്തിന്‍റെ ഏകദേശം പത്തു ശതമാനത്തോളം ടൂറിസത്തില്‍ നിന്നാണ്. മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവുമായി ഏകദേശം 23.5% തൊഴിലുകളും ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ കോവിഡ് മൂലം ടൂറിസം മേഖലയ്ക്ക് ഉണ്ടായ സാമ്പത്തിക, സാമൂഹിക മാന്ദ്യത്തിന്‍റെ പ്രത്യാഘാതങ്ങളും വിദൂരവ്യാപകമായിരിക്കുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

jaison-anithanam
Jaison Anithanam Founder & Managing Director, Serviette Hotels.

കേരള ടൂറിസത്തിന് ഇനിയൊരു നല്ലകാലം എന്നു വരും? നിലവിലെ സാഹചര്യങ്ങള്‍ മറികടക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽ ആന്റ് റിസോർട്ട്സ് അസോസിയേഷൻ മുൻ സെക്രട്ടറിയും സെര്‍വിയറ്റ്‌ ഹോട്ടല്‍സ്‌ മാനേജിങ് ഡയറക്ടറും ഹോസ്പിറ്റാലിറ്റി മേഖലയില്‍ കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ളയാളുമായ ജയ്‌സൺ ആനിത്താനം പ്രതികരിക്കുന്നു. 

∙റിസോർട്ട് ടൂറിസത്തിന്‍റെ പൂർണമായ തിരിച്ചുവരവ് കേരളത്തിൽ എന്നായിരിക്കും സംഭവിക്കുക?

അടുത്ത മൂന്നു നാല് മാസത്തെ കോവിഡ് സാഹചര്യം എങ്ങനെ എന്നതിനെ ആധാരമാക്കിയാണ് പൂർണ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കാനാവൂ. എങ്കിലും നിലവിലെ സ്ഥിതി കണക്കിലെടുത്ത്, ഇനി ഒരു മൂന്നാം തരംഗം  ഒന്നും വന്നില്ലെങ്കില്‍, വാക്സിനേഷന്‍ ഇപ്പോള്‍ പോകുന്ന പോലെ തന്നെയാണെങ്കില്‍, ഈയൊരു സീസണോട് കൂടി, അതായത് ഡിസംബര്‍ മാസത്തോടെ ലോക്കല്‍ ടൂറിസത്തിന്‍റെ ഏകദേശം 20% തിരിച്ചു കൊണ്ടു വരാനും അടുത്ത ഏപ്രില്‍- മേയ് മാസത്തോടെ ഡൊമസ്റ്റിക് ടൂറിസം, അതായത് നോര്‍ത്ത് ഇന്ത്യന്‍ യാത്രക്കാരുടെ ചെറിയ ശതമാനം ഇവിടേക്ക് വരാനും അടുത്ത ഒക്ടോബറോട് കൂടി ഡൊമസ്റ്റിക് ടൂറിസം കരകയറാനും സാധ്യതയുണ്ട്. 

വിദേശ ടൂറിസത്തിന്‍റെ കാര്യം ഒന്നും പറയാറായിട്ടില്ല. ഇന്‍റര്‍നാഷണല്‍ സെനാരിയോ കൂടെ കണക്കിലെടുക്കേണ്ടി വരും. അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തെ സീസണോട് കൂടി ഒരു ചെറിയ മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്, എങ്കിലും പൂര്‍ണ്ണമായ ഒരു തിരിച്ചു വരവ് മിക്കവാറും 2023- ലേ ഉണ്ടാകൂ. 

∙നിലവിൽ എല്ലാം ലോക്ഡൗൺ വിടുമ്പോൾ ടൂറിസം മേഖലയ്ക്കും ഏറെ പ്രതീക്ഷിക്കാനാവില്ലേ?

ലോക്ഡൗൺ മാറുന്നത് ടൂറിസം മേഖലയ്ക്കും പുത്തൻ പ്രതീക്ഷയാണ്. ഗവൺമെന്റിന്‍റെ ഭാഗത്തുനിന്ന് ഉള്ള ചില തീരുമാനങ്ങളും പോളിസികളും ടൂറിസത്തെ ബാധിക്കുന്നുണ്ട്, പ്രത്യേകിച്ചും കേരളത്തില്‍. നോര്‍ത്തിന്ത്യയില്‍, പ്രധാനമായും ഉത്തരാഞ്ചൽ, ഉത്തരാഖണ്ഡ്, ഹിമാചല്‍ തുടങ്ങിയ ഇടങ്ങളെല്ലാം നാലഞ്ചു മാസത്തിനു മുമ്പ് തന്നെ ടൂറിസം പഴയനിലയിലെത്തി, എന്നാല്‍ കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ലോക്ഡൗണും കര്‍ഫ്യൂവും ടൂറിസത്തിന് തിരിച്ചടിയാണ്. 

01
Image From/shutterstock

കേരളത്തില്‍ നിന്നും പുറത്തേക്ക് യാത്ര പോകുന്നവർക്കായി നൽകുന്ന നിർദേശങ്ങൾ നന്നായി ശ്രദ്ധിക്കുകയും ഗവണ്മെന്‍റ് ഇതിനുവേണ്ട നടപടികൾ കൃത്യമായി വേണ്ട രീതിയിൽ ചെയ്യുകയും വേണം. കോവിഡ് കണക്കുകള്‍ മൂടിവെക്കണം എന്നല്ല ,കുറച്ചു കൂടി പോസിറ്റീവ് ആയുള്ള വാര്‍ത്തകളും മികച്ച പി ആര്‍ വര്‍ക്കും നടത്തുന്നതില്‍ ഗവണ്മെന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡിനെ നമ്മള്‍ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി, ഒരു നല്ല പിആര്‍ ഏജന്‍സിയുമായി ചേര്‍ന്ന് നല്ല നിർദേശങ്ങൾ നല്‍കേണ്ടത് ആവശ്യമാണ്‌.

02
Image From/shutterstock

∙കോവിഡിനിടെ റിസോർട്ടുകൾ ഇനി തുറന്നാലും മെയിന്റനൻസ്, ശുചിത്വം ഉൾപ്പെടെ ചെലവ് കൂടുതലാകില്ലേ?. അത് ടൂറിസത്തെ ബാധിക്കില്ലേ?

തീര്‍ച്ചയായും. അടച്ചിട്ട ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുമ്പോള്‍ മുന്‍പത്തെതിനേക്കാള്‍ പതിന്മടങ്ങ് ചെലവുകള്‍ വരും. മുറികളിലുള്ള ഫംഗസും മറ്റും നീക്കം ചെയ്യണം. കേടായ ലിനനും മറ്റും പുനസ്ഥാപിക്കണം, അങ്ങനെ നീളുന്നു. മൂന്നാര്‍ മേഖലകളില്‍  ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ഹോട്ടലുകളില്‍ പലതിലും 70% മുറികള്‍ മാത്രമേ തുറന്നിട്ടുള്ളൂ. 

ബാക്കിയുള്ളവ സ്റ്റാഫുകൾക്കു വേണ്ടിയും മറ്റുമാണ് ഉപയോഗിക്കുന്നത്. ചില ചെറിയ റിസോര്‍ട്ടുകള്‍ ഒക്കെ പൂര്‍ണമായും തുറന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി പല ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളും  അറ്റകുറ്റപ്പണികള്‍ പലതും മാറ്റിവച്ചിരിക്കുകയാണ്. അങ്ങനെയുള്ള പണികള്‍ എല്ലാം ഇനി ചെയ്യേണ്ടിയിരിക്കുന്നു. ഇതിനെല്ലാം ഭീമമായ ചെലവു വേണ്ടി വരും. കഴിഞ്ഞ രണ്ടു കൊല്ലത്തെ വരുമാന നഷ്ടം നികത്താന്‍ തന്നെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ എടുത്തേക്കാം. 

04
Image From/shutterstock

∙സർക്കാർ ഇനി എന്തെല്ലാം സഹായം നൽകിയാൽ റിസോർട്ട് മേഖലയ്ക്ക് ഉണർവോടെ മുന്നോട്ട് പോകാനാകും?

കോവിഡിനു ശേഷം, മറ്റു പല മേഖലകളിലും വളരെ ക്രിയാത്മകമായി ഇടപെട്ടപ്പോഴും, സെൻട്രൽ, സ്റ്റേറ്റ് ഗവൺമെന്റുകള്‍ ടൂറിസത്തെ പാടെ തഴയുകയായിരുന്നു. സ്റ്റേറ്റ് ഗവൺമെന്റ് കുറെ മികച്ച തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽപ്പോലും പലർക്കും അതിന്‍റെ ഗുണഫലങ്ങള്‍ മതിയായ രീതിയിൽ കിട്ടിയില്ല. ഉദാഹരണത്തിന് ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപ ധനസഹായം കൊടുത്ത നടപടി തന്നെ നോക്കാം. 

ഒന്നര കൊല്ലത്തോളം കേരളത്തിലെ ടൂറിസം എല്ലാം അടഞ്ഞു കിടന്ന സാഹചര്യത്തിൽ ഒരു പതിനായിരം രൂപയെങ്കിലും നല്‍കിയത് സഹായമായി എന്നുള്ളത് അംഗീകരിക്കുന്നതോടൊപ്പം തന്നെ, ഒരു സാധാരണക്കാരന് ജീവിച്ചു പോകാൻ പറ്റുന്ന തരത്തിലുള്ള ഒരു സഹായം അല്ല അത് എന്നുള്ളതും മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ധനമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക്, ടൂറിസത്തിന് സഹായകരമായ രീതിയിലുള്ള നയങ്ങള്‍ കൊണ്ടുവരാം എന്നുള്ളതാണ് സര്‍ക്കാരിന് ചെയ്യാന്‍ പറ്റാവുന്ന ഒരു കാര്യം.

ഇനിയും ശ്രദ്ധ വേണം

വേള്‍ഡ് ടൂറിസം ദിനമായി ആഘോഷിക്കുന്ന ഇന്ന് തന്നെ കേരളത്തിൽ ഹർത്താൽ ആണ്. ഇത് വളരെ മോശമായ അഭിപ്രായമാണ് പുറമേ നിന്നുള്ള സഞ്ചാരികള്‍ക്കിടയില്‍ ഉണ്ടാക്കുക. കോവിഡ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്ത് ടൂറിസം മേഖല വീണ്ടും സജീവമാകുന്നതിനിടെയാണ് വിനോദസഞ്ചാ രദിനത്തില്‍തന്നെ ഹര്‍ത്താല്‍ വരുന്നത്. കേരളത്തിലേക്കു വന്നു തുടങ്ങുന്ന ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കുള്‍പ്പെടെ തെറ്റായ സന്ദേശമാവും ഇതു നല്‍കുകയെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

കേരളമെന്നാല്‍ ബാക്കിയുള്ള പല രാജ്യങ്ങളിലെയും പോലെയുള്ള ഒരു വ്യത്യസ്തമായ ടൂറിസത്തിനു പറ്റുന്ന ഒരു സ്ഥലമല്ല. ഉദാഹരണത്തിന് യൂറോപ്പിലെ പോലെയുള്ള ഒരു ക്ലബ്ബ് കൾച്ചറോ നൈറ്റ് ലൈഫോ ഒന്നും ഓഫര്‍ ചെയ്യാൻ പറ്റുന്ന ഒരു സ്ഥലമല്ല കേരളം. പ്രകൃതിയുടെ സൈന്ദര്യവും ആയുർവേദവും ജനങ്ങളും അവരുടെ ജീവിതവുമെല്ലാം കാണാനും ആസ്വദിക്കാനുമാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്. 

ഹര്‍ത്താലിൽ നിന്നും ടൂറിസത്തെ ഒഴിവാക്കി എന്ന് പറയുമ്പോഴും ടൂറിസ്റ്റ് വാഹനങ്ങളെ ഒഴിവാക്കി എന്ന് മാത്രമേ അതിനര്‍ത്ഥം ഉള്ളു.  ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ആളുകൾക്ക് പുറത്തു പോയി കറങ്ങി നടക്കാൻ നടക്കാൻ പറ്റുമായിരിക്കും, പക്ഷേ, കടകളൊന്നും തുറന്നിട്ടില്ല, ഷോപ്പിങ്ങിന് പോകാൻ പറ്റുന്നില്ല,  അവിടുത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ്, മ്യൂസിയം മുതലായ ഇടങ്ങളില്‍ പോകാൻ പറ്റുന്നില്ല. ഇതൊന്നുമില്ലാതെ വെറുതെ ഒരു ടാക്സിയിൽ യാത്ര ചെയ്യാന്‍ മാത്രം പറ്റുന്ന ഒരു സാഹചര്യത്തില്‍ ടൂറിസത്തെ ഒഴിവാക്കി എന്ന് പറയുന്നതിൽ അർത്ഥമില്ല.

ഹർത്താലുകൾ പൂർണമായും ഒഴിവാക്കണം. കേരളത്തിലെ ഏറ്റവും പ്രധാനമായ ഒരു ബിസിനസ് ആണ് ടൂറിസം. ടൂറിസത്തെ രക്ഷിക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ, അതിൽ പ്രധാനമായ ഒന്ന് തന്നെയാണ് ഹർത്താൽ. ഇതുപോലുള്ളവയെ കേരളം മാറ്റി എടുത്തേ പറ്റൂ. 

റിസോര്‍ട്ടുകളുടെയും മറ്റും ലൈസൻസിങ്ങുമായി ബന്ധപ്പെട്ടുള്ള നൂലാമാലകള്‍ക്ക് അല്‍പ്പം ഒന്ന് അയവ് വരുത്തുവാനും സര്‍ക്കാര്‍ ശ്രദ്ധിക്കണം. ചെറിയ ഒരു സംരംഭത്തിനു പോലും നിരവധി ലൈസന്‍സുകളും മറ്റും വേണം. ഇതുതന്നെ കേരളത്തിലെ ഓരോ ഭാഗത്തും പല നിയമങ്ങളാണ്. 

ചില കാര്യങ്ങളില്‍‌ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് മിക്ക സംസ്ഥാനങ്ങളുടെയും ടൂറിസം പോളിസികള്‍ വളരെ വ്യക്തമാണ്. അങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ കണ്ടു പഠിക്കുകയും അതിനനുസരിച്ച് നമുക്ക് മാറ്റാവുന്ന കാര്യങ്ങൾ ഇവിടെ മാറ്റുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

∙വിദേശ ടൂറിസ്റ്റുകളെ ഇനി എന്നു മുതൽ കേരളത്തിൽ സജീവമായി കാണാനാകും?

വിദേശ ടൂറിസ്റ്റുകളുടെ ഒരു പൂര്‍ണമായ തിരിച്ചുവരവ് അടുത്ത കൊല്ലവും ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. എങ്കിലും അതിൽ ഒരു 30 ശതമാനമെങ്കിലും 2022-ല്‍  കൊണ്ടുവരാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ ഉള്ള അറബ് ടൂറിസവും പിന്നീട് വരുന്ന ഒക്ടോബർ, നവംബർ, ഡിസംബർ കാലത്തുള്ള യൂറോപ്യൻ ടൂറിസവും തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അത് കേരളത്തിന് വലിയ നേട്ടമായിരിക്കും. ഇനി വേറെ മറ്റു പ്രധാനമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെങ്കില്‍ 2023- ഓട് കൂടി പൂര്‍ണമായും തിരിച്ചു വരാൻ പറ്റുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

∙റിസോർട്ടുകളിൽ ടൂറിസം അല്ലാതെ എന്തെല്ലാം ബദൽ മാർഗങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകാനാകും?

ബദല്‍ മാർഗങ്ങൾ എന്ന് പറയുമ്പോൾ പുതിയതായി വന്ന പല കാര്യങ്ങളും ടൂറിസത്തിന്‍റെ ഭാഗമായി മാറുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഉദാഹരണത്തിന് വെഡിങ് ഡെസ്റ്റിനേഷൻസ് ഇന്ന് ടൂറിസത്തിന്‍റെ ഒരു പ്രധാനഭാഗമാണ്. 

കോവിഡ് കാലഘട്ടത്തിൽ പുതിയതായി വന്ന ഒരു ട്രെൻഡാണ്. അതായത്, പല ഐടി കമ്പനികളും ഐ ടി ഉദ്യോഗസ്ഥരും റിസോർട്ടുകളിൽ പോയി താമസിച്ച്, അവിടെ നിന്ന് തന്നെ വർക്ക് ചെയ്യുന്ന രീതി. ഇത് കഴിഞ്ഞ രണ്ടു കൊല്ലമായി ഒരു പരിധി വരെ പ്രാവർത്തികമായിരുന്നു. കാരണം സ്കൂളുകള്‍ പോലും ഓൺലൈൻ ആയിരുന്നു. അപ്പോൾ കുട്ടികൾക്ക് വരെ വേണമെങ്കിൽ ഹോട്ടലിൽ പോയി താമസിക്കുകയും അവർക്ക് അവിടുന്ന് ഒാണ്‍ലൈന്‌ ക്ലാസിൽ കയറാനും സാധിക്കുമായിരുന്നു. എന്നാൽ ക്ലാസുകൾ ഫുള്ളി ഓഫ്ലൈനാകുന്നതോടുകൂടി ഈ ട്രെൻഡ് മാറിയേക്കാം. എന്നാലും ചെറുപ്പക്കാർക്ക്  ഇങ്ങനെയുള്ള ഒരു ഓപ്ഷൻ ഇനിയും തുടരാവുന്നതാണ്. പക്ഷേ, ഇതൊരു ഒരു വലിയ ട്രെൻഡ് ആയോ ഒരു വലിയ മാറ്റം ഉണ്ടാക്കുന്ന ഒന്നോ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഒരു ചെറിയ ഒരു ശതമാനം മാത്രമാണ് ഈ വിഭാഗം. 

കുറച്ചുകഴിയുമ്പോൾ ഐടി കമ്പനികള്‍ ഒരു ഹൈബ്രിഡ് സ്റ്റൈല്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. അതായത്, പകുതി ഓഫീസിൽ നിന്നും പകുതി വീട്ടിൽ നിന്നും വർക്ക് ചെയ്യാം എന്നുള്ള ഓപ്ഷനിലേക്ക് പോകാനാണ് ചാൻസ് കൂടുതൽ. കാരണം, അവർക്കും ചിലവ് കുറയ്ക്കാൻ അതാവും നല്ലത്.  

∙സർക്കാരിന്റെ ഭാഗത്തു നിന്ന് ടൂറിസം മേഖലയ്ക്ക് ഏറ്റവും ആദ്യം വേണ്ട സഹായം എന്താണ്?

സാമ്പത്തിക സഹായം തന്നെയാണ്. അതിനു പരിമിധികൾ ഉണ്ടെന്നു ടൂറിസം മേഖലയ്ക്ക് തന്നെ മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ലൈസന്‍സിങ്ങിലും ടാക്സിലും ഒക്കെ ഉള്ള ഇളവുകളും നയമാറ്റങ്ങളും ഒക്കെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ടൂറിസം ഫ്രെണ്ട്‌‌ലിയായ പോളിസികള്‍ വന്നാല്‍ അത് കൂടുതൽ സഹായമാകും. കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റിനു കൂടുതൽ പ്രാധാന്യം നൽകിയാൽ തീർച്ചയായും ടൂറിസത്തിന് നല്ലൊരു മാറ്റം ഉണ്ടാക്കും എന്നതില്‍ ഒരു സംശയവുമില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ പുതിയ പ്രോജക്റ്റുകൾ വരുന്നതിനേക്കാൾ ഉള്ള പ്രോജക്ടുകൾ നന്നായി ചെയ്യുകയും ടൂറിസ്റ്റ് ഇടങ്ങൾക്ക് വേണ്ട അടിയന്തര പ്രവർത്തനങ്ങൾ സജ്ജമാക്കുക. 

ഇന്ന് ഏതൊരു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയാലും അത്യാവശ്യം നല്ല റോഡുകളില്ല... എല്ലായിടത്തും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ... ശുചിമുറി സൗകര്യം ഇല്ല... ഒരു നല്ല ടൂറിസം ഇൻഫർമേഷൻ സെന്റർ ഇല്ല... ബീച്ചുകളില്‍ പലയിടത്തും ഇപ്പോഴും ലൈഫ്ഗാര്‍ഡ്സ് ഇല്ല... ഇങ്ങനെയുള്ള ഒത്തിരി കാര്യങ്ങളുണ്ട്. ഇവയെല്ലാം പരിഹരിക്കണം.

ടൂറിസം പൊലീസ് പോലെയുള്ള ക്രിയാത്മകമായ പോളിസികള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും പൂര്‍ണമായും പ്രയോജനകരമായിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ച്, ഉള്ളത് നന്നാക്കുക എന്നുള്ളതിനാവണം കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. ഉള്ള പ്രോജക്റ്റുകള്‍ നന്നായി നടപ്പിലാക്കുക. എങ്കിൽ തീര്‍ച്ചയായും കേരള ടൂറിസം ഇനിയും ഉയരങ്ങള്‍ കീഴടക്കും.

∙വിദേശ ടൂറിസ്റ്റുകളേക്കാൾ ഇനി ആഭ്യന്തര ടൂറിസ്റ്റുകൾക്കായിരിക്കുമോ കേരളം പ്രാധാന്യം നൽകുക?

അടുത്ത ഒരു കൊല്ലത്തേക്ക് തീര്‍ച്ചയായും ആഭ്യന്തര ടൂറിസ്റ്റുകൾക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കാരണം, വിദേശ ടൂറിസ്റ്റുകളെ കാര്യമായി എത്താൻ കഴിയുന്ന ഒരു സാഹചര്യമല്ല ഇന്നുള്ളത്. എന്നിരുന്നാലും മുന്നോട്ടുള്ള യാത്രയില്‍ രണ്ടും ഒരുപോലെ പ്രധാനമാണ്. കേരളത്തിന്‍റെ കാര്യം നോക്കിയാല്‍ ഏകദേശം നാലഞ്ചു മാസമാണ് വിദേശ ടൂറിസ്റ്റുകൾ കൂടുതലും വരുന്നത്. ബാക്കി ആറേഴു മാസങ്ങള്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് തന്നെയാണ്. 

കേരളത്തിന് കാര്യമായ വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. രണ്ടിനും തുല്യപ്രാധാന്യമുണ്ട്. ഇന്ന് ബോംബെ, ഡല്‍ഹി, അഹമ്മദാബാദ്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളെയാണ് കേരള ടൂറിസത്തിന് കൂടുതല്‍ പ്രധാന്യം നൽകുന്നത്. ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ മുതലായ വിദേശ രാജ്യങ്ങളില്‍ക്കൂടി ടൂറിസം മാര്‍ക്കറ്റിങ് ചെയ്യാന്‍ പറ്റിയാല്‍ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷയാകും.

∙കോവിഡിനിപ്പുറം ഒരു പുതിയ ടൂറിസം കൾച്ചറായിരിക്കുമോ കേരളം കാണുക? ആണെങ്കിൽ ഏതു തരത്തിലുള്ള മാറ്റമായിരിക്കും?

മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും, എന്നാല്‍ വലിയ മാറ്റമൊന്നും കാണാനില്ല ഇപ്പോഴും. എന്നാലും തിരക്കുകളില്‍ നിന്നും മാറി സമയം ചെലവഴിക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമ്പോള്‍  ചെറിയ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ക്കുമെല്ലാം കൂടുതല്‍ പ്രാധാന്യം കിട്ടാന്‍ സാധ്യതയുണ്ട്. 

കഴിഞ്ഞ ഒരു കൊല്ലമായി വാഗമണ്‍, കുട്ടിക്കാനം ഏരിയകളിലുള്ള ലോക്കല്‍ ടൂറിസത്തിന്‍റെ വളര്‍ച്ച. ലക്ഷ്വറി, പ്രീമിയം വിഭാഗത്തിലുള്ള താമസസൗകര്യങ്ങൾ ആ ഭാഗത്ത് വന്നിട്ടില്ല. അതിനോട് ഒരു കൂടുതല്‍ ചായ്‌വ് വന്നു കഴിഞ്ഞാലേ കേരള ടൂറിസത്തിന് കാര്യമായ ഒരു പുരോഗതി ഉണ്ടാവൂ. ഈ മേഖലകളില്‍ ഇപ്പോള്‍ വരുന്നവരില്‍ കൂടുതലും ബജറ്റ് ട്രാവലേഴ്സ് ആണ്. 

ചെറിയ വില്ലകൾ അതുപോലെയുള്ളവയ്ക്ക്  ഇനി ഭാവിയിൽ ഡിമാൻഡ് കൂടാൻ സാധ്യതയുണ്ട്.  പൂളോട് കൂടിയ വില്ലകള്‍ വരാനും സാധ്യത കാണുന്നുണ്ട്. കൂടുതൽ മേഖലകളിലേക്ക് കേരള ടൂറിസം ഉയരും.

English Summary: Exclusive Interview with Jaison Anithanam Managing Director Serviette Hotels

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com