ADVERTISEMENT

ഉയരം കൂടിയവർ ചുറ്റും നിരന്നാൽ ഉയരം കുറഞ്ഞവനെ എന്തു വിളിക്കാം ? പൈതൽ എന്നു വിളിച്ചു കൂടേ? ആറായിരം അടി ഉയരത്തിൽ ഒരു വശത്ത് കുടകിലെ കത്തിവാണ മലനിരകൾ തലയുയർത്തി ഹുങ്കോടെ നിൽക്കുമ്പോൾ, ‘പൊക്കമില്ലാത്തതാണെന്റെ പൊക്കം’ എന്ന് കുഞ്ഞുണ്ണി മാഷ് പാടിയ പോലെ ആരോ വിളിച്ച പേരാണ് പൈതൽ മല! മറ്റൊരു പേരുമുണ്ട് - വൈതൽ മല.

 

pithalmala9

കുടക് ആസ്ഥാനമായി വാണ മൂഷികരാജവംശത്തിലെ അവസാനത്തെ കണ്ണി വൈതൽകോൻ രാജാവ് ഒളിച്ച് വനവാസം നടത്തിയ മലയായതു കൊണ്ട് കിട്ടിയ പേരാണിത്. പൊക്കമില്ലാത്തതല്ല. സമുദ്രനിരപ്പിൽ നിന്ന് 4500 അടിയാണ് ഇഷ്ടന്റെ ഉയരം. വടക്ക് കുടക് മലനിരകൾക്ക് ആറായിരത്തിലധികം അടി ഉയരവും.

 

കണ്ണൂരിൽ ചാർജെടുത്ത് ആറുമാസം കഴിഞ്ഞാണ് പൈതൽ മല സന്ദർശിക്കാൻ കഴിഞ്ഞത്. കണ്ണൂരിൽ നിന്നാണെങ്കിൽ പത്തെഴുപതു കിലോമീറ്റർ താണ്ടാൻ ഒന്നര– രണ്ട് മണിക്കൂർ വേണം. പൈതല്‍മല കണ്ടിറങ്ങാന്‍. വീണ്ടും വേണമൊരു രണ്ടു മണിക്കൂർ. ആകെ, കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വേണം കാഴ്ച കണ്ട് തിരിച്ചെത്താൻ. കോവിഡ് കാലത്ത് അടഞ്ഞു കിടന്നതോടെ സഞ്ചാരികളും എത്താതായി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ വിനോദ് സാറിനെ ക്ഷണിച്ചു. ആദ്യമായി വിളിക്കുകയാണ്. സ്ഥാനത്തിന്റെ ഗമ കാട്ടാതെ സ്നേഹം തരുന്ന മനസ്സിന്റെ ഉടമയാണെന്ന് ആദ്യ പ്രതികരണത്തിൽത്തന്നെ മനസ്സിലായി.

pithalmala8

 

pithalmala5

പൈതൽമലയുടെ കാഴ്ചയിലേക്ക്

pithalmala1

 

കുടിയാൻ മലയിൽനിന്ന് പൊട്ടം പ്ലാവ് വഴി ഏതാനും കിലോമീറ്റർ വാഹനമോടിച്ചാൽ ടിക്കറ്റ് കൗണ്ടറിലെത്താം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന നിരക്ക്. മഞ്ഞപ്പുല്ല് വഴിയും പ്രവേശനമുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം, പത്തുവയസ്സിൽ താഴെയുള്ള കുഞ്ഞൻമാരെ കയറ്റില്ല.

 

pithalmala7

സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വിനോദ് െറഡി. ഒരുപാട് വിവരങ്ങൾ കിട്ടേണ്ടത് അവരിൽ നിന്നാണ്. ടിക്കറ്റ് കൗണ്ടറിൽനിന്ന് കാട്ടിലൂടെ രണ്ടു കിലോമീറ്റർ ചെങ്കുത്തായ ട്രെക്കിങ് പാതയാണ്. കഥകൾ പറഞ്ഞ് ഇക്കോ ടൂറിസം ഗൈഡ് ആന്റണി ചേട്ടൻ കൂടെയുണ്ട്. കുറേക്കഴിഞ്ഞ് പ്രായം ചോദിച്ചപ്പോഴാണ് ഒരേ പ്രായമെന്നറിഞ്ഞത്. പിന്നെ അത് പറഞ്ഞുചിരിച്ച് വിളി ആന്റണി എന്നായി.

pithalmala2

 

കോവിഡ് ലോക്ഡൗൺ മാറിയതോടെ ട്രെക്കിങ് പാത തുറന്നു കൊടുത്ത ആദ്യ നാളുകളില്‍ ആനക്കൂട്ടം ട്രെക്കിങ് പാതയിൽ തമ്പടിച്ച് ആന്റണിയെയും കൂട്ടരെയും ഓടിച്ച കഥയും കേട്ടു. എപ്പോഴും പകൽ മനുഷ്യ സാന്നിധ്യം ഉള്ളതുകൊണ്ട് ഇപ്പോൾ അങ്ങനെയില്ലെന്നും പേടിക്കേണ്ടെന്നും ആന്റണി പറഞ്ഞു. വഴി നിറയെ ആനപ്പിണ്ടം. ചിലതിൽ കുമിൾ വളർന്നിരിക്കുന്നു. ആനപ്പിണ്ടം കാണുമ്പോൾ ആന്റണി അതിന്റെ പഴക്കം പറയും. ഇടയ്ക്ക് ആനമയക്കി ചെടിയും കാണിച്ചു. തൊട്ടാൽ അലർജി മാത്രമല്ല വേദനയും പനിയുമൊക്കെ ഉണ്ടാകുമത്രേ. 

pithalmala

 

ഈ കോവിഡ് കാലത്തു തന്നെ െട്രക്കിങ് പാതയിൽ ആന്റണി മറ്റൊരു കാഴ്ച കണ്ടു. തൊട്ടുവശത്ത് കാട്ടിനുള്ളിൽ ഒരു മുരൾച്ച. ഒരു കടുവ വലിയൊരു മ്ലാവിനെ കൊന്ന് ശാപ്പിടുകയാണ്. ആന്റണിയെയും കൂട്ടരെയും കണ്ട ഇഷ്ടൻ പാത കുറുകെ ചാടി മറുവശം പോയി.  വായിൽ മാംസവുമുണ്ട്. പാതയിൽ വീണ മാംസത്തുണ്ടുകളുടെ ചിത്രം ആന്റണി പകർത്തിയിരുന്നു. പിറ്റേന്ന് െട്രക്കിങ് പാതയിൽ പലയിടത്തായി മ്ലാവിന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കാണാനായി. ആനയും മ്ലാവും ഇടയ്ക്ക് എത്തുന്ന കടുവയും കൂടാതെ ചെന്നായ ഉൾപ്പെടെ കാടിന്റെ നേരവകാശികൾ പലരുമുണ്ടിവിടെ.

pithalmala6

 

കുറിഞ്ഞി വസന്തം

 

കുറിഞ്ഞിയുടെ മുപ്പതോളം ഇനങ്ങൾ െട്രക്കിങ് പാതയിലും മലയിലുമായി ഉണ്ട്. പിന്നെ കണ്ണാന്തളി, ഔഷധ മൂല്യം ഏറെയുള്ള  മറ്റു ചെടികൾ, മറ്റപൂർവ ഔഷധ സസ്യങ്ങൾ, ഓർക്കിഡുകൾ, നമുക്ക് പേരറിയാക്കിളികൾ, ബഹുവർണ ചിത്രശലഭങ്ങൾ... പറഞ്ഞാൽ തീരില്ല പൈതൽമലയിലെ കാഴ്ചകള്‍.

 

ഇടയ്ക്കിടെ മഴ ചാറുന്നുണ്ടായിരുന്ന , വഴി വഴുതുന്നു. ഇരുപത്തഞ്ച് മിനിറ്റ് കൊണ്ട് ഞങ്ങൾ മുകളിലെത്തി. ഹാ ....ഹാ.... എന്താ കാഴ്ച വസന്തം ! കോടമഞ്ഞങ്ങനെ പുൽമേടുകളെയും മലകളെയും തഴുകി ഒഴുകുകയാണ്. സുഖമുള്ള തണുപ്പ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ഷെമീനയും മിന്നുവും രേഷ്മയും ഒക്കെ കാഴ്ച കണ്ട ആവേശത്തിലാണ്.

 

ദൂരെയുള്ള വാച്ച് ടവർ ആന്റണി ചൂണ്ടിക്കാണിച്ചു. അവിടെയെത്താൻ പുൽമേട്ടിലൂടെ പിന്നെയും നടക്കണം. മൂന്നു വശത്തും മലനിരകൾ. കുടക് മലകളും ഏഴിമലയും കോഴിക്കോട് - വയനാട് മലനിരകളും തലശ്ശേരി - കാസർകോട് കാഴ്ചകളും ഉൾപ്പെടെ കണ്ണൂർ പയ്യാമ്പലത്തെ ലൈറ്റ് ഹൗസ് പോലും കാണാം ഈ ഉച്ചിയിൽ നിന്നാൽ.

 

വാച്ച് ടവറിനു മുകളിൽനിന്ന് ആന്റണി താഴേയ്ക്ക് ചൂണ്ടിക്കാട്ടി. ഒരു പാമ്പ്. ഇവിടുത്തെ സ്ഥിരവാസിയാണെന്നും പറഞ്ഞു. അവനെ നോവിക്കാതെ പതിയെ ഒന്നുയർത്തിയിട്ട് വിനോദ് പറഞ്ഞു, ഇരുതലമൂരിയാണ്. ഒട്ടും നോവിക്കാതെ എടുത്ത പോലെ അവനെ തിരിച്ചു വിട്ടു. മനുഷ്യനെ സ്നേഹിക്കുന്ന വിവരമുള്ളൊരു പാമ്പ് !

 

വീണ്ടും നടന്നു. താഴെ വ്യൂ പോയിന്റാണ്. വ്യൂ പോയിന്റിലെ കാഴ്ച വൈവിധ്യം കൊണ്ട് നിറഞ്ഞതാണ്. കോട നിറയുന്നു, മായുന്നു. വ്യൂ പോയിന്റിന് സമീപം ഒരിക്കലും വറ്റാത്ത ഒരു ഉറവയെപ്പറ്റി ആന്റണി പറഞ്ഞു. താഴ്‌‌‌വാരത്തെ നാട്ടുകാർ പൈതൽ മലയുടെ മുകളി നിന്ന് പൈപ്പിട്ട് താഴെ വീടുകളിലേക്ക് ശുദ്ധജലം കൊണ്ടു പോകുന്നതും ഇവിടെ നിന്നുമാണ്. കുടകിൽനിന്ന് ഒഴുകുന്ന തോടും പൈതലിലെ തോടും ചേർന്ന് കുപ്പം പുഴയായി ഒഴുകുന്നു. ചെമ്പേരിപ്പുഴ, ആലക്കോട്, കരിവഞ്ചാല് പുഴകൾ പൈതലിൽനിന്ന് ഉത്ഭവിക്കുന്നു. ടോവിനോയുടെ ‘ഓസ്കാർ ഗോസ് ടു’ ഷൂട്ട് ചെയ്തത് ഇവിടെയാണ്. 

 

നന്ദി പറഞ്ഞിറങ്ങി ടിക്കറ്റ് കൗണ്ടറും കടന്ന് താഴെ എത്തിയപ്പോൾ വഴിവക്കിൽ മാസ്കിന് മുകളിലെ ചിരിയുമായി ഒരു ചേട്ടൻ കൈ വീശുന്നു. വാഹനം നിർത്തി. ‘ഞാനിവിടെ ഒരു റിസോർട്ട് പണിയുകയാണ്. കാണാൻ സമയമുണ്ടോ ?’ ‘പിന്നെന്താ, ഇതല്ലേ നമ്മുടെ പണി’. ചേട്ടൻ ഞങ്ങളുടെ വാഹനത്തിൽ കയറി. പേര് ശുഭാകരൻ. ആദ്യമായി കേൾക്കുന്ന പേര്! മുടി പിന്നിൽ കെട്ടി വച്ചിരിക്കുന്നു. വർഷങ്ങളോളം ഗൾഫിൽ ബാങ്കറായിരുന്നു. ഇവിടെ മുപ്പതിലധികം ഏക്കർ ഭൂമി. ഇത് കുഞ്ഞു പൈതൽമല ആണെന്ന് തോന്നും. മുകളിലേക്ക് ചേട്ടൻ തന്നെ നിർമിച്ച ഹെയർ പിൻ റോഡാണ്.

 

എന്താ അനുഭൂതി ! കുന്നിൻ നിറുകയിൽ 18 മുറിയുള്ള ഒരു റിസോർട്ട് അവസാന ഘട്ടത്തിലാണ്. ഉഗ്രൻ വ്യൂ തന്നെ. റിസോർട്ടിന് പിൻവശം കർണാടക ഫോറസ്റ്റ്. റിസോർട്ടിന്റെ നിർമാണം കണ്ട് വീണ്ടും താഴെയെത്തി. ലാറി ബേക്കർ മാതൃകയിൽ ഒരു വീടിന്റെ ഉൾവശം. ഷൂസൂരണ്ടാ, തണുപ്പാണ് എന്ന് ശുഭാകരൻ ചേട്ടൻ പറഞ്ഞെങ്കിലും നനഞ്ഞു കുതിർന്ന് ചെളി പുരണ്ട ഷൂ വെളിയിൽ ഊരി വച്ചു. ചേച്ചി നല്ല ചുക്കു കാപ്പി നിമിഷനേരം കൊണ്ട് തയാറാക്കി. ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന ചില സുന്ദര മുഖങ്ങൾ. പൈതൽ കാഴ്ചകള്‍ ശരിക്കും ഒരു സുന്ദരാനുഭവമായി.

 

English Summary: Paithalmala Hill Station in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com