കൊയിലാണ്ടിയിലെ 'കൊല്ലം'; കടന്നാൽ മുചുകുന്ന്; പോകാം ഹുക്കകളുടെ വീട്ടിലേക്ക്

HIGHLIGHTS
  • അപ്രതീക്ഷിതമായെത്തിയ മഴ ദുരന്തംവിതച്ച ദിവസങ്ങൾ
  • കാഴ്ചകൾ തേടിയുള്ള ട്രിപ്പ് കാലിക്കോയുടെ യാത്ര സിനിമാ ലൊക്കേഷൻ തേടി
SHARE

പുറത്ത് കോരിച്ചൊരിയുന്ന മഴ. നല്ലൊരു കപ്പ് കട്ടൻകാപ്പിയും ജോൺസൺമാഷ് ഈണമിട്ട പാട്ടുമൊക്കെ കേട്ട് ചുരുണ്ടുകൂടി ഇരിക്കാൻ കൊതിപ്പിക്കുന്ന കാലാവസ്ഥ. പക്ഷേ യാത്രയെന്നതൊരു പ്രലോഭനമാണ്. നല്ലൊരു മഴയത്ത് കിക്കറടിച്ച് വണ്ടിയും സ്റ്റാർട്ടാക്കി പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടോ?ചാഞ്ഞുവരുന്ന മഴത്തുള്ളികൾ നെഞ്ചിലേക്ക് വന്ന് തറച്ചുകൊള്ളും.

kozhikode-trip4

തലയൊന്നുയർത്തി നോക്കിയാൽ ആകാശത്തെവിടെയോ വലിച്ചുകെട്ടി തൂക്കിയിട്ടിരിക്കുന്ന മഴനൂലുകൾക്കിടയിലൂടെ നമ്മളങ്ങനെ പോവുകയാണെന്ന് തോന്നും. തണുത്ത കാറ്റടിച്ച് കൈകൾ വിറങ്ങലിക്കും. മഴയിലങ്ങനെ നമ്മളറിയാതെ നമ്മൾ അലിഞ്ഞുചേരും. കോരിച്ചൊരിയുന്ന മഴ കാണുമ്പോൾ പിന്നെ പോവാതിരിക്കുന്നതെങ്ങനെയാണ്? 

പക്ഷേ അങ്ങ് കിഴക്കൻമലയിൽ മണ്ണിടിച്ചിലും പേമാരിയുമാണ്. അനേകമാളുകൾ  ജീവനും വീടും നഷ്ടപ്പെട്ട് കരയുകയാണ്. അതുകൊണ്ടുതന്നെ അപകടം പതിയിരിക്കുന്ന മലമുകളുകൾ തേടി ഒരു യാത്ര സുരക്ഷിതവുമല്ല. അതുകൊണ്ട് ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. എങ്ങോട്ടുപോവും?

kozhikode-trip1

∙ഹുക്കകളുടെ വീട്ടിലേക്ക്...

കൊൽക്കത്ത നഗരത്തിന്റെ മലയാളം പതിപ്പാണ് കോഴിക്കോട്. സിനിമയും സാഹിത്യവും സമാസമം ചേരുന്നൊരു പഴയ നഗരം. കൊൽക്കത്തയിൽ രബീന്ദ്രസംഗീതമാണെങ്കിൽ ഈ കോഴിക്കോടൻ ദുനിയാവിൽ ഗസലാണെന്നു മാത്രം. കോഴിക്കോടുനിന്ന് രാവിലെ യാത്ര പുറപ്പെടുമ്പോൾ ചിന്തിച്ചത് പഴമയുടെ ഗന്ധമുള്ള ഏതെങ്കിലുമൊരു സ്ഥലം കാണണമെന്നാണ്.

ദേശീയപാത വടക്കോട്ട് നീണ്ടുനിവർന്നുകിടക്കുകയാണ്. മാഹിപ്പാലം കടന്ന്, തലശ്ശേരിയിലെ നാട്ടുവഴികൾ പിന്നിട്ട് കണ്ണൂരേക്കു നീണ്ടുകിടക്കുന്ന വഴി. അതങ്ങനെ പൻവേൽ വരെ ഒരു പോക്കാണ്. പക്ഷേ നമുക്കത്ര ദൂരം പോവാൻ കഴിയില്ലല്ലോ. കോഴിക്കോടു വിട്ടാൽ അത്യാവശ്യം വലിപ്പമുള്ള അടുത്തനഗരം കൊയിലാണ്ടിയാണ്. കൊയിലാണ്ടി പിന്നിട്ട് മുന്നോട്ടുചെന്നാൽ കൊല്ലത്തെത്തും. തെക്കുതെക്കൊരു ദേശത്തെ കൊല്ലമല്ല. ഇത് മറ്റൊരു കൊല്ലം. പിഷാരികാവിലമ്മയുടെ കാളിയാട്ടം നടക്കുന്ന കൊല്ലം. കൊല്ലം അങ്ങാടി പിന്നിട്ടാൽ തൊട്ടടുത്ത ജംക്ഷനാണ് ആനക്കുളം. ആനക്കുളത്തുനിന്ന് വലത്തോട്ട് ഒരു റോഡുണ്ട്. സ്റ്റിയറിങ്ങ് പതുക്കെ വലത്തോട്ട് തിരിച്ചു. 

∙ മുചുകുന്നിലെ കാറ്റിൽ കേട്ടത്...

നേരെ ചെന്നുകയറുന്നത് മുചുകുന്നിലേക്കാണ്. കേരളഗാന്ധി കെ.കേളപ്പന്റെ ജന്മഭൂമിയാണ് മുചുകുന്ന്. കളിമൺകരവിരുതിന്റെ നാട്. വിദേശത്ത് പേരുകേട്ട കൊയിലാണ്ടി ഹുക്കകളുടെ ജന്മനാട്. മുചുകുന്നിലെ ആ കുന്നിൻമുകളിലാണ് ഗവ.കോളജ്. കോളജും  പിന്നിട്ട് വണ്ടി മുന്നോട്ടുപോവുകയാണ്. അൽപം മുന്നോട്ടുചെന്നപ്പോൾ ഇടതുവശത്തായി ഒരു വലിയ ആൽമരം കാണാം. അങ്ങുദൂരെയായി ഒരു ക്ഷേത്രവും. ക്ഷേത്രത്തെ പച്ചപ്പട്ടുപുതപ്പിച്ചതുപോലെ ചുറ്റും കാടുമുണ്ട്. അതാണ് മുചുകുന്ന് കോട്ട ശിവക്ഷേത്രം. 

∙ മനുഷ്യൻ തൊട്ടശുദ്ധമാക്കാത്ത വനങ്ങൾ

സംസ്ഥാനത്തൊട്ടാകെ 22 കന്യാവനങ്ങളുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. മനുഷ്യർ തൊട്ട് അശുദ്ധമാക്കാത്ത പ്രകൃതി. ആ കന്യാവനങ്ങളിൽ പെട്ട ഒരു കാവാണ് മുചുകുന്ന് കോട്ടയിലേത്. 

9.46ഏക്കർ സ്ഥലത്ത് പരന്നുകിടക്കുകയാണ് മുചുകുന്ന് കോട്ടയിലെ നിബിഢവനം. റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ട അപൂർവ ഇനം മരങ്ങളുണ്ട്. രണ്ടായിരത്തോളം സസ്യ ജനുസ്സുകൾ. അപൂർവയിനം പക്ഷികളുണ്ട്. പാമ്പുകളുണ്ട്. പൂമ്പാറ്റകളുണ്ട്. പിന്നെ പേരറിയാത്തൊരായിരം ചെടികളുണ്ട്.

kozhikode-trip

ആൽത്തറ കടന്ന് ക്ഷേത്രത്തിനുമുന്നിലേക്ക് നടക്കുമ്പോൾത്തന്നെ കാടിന്റെ വന്യസൗന്ദര്യം ഉള്ളിൽ തണുപ്പുനിറയ്ക്കും. ക്ഷേത്രസമിതിയും വനംവകുപ്പും ചേർന്നാണ് കാടിന്റെ സംരക്ഷണം.

ക്ഷേത്രത്തിനുമുന്നിലെത്തുമ്പോൾ വലിയൊരു കൻമതിലും  കരിങ്കൽ കവാടവുമാണ് ശ്രദ്ധയിൽപ്പെടുക. ഒറ്റക്കരിങ്കല്ലിൽ കൊത്തിയെടുത്ത തൂണുകൾ. ക്ഷേത്രനട രാവിലെ പത്തരയോടെ അടയ്ക്കുമെന്നതിനാൽ അതിനുമുൻപ്്  ഇവിടെയെത്തുന്നതാണ് നല്ലത്.

∙തീരാത്ത നടവഴികൾ

ക്ഷേത്രത്തിനു മുന്നിൽനിന്ന് ഇടത്തോട്ടൊരു നടവഴിയുണ്ട്. കാടിന്റെ ഓരം ചേർന്നുള്ള നടപ്പാത. ചരലുവിരിച്ച നടവഴി. ഇതിലെ മതിലിനുപിൻപറ്റി നടന്നുതുടങ്ങി. മതിലിനോടുചേർന്ന് പിറകിലെക്കുള്ള വഴിയിലേക്കു തിരിഞ്ഞ് നേരെ നടക്കുമ്പോൾ ഏറ്റവുംപിറകിലായി ഇടത്തോട്ടൊരു വഴി കാണാം. മരങ്ങൾക്കിടയിലൂടെയുള്ള വഴി. ചെങ്കൽകൊണ്ടു നിർമിച്ച കുത്തുകല്ലുകളിറങ്ങി നേരെ നടന്നു ചെന്നെത്തിയത് ഒരു കുളത്തിന്റെ കരയിലാണ്. 

ഈ കുളം കാണാനാണ് രാവിലെ ഇറങ്ങിപ്പുറപ്പെട്ടത്. ഓർമയുണ്ടോ ആ സിനിമ? 1992ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സർഗം. ആ വർഷം മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും നേടിയ  സിനിമ. ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ആ സിനിമയുടെ ലൊക്കേഷനുകൾ. ആ ലൊക്കേഷനുകളിലൊന്നിലാണ് വന്നുനിന്നത്.

kozhikode-trip3

∙ ഓർമയുടെ തിരശീലകൾ

ഈ കുളത്തിന്റെ കൽപ്പടവിലിരുന്നപ്പോൾ ആ പാട്ടാണ് മനസിൽ നിറഞ്ഞത്.

‘‘ പ്രവാഹമേ..ഗംഗാ പ്രവാഹമേ സ്വരരാഗ ഗംഗാ പ്രവാഹമേ..’’ സംഗീതം ജീവതാളമാക്കിയ അച്ഛൻ. നാട്ടിലെ താന്തോന്നിയായ കുഞ്ഞൂട്ടനെന്റെ വലംകൈയ്യായി നടക്കുന്ന മകൻ. അച്ഛൻ വീടിന്റെ ഉമ്മറത്തിരുന്ന് പാട്ടുപഠിപ്പിക്കുമ്പോൾ‍  മകൻ പറമ്പിൽ ‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും’ നടക്കുകയാവും. എന്നും മകനെ പുച്ഛത്തോടെ മാത്രം കാണുന്ന ആ അച്ഛൻ അപ്രതീക്ഷിതമായാണ് മകനിലെ സംഗീതത്തെ തിരിച്ചറിഞ്ഞത്. 

പിന്നീടങ്ങോട്ട് മകനെ സംഗീതം പഠിപ്പിക്കാൻ തുടങ്ങുകയാണ് അച്ഛൻ. 

കഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ ആ അനുഗ്രഹീതനടൻ നെടുമുടി വേണുവാണ് അച്ഛനായെത്തിയത്. വിനീതിന്റെ  ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു മകൻ. നെടുമുടിവേണു വിനീതിനെ പാട്ടു പഠിപ്പിക്കുന്നത് ഈ കൽപ്പടവുകളിൽ ചമ്രംപടിഞ്ഞിരുന്ന് കാലിൽ താളമിട്ടാണ്. ഈ കുളത്തിലെ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടന്നാണ് മകൻ സംഗീതമഭ്യസിച്ചത്.

ഇതേ കുളക്കരയിലെവിടെയോ വച്ചാണ് നിഷേധിയായ കുഞ്ഞൂട്ടൻ ചട്ടമ്പികളോട് തല്ലുണ്ടാക്കിയത്. അപസ്മാരംബാധിച്ച് ഈ കൽ‍പ്പടവിൽ വീണ്ടു പിടയുന്ന കുഞ്ഞൂട്ടനെ മനോജ്.കെ.ജയനാണ് അവിസ്മരണീയമാക്കിയത്. മുചുകുന്ന് കോട്ടയിലെ ഈ കൽപ്പടവിലിരിക്കുമ്പോൾ ഹരിഹരന്റെ പേനത്തുമ്പിൽ വിരിഞ്ഞ ആ ക്ലാസിക് സിനിമ മനസിൽ തിരയടിക്കും. 

kozhikode-trip2

∙ തണുപ്പിന്റെ മീനിളക്കങ്ങൾ

കൽപ്പടവിലെ തണുപ്പ് കാലിലറിഞ്ഞുകൊണ്ട് പതിയെ പടവിലൂടെ നടന്നു. മരങ്ങൾ തലയെത്തിച്ച് വെള്ളത്തിൽ മുഖം നോക്കുന്നുണ്ട്. ചെറുമീനുകൾ വൃസ്തൃതമായ ഈ ലോകത്തിൽ നീന്തിത്തുടിക്കുന്നുണ്ട്. ആ മീനുകൾക്ക് ഈ കുളം വലിയൊരു ലോകമാണെങ്കിൽ നമ്മൾ മനുഷ്യർക്ക് ഈ ഭൂമി അതുപോലെ യാത്ര ചെയ്ത് എത്താൻകഴിയാത്തത്ര പരന്നുകിടക്കുന്നൊരു ലോകമാണല്ലോ.

കുളം നിർമിച്ചത് ഏതുകാലത്തായിരിക്കുമെന്നാണ് പിന്നീട് ചിന്തിച്ചത്. ഇത്രയുംകല്ലുകൾ‍ അടുക്കിയടുക്കി കുളമുണ്ടാക്കാൻ എത്ര ദിവസങ്ങളെടുത്തുകാണും. എത്ര മനുഷ്യർ വിയർപ്പൊഴുക്കിക്കാണും. ആരായിരിക്കാം ഈ കാടിനു നടുക്ക് ഒരു കുളം നിർമിച്ചാലുണ്ടായേക്കാവുന്ന ആ അഴകളവുകൾ ആദ്യമായി സ്വപ്നം കണ്ടത് !

ഉത്തരകേരളത്തിൽ പണ്ടുകാലം തൊട്ട് തുടരുന്ന നിർമാണ ശൈലിയിലാണ് കുളം നിർമിച്ചിരിക്കുന്നത്. സിമന്റുപയോഗിക്കാതെ ചെങ്കല്ലുകൾ അടുക്കിയടുക്കിയാണ് നിർമാണം. ത്രികോണാകൃതിയിൽ കല്ലുകൾ അടുക്കിയുണ്ടാക്കിയ ചവിട്ടുപടികൾ. ഓരോ കുളപ്പടവ് വീതം ഇടവിട്ടാണ് ഇവയുടെസ്ഥാനം. മഴക്കാലമായതിനാൽ കുളം പച്ചപ്പുനിറഞ്ഞ് തണുത്തുവിറച്ച് കുളിരുകോരി കിടക്കുകയാണ്. വേനലിൽ ദാഹിച്ചുവലഞ്ഞുകിടക്കുന്ന വറ്റിവരണ്ട കുളമായിരിക്കുമത്രേ. ചുറ്റുമുള്ള കാടിനുള്ളിൽ ഒന്നു രണ്ടു ചെറുകുളങ്ങളുണ്ട്. ചെറിയ ഉറവകളുണ്ട് വലിയ കുളത്തിലെ വെള്ളം നിറഞ്ഞുകവിഞ്ഞാൽ അങ്ങകലെ അകലാപ്പുഴയിലേക്ക് ഒഴുകിപ്പോവാൻ കൈത്തോടുമുണ്ട്.

∙ അകലാതിരിക്കട്ടെ, പുഴകൾ

കുളം കണ്ട്, കാടുകണ്ട് തിരിച്ചു നടക്കുമ്പോൾ ആ പേര് മനസ്സിൽ തങ്ങിനിന്നു. അകലാപ്പുഴ. ഒരു പുഴയും അകലാതിരിക്കട്ടെ. ഒരു മനസും അകലാതിരിക്കട്ടെ. ഒരിക്കലും അകലാതെ അരികിലൂടൊഴുകുന്ന പുഴ. എത്ര കാവ്യാത്കമായ പേരാണ് ! ക്ഷേത്രത്തിന്റെ ആൽത്തറയ്ക്കുമുന്നിലൂടെയുള്ള റോഡിലെത്തി. പിന്നെയും യാത്ര തുടർന്നു. അകലാപ്പുഴയുടെ അരികിലേക്കാണ് ഇനി യാത്ര. 

എന്നോ വരാനിരിക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ കാത്തുകിടക്കുന്ന ഒരു പ്രദേശമാണ് കൺമുന്നിലേക്ക് ഓടിയെത്തിയത്. കായലുപോലെ പരന്നുകിടക്കുകയാണ് അകലാപ്പുഴ. അകലെയെന്നാൽ അരികിൽ നാം എന്നു പാട്ടിലെഴുതിയതുപോലെയാണ് പുഴയുടെ കിടപ്പ്. ആലപ്പുഴയിലെ കായലുകൾ പോലെ പരന്നുകിടക്കുന്ന പുഴ. അതിനു നടുവിലൂടെ പുഴയുടെനാണം മറയ്ക്കാൻ വലിച്ചുകെട്ടിയതുപോലൊരു തുണ്ടു ഭൂമി. ഈ ഭൂമിയിലൂടെ വീതികുറഞ്ഞൊരു റോഡ്. അരികിലെവിടെയോ  ഒന്നോ രണ്ടോ ചീനവലകൾ ഉറക്കം തൂങ്ങി നിൽപ്പുണ്ട്. 

പുഴയുടെ നടുക്ക് റോഡിനോടുചേർന്ന് നാലഞ്ചു വെള്ള ബോട്ടുകൾ  കെട്ടിയിട്ടിരിക്കുന്നു. വേണമെങ്കിൽ ബോട്ടിൽ കയറാം. എങ്ങോട്ടെന്നില്ലാതെ ചവിട്ടിച്ചവിട്ടി പോവാം. പോവാതിരിക്കാം. ഇവിടെ നിന്ന് മടങ്ങാതിരിക്കാം. വീണ്ടും പുഴയോരത്തെ തലയാട്ടുന്ന തെങ്ങുകളുടെ തണുപ്പിലിരിക്കാം. 

വീണ്ടും തിരികെ മടങ്ങാതിരിക്കും. പുഴയോരത്ത് വിരുന്നെത്തുന്ന ദേശാടനക്കിളികളോട് മിണ്ടിയുംപറഞ്ഞുമിരിക്കാം. പക്ഷേ..

പോവാതിരിക്കാനാവില്ല. തിരികെ  ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടക്കം. ഈ നാടും ഈ നാട്ടുവഴികളും ഈ മണ്ണും പകർന്നുനൽകിയ ആ പുതുശ്വാസം ഉള്ളിൽനിറച്ച് ഇനി തിരികെ യാത്ര. ഇനിയുമെത്രയോ വഴികളുണ്ട്. നാം കാണാത്തത്, നമ്മെ അറിയാത്തത്. അതുപോലൊരു വഴിയിലൂടെ ഇനിയും ‘ട്രിപ്പ് കാലിക്കോ’ യാത്ര തുടരും. വിട...

English Summary: Kozhikode Travel Experience

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA