ഈ മലമുകളിൽ നിന്നാൽ അറബിക്കടൽ കാണാം; മഞ്ഞിൽ പൊതിഞ്ഞ ഗ്രാമം

Trip-Calico-3
SHARE

ഒറ്റയ്ക്കുള്ള യാത്രകളെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ്. ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനത്തിലമർന്ന ബുദ്ധൻ ശരീരം മാത്രം അവിടെവച്ച് മനസ്സുകൊണ്ട് ഒറ്റയ്ക്കൊരു യാത്ര പോയതായിരിക്കാം. അഴിച്ചുവിട്ട ചിന്തകൾ അപ്പൂപ്പൻതാടി പോലെ പറന്നുനടക്കും. അതുപോലെയാണ് ഒറ്റയ്ക്കുള്ള യാത്രകളും. 

എന്ന്, എപ്പോൾ‍ തിരികെചെല്ലുമെന്ന് ആരോടും പറയാതെയുള്ള യാത്രകൾ. അത്തരമൊരു യാത്ര ഒട്ടുമിക്കവർക്കും അസാധ്യമായിരിക്കാം. പണ്ട് എസ്.കെ.പൊറ്റെക്കാട് രാവിലെ കോഴിക്കോട്ടെ പാളയം സ്റ്റാൻഡിൽ ചെന്ന് ആദ്യം കാണുന്ന ബസ്സിൽ കയറി അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുമായിരുന്നുവത്രേ. അറിയാത്ത ഏതോ നാട്ടുവഴികളിലൂടെ നടന്നുനടന്നുപോവുന്ന യാത്രികന്റെ യാത്രകൾ ഏതൊരാളെയും മോഹിപ്പിക്കും.

kozhikode-trip8

അത്തരമൊരു യാത്രയ്ക്ക് പുറപ്പെട്ടിറങ്ങുമ്പോൾ പുറത്ത് മഴയങ്ങനെ ‘പെയ്യാൻവിതുമ്പി നിൽക്ക’യാണ്. ഈ യാത്ര അറിയാത്ത വഴികൾ തേടിയാണ്.

∙ വഴികൾ, യാത്രികർ...

കോഴിക്കോട് ബെംഗളൂരു ദേശീയപാതയിൽ കുന്നമംഗലത്തുനിന്ന് വലത്തോട്ടു തിരിഞ്ഞ് മുക്കം റോഡിലേക്ക് കയറുകയാണ്. ചെത്തുകടവ് പാലം പിന്നിട്ട് മുന്നോട്ടുപോവുകയാണ്. പണ്ടൊരിക്കൽ ഈ പാലം കടന്ന് പ്രസംഗിക്കാൻ പോയ അബ്ദുറഹ്മാൻ സാഹിബ് നിർജീവമായ ശരീരമായാണ് തിരികെ കടത്തുകടന്നുപോയത്. അൽപം മുന്നോട്ടുപോയപ്പോൾ ഇടതുവശത്തായി എൻഐടി ക്യാംപസ് പച്ചത്തുരുത്തുപോലെ നിൽപ്പുണ്ട്. 

പണ്ടു പണ്ടൊരു അടിയന്തരാവസ്ഥക്കാലത്ത് പി.രാജനെന്ന വിദ്യാർഥി കണ്ണീരായി പെയ്തിറങ്ങിയ ക്യാംപസാണിത്. അന്ന് ഇത് ആർഇസി ക്യാംപസായിരുന്നു. മാമ്പറ്റ പിന്നിട്ട് മുക്കത്തേക്ക് എത്തുകയാണ്. മുക്കത്തുനിന്ന് ഇരുവഞ്ഞിപ്പുഴകടന്ന് കാരമൂല വഴി പൂവാറൻതോട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരു മണിക്കൂറിലധികം സമയമായി വണ്ടിയുടെ  എൻജിന്റെ ഇരമ്പൽ ഒരു പാട്ടുപോലെ കേൾക്കുകയാണ്.

kozhikode-trip3

∙ ഉറുമികൾ വീശാത്തൊരു നാട്...

കൂടരഞ്ഞിയിലേക്കെത്തുമ്പോൾ കാലംമാറുന്നു, കാലാവസ്ഥ മാറുന്നു. പട്ടാപ്പകൽപോലും മൂടിക്കെട്ടി നിൽക്കുകയാണ്. മുന്നോട്ടുള്ള വഴികളിൽ ചാലിപ്പുഴ സമാന്തരമായി അങ്ങനെ കൂടെയുണ്ട്.  

അൽപം മുന്നോട്ടു ചെന്നപ്പോൾ കുളിരാമുട്ടിയെന്ന അങ്ങാടിയിലെത്തി. മലകൾ കയറി,പാറക്കെട്ടുകൾക്കിയിലൂടെ ചുറ്റിക്കറങ്ങിയാണ് യാത്ര. റോഡിന്റെ ഒരു വശത്ത് ചെറുചെറു പാറക്കെട്ടുകൾക്കിടയിലൂടെ ചെറുചെറു വെള്ളച്ചാട്ടങ്ങൾ കാണാം. 

kozhikode-trip5

വടക്കൻപാട്ടിലെ വീരൻമാർ എടുത്തുവീശുന്ന അപകടം നിറഞ്ഞ ആയുധമാണ് ഉറുമി. ‘ഉറുമി’ എന്നൊരു ഗ്രാമത്തിനു പേരുണ്ടാവുമോ? റോഡരികിലെ സൈൻബോർഡിൽ ‘ഉറുമി’ വെള്ളച്ചാട്ടമെന്ന പേരു കണ്ടപ്പോൾ ആദ്യം മനസിലുയർന്ന ചോദ്യമാണിത്. ഉറുമി വെള്ളച്ചാട്ടത്തിനോടു ചേർന്നാണ് ഉറുമി ജലവൈദ്യുത പദ്ധതിയും. 

വഴി പിന്നെയും മുന്നോട്ട്. എതിരെ വരുന്ന കാറ്റിന് തണുപ്പേറുന്നു. നട്ടുച്ചയാവാറായെങ്കിലും വെയിലിനുപോലും നല്ലൊരു തണുപ്പ്.  വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേട്ട് വണ്ടി നിർത്തി നോക്കുന്നു. എന്നാൽ ശബ്ദം മാത്രമേയുള്ളൂ. വെള്ളച്ചാട്ടങ്ങൾ ഒളിച്ചിരിക്കുകയാണ്.

∙ മേടം പൂത്തുതുടങ്ങീ..

പൂവാറൻതോട് തപാലാപ്പീസ് കഴിഞ്ഞ് മുന്നോട്ടാണു യാത്ര. പള്ളിയിലേക്ക് തിരിയുന്നിടത്തുനിന്ന് വലത്തോട്ട് ഒരു റോഡുണ്ട്. ഇവിടെ വനംവകുപ്പിന്റെ കുഞ്ഞുബോർഡ് കാണാം. വലത്തോട്ടുള്ള റോഡിലേക്ക് കയറി മുന്നോട്ടുപോവുമ്പോൾ റോഡ് പിന്നെയും ഘട്ട് റോഡ് പോലെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടുനീളുകയാണ്. നായാടംപൊയിൽ അങ്ങാടിയെത്തുമ്പോൾ മലയോരഗ്രാമത്തിന്റെ എല്ലാ നിഗൂഢതകളും മുന്നിൽവിരിയുകയാണ്. താഴ്‌വാരത്തിലേക്ക് പ്രതികാരവുമായി നടന്നുവരുന്ന ലാലേട്ടനെപ്പോലും ഓർത്തുപോയി. 

kozhikode-trip6

ഇനി മുന്നോട്ടുള്ള യാത്രയിൽ മുന്നിൽത്തെളിയുന്ന ഗ്രാമമാണ് മേടപ്പാറ.ഏതു സമയത്തും കോടയിറങ്ങാവുന്ന മലമുകളിലെ ഗ്രാമം.  യാത്രികർ അറിഞ്ഞുവരുന്നതേയുള്ളൂ. അതുകൊണ്ട് പ്ലാസ്റ്റിക് മലകൾ ഇതുവരെ രൂപപ്പെട്ടിട്ടില്ലാത്ത ഗ്രാമം. വണ്ടി ചെല്ലുന്നിടം വരെ ഓടിച്ചുചെന്നു.പിന്നെ ഇറങ്ങി മേൽപ്പോട്ടു നോക്കി നിൽപ്പായി.

അപ്പോഴാണ് ഒരു ബൈക്കിൽ പ്രായമായ രണ്ടുപേരുടെ വരവ്. ‘മേടപ്പാറ കാണാൻ എതിലേപോണം?’ എന്ന ചോദ്യത്തിന് ‘ഇവനാരെടാ’ എന്ന മട്ടിലായിരുന്നു ആദ്യത്തെ നോട്ടം. ‘നേരെ നടന്നാൽ മതി’ എന്നായിരുന്നു മറുപടി.   അവർക്കു പിറകെ നടന്നു കയറ്റംകയറിത്തുടങ്ങി.

kozhikode-trip7

∙ കോടയ്ക്കിടയിലെ മേടപ്പാറ

തലയുയർത്തി നിൽക്കുന്നൊരു വലിയ പാറ. അതാണ് മേടപ്പാറ. മേടമാസത്തിലെ സൂര്യൻപോലും ഈ പാറ മുഴുവനായി കണ്ടുകാണില്ല. ഏതു നേരത്താണ് കോടമഞ്ഞിറങ്ങുകയെന്നറിയില്ലല്ലോ. എങ്കിലും ആരായിരിക്കാം പാറയ്ക്ക് മേടപ്പാറയെന്നു പേരിട്ടിട്ടുണ്ടാവുക. മുന്നോട്ടു നടക്കുമ്പോൾ ഇരുവശത്തുംപാറക്കെട്ടുകളാണ്. വഴിയ്ക്കുകുറുകെ വെള്ളച്ചാട്ടങ്ങൾ. കാട്ടുകുറിഞ്ഞിപ്പൂക്കൾ ഇളംവയലറ്റുനിറത്തിലങ്ങനെ നാണിച്ചുപൂത്തുനിൽക്കുന്നു. 

ഓഫ്റോഡ് യാത്രകൾക്കു പറ്റിയ റോഡാണല്ലോ എന്ന് ചിന്തിക്കുന്നതിനിടെ കൂടെ നടക്കുന്ന നാട്ടുകാരിലൊരാൾ സംസാരിച്ചുതുടങ്ങി. ബുള്ളറ്റുമായി പലരും ഇതുവഴി വരാറുണ്ട്. പാറക്കെട്ടിൽ അടിച്ചുതെറിച്ചങ്ങനെ ബുള്ളറ്റിന്റെ ഘടഘടട ശബ്ദം കയറ്റം കയറിപ്പോവുന്നതു വീട്ടിലിരിക്കുമ്പോൾ കേൾക്കാമത്രേ.

∙ കുടിയേറ്റക്കാരന്റെ പോരാട്ടങ്ങൾ

പേപ്പതിയിൽ മാത്യുവും അനിയൻ സണ്ണിയുമാണ് ഈ രണ്ടുപേർ. 1964ൽ മൂവാറ്റുപുഴയിൽനിന്ന് മേടപ്പാറയിലേക്ക് കുടിയേറിപ്പാർത്തവരാണ് ഈ എട്ടനുമനിയനും. അക്കാലത്തും ഇക്കാലത്തും ഇങ്ങോട്ട് നല്ലൊരു നടവഴിയില്ല. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഓഫ്റോഡിങ്ങിനു പോവാൻ കഴിയില്ലല്ലോ !റേഷൻ വാങ്ങി ഓഫ്റോഡിങ് നടത്തി വീട്ടിലെത്തുന്നതൊക്കെ വൻകോമഡിയാവുമെന്നാണ് സണ്ണിയുടെ പക്ഷം!

kozhikode-trip10

മാത്യുവിന്റെ വീട്ടിൽ  വൈദ്യുതി കണക്ഷൻ ലഭിച്ചിട്ട് പത്തുവർഷം പോലുമായിട്ടില്ല. അതിനുമുൻപൊരു കാലമുണ്ടായിരുന്നു. കോടയിറങ്ങുന്ന മേടപ്പാറയുടെ ചരിവിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അങ്ങകലെ താഴ്്വാരത്തിലേക്ക് കണ്ണുംനട്ടുകഴിഞ്ഞൊരു കാലം. താഴെ അടിവാരത്തെ വീടുകളിൽ കളർടീവിയിൽ ആളുകൾ സിനിമ കാണുന്നതു കണ്ടപ്പോൾ മനസിലൊരു സങ്കടമുണ്ടായിരുന്നുവത്രേ. എന്നായിരിക്കാം തന്റെ വീട്ടിലും അതുപോലൊരു ടീവി വാങ്ങാൻ കഴിയുകയെന്നാണ് മാത്യു അന്നു ചിന്തിച്ചത്. അങ്ങനെ ആഗ്രഹം മൂത്താണ് റോയൽഎൻഫീൽഡ് ബുള്ളറ്റിന്റെ ഡയനാമോ വാങ്ങിക്കൊണ്ടുവന്നത്. ഇതുവെള്ളച്ചാട്ടത്തിൽ വച്ച് ബാറ്ററി ചാർജ ചെയ്യും. രാത്രി വീട്ടിൽ അത്യാവശ്യം ഒരു ബൾബ് കത്തിക്കാം. ചെറിയൊരു പോർട്ടബിൾ ടീവിയും വാങ്ങി. 

അക്കാലത്ത് ഒരിക്കൽ സണ്ണി കോഴിക്കോട്ടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ചെന്നു. അഡ്രസ് തെളിയിക്കുന്ന രേഖയായി വൈദ്യുതബില്ലോ ടെലിഫോൺ ബില്ലോ തരാൻ ആവശ്യപ്പെട്ടു. ഇതൊന്നുമില്ലെന്നു പറഞ്ഞപ്പോൾ ഇവനേത് ആദിമവാസിയാണെന്ന രീതിയിലാണത്രേ അവർ  നോക്കിയത്.

2011ലാണ് മാത്യുവിന്റെ വീട്ടിൽ വൈദ്യുതി കിട്ടിയത്. അന്നും ഫോണില്ല. പിന്നീടൊരിക്കൽ ഒരു കുഞ്ഞുഫോൺവാങ്ങി. എന്നാൽ റെയ്ഞ്ചില്ല. അടുത്തകാലത്താണ് തൊട്ടടുത്ത മലയിൽ ടവർ വന്നത്. മാത്യുവിന്റെ  നമ്പർ വാങ്ങി സേവ് ചെയ്തു. മലയിറങ്ങി തിരികെ വരുമ്പോൾ വീട്ടിൽ‍ കയറണമെന്നായി മാത്യു. പാർക്കലാം. പാത്തുപാത്തു പോവലാം !

വീട്ടിലേക്കുള്ള വഴിയിലൂടെ മാത്യുവും സണ്ണിയും നടന്നുമറഞ്ഞു.

∙ ജാതിക്കാത്തോട്ടങ്ങൾ, പുൽത്തൈലഗന്ധങ്ങൾ...

വീണ്ടും മല കയറുകയാണ്. ജാതിക്കാത്തോട്ടങ്ങളാണ് ഈ ഗ്രാമം നിറയെ. ജാതികൃഷിയാണ് വിജയകരം. ജാതിക്കാത്തോട്ടം..എജ്ജാദി നിന്റെ നോട്ടമെന്ന പാട്ടാണ് തികട്ടിവന്നത്. പിന്നെയും നടക്കുകയാണ്.

കാട് ചെന്നുതൊടുകയാണ്. മേടപ്പാറ ഇപ്പോഴും അപ്രാപ്യമായ ഉയരത്തിലങ്ങനെ നിൽക്കുന്നു. മുന്നോട്ടുള്ള വഴികളിൽ കാറ്റിന് പുൽത്തൈലത്തിന്റെ ഗന്ധം. ചുറ്റും തലനീട്ടി തൊടുകയാണ് പുല്ലാഞ്ഞികൾ. കോടമഞ്ഞിന്റെ തണുപ്പ് ചുറ്റുംപരക്കുന്നു.

∙ മലമുകളിലെ ബോധോദയം

കയറ്റത്തിനെന്തൊരു കയറ്റമാണ്. പാറയ്ക്കുമുകളിൽ പരന്നുകിടക്കുന്നൊരു പുൽമേടുണ്ട്. പിന്നെയും മുകളിലേക്ക് പാറയാണ്. കാടാണ്. വഴി ചോദിക്കാൻ പോലും ആരുമില്ല. സമുദ്രനിരപ്പിൽനിന്ന് 3760 അടിയോളം ഉയരത്തിലാണത്രേ മേടപ്പാറ. 

kozhikode-trip80

എന്താണീ പാറയ്ക്കിത്ര പ്രത്യേകത? ഉള്ളിൽചോദിച്ചു. ഒന്നുമില്ല. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ല. ഏതെങ്കിലും കാലത്ത് സഞ്ചാരികൾ വരുമെന്നു കരുതി നിർമാണം നടക്കുന്ന അനേകം റിസോർട്ടുകൾ താഴെ കൂണുപോലെ മുളയ്ക്കുന്നുണ്ട്. 

∙ ചുറ്റും ഈരേഴു പതിനാലു ലോകവും

ഈ മലമുകളിൽനിന്ന് നോക്കിയാൽ അങ്ങകലെ അറബിക്കടൽ കാണാം. അറബിക്കടൽവരെ നീണ്ടുകിടക്കുന്ന കോഴിക്കോട് ജില്ല കാണാം. ഇടത്തോട്ട് തലയൊന്നു ടിൽറ്റ് ചെയ്ത് ഫോക്കസ് ചെയ്താൽ മാവൂരിന്റെ മണ്ണിനെ ചുറ്റിക്കറങ്ങിപ്പോവുന്ന ചാലിയാർ കാണാം. പിന്നെയും ഇടത്തോട്ടു തിരിഞ്ഞാൽ നിലമ്പൂരേക്കുള്ള വഴികൾ കാണാം. അതെ..മലപ്പുറം ജില്ല കാണാം. രാത്രി മലമുകളിലിരുന്നാൽ അങ്ങകലെ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിലെ വിളക്കുകൾ മിന്നാമിന്നികളെപ്പോലെ കാണാം. ആകാശത്ത് വിമാനങ്ങൾ വട്ടമിട്ടു പറന്ന് താഴ്ന്നിറങ്ങുന്നതും കുതിച്ചുപൊങ്ങുന്നതും കാണാം.

വലത്തോട്ടൊന്നു തല ചെരിച്ചുനോക്കിയാൽ അങ്ങകലെ ലക്കിടി കാണാം. വയനാടിന്റെ മണ്ണാണത്. താമരശ്ശേരി ചുരംകടന്ന് ലക്കിടി വ്യൂപോയന്റിലൂടെ പോവുന്ന വാഹനങ്ങളും കാണാമത്രേ.

മൂന്നു ജില്ലകൾ കാണാൻകഴിയുന്നത്ര ഉയരമാണത്രേ. പക്ഷേ ഇതൊന്നും ഞാൻ കണ്ടില്ല. മാത്യുവും സണ്ണിയും പറഞ്ഞുള്ള അറിവുമാത്രം. മലമുകളിൽ കോടമഞ്ഞിറങ്ങുമ്പോൾ എവിടെയാണ് മുന്നുജില്ലകൾ കാണുക!

ഇനി തിരികെയാത്ര. കയറിപ്പോയതുപോലെയല്ല, തിരിച്ചിറക്കം. കാലിടറുന്നു. ചെങ്കുത്തായ ഇറക്കം സൂക്ഷിക്കണം. എവിടെവച്ചോ കാലിൽ ഇരിപ്പുറപ്പിച്ച അട്ടയെകണ്ട് ഞെട്ടി. അതിന്റെ പിടിച്ചുവലിച്ചെറിഞ്ഞു.

അകലെ ആകാശത്തിന്റെ ഒരു കോണിൽനിന്ന് കോടമഞ്ഞിങ്ങനെ ഒഴുകിവരികയാണ്. മേടപ്പാറയുടെ തലയിൽമുട്ടി അവയിങ്ങനെ ഒഴുകിയിറങ്ങുന്നു. ആകാശം ഇരുണ്ടുതുടങ്ങുന്നു. ഒരു മഴ ഏതു നിമിഷവും പെയ്തേക്കാം. താഴെയിറങ്ങിയപ്പോഴേക്ക് മഴ ചാറിത്തുടങ്ങി. ഫ്രീസറിന്റെ തണുപ്പുള്ള മഴത്തുള്ളികൾ കൈകളിലേക്ക് പതിക്കുന്നു. പുൽത്തൈലത്തിന്റെ ഗന്ധം മേമ്പൊടിയായി മൂക്കിലേക്കെത്തുന്നു. മാത്യുവും സണ്ണിയും ചൂടോടെ കാത്തുവച്ച ചായ പിന്നെയെന്നെങ്കിലും വന്നു കുടിക്കാം. ആദ്യം മലയിറങ്ങണം.

നടന്നുനടന്ന് വണ്ടിയിൽക്കയറി. പുറംലോകവുമായുള്ള ബന്ധം മുറിച്ച് ഗ്ലാസുകൾ ഉയർത്തി.

∙ വരുമെന്ന വാക്ക്

വണ്ടി മുന്നോട്ട്. ആനക്കല്ലുംപാറ വെള്ളച്ചാട്ടവും റോഡിലെ പാലങ്ങളുമടക്കം  ഇനിയുമെത്രയോ കാണാനുണ്ട്. വിളിക്കാതെവന്ന മഴയിൽ ആ കാഴ്ചകൾ മങ്ങിപ്പോയിരിക്കുന്നു.

ഇനിയും തിരികെവരണം. മലമുകളിലിരുന്ന് ധ്യാനിക്കണം. ഈ മണ്ണിന്റെ ഊർവരതകളിൽ അലിഞ്ഞുചേരണം. വാക്കുകൾ കാട്ടുകുറിഞ്ഞികൾ പോലെ പൂക്കണം. തിരികെവരാമെന്ന വാക്കിലാണല്ലോ യാത്രയുടെ ആത്മാവ്!

English Summary: Exploring Medappara Rock in Poovaranthode Kozhikode

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA