ADVERTISEMENT

മലമേലെ തിരിവച്ച് പെരിയാറിന്‍ തളയിട്ട്

ചിരിതൂകും പെണ്ണല്ലേ ഇടുക്കി....

പാടിപ്പഴകിയ പാട്ടിന്റെ വരികളിലെ ഭംഗി നേരിട്ടു കാണാൻ കൊതി തോന്നാത്തവരുണ്ടോ? ഇടുക്കി എന്ന പെണ്ണിനെ കാണാൻ ഇനിയുമെന്താണു താമസം? മടിച്ചിരിക്കാതെ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. പുരാണങ്ങളിൽ പറയുന്ന സ്വര്‍ഗം പോലെ മനോഹരമായ കാഴ്ചകള്‍ ഏറെയുണ്ട് ഇടുക്കിയുടെ ‘ലോ റേഞ്ചില്‍’. ഗാനരചയിതാവ് എഴുതിയതിനേക്കാൾ വലിയ കാഴ്ചകൾ ഒരു വീക്ക് എൻഡിൽ ആദ്വസിക്കാം. അതും ‘തുട്ട് ’ അധികം ഇറക്കാതെ.

kottappara-meenuliyanpara

ആകാശത്തെ മേഘങ്ങൾ ഭൂമിയിലിറങ്ങി നൃത്തം വയ്ക്കുന്ന കാഴ്ച. ചെറിയൊരു ട്രെക്കിങ് നടത്തി, സുന്ദരമായ വെള്ളച്ചാട്ടം കണ്ടു മടങ്ങാൻ ഒറ്റ ദിവസം മതി. തൊടുപുഴ - കോട്ടപ്പാറ- മീനുളിയാന്‍പാറ - തൊമ്മന്‍കുത്ത്. ഇതാണു വൺ ഡേ ടൂറിന്റെ സ്ട്രെയിറ്റ് പ്ലാൻ. തൊടുപുഴ- ആനപ്പാറ - ആനയാടിക്കുത്ത്, തൊമ്മന്‍കുത്ത്- മീനുളിയാന്‍പാറ എന്നിങ്ങനെയും റൂട്ട് മാറ്റിപ്പിടിക്കാം. ട്രിപ്പ് ചോയ്‌സ് നിങ്ങളുടേത്. ഇതില്‍ ഏതു തിരഞ്ഞെടുത്താലും ട്രെക്കിങ്ങും വെള്ളച്ചാട്ടവും സ്വര്‍ഗീയാനുഭൂതി പകരും, ഉറപ്പ്.

പുലര്‍കാല ചിത്രം

ശനിയാഴ്ച രാത്രി തൊടുപുഴയിലെത്തണം. പിറ്റേന്നു സൂര്യനുദിക്കും മുൻപ് യാത്ര ആരംഭിക്കണം. തൊടുപുഴയില്‍ നിന്നു മുക്കാല്‍ മണിക്കൂറിനുള്ളിൽ കോട്ടപ്പാറയിലെത്താം. ഉദ്ദേശം 20 കി.മീ. കോടിക്കുളം- വണ്ണപ്പുറം റൂട്ടില്‍ വണ്ണപ്പുറം കവലയില്‍ നിന്നു മുള്ളിരിങ്ങാട് റോഡിലേക്ക് തിരിയുക. ഹെയര്‍പിൻ വളവുകൾ കയറി, മലമ്പാത താണ്ടി ആടിയുലഞ്ഞാണു യാത്ര. കോഴി കൂവുമ്പോൾ വീടുകളിൽ വിളക്കു തെളിയുന്നതും ആളുകൾ പ്രഭാത സവാരി നടത്തുന്നതും ഭംഗിയുള്ള കാഴ്ച. ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷം അതിമനോഹരം. കോട്ടപ്പാറക്കുന്നിൽ എത്തുന്നതിനു തൊട്ടു മുൻപ് റോഡിനിരുവശത്തും ഓലമേഞ്ഞ ചായക്കടകളുണ്ട്. ബൈക്കുകളും കാറും പാര്‍ക്ക് ചെയ്ത് കടയിലെ ബെഞ്ചിലിരുന്നു കട്ടൻ ചായ കുടിക്കുന്നവരെ കാണാം.

kottappara-meenuliyanpara1

വ്യൂ പോയിന്റിലേക്കു വഴി കാണിക്കാൻ ചൂണ്ടു പലകയില്ല. കടയില്‍ ചോദിച്ചാല്‍ ഇലക്ട്രിക് ട്രാൻസ്ഫോമറിന്റെ ചുവട്ടിലേക്കു നോട്ടം നീളും. ‘ആ വഴിയേ അങ്ങു പോയാല്‍ മതി’ – ഹൈറേഞ്ച് സ്ലാങ്ങിൽ മറുപടി. ചെറിയ വഴിയാണ്. മൊബൈല്‍ ടോർച്ചിന്റെ വെളിച്ചം ചൂട്ടാക്കി പതുക്കെ നടക്കണം. പരന്ന പാറയിലാണ് ചെന്നെത്തുക. കണ്ണു തുറന്നു ചുറ്റും നോക്കിയാൽ നേരത്തേ സ്ഥലം പിടിച്ച് ഇരിപ്പുറപ്പിച്ചവരെ കാണാം. കോട്ടപ്പാറയിലെ കാഴ്ച ആസ്വദിക്കാൻ നമുക്കു മുൻപേ എത്തിയവർ. കുന്നിനു താഴേക്കു നോക്കിയാല്‍ വിശാലമായ നഗരം. മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ പോലെ വിളക്കുകള്‍ മിഴിചിമ്മിത്തുറക്കുന്നു. അകലെയുള്ള ക്ഷേത്രങ്ങളില്‍ നിന്നു ഭക്തിഗാനത്തിന്റെ അലയടി കേൾക്കാം. അതെല്ലാം ആസ്വദിച്ച് സൂര്യോദയത്തിനായി കാത്തിരിപ്പ്. അടുത്തിരിക്കുന്നവരെ നിഴല്‍പോലെ കാണാം. മേഘങ്ങള്‍ പറ്റിക്കുമോ എന്നു പലരും ആശങ്ക പങ്കുവച്ചു. സൂര്യന്‍ തലപൊക്കിയപ്പോള്‍ വെണ്‍ചാമരം വീശുന്ന പോലെ മേഘങ്ങള്‍ ഇറങ്ങി വന്നു. മേഘങ്ങൾക്കൊപ്പം മനസ്സ് പറന്നുയർന്നു. ഉടലോടെ സ്വര്‍ഗത്തിലേക്ക് ഒഴുകുന്ന പോലെ. ‘തട്ടത്തിന്‍ മറയത്ത്’ എന്ന സിനിമയില്‍ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പോലെ ‘‘ചുറ്റുമുള്ളതൊന്നും കാണാനാവില്ല മാഷേ’’....

മേഘക്കടൽ

മേഘക്കാഴ്ച സന്ദർശകരുടെ ഭാഗ്യം പോലെ വ്യത്യാസപ്പെടാമെന്നു കോട്ടപ്പാറ വ്യൂ പോയിന്റിനടത്തു ചായക്കട നടത്തുന്ന ത്യാഗരാജന്‍ പറഞ്ഞു. ''2018ൽ പ്രളയം വരെ സാധാരണ കോടമഞ്ഞ് വന്നു പോകുന്ന സ്ഥലമായിരുന്നു കോട്ടപ്പാറക്കുന്ന്. പ്രളയത്തിനു ശേഷം അന്തരീക്ഷം മാറി. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മേഘങ്ങള്‍ കൂട്ടംകൂട്ടമായി മലഞ്ചെരിവിലേക്ക് ഒഴുകുന്നതു കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ താഴ്‌വര മേഘക്കടലായി മാറി. മഹാഭാരതത്തിലും രാമായണ കഥയിലുമൊക്കെ വിവരിച്ചിട്ടുള്ള സ്വർഗചിത്രം പോലെ മനോഹരം. മഴയുടെ പിറ്റേന്ന് കാഴ്ച അതിഗംഭീരമാകും. 

kottappara-meenuliyanpara2

ചൂട് കൂടുതലുള്ള രാത്രികൾക്കു ശേഷമുള്ള പ്രഭാതങ്ങളിൽ മേഘങ്ങൾ കുറവായിരിക്കും. ചിലപ്പോള്‍ മേഘക്കാഴ്ച നിമിഷങ്ങള്‍ മാത്രം. ചില ദിവസങ്ങളിൽ മണിക്കൂറുകൾ നീളുന്ന വർണവിസ്മയം.’’ ത്യാഗരാജൻ പറഞ്ഞു. വ്യൂപോയിന്റിനു സമീപം ചായക്കട നടത്തുന്ന അമ്മിണി ചേച്ചി സമീപത്തുള്ള മറ്റൊരു പാറയെക്കുറിച്ച് പറഞ്ഞു. ''ദേ, ഈ വഴി നേരെയങ്ങു പോയാല്‍ മുള്ളിരിങ്ങാട്. ഇവിടുന്നൊരു പത്തു പതിനൊന്ന് കിലോമീറ്റര്‍. പട്ടേക്കുടി കവല വഴിയങ്ങു പോവുക. അവിടെയാണു മീനുളിയാന്‍പാറ. പാറയുടെ മുകളിൽ കയറിയാൽ അതിഗംഭീര കാഴ്ചയാണ്. പെരുമ്പാമ്പിനെപ്പോലെ പെരിയാര്‍ ഒഴുകുന്നതു കാണാം, പിന്നെ കുറേ രാജ്യങ്ങളും '' അതിശയോക്തി മറച്ചുവയ്ക്കാതെ അമ്മിണി ചേച്ചി പറഞ്ഞു.

പെരുമ്പാമ്പിനെ പോലെ പെരിയാര്‍

കോട്ടപ്പാറ കണ്ടു മനം നിറഞ്ഞു. അമ്മിണി ചൂണ്ടിക്കാട്ടിയ മീനുളിയാന്‍പാറയിലേക്കു നീങ്ങി. മുള്ളിരിങ്ങാട് റൂട്ടിലാണ് യാത്ര. രാജഗിരി പള്ളിയുടെ മുൻപിലൂടെ പട്ടേക്കുടി കവലയില്‍ എത്തി. അവിടെ നിന്ന് ഇടത്തോട്ട് നാലു കി.മീ. ഒന്നു രണ്ടു കയറ്റിറക്കങ്ങള്‍ കഴിഞ്ഞാൽ വനംവകുപ്പിന്റെ അതിർത്തി കാണാം. പാറക്കെട്ടിനു ചുവട്ടിൽ വാഹനം പാർക്ക് ചെയ്യാം. സമീപത്ത് ഓലമേഞ്ഞൊരു കടയുണ്ട്. നാരങ്ങാവെള്ളം കുടിച്ച് ക്ഷീണം തീര്‍ത്ത ശേഷം പാറയിലേക്കു നടന്നു. ''കാഴ്ചയെല്ലാം ആസ്വദിച്ചു തിരിച്ചു വരാൻ രണ്ടര മണിക്കൂര്‍ വേണം. ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോരരുത്. നഷ്ടപ്പെടുന്നത് മനോഹരമായ കാഴ്ചകളാകും. അപ്പോഴേക്കും കഴിക്കാന്‍ വല്ലതും റെഡിയാക്കണോ? കപ്പ ബിരിയാണി, പോര്‍ക്ക്, ബീഫ്... ശനിയും ഞായറുമാണെങ്കില്‍ അപ്പവും കിട്ടും കേട്ടോ. നേരത്തേ ഓര്‍ഡര്‍ കിട്ടിയാലേ ഉണ്ടാക്കൂ.'' – ചേച്ചി ഒറ്റ ശ്വാസത്തിൽ മുഴുവൻ വിശദീകരിച്ചു.

താഴെ നിന്നു നോക്കിയാല്‍ ചെറിയൊരു കുന്ന്. പക്ഷേ, കയറിത്തുടങ്ങിയപ്പോഴാണ് ചേച്ചി പറഞ്ഞതിന്റെ ഗൗരവം പിടികിട്ടിയത്. അവിടേക്കുള്ള നടത്തമാണ് യാത്രയുടെ ത്രിൽ. വെയിലിനു ചൂടു കൂടുന്നതിനു മുൻപ് മലകയറിയിറങ്ങുന്നതാണ് നല്ല തീരുമാനം. ട്രിപ്പ് രണ്ടു ദിവസമാക്കി നീട്ടാൻ സാഹചര്യമുണ്ടെങ്കില്‍ പാറയുടെ മുകളിൽ ടെന്റ് കെട്ടി അവിടെ തങ്ങാം. പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ് അവിടുത്തെ പ്രകൃതിയെ നശിപ്പിക്കില്ലെന്ന് സ്വയം തീരുമാനിക്കുക.

പാറയിലേക്കു നടക്കാൻ വലിയ പ്രയാസമില്ല. കുത്തനെ കയറ്റമല്ല. കാല്‍ വഴുതി വീഴാതെ നടക്കാം. കയറുന്തോറും പാറ വലുതാവുകയാണെന്നു തോന്നാം. കയറ്റം കഠിനമായപ്പോൾ ചേച്ചിയുടെ മുന്നറിയിപ്പ് ഓർത്തു. പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങിയാലോ എന്ന് അലോചിച്ചു. മുകളിലെ കാഴ്ചകളെ കുറിച്ചുള്ള ആകാംക്ഷയിൽ കഷ്ടപ്പാടു സഹിച്ച് മുകളിലേക്ക് നടന്നു. കിതച്ചും ക്ഷീണം തീര്‍ത്തും പാറയുടെ മുകളിലെത്താന്‍ ഒരു മണിക്കൂര്‍. അവിടെ കാത്തിരുന്നത് പുതിയ കാഴ്ചകൾ. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മേഘങ്ങള്‍ ധൃതിയില്‍ പായുന്നു. നോക്കെത്താ ദൂരത്തോളം ഇതേ കാഴ്ച. അങ്ങു ദൂരെ കുന്നുകള്‍ ചെറുതായി വരുന്നു. രണ്ടു മലകള്‍ക്കിടയിലൂടെ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പെരിയാറിന്റെ മനോഹര ദൃശ്യം. മറുഭാഗത്ത് കുന്നിൻ ചെരിവിലെ വീടുകൾ തീപ്പെട്ടിക്കൂടു പോലെ കാണാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com