ADVERTISEMENT

മഴയ്ക്കു പിന്നാലെ ഒഴുകിയിറങ്ങിയ കോടമഞ്ഞില്‍ കുളിച്ച മറയൂരിന്‍റെ ഭംഗിയില്‍ മനംമയങ്ങി സഞ്ചാരികള്‍. രാവിലെ വെയില്‍ ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ നല്ല മഴയും പിന്നാലെ മഞ്ഞുമെത്തി. ദീപാവലി അവധിക്കായി കുടുംബത്തോടെ മറയൂരില്‍ എത്തിയ ആളുകള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി.

കോടമഞ്ഞിറങ്ങിയതോടെ റോഡിലൂടെ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ ബുദ്ധിമുട്ടായി. തിരക്കേറിയ സമയമായതിനാല്‍ വാഹനങ്ങള്‍ പതിയെ നീങ്ങിയത് ബ്ലോക്കുണ്ടാക്കി. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ഉള്ള സഞ്ചാരികളിൽ അധികവും ഈ റോഡ് വഴിയാണ് മൂന്നാറിലേക്ക് പോകുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരിലേക്ക് മൂന്നാറില്‍ നിന്നും വെറും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. 

ട്രെക്കിങ്ങും വനയാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് മറയൂര്‍. പ്രകൃതിദത്തമായ ചന്ദനക്കാടുകള്‍ കാണപ്പെടുന്ന കേരളത്തിലെ ഒരേയൊരു സ്ഥലമാണ് ഇവിടം.

ഏകദേശം 65,000ത്തോളം ചന്ദനമരങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ലോക പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും ഇവിടെയുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 1,500 ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കരിമ്പു തോട്ടങ്ങള്‍ ഇവിടെ കാണാം. കൂടാതെ, വനംവകുപ്പ് നടത്തുന്ന സാന്‍ഡല്‍ വുഡ് ഫാക്ടറിയും ആനമുടി മലനിരകളില്‍ നിന്നൊഴുകി വന്ന് മറയൂർ, കാന്തല്ലൂർ ഗ്രാമങ്ങൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാറിന്‍റെ അതിമനോഹരമായ ദൃശ്യവും തേയിലത്തോട്ടങ്ങളുടെ കാഴ്ചയുമെല്ലാമുണ്ട്. 

രണ്ടു സഹസ്രാബ്ദത്തോളം പഴക്കമുള്ള മുനിയറയും ഗുഹാചിത്രങ്ങൾ നിറഞ്ഞ എഴുത്തുപുരയും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. രാമായണത്തിലെയും മഹാഭാരതത്തിലേയും ദൃശ്യങ്ങള്‍ പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ച് ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

English Summary: Marayoor Covered with Snow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com