ADVERTISEMENT

വഴിനീളെ പുന്നെല്ലിന്റെ ഗന്ധം,ആ സ്വർണപരപ്പിനപ്പുറം പച്ചകലർന്ന നീലനിറത്തിൽ മലകൾ. അകലെ അരിപ്രാവുകളുടെ കുറുകൽ…  കാച്ചാംകുറിശ്ശി എന്ന  പാലക്കാടൻ ഉൾഗ്രാമത്തിലേക്കുള്ള യാത്രയിലാണ്.  കാർ നിർത്തി നിർത്തി കാഴ്ചകളൊക്കെ കണ്ടാണ് യാത്ര. ലക്ഷ്യമില്ലാതെ, മനസ്സു കുളിർപ്പിക്കാൻ ഒരു യാത്ര വേണോ? കൊല്ലങ്കോടിനടുത്തുള്ള കാച്ചാംകുറിശ്ശിയിലേക്കു ഡ്രൈവ് ചെയ്യാം. 

kachamkurissi-travel

മലയാളക്കരയുടെ ബാല്യം ഈ ഗ്രാമങ്ങളിലാണ്. പാടത്തുനിന്ന് ഉയർത്തി കെട്ടിയ റോഡിൽ നിന്നിറങ്ങി നടന്നാൽ ആ ബാല്യത്തിലേക്കൊരു ടൈം ട്രാവൽ നിങ്ങൾക്കും നടത്താം. ചെരിപ്പഴിച്ചു കാറിൽ വയ്ക്കാം.   പാടവരമ്പുകളിൽ  കാൽപാദങ്ങളെ ഇക്കിളിയിടുന്ന പുൽനാമ്പുകളെ തൊട്ടു നടക്കാം.   

സന്ധ്യമയങ്ങുമ്പോൾ ഭംഗിയേറുന്ന നാടാണു പാലക്കാട്. എന്നാൽ കാച്ചാംകുറിശ്ശിക്ക് എല്ലാസമയത്തും ഭംഗിയുണ്ട്. അതു പാടശേഖരങ്ങളുടേതാകാം. മുട്ടോളം വെള്ളവുമായി ചെറുമണൽത്തരികളോടു കിന്നാരം പറഞ്ഞോടുന്ന ചെറിയ അരുവികളുടേതാകാം. ആളൊഴിഞ്ഞ പാടങ്ങളിലൂടെ മഹാദേശാടനം നടത്തിയെത്തുന്ന താറാപ്പറ്റത്തിന്റേതാകാം. മുളവേലി കടന്ന് നാട്ടിടവഴി താണ്ടിയെത്തുന്ന അമ്മൂമ്മമാരുടേതാകാം. കാച്ചാംകുറിശ്ശി എന്ന ഗ്രാമത്തിലൂടെ ഒന്നു കറങ്ങിയാൽ ആ ഭംഗി നമുക്കും ആസ്വദിക്കാം.

kachamkurissi-travel7

കൊല്ലങ്കോടിനോടു ചേർന്നാണ് കാച്ചാംകുറിശ്ശി. സുഹൃത്തിന്റെ കളപ്പുരയിലെ രാത്രിവാസത്തിനു ശേഷം അതിരാവിലെ ഒന്നു കറങ്ങാനിറങ്ങി. പഴയൊരു അമ്പലത്തോടു ചേർന്ന ആമ്പൽപൊയ്കയുടെ കരയിൽനിന്നപ്പോൾ മഞ്ഞിന്റെ രംഗാവതരണം കാണാൻപറ്റി.  

kachamkurissi-travel5

കുതിരാൻ മല കയറിയിറങ്ങി തിരികെ സഹ്യന്റെ താ‌‌‌ഴ്‍‍‍‍വരയിൽത്തന്നെ നിലകൊള്ളുന്ന തമിഴ്ചുവയുള്ള നാടാണിത്. നെല്ലിയാമ്പതിയുടെ മലനിരകളാണ് ദേശത്തുനിന്നാൽ കാണുക എന്ന് കാച്ചാംകുറിശ്ശി അമ്പലത്തോടടുത്ത ചായക്കടയിലെ ഒരു ചേട്ടൻ അറിയിച്ചു. സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യമൊക്കെ കാണാമത്രേ. ആ മലനിരകളെ മഞ്ഞ് മെല്ലെ മറച്ചുകൊണ്ടേയിരുന്നു. അങ്ങനെയേ പശ്ചിമഘട്ടത്തിന്റെ അതിരു മായുകയുള്ളൂ. 

kachamkurissi-travel9

ചെറുവഴികളിലൂടെ വെറുതേ ഡ്രൈവ് ചെയ്യണം. മുൻപു കളിവണ്ടിയോടിച്ചു നടന്നതു പോലെ.  ലക്ഷ്യമില്ലാ യാത്രകളിൽ താറാപ്പറ്റവും മയിൽകൂട്ടങ്ങളും മുന്നിൽവരും. പത്തുമണി കഴിഞ്ഞപ്പോഴേക്കും ചൂടു കൂടി. താറാപ്പറ്റം പാടങ്ങളിൽനിന്നു പാടങ്ങളിലേക്കു വന്നുകൊണ്ടിരുന്നു. അവയുടെ ദേശാന്തരഗമനത്തിന് മേൽനോട്ടക്കാരുടെ വടിയാണു ദിശാസൂചിക.  എന്റെ താറാപ്പറ്റം പോലെ ചിതറുന്നേ ഞാൻ എന്ന  കാവാലത്തിന്റെ വരികൾ മൂളുമായിരിക്കും മാസങ്ങളായി വീടുമായി വിരഹത്തിലാകുന്ന ആ മേൽനോട്ടക്കാർ.   

kachamkurissi-travel1

തൊണ്ടേക്കാട് റോഡ് പുഴയോരത്തേക്കെത്തിക്കും. പാറപ്പുറത്തുകൂടിയുള്ള ഭംഗിയുള്ള ചെറുവഴി, കൻമദം എന്ന സിനിമയെ ഓർമിപ്പിക്കും. പാടത്തിനപ്പുറം കുത്തനെ ഉയർന്നുനിൽക്കുന്ന മലകളെ മഞ്ഞുതൊടുന്നുണ്ട്. പഴയ മട്ടിലുള്ള കളപ്പുരകൾക്കടുത്ത് കല്ലുകൊണ്ടുള്ള ചുമടുതാങ്ങികൾ.. അത്താണി എന്നാണ് ഇവ അറിയപ്പെടുന്നത്. 

kachamkurissi-travel6

 

പുരാതനമായ ക്ഷേത്രങ്ങൾ കാച്ചാംകുറിശ്ശിയുടെ പ്രത്യേകതകളിലൊന്നാണ്. അമ്പലമുറ്റം കഴിഞ്ഞാൽ പൊതുഇടങ്ങളാണ്. ആൽമരങ്ങളുടെ മൂളൽ കേട്ട് നാട്ടുകാർ ആ തറയിലിരുന്നു സൊറ പറയുമായിരിക്കും.   

പൊതുഇടങ്ങൾ കുറയുന്ന നമുക്ക്  ചെറുമൈതാനത്തെ പിള്ളേരുടെ ക്രിക്കറ്റ് കളി 20-20 കാണുന്നതിലും ആവേശത്തോടെ കണ്ടുനിൽക്കാനാകും.  

 

കറക്കം കഴിയുമ്പോൾ ചെറിയ ചായക്കടകളിൽ കയറാം. നാടൻ രുചിപ്പെരുമ, മരബെഞ്ചിൽ മുട്ടിയിരുമ്മിയിരുന്ന് നുണയാം. നീട്ടലോടെയുള്ള കാച്ചാംകുറിശ്ശി വാമൊഴിയാസ്വദിച്ച് കുറുകിയ പാലൊഴിച്ച ചായ മൊത്തിക്കുടിക്കാം. 

 

അതിസുന്ദരമായ കുളങ്ങളാലും സമ്പന്നമാണ് ഈ ദേശം. മനസ്സു കുളിർപ്പിക്കാൻ ഒരു യാത്ര എങ്ങോട്ടുവേണം എന്നു ചോദിക്കുമ്പോൾ കാച്ചാംകുറിശ്ശി എന്ന പേരാണ് ഇനി പറയുക എന്ന് കുതിരാൻ തുരങ്കത്തിലൂടെ തിരികെപ്പോരുമ്പോൾ മനസ്സ് ഉറപ്പിച്ചിരുന്നു. 

 

താമസസൗകര്യങ്ങൾ കുറവാണ് കാച്ചാംകുറിശ്ശിയിൽ. കൊല്ലങ്കോട് താമസിച്ച് ഗ്രാമീണത ആസ്വദിക്കാനായി കാച്ചാംകുറിശ്ശിയിലെത്താം. ആ ഗ്രാമത്തിലൂടെയുള്ള കറക്കമാണു രസകരം. 

 

റൂട്ട്

 

എറണാകുളം-തൃശ്ശൂർ- കുതിരാൻ മല- വടക്കഞ്ചേരി-നെൻമാറ-കൊല്ലങ്കോട്-കാച്ചാംകുറിശ്ശി- 133 കിലോമീറ്റർ

 

കൊല്ലങ്കോട്-കാച്ചാംകുറിശ്ശി 3.3 കിലോമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com