കാരോട്ടുകാവ് തേടി, ദേശത്തിന്റെ കഥാകാരൻ നടന്ന വഴിയിലൂടെ ഒരു യാത്ര

HIGHLIGHTS
  • 'ട്രിപ്പ് കാലിക്കോ'യുടെ ഈ യാത്ര 'ഒരു ദേശത്തിന്റെ കഥ'യിലെ ഒരു കുഞ്ഞുകാടു തേടിയാണ്
Temple
SHARE

എം.എൻ.വിജയൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്....ഉണരാത്ത ഓർമകളുടെയും  അറിയാത്ത ഇച്ഛകളുടെയും മുഖച്ഛായകളാണ് കവിത. ആളുകളതിനെ കീഴ്ക്കാംതൂക്കായ കിനാവെന്നു വിളിക്കുന്നു. ഒരു ജനത കാണുന്ന സ്വപ്നം.

trip-calico

പുറത്ത് മഴയങ്ങനെ ആർത്തലച്ചുപെയ്യുകയാണ്. മനസിലേക്ക് ഓർമകൾ ഓടിയെത്തുന്നു.  ഉമ്മറത്ത് ഒരു ഗ്ലാസ് കട്ടൻചായ ഊതിക്കുടിച്ചങ്ങനെ പുറത്തേക്ക് നോക്കിയിരിക്കുന്നു. കയ്യിലൊരു പുസ്തകം. അത് എസ്.കെ. പൊറ്റെക്കാട്ടെഴുതിയ പുസ്തകമാണെങ്കിൽ പറയുകയേ വേണ്ട. ഉള്ളിൽ യാത്രകളുടെ വേലിയേറ്റമാവും.  

trip-calico3

മഴയുടെ സംഗീതം അങ്ങനെ പതുക്കെപ്പതുക്കെ ശ്രുതി താഴ്ത്തിവരികയാണ്. കട്ടൻ തീരുന്നതിനൊപ്പം ‘ഒരു ദേശത്തിന്റെ കഥ’യിലൂടെയാണ് സഞ്ചാരം. കോഴിക്കോടിന്റെ അറിയാത്ത നാട്ടുവഴികൾ കണ്ടെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ദേശത്തിന്റെ കഥ വായിച്ചിരിക്കണം. അനേകമനേകം  തവണകൾ ഈ നാട്ടുവഴികളിലൂടെ നടന്നുനടന്നാണ് അദ്ദേഹം പുസ്തകമെഴുതിയത്. 

trip-calico10

ശ്രീധരൻ തന്റെ സുഹൃത്തുക്കളായ ചന്തുക്കുഞ്ഞനും അപ്പുവിനുമൊപ്പം കാരോട്ടുകാവ് കാണാൻ പോവുന്ന ഭാഗത്താണ് വായന ചെന്നു നിൽക്കുന്നത്. ഇടതു കാത്‌ പകുതി മാത്രമുള്ള ചാത്തൻ കുരങ്ങ്‌ ദേശത്തിന്റെ കഥയിലെ രസികൻ കഥാപാത്രമാണ്‌. നീർക്കോലിയെ പിടിച്ച്‌ വെട്ടിലായ പോക്കിരിക്കുരങ്ങൻമാരുടെ ഉസ്‌താദായ ചാത്തനെ കാണാനാണ് ശ്രീധരൻ കാരോട്ടുകാവിലെത്തുന്നത്.

∙ ദേശത്തിന്റെ കഥയിലൂടെ..

ഒരു ദേശത്തിന്റെ കഥയിൽ പറയുന്നതിങ്ങനെയാണ്: “നാലു കാലും നീട്ടിവച്ച്‌ വാലും പൊക്കിപ്പിടിച്ച്‌ ചിറയിലേക്ക്‌ നട കൊള്ളുകയായിരുന്നു ഉസ്‌താദ്‌ ചാത്തൻ. അപ്പോൾ ചെളിയിലൂടെ ഒരു നീർക്കോലി അങ്ങനെ ഇഴഞ്ഞുപോകുന്നു. വാനരൻ തല ചെരിച്ചു നീർക്കോലിയെ കൌതുകത്തോടെ ഒന്നു തൃക്കൺപാർത്തു-പിന്നെ, മുമ്പും പിമ്പും നോക്കാതെ ഒരൊറ്റ പിടുത്തം. നീർക്കോലി പ്രാണവേദനയോടെ പിടഞ്ഞു. വാനരന്റെ കൈക്ക്‌ ചുറ്റിപ്പിണഞ്ഞു. മർക്കടൻ മുഷ്ടിയിലേക്കൊന്നു നോക്കി.

trip-calico12

ഹ്ഹുഹൂ-ആ ഭയങ്കര കാഴ്ച രണ്ടാമതൊന്നു നോക്കാൻ കഴിഞ്ഞില്ല. വലതു കൈകൊണ്ട്‌ കണ്ണു പൊത്തി മുഖം കഴിയുന്നത്ര എതിർവശത്തേക്ക്‌ തിരിച്ചു പിടുത്തം മുറുക്കി ഇടതു കൈ ദൂരെ നീട്ടിപ്പിടിച്ച്‌ ഒരൊറ്റ ഇരുത്തം-നാലു ദിവസമായി മൂപ്പരങ്ങനെ കുത്തിയിരിക്കുന്നു. അനക്കമില്ല; ശബ്ദമില്ല; ഉറക്കമില്ല; ആഹാരമില്ല; ജലപാനമില്ല-മുഷ്ടിയിലെ മുറുക്കിപ്പിടുത്തം വിടുന്നുമില്ല.

മുഷ്ടിയിലെ നീർക്കോലി ചത്തളിഞ്ഞു തുടങ്ങിയിരിക്കുന്നു.

trip-calico4

കുരങ്ങനെ ശ്രീധരൻ നല്ലപോലെ ഒന്നു നോക്കി. അനങ്ങാതെയിരിക്കുന്ന ഒരു കുരങ്ങനെ ജീവിതത്തിൽ ആദ്യമായാണ്‌ കാണുന്നത്‌.

ദേശത്തിന്റെ കഥാകാരൻ വാക്കുകൾ കൊണ്ട് മാജിക്ക് കാണിക്കുകയാണ്. 

∙ എവിടെയാണീ കാരോട്ടുകാവ് ?

എവിടെയാണീ കാരോട്ടുകാവ് എന്നറിയാനൊരു ആകാംക്ഷ ഉള്ളിലുയർന്നു. പുസ്തകത്തിന്റെ പേജുകൾ  പിന്നെയും ഒന്നുമറിച്ചു നോക്കി. 

പൊറ്റെക്കാട് കാരോട്ടുകാവിനെക്കുറിച്ച് വിശദമായി അതാ എഴുതിയിരിക്കുന്നു:

“ഇലഞ്ഞിപ്പൊയിലിൽ നിന്ന്‌ ഒന്നൊന്നര മെയിൽ കിഴക്കു പുഴക്കരയിൽ കടവിനടുത്ത്‌ ഒരുയർന്ന സ്ഥലത്താണ്‌ കാരോട്ടുകാവ്‌. അതൊരു പഴയ ഭഗവതിക്കാവാണ്‌. കാവിനരികെ പാതിയും വറ്റിയ ചെറിയൊരു ചിറയുമുണ്ട്‌. ചിറയ്ക്കു ചുറ്റും കാഞ്ഞിരം, നീർമരുത്‌, താന്നി, തേക്ക്‌ തുടങ്ങിയ കാട്ടുമരങ്ങൾ കൂട്ടമായി വളർന്നു കോട്ട കെട്ടിക്കിടക്കുന്നു. നൂറ്റാണ്ടുകൾ പ്രായം ചെന്ന ഈ വൃക്ഷങ്ങളിൽ നൂറുകണക്കിന്‌ വാനരന്മാർ കൂത്താടുന്നു. “കുരങ്ങന്മാരുടെ കാവ്‌ എന്നാണ്‌ ആളുകൾ കാരോട്ടുകാവിനെ വിളിക്കുക.’’

വർണന കേട്ടപ്പോൾ സ്ഥലം ഏകദേശം പിടികിട്ടി. കോഴിക്കോട്ടെ ചില പഴയകാല രസികൻമാരോട് ചോദിച്ച് സ്ഥലമുറപ്പിച്ചു. ഇനി പോവാതിരിക്കാനാവില്ല. ‘മഴ ചാറുമിടവഴികൾ..’ തേടി സ്കൂട്ടർ റോഡിലേക്കിറക്കി.

∙ ദേശത്തിന്റെ കഥാകാരൻ നടന്ന വഴിയിലൂടെ..

കോഴിക്കോടുനിന്ന് വയനാട്ടിലൂടെ ബംഗളൂരുവിലേക്ക് നീണ്ടുകിടക്കുന്ന ദേശീയപാത. മൂഴിക്കൽ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ കവാടവും കഴിഞ്ഞ് മുന്നോട്ടു പോവുകയാണ്. ചെലവൂർ എത്തുന്നതിനുമുൻപ് ഇടത്തുവശത്തേക്ക് വീതികുറഞ്ഞൊരു റോഡുണ്ട്. റോഡിനുകുറുകെ കമാനാകൃതിയിൽ ഒരു ബോർഡിൽ ‘തുറയിൽക്കാവ് ഭഗവതീക്ഷേത്രം’ എന്നു പേരെഴുതി വച്ചിട്ടുണ്ട്.

റോഡിലേക്ക്തിരിഞ്ഞു. താഴേക്കിറങ്ങുകയാണ്. പൂനൂർ പുഴയ്ക്കുകുറുകെ വീതികുറഞ്ഞൊരു പാലം. ചുറ്റും കനത്തുനിൽക്കുന്ന പച്ചപ്പ്. പുഴയിലെ വെള്ളമത്ര പച്ചപ്പുള്ളതല്ല.

റോഡ് ഒരു വളവുതിരിഞ്ഞു. വളവിൽനിന്ന് ഇടത്തോട്ട് കോൺക്രീറ്റു ചെയ്ത ഒരു ചെറിയ വഴി. അങ്ങോട്ടു ചൂണ്ടിനിൽക്കുന്ന പലകയിൽ ക്ഷേത്രത്തിന്റെ പേരുണ്ട്. ആ വഴിയിലേക്കിറങ്ങി. കാറിനു കടന്നുപോകാവുന്ന വഴിയാണ്. ഇരുനൂറു മീറ്ററോളം പിന്നിട്ടുകഴിയുമ്പോൾ വലതുവശത്തെ പറമ്പിനപ്പുറത്ത് ചെങ്കല്ലുപാകിയ ഒന്നുരണ്ടു പടി കാണാം. പടി കടന്നു ചെല്ലുമ്പോൾ പഴമയുടെ  സകലക്ഷീണവും പേറുന്നൊരു ആൽത്തറ. പ്രായാധിക്യം ബാധിച്ച ഒരു ആൽമരം തലയുയർത്തി നിൽക്കുന്നു.

പക്ഷേ അതൊന്നുമല്ല ആദ്യം കണ്ണിൽപ്പെടുക. മരച്ചില്ലകളിലും മറ്റുമായി തൂങ്ങിയാടി നടക്കുന്ന കുരങ്ങൻമാരാണ് ചുറ്റും. ഞാനൊരു മനുഷ്യജീവി  അടുത്തുചെന്നിട്ടും മൈൻഡ് ചെയ്യുന്നില്ല. ഇവനാരെടാ എന്ന മട്ടിലൊരു നോട്ടം പോലുമില്ല. ഏതോ ഒരു വലിയ കുരങ്ങൻ അതിലെ പോവുന്നു എന്ന മട്ടിൽ പുച്ഛിച്ച് ഒരു പോക്കാണ് !

trip-calico11

∙ തണുപ്പിന്റെ തുരുത്ത്..

ഉള്ളിലേക്ക് തണുപ്പ് ഇരച്ചുകയറുന്ന നിശ്ശബ്ദത. കോർപറേഷനോട് തൊട്ടുകിടക്കുന്ന പ്രദേശമാണെങ്കിലും ഒരു നാട്ടിൻപുറമാണ്. നഗരത്തോടു തൊട്ടുകിടക്കുന്ന പൂനൂർ പുഴയോരത്തുള്ള കോണോട്ട്‌ തുറയിൽ ഭഗവതി ക്ഷേത്രത്തോട്‌ ചേർന്നു പത്തേക്കറോളം വരുന്ന കോട്ടയാണ്‌ ദേശത്തിന്റെ കഥയിലെ ശ്രീധരന്റെ കാരോട്ടുകാവ്‌. നിറയെ വൻ മരങ്ങളും വാനരന്മാരുമുള്ള കാവിന്‌ ശ്രീധരന്റെ കാലത്തേതിൽനിന്ന്‌ ഭാവമാറ്റം വന്നിട്ടില്ല. കാടിന്റെ കുളിർമയുള്ള ശാന്തസുന്ദരമായ അന്തരീക്ഷം.  പെട്ടന്ന് പത്തുനാൽപതു കൊല്ലം പിറകിലോട്ടു സഞ്ചരിച്ച പ്രതീതി.

മണ്ണുകൊണ്ട് അടിച്ചുറപ്പിച്ചുണ്ടാക്കിയ മതിലുകളാണ് ഇരുവശത്തും. ചരലുപാകിയ നടവഴി നേരെ നീണ്ടുകിടക്കുന്നു. വഴിയുടെ ഇരുവശത്തും കുത്തുവിളക്കുകളുണ്ട്. നാനൂറു മീറ്ററോളം നടന്നുകഴിയുമ്പോൾ ക്ഷേത്രപരിധിയിലേക്കെത്തുകയാണ്. ഏതോ കൊടുംകൊടിനു നടുക്കുചെന്നു നിൽക്കുന്ന അനുഭൂതിയാണ്. പേരറിയാത്ത കിളികളുടെ ശബ്ദം. ചീവീടുകളുടെ ശബ്ദം. ഇലപ്പടർപ്പുകളുടെ അനക്കങ്ങൾ. എവിടെനോക്കിയാലും കുരങ്ങന്മാർ.

∙ വിശ്വാസം, മണ്ണിന്റെ  കരുതലായ്...

trip-calico7

ഇവിടെനിന്ന്  ഇടത്തോട്ടും വലത്തോട്ടും ഓരോ നടവഴികളുണ്ട്. നേരെ മുന്നിൽ ക്ഷേത്രം. ചുറ്റും കാവാണ്. തലമുറകൾ കാത്തുപോരുന്ന സംരക്ഷിതവനം.

വനദുർഗയായും ജലദുർഗയായും വിശ്വാസികൾ ആരാധിക്കുന്ന ദേവി. വർഷം മുഴുവനും വെയിലും മഴയും കൊള്ളുന്ന പ്രതിഷ്ഠ. എന്നാൽ ക്ഷേത്രത്തിനുമുന്നിൽ വലിയൊരു തറയാണ് ആദ്യം കണ്ണിൽപ്പെടുക. ഹനുമാന്റെ പ്രതിഷ്ഠയായി ഒരു വലിയ കല്ലിരിപ്പുണ്ട്. തറയുടെ ഇരുവശത്തും മറ്റു രണ്ടുകല്ലുകളുണ്ട്. വാനരവീരൻമാരുടെ പ്രതിഷ്ഠയാണ്.

ക്ഷേത്രത്തിനു സമീപം ഒരു വശത്തായി കാടിനോടുചേർന്ന് ഒരു സിമന്റുതറയുണ്ട്. ഇവിടെ ക്ഷേത്രത്തിലെ നിവേദ്യച്ചോറു നിരത്തിയിട്ടിരിക്കുകയാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള കാട്ടിലെ കുരങ്ങൻമാർക്ക് വിശക്കുമ്പോൾ തിന്നാനുള്ളതാണ്.

trip-calico6

ക്ഷേത്രത്തിനുമുന്നിൽ മേൽപ്പോട്ടുനോക്കി നിൽക്കുമ്പോഴാണ് കമ്മറ്റിക്കാരൻകൂടിയായ ശ്രീജിത്ത് പടിയാത്തിന്റെ വരവ്. ക്ഷേത്രത്തിനടുത്താണ് ശ്രീജിത്തിന്റെ തറവാട്. പൊലീസുകാരനാണ്. 

ചുറ്റും നഗരമാണ്. തിരക്കേറിയ ജീവിതമാണ്. ഇതിനുനടുക്കാണ് പത്തേക്കറോളം വിസ്തൃതിയിൽ ഒരു കാടുള്ളത്. കാടു മാത്രമല്ല. പുഴയിൽനിന്ന് കാടിനുനടുവിലൂടെ അകത്തേക്ക് കയറിക്കിടക്കുന്ന ഒരു ചിറയുമുണ്ട്. അവിശ്വസനീയമല്ലേ എന്നായി ശ്രീജിത്തിന്റെ ചോദ്യം. ഗൂഗിൾ എർ‍ത്ത് എടുത്ത് ലൊക്കേഷൻ കാണിച്ചുതന്നു. ശരിയാണ്. നഗരത്തിരക്കുകൾക്കിടയിൽ, പെരുകുന്ന കെട്ടിടങ്ങൾക്കും റോഡുകൾക്കുമിടയിൽ അപ്രതീക്ഷിതമായി വന്നുവീണ ഒരു തുണ്ടു കാട് പോലെയാണ് ഗൂഗിൾ എർത്തിൽ നോക്കിയാൽ ഈ പ്രദേശത്തെക്കുറിച്ച് തോന്നുക. അതിനൊരു കഥയുണ്ടെന്ന് ശ്രീജിത്ത് പടിയാത്ത് പറഞ്ഞു.

trip-calico1

∙ ഒരൽപം പഴങ്കഥ

പണ്ടു പണ്ട് ലങ്കയിൽ രാവണനുമായുള്ള യുദ്ധത്തിനിടയിൽ അസ്ത്രമേറ്റ് മരണശയ്യയിലായ ലക്ഷ്മണനെ രക്ഷിക്കാനാണ് ശ്രീരാമൻ ഹനുമാനോട് മരുത്വാമലയിൽപോയി ഔഷധങ്ങൾ ശേഖരിക്കാൻ പറഞ്ഞത്. കക്ഷി അവിടെച്ചെന്നപ്പോൾ ഔഷധഗുണമുള്ള ഏതൊക്കെ ചെടികളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നൊന്നും നോക്കിയില്ല. മരുത്വാമലയും പൊക്കിയെടുത്ത് തിരികെപ്പറന്നു. 

ആകാശത്തുകൂടെയുള്ള ആ യാത്രയ്ക്കിട്ടെ മരുത്വാമലയുടെ ഒരു കഷ്ണം താഴേക്കുവീണത്രേ. അതാണ് നമ്മളിപ്പോൾ നിൽക്കുന്ന പത്തേക്കർ കാട്. ശ്രീജിത്ത് പടിയാത്ത് ഐതീഹ്യം വിവരിച്ചു. 

കഥ ശരിയോ തെറ്റോ ആയിരിക്കാ. പക്ഷേ അത്തരമൊരു കഥ പറഞ്ഞതുകൊണ്ട് ഒരു ഗുണമുണ്ടായി. ഈ കാട് ഇപ്പോഴും ഇവിടെയുണ്ട്. വിശ്വാസത്തിന്റെ മേമ്പൊടിയില്ലായിരുന്നെങ്കിൽ മനുഷ്യനെന്ന ക്രൂരമൃഗം ഈ കാടൊക്കെ എന്നേ വെട്ടിവിറ്റേനെ ! ഐതീഹ്യം പറഞ്ഞതുകൊണ്ട് ഇന്നുംഈ പ്രദേശം കേടുകൂടാതെ നിൽക്കുന്നുണ്ട്.  

trip-calico8

∙ കാട്ടിലകൾ കാലിലമർന്ന്...

trip-calico5

ക്ഷേത്രത്തിനുമുന്നിൽനിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ ശ്രീജിത്തിനൊപ്പമാണ് യാത്ര. ഇടതൂർന്ന കാട്.വള്ളികൾ. അഞ്ചോ ആറോപേർ കൈ ചേർത്തു പിടിച്ചാലും വലത്തിട്ടുപിടിക്കാൻ കഴിയാത്തത്ര തടിയുള്ള മരങ്ങൾ‍. ഇതിനിടെ അപൂർവയിനം ചിലന്തികൾ. പൂക്കൾ. കുഞ്ഞുപക്ഷികൾ. കാടിനുനടുവിലൂ ചെടികൾ വകഞ്ഞുമാറ്റിയാണ് നടപ്പ്. അൽപം മുന്നോട്ടുചെന്നപ്പോൾ കാടിനുനടുക്ക് ഒരു ജലാശയം നീണ്ടുനിവർന്നു കിടക്കുകയാണ്.

ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊളിച്ചുവച്ചില്ലേ’ എന്നൊരു മൂളിപ്പാട്ട് ഉള്ളിൽവന്നു തട്ടിനിൽക്കുന്നു. 

വെള്ളത്തിന് അനക്കമില്ല. പല നിറത്തിലുള്ള ഇലകൾ വീണുകിടക്കുന്ന അടിത്തട്ട് തെളിഞ്ഞുകാണാം. മരങ്ങൾ പലതും വെള്ളത്തിനകത്താണ് നിൽക്കുന്നത്. മരങ്ങളുടെ പ്രതിബിംബങ്ങൾ വെള്ളത്തിൽ. ആകെയൊരു മായികലോകം. വേനൽക്കാലമാണെങ്കിൽ ഇതിലെ മുറിച്ചുകടക്കാമായിരുന്നുവെന്ന് ശ്രീജിത്ത് പറ‍ഞ്ഞു. ചിറയ്ക്കക്കരെ ചെന്നാൽ പുഴക്കരയിലെത്തും. പുഴയിലൊരു തടയണയുമുണ്ടത്രേ. പക്ഷേ മഴ കനത്തുപെയ്യുന്ന തുലാമാസത്തിൽ ഇക്കരെനിന്ന് വെള്ളത്തിന്റെ തണുപ്പറിയാൻ കഴിയുന്നതുതന്നെ ഭാഗ്യം. പുഴയ്ക്കക്കരെ കോഴിക്കോട് കോർപറേഷനാണ്. ഇക്കരെ കുരുവട്ടൂർ പഞ്ചായത്താണ്. പക്ഷേ ഇതൊന്നും കാടിനോ ചിറയ്ക്കോ കാട്ടിലെ കുരങ്ങൻമാർക്കോ അറിയില്ലല്ലോ. മനുഷ്യർ തങ്ങളുടെ അതിർത്തികൾ വരയക്കുന്നു. അധികാരപരിധികൾ വരയ്ക്കുന്നു. അവ വീണ്ടും മാറ്റിവരയ്ക്കുന്നു. അതേ വരകളുടടെ പേരിൽ പരസ്പരം പോരെടുക്കുന്നു.

∙ തിരികെയാത്ര...

കാടിന്റെ തണുപ്പിൽനിന്ന് പുറത്തേക്ക് കടക്കുകയാണ്. മഴ കനക്കുന്ന തുലാമാസങ്ങളിൽ എത്തിപ്പെടാൻ ഇതുപോലെ ഏതെങ്കിലും പച്ചത്തുരുത്തുകൾ അവശേഷിക്കുന്നുണ്ടാവും. അതുമാത്രമാണ് പ്രതീക്ഷ. മനുഷ്യരുടെ ചിന്തകൾ പച്ച പിടിക്കട്ടെ.

English Summary: Kozhikode Travel Experience 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA