മുഴുപ്പിലങ്ങാടല്ല, കേരളത്തിൽ മറ്റൊരു ഡ്രൈവ് ഇൻ ബീച്ച് ഉണ്ട്

SHARE

കടലെന്നത് എത്ര പ്രായമായ മനുഷ്യനും പ്രത്യേക അനുഭൂതിയാണ്. കടലു കാണുമ്പോൾ ഉള്ളിലെ കുട്ടി ഉണരും. അലയടിക്കുന്ന തിരകളിലേക്ക്, അനന്തതയിലേക്ക് നോക്കി നിൽക്കുമ്പോൾ ആ കുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. ‘കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടലു കാണുന്ന കുട്ടിയെപ്പോലെ ഞാൻ വിരലുകൊണ്ടു കളം തീർത്തുനിൽക്കവേ..’ എന്നാണ് കവി പാടിയത്.

thikkodi-drive-in-beach-trip

മഴയില്ലാത്തൊരു പകൽ കടലുകാണാൻപോവാമെന്ന് തീരുമാനിക്കുന്നത് ഉള്ളിലിരുന്ന് വെമ്പൽകൊള്ളുന്ന ആ കുട്ടിയാണ്. കേരളത്തിന് നീണ്ടുകിടക്കുന്നൊരു കടൽത്തീരമുണ്ട്. ഏതു മലയാളിയും നേരെ പടിഞ്ഞാറോട്ടു നടന്നാൽ കടൽതീരത്തെത്തും. എന്നാൽ തമിഴ്നാട്ടിലുള്ളവരുടെ കാര്യം ആലോചിച്ചിട്ടുണ്ടോ? മലയാളിക്കുഞ്ഞുങ്ങൾ മലകൾക്കപ്പുറം സൂര്യനുദിക്കുന്ന ചിത്രം വരയ്ക്കുമ്പോൾ തമിഴ്നാട്ടിലെ കുഞ്ഞുങ്ങൾ കടലിൽ സൂര്യനുദിക്കുന്ന ചിത്രമായിരിക്കുമോ വരയ്ക്കുക? ആർക്കറിയാം. നമുക്ക്  അങ്ങു പടിഞ്ഞാറ് കടലിൽ സൂര്യനസ്തമിക്കുന്നതു കണ്ടാണ് ശീലം. ശീലങ്ങൾ തെറ്റാതിരിക്കട്ടെ.

∙ ഈ യാത്ര പുതിയ കടപ്പുറങ്ങൾ തേടി  

കോഴിക്കോട്ടെ കടപ്പുറം കണ്ടുകണ്ടു തേഞ്ഞുതീരാറായിരിക്കുന്നു. അതുകൊണ്ട് ഇത്തവണയൊന്നു മാറ്റിപ്പിടിക്കാമെന്നു കരുതി. വണ്ടി ദേശീയപാതയിലൂടെ വടക്കോട്ട് തിരിച്ചുവിട്ടു. 

thikkodi-drive-in-beach6

കണ്ണൂരേക്കുള്ള വഴിയാണ്. അങ്ങകലെ വടകര സാൻഡ്ബാങ്ക്സും മാഹിയും മുഴുപ്പിലങ്ങാടും അതിനപ്പുറം ബേക്കലുമൊക്കെ നീണ്ടുനിവർന്നുകിടക്കുന്നുണ്ട്. പക്ഷേ അത്ര ദൂരം പോവാൻ മടി അനുവദിക്കുന്നില്ല; സമയവും.

thikkodi-drive-in-beach1

∙ തൃക്കോട്ടൂരംശം, ആസ്വാദകന്റെ മനസിൽ

കോഴിക്കോടുവിട്ടാൽ ദേശീയപാതയിൽ തിരക്കേറിയ അടുത്ത നഗരം കൊയിലാണ്ടിയാണ്. കൊയിലാണ്ടി പിന്നിട്ടാൽ മണ്ണിന്റെ സ്വഭാവം മാറിത്തുടങ്ങുകയായി. യു.എ.ഖാദറിന്റെ തൃക്കോട്ടൂർദേശം വഴി കടന്നുപോവുമ്പോൾ നമ്മുടെ മനസിലും നാട്ടുകഥയുടെ മണമുയരുകയായി.

thikkodi-drive-in-beach2

ഏകദേശം 38 കിലോമീറ്റർ ദൂരം പിന്നിട്ടുകഴിഞ്ഞു. തിക്കോടിയെത്തുന്നതിനു മുൻപ് ദേശീയ പാതയിൽ നിന്ന് ഇടത്തോട്ടു കോടിക്കൽ ബീച്ചിലേക്കുള്ള റോഡുണ്ട്. വണ്ടി ഇടത്തോട്ടുതിരിച്ചു.

∙ വഴികൾ ഓർമകൾ..

വഴിയിൽ ഏതാനും വണ്ടികൾ നിരനിരയായി കിടക്കുന്നു. റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. തൃക്കോട്ടൂരധികാരി ഇതുവഴി ഏതോ രാത്രിവണ്ടിയിൽ എത്ര തവണ കടന്നുപോയിട്ടുണ്ടാവാം. ചിന്തിച്ചിരിക്കുമ്പോൾ ഒരു ട്രെയിൻകിതച്ചുപാഞ്ഞങ്ങുപോയി. റെയിൽവേഗെയിറ്റ് ഉയരുമ്പോൾ പലരും തിരക്കിട്ട് കടന്നുപോയി.  

thikkodi-drive-in-beach5

∙ ഒളിഞ്ഞിരുന്ന ഡ്രൈവ് ഇൻ കടപ്പുറം

ടാറിട്ട റോഡ് നേരെ ചെന്നുനിൽക്കുന്നത് ഒരു തെങ്ങിൻതോപ്പിനു നടുവിലാണ്. വഴി തീരുന്നില്ല. തെങ്ങുകൾക്കിടയിലൂടെ വണ്ടി മുന്നോട്ടുപോവുന്നു. ഇരുണ്ടനിറമുള്ള മണലാണ്. വഴി നേരെ ചെന്നിറങ്ങുന്നത് കടപ്പുറത്തേക്കാണ്.

കാറിന്റെ ചക്രങ്ങൾ മണ്ണിൽ താഴുമോ എന്ന് ഒരു നിമിഷം സംശയിച്ചു. ഇല്ല. മണൽ ഉറപ്പോടെ കിടക്കുകയാണ്. കടപ്പുറത്തുകൂടി വണ്ടി നേരെ മുന്നോട്ടുപാഞ്ഞു. തിരമാലകൾക്കു തൊട്ടുമുന്നിൽ കൊണ്ടുപോയി നിർത്തി. ഇതാ ഒരു ഡ്രൈവ് ഇൻ ബീച്ച്. കണ്ണൂരെ മുഴുപ്പിലങ്ങാട് വരെ യാത്ര ചെയ്യാതെ തന്നെ ഒരു ഡ്രൈവ് ഇൻ ബീച്ച് കണ്ടെത്തിയതിന്റെ സന്തോഷം ഉള്ളിലുണ്ട്. 

∙ തിക്കോടിക്കാരുടെ സ്വന്തം

നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുകയാണ് തിക്കോടി കടപ്പുറം. വേലിയിറക്കമാണ്. അതുകൊണ്ട് കടപ്പുറത്തിനു വീതിയുണ്ട്. ശാന്തമാണ് കടൽ. വലിയ തിരകളില്ല. കടലിൽ ഇടയ്ക്കിടയ്ക്ക് പൊങ്ങിനിൽക്കുന്ന പാറക്കെട്ടുകളുണ്ട്. 

ഉറപ്പുള്ള മണൽപരപ്പ് കൗതുകമാണ്. ഇതിലെ നാലു കിലോമീറ്ററോളം കാറോടിച്ചുപോവാമെന്ന് നാട്ടുകാരനായ അഷ്റഫ് പറഞ്ഞു. തിക്കോടിയിൽ ഇങ്ങനെയൊരു ഡ്രൈവ്ഇൻബീച്ചുണ്ടെന്ന് പുറത്ത് അധികമാർക്കുമറിയില്ലത്രേ. അതുകൊണ്ട് ഞായറാഴ്ചകളിലും മറ്റും നാട്ടുകാരുടെ തിരക്കാണിവിടെയെന്നും അഷ്റഫ് പറഞ്ഞു.തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ അങ്ങകലെ തിക്കോടി ലൈറ്റ്ഹൗസ് കാണാം. കടലിനുനടുക്ക് വെള്ളിയാങ്കല്ലും കാണാമത്രേ.

thikkodi-drive-in-beach3

∙ സന്ദർശകർ വരുമോ?

കടപ്പുറത്ത് അധികം ആൾത്തിരക്കില്ല. നാലോ അഞ്ചോ കാറുകൾ തിരയോടു മത്സരിച്ച് ഓടിക്കൊണ്ടിരിക്കുന്നു. കടപ്പുറത്ത് തിരയിൽമുഖം നോക്കിയിരിക്കുന്ന ദേശാടനപ്പക്ഷികൾ. അവയ്ക്കിടയിലൂടെ അകലെനിന്നാരോ ഒരു ബുള്ളറ്റോടിച്ചുവരുന്നുണ്ട്.അൽപം മാറി നല്ലൊരു കാറ്റാടിമരക്കൂട്ടവുമുണ്ട്.

ഇപ്പോഴും തിക്കോടി ഒരു നാട്ടിൻപുറമാണ്. അതുകൊണ്ടുതന്നെ വലിയ ഹോട്ടലുകളോ ഭക്ഷണസൗകര്യങ്ങളോ കുറവാണ്. കിട്ടാവുന്നതുകൊണ്ടു തൃപ്തിപ്പെടണമെന്നു മാത്രം.

∙ കാഴ്ചകൾ ബാക്കിയാവുന്നു...

തിക്കോടിയിലെ ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിന് ഒരു വിനോദസഞ്ചാര പദ്ധതി കഴിഞ്ഞ ദിവസം എംഎൽഎ പ്രഖ്യാപിച്ചിരുന്നു. 90 ലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിയാണ്. വാക്ക്‌വേയും ഫുഡ്കോർട്ടുമൊക്കെ എന്നെങ്കിലും വരുമായിരിക്കും. 

തിരികെ വരുമ്പോൾ മനസിലോർത്തത് പ്രകൃതി മനുഷ്യർക്കായി ഒളിച്ചുവയ്ക്കുന്ന കൗതുകക്കാഴ്ചകളെക്കുറിച്ചാണ്. ഇനിയെത്ര കാഴ്ചകൾ ഈ ജീവിതയാത്രയിൽ കണ്ടുതീർക്കാനുണ്ട്.

English Summary: Thikkodi drive-in beach in Kozhikode

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA