ADVERTISEMENT

നേരം വെളുത്ത് പത്തുമണിയായിട്ടും സൂര്യന്റെ പൊടിപോലുമില്ലാതെ ഇരുണ്ടുമൂടിക്കിടക്കുകയാണ്. പെയ്യണോ വേണ്ടയോ എന്നലോചിച്ച്  കാര്‍മേഘങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നു. മേപ്പാടിക്കടുത്ത് കാരാളന്‍ കോട്ട എന്നൊരു മലയുണ്ട്. പേരുകേട്ടപ്പോള്‍ത്തന്നെ അവിടെ ഒന്നു പോകണമെന്നു കരുതിയതാണ്. മേപ്പാടിയിലുള്ള സുഹൃത്ത് ലെനിനും ഒപ്പം വരാമെന്ന് പറഞ്ഞിരുന്നു. 

9

ലെനിനെയും കൂട്ടി കാരാളന്‍ കോട്ടയിലേക്കു വണ്ടി വിട്ടപ്പോഴും മഴക്കാറുകള്‍ കനംതൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. വഴി കൃത്യമായി അറിയാത്തതിനാല്‍ മുക്കംകുന്നിലുള്ള ലെനിന്റെ സുഹൃത്ത് ഐമേഷിനെ ഫോണ്ൽ വിളിച്ചു. അവനോട് ഒരു സ്ഥലം വരെ പോകാനുണ്ടെന്നും പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി നില്‍ക്കാനും പറഞ്ഞു. എവിടോക്കോ പോകാനുള്ള തയാറെടുപ്പിലായിരുന്ന ഐമേഷ് ആദ്യം വരാന്‍ കൂട്ടാക്കിയില്ല. ലെനിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വരാമെന്നായി. പത്തിരുപത് മിനിറ്റ് കൊണ്ട് ഐമേഷിന്റെ വീടിനടുത്തെത്തി. റോഡില്‍ വണ്ടി നിര്‍ത്തി വീണ്ടും ഐമേഷിനെ വിളിച്ചു. കൈലിമുണ്ട് ഉടുത്ത് ഐമേഷ് റോഡിലേക്കു വന്നു. 

‘കേറ്’ ലെനിന്‍ പറഞ്ഞു.

‘എങ്ങോട്ടാ?’ ഐമേഷ് ചോദിച്ചു

‘കാരാളന്‍ കോട്ടയില്‍ പോകാം’ ‘എന്റെ പൊന്നേ ഞാനില്ല. അവടെ മുഴുവന്‍ അട്ടയായിരിക്കും’ ഐമേഷ് പറഞ്ഞു. ഉച്ചയ്ക്ക് എവിടേക്കോ പോകാനുണ്ടെന്നു പറഞ്ഞ് അവന്‍ തിരിച്ചുപോകാന്‍ തുടങ്ങി. ‘എങ്കില്‍ നീ അങ്ങോട്ടേക്കുള്ള വഴിയൊന്നു കാണിച്ചിട്ട് തിരിച്ച് പോര്’ ലെനിന്‍ പറഞ്ഞു. 

6

അതു സമ്മതിച്ച ഐമേഷ് വണ്ടിയില്‍ കയറി. കുറച്ചു ദൂരം മുന്നോട്ടു പോയി ഒരു സ്ഥലത്ത് വണ്ടി ഒതുക്കിവച്ചു. മണ്‍പാതയിലൂടെ നടക്കാന്‍ തുടങ്ങി. വഴി ഒരു വീട്ടുമുറ്റത്ത് അവസാനിച്ചു. വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നില്ല.

‘ഒരുപാടുകാലമായി ഇവിടെ വന്നിട്ട് വഴി മറന്നുപോയി. ഇതിലെയെതിലെയോ ഒരു ഇടവഴിയുണ്ട്. അതിലെയാണ് പോകേണ്ടത്’ ഐമേഷ് പറഞ്ഞു. എങ്ങോട്ടാണ് പോകേണ്ടതന്നറിയാതെ തെക്കോട്ടും വടക്കോട്ടും നോക്കി നില്‍ക്കുമ്പോള്‍ ഒരാള്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു വരുന്നത് കണ്ടു. 

8

‘ചേട്ടാ കാരാളന്‍ കോട്ടയിലേക്ക് പോകുന്ന വഴിയേതാ’ ഐമേഷ് ചോദിച്ചു‘മലയാലം അറിയില്ല സേട്ടാ’ അയാള്‍ പറഞ്ഞു.

‘കാട്ടില്‍ പോയാലും ബംഗാളികളാണല്ലോ ദൈവമേ’ ഐമേഷ് പറഞ്ഞു. വീടും പറമ്പും നോക്കാന്‍ നിര്‍ത്തിയ ബംഗാളിയാണെന്ന് തോന്നുന്നു. ‘കരാളന്‍കോട്ട കിതര്‍ ഹെ’ അറിയാവുന്ന ഹിന്ദിയില്‍ ഐമേഷ് ചോദിച്ചു

7

‘മലയാലം അറിയില്ല സേട്ടാ’ ബംഗാളി പറഞ്ഞു. ‘എടോ തന്നോട് ഹിന്ദിയിലല്ലേ ചോദിച്ചത്, കാരാളന്‍ കോട്ട കിതര്‍ ഹെ’ ഐമേഷ് വീണ്ടും ചോദിച്ചു‘സീതാ ജാവോ സീതാ ജാവോ’ എന്ന് പറഞ്ഞ് അയാള്‍ വീടിന്റെ ഒരുവശത്തുകൂടിയുള്ള വഴിയിലേക്ക് കൈ ചൂണ്ടി. 

അയാള്‍ കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒരു ഇഞ്ചിത്തോട്ടത്തില്‍ വഴി തീര്‍ന്നു. മലമുകളിലേക്ക് എന്തായാലും ഇതുവഴി പോകാന്‍ സാധിക്കില്ലെന്നുറപ്പായി. ബംഗാളി പറ്റിച്ചു. പോയ വഴിയേ തിരിച്ചു നടന്ന് വീട്ടുമുറ്റത്തെത്തി. ബംഗാളിയുടെ പൊടിപോലുമില്ല. കുറച്ചകലെയുള്ള മറ്റൊരു വീട്ടിലെത്തി വഴി ചോദിച്ച് മനസ്സിലാക്കി നടക്കാന്‍ തുടങ്ങി. ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുപോകാവുന്ന ഇടവഴിയായിരുന്നു അത്. കുറച്ചു ദൂരം ചെന്നപ്പോള്‍ കുത്തനെയുള്ള കയറ്റം തുടങ്ങി. വന്‍ മരങ്ങള്‍ക്കിടയിലൂടെ കയറിപ്പോകുന്ന, കല്ലുകള്‍ നിറഞ്ഞ വലിയ കയറ്റം. മല പകുതിയോളം കയറിയപ്പോള്‍ ആദ്യത്തെ അട്ട കടിച്ചത് എന്റെ കാലിലായിരുന്നു. കാപ്പിച്ചെടിയുടെ ഇല മുറിച്ചെടുത്ത് അട്ടയെ പറിച്ചെടുത്തു കളഞ്ഞു. അട്ട കടിച്ചിടത്തുനിന്നു ചോര പൊടിയാന്‍ തുടങ്ങി. വേറെയും അട്ടയുണ്ടോ എന്ന് പരതുന്നതിനിടെ ‘അയ്യോ’ എന്ന നിലവിളി കേട്ടു നോക്കുമ്പോള്‍ തുള്ളിച്ചാടുന്ന ഐമേഷിനെയാണ് കണ്ടത്. ‘അട്ട അട്ട’ എന്ന് അവന്‍ വിളിച്ചു കൂവി. 

3

ഓടിയെത്തിയ ലെനിന്‍ ഐമേഷിന്റെ കാലില്‍നിന്ന് അട്ടയെ പറിച്ചുകളഞ്ഞു. 

‘ഒരട്ടയല്ലേ, നിന്റെ കരച്ചില് കേട്ടാ തോന്നും പാമ്പാന്ന്..’ ‘പാമ്പിനെ എനിക്ക് ഇത്രയും പേടിയില്ല. ഇനി ഞാനില്ല മുകളിലേക്ക്, നേരേ പോയാല്‍ മലയുടെ മുകളിലെത്താം. നിങ്ങള് പൊക്കോ. ഞാന്‍ തിരിച്ചു പോകുവാ.’ ഐമേഷ് പറഞ്ഞു 

അവനെ മടക്കിവിട്ടാല്‍ ഞങ്ങള്‍ കുടുങ്ങും. അതുകൊണ്ട് കൂടെ വരാന്‍ നിര്‍ബന്ധിച്ചു. ഒറ്റയ്ക്ക് ഇത്രയും ദൂരം തിരിച്ചിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അവനും  ആശയക്കുഴപ്പത്തിലായി.

2

‘ലെനിന്റെ ഫോണ്‍ വന്നാല്‍ ഉറപ്പാ, അത് എന്തെങ്കിലും എടങ്ങാറ് കേസാരിക്കും. ഇവന്റെ കൂടെ എറങ്ങിയാല്‍ അന്നത്തെ ദിവസം പോക്കാ.’ ഐമേഷ് പറഞ്ഞു. 

4

പെട്ടെന്നാണ് ആര്‍ത്തലച്ച് മഴ വന്നത്. മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ എല്ലാവരും കുടയെടുത്തിരുന്നു. പക്ഷേ കുട വണ്ടിയില്‍ത്തന്നെ സുരക്ഷിതമായി ഇരിക്കുകയാണെന്ന കാര്യം മഴത്തുള്ളി ദേഹത്തു വീണപ്പോഴാണ് ഓര്‍ത്തത്. ഐമേഷ് പറഞ്ഞു:സ‘മുകളിലേക്ക് ഓടാം കുറച്ചു ദൂരമേയുള്ളൂ. അവിടെ വീടുണ്ട്, കേറി നിക്കാം.’ 

നടന്നു കയറാന്‍ ബുദ്ധിമുട്ടിയ കയറ്റം പെരുമഴ നനഞ്ഞ് ഓടിക്കയറാന്‍ തുടങ്ങി. ഏതാനും ആദിവാസികള്‍ ഈ കുന്നിന്‍ മുകളില്‍ താമസിക്കുന്നുണ്ട്. അവരുടെ വീട്ടുവരാന്തയിലേക്കാണ് ചെന്നുകയറിയത്. ചെരുപ്പിലും പാന്റിലും പറ്റിപ്പിടിച്ച അട്ടയെ പറിച്ചു കളയുകയായിരുന്നു ആദ്യം ചെയ്തത്. ഞങ്ങള്‍ കയറിനിന്ന വീട്ടിലാരുമില്ല. തൊട്ടപ്പറുത്തെ വീട്ടില്‍ രണ്ടുമൂന്നു കുട്ടികള്‍ ഞങ്ങളെ നോക്കി നില്‍ക്കുന്നു. മലകയറാന്‍ വന്നതാണെന്നും മഴ തോര്‍ന്നാല്‍ പൊയ്‌ക്കൊള്ളാമെന്നും അവരോട് പറഞ്ഞു. മൂന്നാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനുള്ള വലുപ്പമേ വരാന്തയ്ക്കുണ്ടായിരുന്നുള്ളു. മഴ തകര്‍ത്തു പെയ്യുകയാണ്. ഉടനൊന്നും തോരുന്ന ലക്ഷണമില്ല. ഞങ്ങള്‍ വരാന്തയിലിരുന്നു. മൈക്രോ ഫിനാന്‍സ് കമ്പനിയിലെ ജോലിക്കാരനാണ് ഐമേഷ്. വാതോരാതെ സംസാരിക്കുന്ന ഐമേഷ് കഥകളുടെ ഭാണ്ഡക്കെട്ടഴിച്ചു. ‘ജോലിയൊക്കെയായി സെറ്റിലാകുമ്പോഴേക്കും കെട്ടാന്‍ പാകത്തിന് ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ പ്രേമിച്ചു. അവള്‍ടെ കല്യാണമായി. ഞാനിതുവരെ സെറ്റിലായില്ല.’ ഐമേഷ് പറഞ്ഞു ‘അപ്പോ കോഴിക്കോട് ഉണ്ടായിരുന്നതോ’ ലെനിന്‍ ചോദിച്ചു.

1

‘അതിന്റെ പുറകെ നടന്ന് എന്റെ അഞ്ചാറ് കൊല്ലം പോയി. കല്യാണമൊക്കെ ആലോചിച്ചു വീട്ടില്‍ ചെന്നതാണ്. അപ്പോ അവര് വലിയ കാശുകാരും മുന്തിയ ജാതിക്കാരും. അങ്ങനെ അതും തീരുമാനമായി. വേറേം അവടേം ഇവടേം ഒക്കെ ഓരോന്നുണ്ടായിരുന്നു. അവരൊക്കെ ഇപ്പോ നല്ല നിലയിലായി. നമ്മളിപ്പോളും ഈ പാച്ചില്‍ തന്നെ. വീടുവെക്കണമെന്നു കരുതി ലോണെടുത്ത് സ്ഥലം വാങ്ങി. ലോണടച്ച് നടുവൊടിഞ്ഞു. ഇനി വീടുവെക്കാന്‍ എവിടന്ന് കാശൊണ്ടാക്കുമെന്നറിയില്ല. ഇതിനിടെ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഒരു ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതിയിട്ടു. ഇക്കാര്യം അടുത്ത സുഹൃത്തിനോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ അവന്‍ പോയി ബ്രാഞ്ച് തുടങ്ങിക്കളഞ്ഞു.’ 

ഒരു കഥയില്‍നിന്നു മറ്റൊരു കഥയിലേക്ക് തുടര്‍ച്ച നഷ്ടപ്പെടാതെ ഐമേഷ് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ‘ജോലി ഭാരം താങ്ങാന്‍ വയ്യാതെ കുറച്ചു ദിവസം ലീവ് കിട്ടാന്‍ വേണ്ടി എങ്ങനെയെങ്കിലും കോവിഡ് പിടിക്കട്ടെയെന്നു കരുതി നടന്നതും ഒടുവില്‍ കോവിഡ് പിടിച്ച് അനങ്ങാന്‍ വയ്യാതെ കിടന്നപ്പോള്‍ മരിച്ചുപോകുമോ എന്നു പേടിച്ചതും പറഞ്ഞു. വന്‍മരങ്ങളുടെ ഇലത്തുമ്പുകളില്‍ തട്ടി മഴത്തുള്ളികള്‍ ചിതറിത്തെറിക്കുന്നപോലെ ഐമേഷ് സംസാരിക്കുകയാണ്. തുറന്നു സംസാരിക്കുന്ന മനുഷ്യരെ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. സംസാരിക്കുമ്പോഴല്ലേ ഓരോ മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് ആഴമേറുന്നത്. ബന്ധങ്ങളുണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും തുറന്ന സംസാരമാണെന്നു തോന്നി. സംസാരം മുറിയുമ്പോളല്ലേ ബന്ധങ്ങളും മുറിഞ്ഞുപോകുന്നത്.

മഴ അല്‍പമൊന്നു തോര്‍ന്നപ്പോള്‍ വീണ്ടും മലകയറാന്‍ തുടങ്ങി. അഞ്ചാറ് ചുവട് വച്ചപ്പോഴേക്കും ഐമേഷിന്റെ കാലില്‍ വീണ്ടും അട്ട കടിച്ചു. അട്ടയെ പറിച്ചു കളഞ്ഞ് ഐമേഷ് വീട്ടുവരാന്തയിലേക്ക് തിരിച്ചോടി. ‘നിങ്ങള്‍ പൊയ്‌ക്കോ ഞാനില്ല‘. അവന്‍ തീര്‍ത്തു പറഞ്ഞു. പിന്നെ അവനെ നിര്‍ബന്ധിക്കാന്‍ നിന്നില്ല. ഞങ്ങള്‍ മലയുടെ മുകളിലേക്ക് നടന്നു.

കാട്ടുവഴിയേ ചെടികള്‍ വകഞ്ഞുമാറ്റി ചെന്നു കയറിയത് ചരിഞ്ഞ വിശാലമായ ഒരു പാറയുടെ മുകളിലേക്കാണ്. അങ്ങു താഴെ പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍ പറന്നുപോകുന്നു. മഴപെയ്ത് തോര്‍ന്നതിനാല്‍ പാറയില്‍ വെള്ളമൊഴുകുന്നുണ്ട്. വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വച്ചത്. തെന്നിയാല്‍ ചരിഞ്ഞ പാറയിലൂടെ ചെങ്കുത്തായ മലയടിവാരത്തേക്ക് പാറിപ്പോകും. വമ്പന്‍ കല്ലുകള്‍ കുത്തിയും ചാരിയും ചരിച്ചുമെല്ലാം വച്ചിരിക്കുയാണ് ഇവിടെ. ചില പാറകള്‍ കണ്ടാല്‍ ഏതോ ശില്‍പി കൊത്തിവച്ചതുപോലെ  തോന്നും. ചില പാറകളില്‍ വെള്ളയും മെറൂണും നിറമുള്ള പായല്‍ പറ്റിപ്പിടിച്ചിരിക്കുന്നു. പാറയുടെ മേല്‍ പെയിന്റടിച്ച് പൂര്‍ത്തിയാക്കാതെ പോയതുപോലെയുണ്ട്.  പാറകള്‍ക്കിടയില്‍ മരങ്ങളും വളര്‍ന്നുനില്‍ക്കുന്നു. മലയടിവാരത്തുനിന്നു കോടകയറി വരുന്നുണ്ട്. ഇടയ്ക്കിടെ തണുത്ത കാറ്റ് പാഞ്ഞു പോകുന്നു. 

പുല്‍നാമ്പുകളിലെല്ലാം ചെറുമഴത്തുള്ളികള്‍ മുത്തുമണിപോലെ തൂങ്ങിനില്‍ക്കുകയാണ്. എങ്ങനെയാണ് പ്രത്യേക ആകൃതിയിലുള്ള കൂറ്റന്‍ പാറകള്‍ ഇവിടെ വന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. കാരാളന്‍ കോട്ട എന്ന പേരുവന്നതിനെക്കുറിച്ചും അന്വേഷണം നടത്തിയെങ്കിലും വലിയ വിവരമൊന്നും ലഭിച്ചില്ല. ആദിവാസികളുടെ ആരാധനാമൂര്‍ത്തികള്‍ ഈ മലയിലുണ്ടായിരുന്നു എന്നുമാത്രമാണ് ലഭിച്ച അറിവ്. ഒരുപക്ഷേ ഏതെങ്കിലും മൂര്‍ത്തിയുടെ പേരായിരിക്കാം കാരാളൻ. സ്വകാര്യ എസ്റ്റേറ്റിലൂടെയാണ് കാരാളന്‍ കോട്ടയിലേക്ക് പോകുന്നത്. ആദിവാസികളുടെ വീടു കഴിഞ്ഞാന്‍ പിന്നീടങ്ങോട്ട് വനമാണ്. ആകെ മൂന്നു കുടുംബങ്ങളേ ഇവിടെ താമസമുള്ളൂ.  കല്‍പറ്റയില്‍നിന്നു മുട്ടില്‍ -തൃക്കൈപ്പറ്റ വഴിയാണ് കാരാളന്‍ കോട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നത്. അങ്ങുദൂരെ നീണ്ടുകിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ ഉറുമ്പുകളെപ്പോലെ നീങ്ങുന്നു. നെല്‍പാടങ്ങളിലെല്ലാം മനോഹരമായ പച്ചപ്പ് പടര്‍ന്നിരിക്കുന്നു. അതിനുമപ്പുറം കാരാപ്പുഴ ഡാമിന്റെ നീലജലാശയം. 

ഇലത്തുമ്പുകളില്‍ മഴത്തുള്ളികള്‍ തൂങ്ങിനില്‍ക്കുന്ന പുല്‍ച്ചെടികള്‍ക്കിടയിലൂടെ നടന്നു. ചരിഞ്ഞു നില്‍ക്കുന്ന വലിയൊരു പാറയുടെ ചുവട്ടില്‍ ചെന്നുനിന്ന് കണ്ണെത്താ ദൂരത്തേക്ക് നോക്കി. കാരാളന്‍ കോട്ടയിലേക്ക് പ്രദേശവാസികളല്ലാതെ മറ്റാരും കയറിവരാറില്ല. അതുകൊണ്ടായിരിക്കാം ഒരു പുല്‍നാമ്പുപോലും ചവിട്ടിമെതിക്കപ്പെട്ടിട്ടില്ല. ചെറുചെടികളില്‍ പലനിറത്തിലുള്ള, ഇതിന് മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത പൂക്കള്‍. വെളുപ്പും വയലറ്റും നിറങ്ങളുള്ള പൂക്കളിലാകെ മഴത്തുള്ളി കിന്നരിച്ചുകൊണ്ടിരിക്കുന്നു. 

‘ലെനിനേ’ എന്നുള്ള വിളികേട്ട് നോക്കുമ്പോള്‍ ഐമേഷ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

‘നീ പോയില്ല’ -ലെനിന്‍ ചോദിച്ചു ‘ഇല്ല, അട്ടയെവിടെ? കൊല്ലും ഞാന്‍ എല്ലാത്തിനേം’ അവന്‍ പറഞ്ഞു

കയ്യില്‍ ഒരു പൊതി ഉപ്പുമായാണ് അവന്റെ വരവ്. അവിടെയുണ്ടായിരുന്ന ഒരു വീട്ടില്‍നിന്നാണ് ഉപ്പ് സംഘടിപ്പിച്ചത്. ഉപ്പുപൊടി കാലിലാകെ വാരിപ്പൊത്തി. ഇതിനിടെ അട്ട കടിച്ച് കാല്‍പാദത്തില്‍ അങ്ങിങ്ങായി ചോര പൊടിയുന്നുണ്ടായിരുന്നു. ഷൂസിട്ടതിനാല്‍ ലെനിനെ അട്ടശല്യം ബാധിച്ചില്ല. ഉപ്പുകിട്ടിയതോടെ ഐമേഷിന് ധൈര്യമായി. അവന്‍ തന്നെ മുന്നില്‍ നടക്കാന്‍ തുടങ്ങി. 

മഴക്കാലം മാറിയാല്‍ അട്ടശല്യം കുറയുമെന്ന് അവന്‍ പറഞ്ഞു. ‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നു. ഇപ്പോള്‍ അധികമാരും വരാറില്ല. ഒരുകണക്കിന് അതാ നല്ലത്. ഈ ഭംഗി ഇങ്ങനെ തന്നെ നിലനില്‍ക്കും’ – ഐമേഷ് പറഞ്ഞുനിര്‍ത്തി. കറുത്തിരുണ്ട മേഘങ്ങള്‍ അങ്ങുദൂരെ നിന്നു പതിയെ ഒഴുകിവരുന്നുണ്ടായിരുന്നു. അടുത്ത മഴയ്ക്കു മുന്‍പേ മലയിറങ്ങുന്നതാണ് നല്ലതെന്ന് തോന്നിയതിനാല്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. കാല്‍പാദത്തില്‍ വീണ്ടും ഉപ്പുതേച്ചു. അട്ടകടിച്ചിടത്തെല്ലാം നീറുന്നുണ്ടായിരുന്നു. ഒരുതരം സുഖമുള്ള നീറ്റല്‍.

 

English Summary: Wonderful journey to the Green Paradise of Kerala wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com