വേറിട്ട വഴിയിലൂടെ വാഗമണ്ണിലേക്ക്; മാർമല വെള്ളച്ചാട്ടം കാണാം

marmala-waterfalls6
SHARE

നേരിയ ചാറ്റൽമഴ കൊള്ളുന്ന പ്രതീതിയാണ് ആ പാറകൾക്കു മുകളിൽ കയറിനിന്നാൽ.  മഴയുടെ ആലിംഗനമല്ലിത്. ഒരു വെള്ളച്ചാട്ടത്തിന്റേതാണ്. മാർമല വെള്ളച്ചാട്ടം കാറ്റുമായി ചേർന്ന് നിങ്ങളെ പൊതിയും. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ ഉദ്ഭവം തേടിപ്പോകുമ്പോൾ മാർമല എന്ന ഈ ചെറുവെള്ളച്ചാട്ടത്തിലൊന്നു നനയാതെ പോകാനാകില്ല. ചെറുതാണ്. മനോഹരമാണ്. അതിലേറെ അപകടകാരിയുമാണ് മാർമല. വാഗമണ്ണിലേക്കുള്ള സ്ഥിരം വഴിയിൽനിന്നു മാറിയൊരു യാത്രയിലാണു മാർമല മുന്നിലെത്തുന്നത്. 

marmala-waterfalls5

വാഗമണിലേക്ക് വെള്ളിക്കുളം വഴിയുള്ള റൂട്ടിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇരുവശത്തും റബർ എസ്റ്റേറ്റുകളുള്ള സുന്ദരൻ വഴി. ഏകാന്ത യാത്രകൾക്ക് ഈ റൂട്ട് ഏറെ യോജിക്കും. കാരണം നിറഞ്ഞ പച്ചപ്പല്ലാതെ മറ്റൊന്നും ഈ വഴികളിലില്ല. റബർ വെട്ടിയിടത്തൊക്കെ പ്രകൃതി പച്ചപ്പുതപ്പുകൊണ്ടു നഗ്നത മറയ്ക്കുന്നുണ്ട്. ഉഗ്രൻ വ്യൂ പോയിന്റുകളാണിവ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനിടയിൽ ഒന്നിലധികം വെളളച്ചാട്ടങ്ങളുണ്ട്. അധികം സാഹസികത കാണിക്കാതെ പുഴയിൽ ഇറങ്ങിക്കുളിക്കാം. 

ഈരാറ്റുപേട്ടയിൽ നിന്നും പത്തുകിലോമീറ്റർ ദൂരമുണ്ട് മാർമലയിലേക്ക്. തീക്കോയിൽ നിന്ന് മംഗളഗിരി വഴി മാർമലയിലെത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമായിട്ടുള്ള അരുവിയാണ് വെള്ളച്ചാട്ടം. വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്യണം വേറെ പാർക്കിംഗ് എരിയ ഒന്നുമില്ല. സെക്യൂരിറ്റിയുമില്ല. 

marmala-waterfalls1

റോഡ് മാർമലയിലേക്കുള്ള ഒറ്റയടിപ്പാതയിൽ അവസാനിക്കുന്നു. അവിടെനിന്നു നോക്കുമ്പോൾ മാർമല വെള്ളച്ചാട്ടം ഏതോ മല ചുരത്തുന്ന നറുംപാൽപോലെ പതഞ്ഞു ചാടുന്നുണ്ട്. 

വെള്ളചാട്ടത്തിലേക്ക് ഒരു ഒറ്റയടിപ്പാതയാണുള്ളത്. അതും സ്വകാര്യ എസ്റ്റേറ്റുകളിലൂടെ.  സൂക്ഷിച്ചുനടക്കണം. നല്ല വെള്ളമുള്ള സമയത്ത് ഇവിടെ ഒഴുക്കുണ്ടാകും. ആ സമയത്താണ് വരുന്നതെങ്കിൽ കുറച്ചുകൂടി കരുതലോടെ വേണം ഇവിടേയ്ക്കെത്താൻ.  

marmala-waterfalls3

മീനച്ചിലാറിന്റെ തുടക്കങ്ങളിലൊന്നാണ് ഈ വെള്ളച്ചാട്ടം ഉൾക്കൊള്ളുന്ന ചെറിയ അരുവി. പാറകളും വൻമരങ്ങളും ചെറു കുഴികളും ചതിക്കുഴികളുമുള്ള മാർമല അരുവിപ്രദേശത്തുകൂടി നടന്നു മുകളിലേക്കു കയറണം. അത്ര വലിയ കയറ്റമൊന്നുമല്ല. എങ്കിലും കുറച്ച് സാഹസീകമാണ് ഈ യാത്ര. തെന്നാതെ നോക്കുക എന്നതിലാണ് സാഹസമിരിക്കുന്നത്. 

മാർമലയുടെ അരികിലേക്കെത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ഹുംകാരം കേൾക്കും, സ്വാഭാവികം. അപ്പോൾതന്നെ ബാഗും മറ്റും എവിടെയെങ്കിലും സൂക്ഷിച്ചുവയ്ക്കുക. കാരണം ഇനി ഒരു മഴ കൊള്ളാനാണു നമ്മൾ പോകുന്നത്.  

marmala-waterfalls

മാർമലയിലെ വെള്ളം കാറ്റു പറത്തിവിടുന്ന ദുപ്പട്ടയെന്നപോലെ നമ്മുടെ ദേഹത്തേക്കു വന്നുമൂടും.  ആകെയൊന്നു നനയും. വെള്ളച്ചാട്ടത്തിൽ ഇറങ്ങമെന്നു തോന്നുമെങ്കിലും അത്തരം സാഹസികത വേണ്ട എന്നാണു പറയാനുള്ളത്. ചെറിയ തടമാണെങ്കിലും ആഴമുണ്ടെന്നു നാട്ടുകാർ പറയുന്നു. മാത്രമല്ല, ചതിക്കുഴികളുമുണ്ട്. അതുകൊണ്ട് അടുത്തുനിന്നു കണ്ട് ജലാലിംഗനമാസ്വദിച്ച് തിരികെപ്പോരാം.   

ഇനി വരത്തന്റെ അങ്ങാടിയിലേക്കുള്ള വഴിയിലൂടെ നമുക്കു വാഗമണ്ണിലേക്കു പോകാം. മലയുടെ മുകളിലൂടെ, ചെറുവെള്ളച്ചാട്ടങ്ങളെ വലുപ്പത്തിൽ കണ്ടു കാറിനുള്ളിലേക്ക് ആവാഹിച്ച് അകലെ കാണുന്ന  വലിയ വെള്ളച്ചാട്ടങ്ങളെ മനസ്സിൽ പകർത്തിയും പോകാം.    പാലാ -ഈരാറ്റുപേട്ട- വെള്ളിക്കുളം -വാഗമൺ. ഇങ്ങനെയാണ് ആ വഴി.  നാടൻ വഴി.  ഇവിടെ കുറച്ചു ജനവാസമുണ്ട്. എങ്കിലും ഏറക്കുറെ നമ്മൾ മാത്രമായിരിക്കും ആ പാതയിൽ.  വരത്തൻ സിനിമയിലെ ഒരു ചെറിയ അങ്ങാടിയാണു വെള്ളിക്കുളം. അവിടേക്കു ചെന്നു കയറിയശേഷം സാധാരണ റൂട്ടിലൂടെ വാഗമണ്ണിലേക്കു പോകാം. 

English Summary: Marmala waterfalls a hidden natural gem in Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA