ADVERTISEMENT

അധികം സിനിമകളില്‍ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് അദിതി രവി. ഗായകന്‍ സിദ്ധാര്‍ഥ് മേനോനുമൊത്ത് അഭിനയിച്ച 'യെലവ്' എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് അദിതി പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്. പിന്നീട് അലമാര, ഉദാഹരണം സുജാത, കുട്ടനാടൻ മാർപ്പാപ്പ, ആദി, ലവകുശ തുടങ്ങിയ ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. ഈയിടെ അദിതി നായികയായി അഭിനയിച്ച്, യുട്യൂബില്‍ റിലീസായ 'എന്‍റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിം വന്‍ ഹിറ്റായിരുന്നു. 

ഇപ്പോഴിതാ, വാഗമണ്‍ യാത്രയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അദിതി. വയലറ്റ് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ്, കയ്യില്‍ പിങ്ക് കുടയും ചൂടി നില്‍ക്കുന്ന അദിതിയെ ചിത്രത്തില്‍ കാണാം. ഇരുവശത്തും പുല്ലും കാടും നിറഞ്ഞ വഴിയാണ്. പിന്നില്‍ കോടമഞ്ഞിന്‍റെ കാഴ്ചയും കാണാം. 

ഈ വഴിയിലൂടെ നടക്കുന്ന ഒരു വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും അദിതി പങ്കുവച്ചിട്ടുണ്ട്. ഏതു സഞ്ചാരിയും മോഹിപ്പിക്കുന്ന കാഴ്ചകളാണ് വാഗമണ്ണില്‍ കാത്തിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്‍റെ ലോകത്തിലെ മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ട വാഗമണ്ണിന്‍റെ കുളിരൂറുന്ന കാലാവസ്ഥയും മലനിരകളും പ്രകൃതിസൗന്ദര്യവുമെല്ലാം ലോകപ്രശസ്തമാണ്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്ക് സ്വദേശികളും വിദേശികളും ഒരുപോലെ ഒഴുകിയെത്തുന്നു. 

vagamon

സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിലായതിനാല്‍ വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന തണുപ്പാണ് ഇവിടെ. സ്വര്‍ണ്ണവെയില്‍ കിരീടം ചാര്‍ത്തുന്ന തേയിലത്തോട്ടങ്ങളും പുൽത്തകിടികള്‍ നിറഞ്ഞ താഴ്വരകളും പൈൻ മരക്കാടുകളുമെല്ലാം ഈ മലനാടിന്‍റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. വാഗമണ്ണിനെ ആഗോള നിലവാരത്തിലുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, സർക്കാർ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിൽ വൻ വിനോദസഞ്ചാര പദ്ധതികൾ ആണ് ഇവിടെ ഒരുങ്ങുന്നത്. 

vagamon

English Summary: Aditi Ravi Shares Beautiful Vagamon Travel pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com