ADVERTISEMENT

കോഴിക്കോട്∙ ഉരുവാണ് ബേപ്പൂരിന്റെ മുഖമുദ്ര. ഇവിടെ നിർമിച്ച ഉരുക്കൾ അറബിക്കടൽ കടന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. ഇപ്പോഴും ബേപ്പൂരിലെ ഉരുനിർമാണം പ്രശസ്തമാണ്. 26ന് ആരംഭിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിലൂടെ സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തിലും ബേപ്പൂർ ഇടം കണ്ടെത്തുകയാണ്. ബേപ്പൂരിൽ ചാലിയാറിന്റെ തീരത്ത് ഉത്സവാന്തരീക്ഷമാകും ഇനിയുള്ള ദിവസങ്ങളിലുണ്ടാവുക. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണു മേള നടത്തുന്നത്.

സാഹസിക വാട്ടർ സ്പോർട്സ് ഇനങ്ങളും ഭക്ഷ്യമേളയും ഫ്ലീ മാർക്കറ്റുമൊക്കെയായി 4 ദിവസം നീളുന്ന ബേപ്പൂർ ജലമേള ബേപ്പൂർ മറീന ബീച്ചിലാണു നടത്തുക. ഇന്ത്യൻ നാവിക സേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യുറേറ്റർ. ജെല്ലിഫിഷ് വാട്ടർസ്പോർട്സ് ആണ് സാഹസിക വാട്ടർ സ്പോർട്സ് ഇനങ്ങൾ നടത്തുക. അഭിലാഷ് ടോമിക്കു പുറമേ ക്യാപ്റ്റൻ തൃഭുവൻ ജയ്‌സ്വാൾ, കേണൽ അലോക് യാദവ്, കേണൽ ഗൗതം ദത്ത, ക്യാപ്റ്റൻ വിവേക് ഷാൻബാഗ്, അരവിന്ദ് ശർമ എന്നീ സെയിലിങ് രംഗത്തെ പ്രമുഖരും മേളയിൽ പങ്കെടുക്കാനെത്തുമെന്നു സംഘാടകർ പറഞ്ഞു.

ഓളപ്പരപ്പിലെ പായ്‌വഞ്ചികൾ

പായ്‍വഞ്ചികളുടെ പടയോട്ടത്തിനാകും ജലമേള നടക്കുന്ന ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സെയിലിങ് റെഗാട്ടയിൽ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്റ്റാൻഡ് അപ്പ് പെഡലിങ്, ബാംബൂ റാഫ്റ്റിങ് എന്നീ ഇനങ്ങളിലും ജലകായികമത്സരങ്ങൾ നടത്തുണ്ട്. 27 മുതൽ 29 വരെയാണ് മത്സരങ്ങൾ. ഈ രംഗത്തെ പ്രഫഷനലുകളെ സംഘാടകർ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്കു റജിസ്റ്റർ ചെയ്ത ശേഷം പങ്കെടുക്കാനും സാധിക്കും. തദ്ദേശവാസികൾക്കായുള്ള ചൂണ്ടയിടൽ, വലവീശൽ, നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങളും ട്രഷർ ഹണ്ട് എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി നടക്കും. ദേശീയ കൈറ്റ് ഫ്ലയിങ്, കൈറ്റ് സർഫിങ്, ഫ്ലൈയിങ് ബോർഡ് ഡെമോ തുടങ്ങിയ പ്രദർശന ഇനങ്ങൾക്കു പുറമേ സമാപന ദിവസം ബേപ്പൂർ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളുടെ പരേഡും ഉണ്ടായിരിക്കും.

ഉത്സവമാക്കാൻ ബേപ്പൂർ

ടൂറിസം മേഖലയുടെ കുതിപ്പാണ് സർക്കാർ ജലമേളയിലൂടെ ലക്ഷ്യമിടുന്നത്. മേളയുടെ ഭാഗമായി മലബാറിലെ ആദ്യത്തെ ചുരുളൻ വള്ളം കഴിഞ്ഞദിവസം നീറ്റിലിറക്കിയിരുന്നു. ഉദ്ഘാടന- സമാപന ദിവസങ്ങളിൽ വൈകിട്ട് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ടീം നടത്തുന്ന സർച്ച് ആൻഡ് റസ്‌ക്യു ഓപ്പറേഷന്റെ പ്രദർശനവും നാവിക കപ്പലുകളുടെ ദീപാലങ്കാരവും ഉണ്ടാകും.

Beypore-Water-Fest
ബേപ്പൂർ വാട്ടർ ഫെസ്റ്റിനു മുന്നോടിയായി ബേപ്പൂർ ബീച്ചിൽ ഒരുക്കിയ മണൽശിൽപം

കെഎച്ച്ആർഎ, കേറ്റഴ്സ്, ബേക്കേഴ്സ് അസോസിയേഷനുകളുടെയും ഇന്ത്യൻ കോഫി ഹൗസ്, കുടുംബശ്രീ, തുടങ്ങിയ സ്ഥാപനങ്ങളും ചേർന്നു കോഴിക്കോടിന്റെ തനതു രുചിവൈഭവങ്ങൾ ഉൾപ്പെടുത്തിയ മെഗാ ഫുഡ് ഫെസ്റ്റിവലും ഇതിനൊപ്പം നടത്തും. സർഗാലയ, ഉറവ്, കിർത്താഡ്‌സ് തുടങ്ങിയവർ ചേർന്നു നടത്തുന്ന ഫ്ലീ മാർക്കറ്റും കോഴിക്കോടിനു നവ്യാനുഭവമാകും.

ഫെസ്റ്റിന്റെ ഭാഗമായി ഹെറിറ്റേജ് വോക്, ഗസൽ, മണൽശിൽപനിർമാണം, സമൂഹമാധ്യമങ്ങളിലെ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രമോഷനുകൾ നടത്തിക്കഴിഞ്ഞു.

4 ദിവസം, വൈവിധ്യമാർന്ന പരിപാടികൾ

26ന് രാവിലെ സിനിമാതാരം മമ്മൂട്ടിയാണ് ഓൺലൈനിൽ മേള ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മേളയുടെ ഭാഗമായി രാവിലെ കോഴിക്കോട് ബീച്ചിൽ സൈക്കിൾ റൈഡ് നടത്തും. വൈകിട്ട് 3ന് ബേപ്പൂർ റിവർ ട്രാക്കിൽ ഡിങ്കി ബോട്ടുകളുടെ റേസിങ്. 4.15ന് നാടൻവള്ളങ്ങളുടെ ട്രഷർഹണ്ട്. തുടർന്ന് വലവീശൽ മത്സരം.

waterfest
ബേപ്പൂർ വാട്ടർഫെസ്റ്റിനായി വേദികൾ ഒരുക്കുന്നു.

27ന് ഉച്ചയ്ക്ക് 12 മുതൽ കയാക്കിങ് ഉൾപ്പെടെയുള്ള മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4ന് കൈറ്റ് ഫെസ്റ്റിവൽ ഉദ്ഘാടനം. എല്ലാ ദിവസവും വൈകിട്ട് 3 മുതൽ രാത്രി 9 വരെ ഫ്ലീ മാർക്കറ്റും ഭക്ഷ്യമേളയും ഉണ്ടാകും. 28ന് ഉച്ചയ്ക്ക് 2 മുതൽ ബീച്ച് മൈതാനത്തു നാഷനൽ കൈറ്റ് ഫെസ്റ്റിവൽ. 29ന് രാവിലെ 10 മുതൽ ബാംബു റാഫ്റ്റിങ് മത്സരം. വൈകിട്ട് 5ന് ബേപ്പൂർ ഫിഷിങ് ഹാർബർ മുതൽ പുലിമുട്ട് വരെ ബോട്ട് പരേ‍ഡ്. സിനിമാ താരം മഞ്ജു വാരിയരാണ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

English Summary: Beypore Water Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com