ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ തെല്ലൊന്നു പുറകോട്ടു വലിക്കുമെങ്കിലും കുടുക്കത്തുപാറ കാഴ്ചയിൽ അതിസുന്ദരിയാണ്. പ്രകൃതിയെ അടുത്തറിയണമെന്നുള്ളവർ ഉറപ്പായും സന്ദർശിക്കണം ഇവിടം. സസ്യജാലങ്ങളും ചിത്രശലഭങ്ങളും മഞ്ഞിന്റെ ആവരണവും പേരു സൂചിപ്പിക്കുന്നതു പോലെ നിറയെ പാറക്കൂട്ടങ്ങളും ചേരുമ്പോൾ കുടുക്കത്തുപാറയാകും. 

എവിടെയാണ് കുടുക്കത്തുപാറ?

കൊല്ലം ജില്ലയിലെ അലയമൺ എന്ന സ്ഥലത്തെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ മുകളിലായി മൂന്നു പാറകൾ ചേർന്ന കുടുക്കത്തുപാറ. മലമുകളിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനായി സഞ്ചാരികൾക്കു 740 മീറ്റർ ഉയരത്തിൽ വരെ കയറാൻ കഴിയും. ആനക്കുളം കാട്ടിലൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുടുക്കത്തുപാറയിൽ എത്തിച്ചേരാം. കെഎസ്ആർടിസിയുടെ ഹരിപ്പാട്, മാവേലിക്കര, ആലപ്പുഴ ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവീസുകളുണ്ട്. 

കുടുക്കത്തുപാറയിലെ കാഴ്ചകൾ 

പാറയുടെ മുകളിൽ എത്താനായി 360 കൽപ്പടവുകൾ കയറണം. പല വലുപ്പത്തിലും രൂപത്തിലുമുള്ള പാറകളും വീശിയടിക്കുന്ന കാറ്റും പുകച്ചുരുളുകൾ പോലെ ഉയരുന്ന മഞ്ഞും മുകളിൽ നിന്നുള്ള പ്രധാന കാഴ്ചയാണ്. പാറമുകളിൽ നിന്നുള്ള അസ്തമയ കാഴ്ചയും അവർണനീയം തന്നെയാണ്. 100 പടവുകൾ കയറി ചെല്ലുമ്പോൾ സായിപ്പിന്റെ ഗുഹ കാണാം. അല്പം വിശാലമായ ഉൾഭാഗമാണ് ഗുഹയ്ക്ക്. അഞ്ചുപേർക്ക്‌ വരെ ഇതിനുള്ളിൽ താമസിക്കാവുന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തു ഒരു സായിപ്പ്  വന്നു താമസിച്ചതു കൊണ്ടാണ് സായിപ്പ് ഗുഹ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. അടുക്കള പാറ എന്നു വിളിപ്പേരുള്ള ഒരു പാറയും ഇവിടെയുണ്ട്. രണ്ടു പാറകൾ താങ്ങി നിർത്തിയിരിക്കുന്നത് പോലെയാണ് പ്രധാന പാറ നിലകൊള്ളുന്നത്. വന്നെത്തുന്ന സന്ദർശകർ ഇവിടെ ഭക്ഷണം ഉണ്ടാക്കിയിരുന്നതു കൊണ്ടാണ് ഈ പാറയെ അടുക്കള പാറ എന്ന് പേരിട്ടു വിളിക്കുന്നത്. ഗന്ധർവൻ പാല, ആരോഗ്യ പച്ച തുടങ്ങി ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ കാണാവുന്നതാണ്. 

kudukkathupara1
Image from Shutterstock

പാറയുടെ മുകളിലേക്കു നടന്നു കയറുന്നതിനു പടവുകളും അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി സുരക്ഷാവേലികളും സ്ഥാപിച്ചിട്ടുണ്ട്. പടവുകൾ കയറി മുകളിൽ ചെല്ലുമ്പോൾ വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകളുമുണ്ട്.

വികസനം പ്രഖ്യാപനങ്ങളിൽ മാത്രം 

വികസനം എന്നതു വാക്കുകളിൽ മാത്രം ഒതുങ്ങി പോയതിന്റെ എല്ലാ ലക്ഷണങ്ങളും പേറിയാണ് കുടുക്കത്തുപാറ സഞ്ചാരികളെ വരവേൽക്കുന്നത്. തകർന്നു കിടക്കുന്ന പ്രധാന പാത യാത്ര അല്പം ബുദ്ധിമുട്ടിക്കും. സന്ദർശകർക്കു വിശ്രമിക്കാനോ ഭക്ഷണത്തിനോ അത്യാവശ്യ സന്ദർഭങ്ങളിൽ തുണയാകുന്നതിനു ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. സമീപത്തു സ്ഥിതി ചെയ്യുന്ന ചടയമംഗലം- ജടായുപാറ- തെന്മല ഇക്കോ ടൂറിസം പദ്ധതി- പാലരുവി വെള്ളച്ചാട്ടം എന്നിവയെ കുടുക്കത്തുപാറയുമായി ബന്ധിപ്പിച്ചാൽ ധാരാളം സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

English Summary: Kudukkathupara Eco tourism Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com