കുറഞ്ഞ ചെലവിൽ കാണാം കണ്ണൂരും കാസർകോടും; പാക്കേജുകൾ ഒരുങ്ങുന്നു

kannur-travel1
SHARE

കണ്ണൂർ ∙ പ്രകൃതിഭംഗികൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണംകൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കാവുന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ. ഈ കുറവു പരിഹരിക്കാനായി വിനോദസഞ്ചാര ഉത്സവത്തിന് ഒരുങ്ങുകയാണ് നാട്. കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ നൽകി വിനോദസഞ്ചാര പാക്കേജുകൾ ഇതിനായി സജ്ജമാക്കാൻ ആരംഭിച്ചു. സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും വിനോദസഞ്ചാരികളെ എത്തിച്ചിരുന്ന എയർഏഷ്യ മാതൃകയിലുള്ള പാക്കേജുകളാണ് കണ്ണൂരിലും തയാറാക്കുന്നത്. 

കണ്ണൂർ വിമാനത്താവള വികസനത്തിനായി നിരന്തരം ഇടപെടുന്ന കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കൂട്ടായ്മയാണ് ആശയം മുന്നോട്ടുവച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസത്തെ ആദ്യ വിമാനത്തിൽ അബുദാബിയിലേക്ക് യാത്ര ചെയ്തവരുടെ കൂട്ടായ്മയാണ് ‘ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി’. വിനോദസഞ്ചാര മേഖലയിലെ എല്ലാ സേവനദാതാക്കളെയും ഒരു കുടക്കീഴിൽ അണിനിരത്തി പാക്കേജുകൾ തയാറാക്കുന്നതിലൂടെ മികച്ച സേവനം ഉറപ്പുനൽകാൻ കഴിയുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നത് വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും സഹായിക്കും. രാജ്യാന്തര വിമാനത്താവളം വഴിയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇതുവഴി പുതുവർഷത്തിൽ 10 ശതമാനം വർധനവുണ്ടാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുതിച്ചുചാട്ടം കൂടുതൽ വിമാന സർവീസുകൾ കണ്ണൂർ വഴി തുടങ്ങാൻ വ്യോമയാന കമ്പനികൾക്ക് പ്രോത്സാഹനമാകും. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഭാവിയിൽ പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനും സഹായകമാകുമെന്നും കരുതുന്നു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളം വഴി രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാക്കേജ് ടൂറുകൾ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.

kannur-travel

ഉത്സവത്തിന് പിന്തുണയുമായി മുപ്പതോളം സംഘടനകൾ

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ദിശ, കേരള ചേംബർ ആൻഡ് ഇൻഡസ്ട്രീസ്, കണ്ണൂർ പ്രസ് ക്ലബ്, ടെക്സ്റ്റൈൽ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻ, കണ്ണൂരിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ വെയ്ക്, വാക്ക്,  പോസിറ്റീവ് കമ്യൂൺ, സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് കേരള(എസ്ഇടിഎകെ) തുടങ്ങി മുപ്പതോളം സംഘടനകളുടെ പങ്കാളിത്തമുള്ള വികസനക്കൂട്ടായ്മയായ കണ്ണൂർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ‘ഡെസ്റ്റിനേഷൻ കണ്ണൂർ’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലും പിന്തുണയുമായി ഒപ്പമുണ്ട്. 

മാർച്ച് 15 മുതൽ മേയ് 15 വരെയുള്ള ദിവസങ്ങളിലാണ് പാക്കേജുകൾ ലഭ്യമാകുക. ഇതിനായി ആരംഭിച്ച വെബ്സൈറ്റ് www.destinationkannur.com മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ട്രാവൽ ഏജൻസികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ, അക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, ഹോം സ്റ്റേ, റിസോർട്ടുകൾ എന്നിവയെയെല്ലാം ഒരുകുടക്കീഴിൽ അണിനിരത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കണ്ണൂർ ഡവലപ്മെന്റ് ഫോറം കോചെയർമാൻ സി.ജയചന്ദ്രൻ പറഞ്ഞു. 

ഡെസ്റ്റിനേഷൻ‌ കണ്ണൂർ വിനോദസഞ്ചാര ഉത്സവത്തിന് ജില്ലയിലെ 10 ടൂർ ഓപ്പറേറ്റർമാരെ ഒഫിഷ്യൽ പാർട്ണർമാരായി നിശ്ചയിച്ചതായി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പറഞ്ഞു. തെയ്യക്കാവുകൾ, തീരങ്ങൾ, മലയോരം, കണ്ണൂരിന്റെ ഭക്ഷണം, പുഴയാത്ര, വിവിധ ആചാര അനുഷ്ഠാനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കുന്ന തരത്തിൽ 10 പാക്കേജുകൾ തയാറാക്കാൻ ഇവരോടു നിർദേശിച്ചതായും ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഈ ദിവസങ്ങളിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന കാര്യം ഉറപ്പുനൽകുന്നതായി കണ്ണൂർ അക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ (കാപ്പ) ഭാരവാഹികൾ അറിയിച്ചു. 

ഡെസ്റ്റിനേഷൻ കണ്ണൂരിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന 10 പാക്കേജുകൾക്കു പുറമേ ദിവസങ്ങളിൽ മാറ്റം വരുത്തിയും ഭക്ഷണത്തിലെ വൈവിധ്യങ്ങൾ ഉറപ്പാക്കിയുമെല്ലാം വ്യത്യസ്തമായ പാക്കേജുകൾക്കായി ട്രാവൽ ഏജൻസികളെ ബന്ധപ്പെടാനും അവസരം ലഭിക്കും. രണ്ടുമാസത്തെ ടൂറിസം ഉത്സവത്തിനു തിരശ്ശീല വീഴുമ്പോഴേക്കും വടക്കേ മലബാർ രാജ്യാന്തര തലത്തിൽ സഞ്ചാരികൾ തിരയുന്ന ഇടമായി മാറ്റാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അഞ്ഞൂറിലേറെ ടൂർ ഓപ്പറേറ്റർമാർ വടക്കേ മലബാറിലേക്കെത്തും

വടക്കേ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകസഞ്ചാരികളെ ബോധ്യപ്പെടുത്താൻ രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന 500 ടൂർ ഓപ്പറേറ്റർമാരെ വടക്കേ മലബാറിൽ എത്തിക്കുമെന്ന് ടൂറിസം വകുപ്പ്  അഡീഷനൽ ചീഫ് സെക്രട്ടറിയും കിയാൽ മാനേജിങ് ഡയറക്ടറുമായ ഡോ. വി.വേണു പറഞ്ഞു. കേരളത്തിലെത്തുന്ന സഞ്ചാരികളിൽ ചെറിയൊരു ശതമാനം മാത്രമാണ് വടക്കേ മലബാറിൽ എത്തുന്നത്. ഇവരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽക്കൂടി എത്തിക്കണമെങ്കിൽ രാജ്യാന്തര ടൂർ ഓപ്പറേറ്റർമാർക്ക് ഈ ജില്ലകളിലെ വിനോദസഞ്ചാര സാധ്യതകൾ മനസ്സിലാക്കാൻ കഴിയണം. 

അതിനാണ് പരിചയപ്പെടുത്തൽ എന്ന (ഫാം ടൂർ) 500 ടൂർ ഓപ്പറേറ്റർമാരെ ഒരു വർഷത്തിനിടെ വിവിധ ഘട്ടങ്ങളായി വടക്കേ മലബാറിൽ എത്തിക്കുകയെന്ന് ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവും പറഞ്ഞു. വടക്കേ മലബാറിലെ വിനോദസഞ്ചാര സാധ്യതകൾ രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരെ പരിചയപ്പെടുത്താൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും പദ്ധതി തയാറാക്കിയിട്ടുണ്ട്.  ഡൽഹി, പുണെ, നോയ്ഡ, ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 60 ടൂർ ഓപ്പറേറ്റർമാരെ ജനുവരി രണ്ടാം വാരം കണ്ണൂരിൽ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇവരുമായി ചർച്ചകൾ നടത്തിയതായി ചേംബർ ടൂറിസം സബ് കമ്മിറ്റി ചെയർമാൻ കെ.കെ.രാധാകൃഷ്ണൻ പറഞ്ഞു.  കണ്ണൂരിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയും ടൂർ ഓപ്പറേറ്റർമാരെ പരിചയപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഡെസ്റ്റിനേഷൻ കണ്ണൂരിന്റെ ഭാഗമായി കണ്ണൂരിലേക്ക് ആഭ്യന്തര സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികൾ വഴി ടൂറിസം പാക്കേജ് ഉൾപ്പെടുത്തിയ ടിക്കറ്റ് ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്നു കിയാൽ സിഒഒ എം.സുഭാഷ് പറഞ്ഞു. ഇക്കാര്യത്തിൽ വിമാനക്കമ്പനികളുമായി പ്രാഥമിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡെസ്റ്റിനേഷൻ കണ്ണൂർ എന്നു പേരിട്ടിരിക്കുന്ന ആഘോഷത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ ഹോട്ടലുകളെയും പ്രധാന ടൂർ ഓപറേറ്റർമാരെയും പങ്കാളികളാക്കുമെന്നു വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവും പറഞ്ഞു.

സഞ്ചാരികൾക്കു പാക്കേജ് ലഭ്യമാക്കുന്ന കാലയളവ് വടക്കേമലബാറിന്റെ ഉത്സവമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഡെസ്റ്റിനേഷൻ കണ്ണൂർ വടക്കേ മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കണ്ണൂർ വിമാനത്താവളത്തിനും മാത്രമല്ല, പ്രദേശത്തിന്റെയാകെ വ്യാപാര, വാണിജ്യ മേഖലകളുടെ ഉണർവിനു കാരണമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും പറഞ്ഞു.

റിവർ ക്രൂസുകളും തയാർ

മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി വിവിധ ടൂറിസം സൊസൈറ്റികളുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ക്രൂസുകളും ഡെസ്റ്റിനേഷൻ കണ്ണൂർ ആഘോഷത്തിൽ പങ്കാളികളാകും. പറശ്ശിനിക്കടവ് റോയൽ ടൂറിസം സൊസൈറ്റി, ഏഴോം ബാങ്കും കണ്ണൂരിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ വേയ്ക്കും ചേർന്നു നീറ്റിലിറക്കിയ ഏഴിലം ഹൗസ്ബോട്ട് എന്നിവയുടെ പ്രതിനിധികൾ ഡെസ്റ്റിനേഷൻ കണ്ണൂർ പാക്കേജുകളുടെ ഭാഗമാകുമെന്ന് ഉറപ്പു നൽകി.

കണ്ണൂരിൽ മലബാർ ട്രാവൽമാർട്ട് സംഘടിപ്പിക്കാൻ ഒരുക്കം 

വടക്കേ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ കേരള ട്രാവൽ മാർട്ട് മാതൃകയിൽ മലബാർ ട്രാവൽമാർട്ട് സംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് തുടക്കമിട്ട ഉദ്യമത്തിന് കണ്ണൂർ ഡവലപ്മെന്റ് ഫോറത്തിന്റെ ഭാഗമായ സംഘടനകളെല്ലാം പിന്തുണയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ടൂർ ഓപ്പറേറ്റർമാരെ ജില്ലയിൽ എത്തിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണ വൈവിധ്യങ്ങൾ, പുഴകൾ, കായലുകൾ, മലയോരങ്ങൾ, പരമ്പരാഗത തൊഴിലുകൾ, കരകൗശല വൈദഗ്ധ്യം തുടങ്ങിയവയെല്ലാം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം സഞ്ചാരികൾക്കുള്ള താമസ സൗകര്യങ്ങൾ, ക്രൂസുകൾ തുടങ്ങിയവയും പരിചയപ്പെടുത്തും. മലനാട് റിവർ ക്രൂസ് പദ്ധതി, തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതി തുടങ്ങിയവയും പ്രധാന ആകർഷണങ്ങളാകും. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും ട്രാവൽമാർട്ട് സംഘാടകർക്കുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിൽ എത്തിയപ്പോൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണ് ട്രാവൽ മാർട്ട് സംഘടിപ്പിക്കാൻ ആവേശം പകരുന്നതെന്ന് കണ്ണൂർ ഡവലപ്മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു. വിനോദസഞ്ചാര സാധ്യത ഒട്ടും പ്രയോജനപ്പെടുത്താത്ത ഭൂപ്രദേശമെന്നു മലബാറിനെ ലോകത്തെ മുൻനിര ടൂറിസം പ്രസിദ്ധീകരണങ്ങൾ വിശേഷിപ്പിച്ച കാര്യം മന്ത്രി ഓർമപ്പെടുത്തിയിരുന്നു. 

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന ഉറപ്പും മരാമത്ത് വകുപ്പിന്റെകൂടി ചുമതലയുള്ള മന്ത്രി നൽകിയിട്ടുണ്ട്.

സഞ്ചാരികളുടെ എണ്ണം 2025ൽ ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാനുള്ള പദ്ധതികളുമായാണ് വിനോദസഞ്ചാര വകുപ്പ് മുന്നോട്ടുപോകുന്നത്. മുഴപ്പിലങ്ങാട്ട് കെടിഡിസിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി ഉൾപ്പെടെ തുടക്കമിട്ടത് ഈ ലക്ഷ്യത്തോടെയാണ്. ജില്ലയിൽ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും തയാറാക്കുന്നുണ്ടെന്ന് ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പറഞ്ഞു.

English Summary: Budget Travel to Kannur and Kasaragod Pakages

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA