കൊടും തണുപ്പ്, സൂര്യോദയ കാഴ്ച; സഞ്ചാരികളുടെ സ്വർഗം ഈ 10 സ്ഥലങ്ങൾ

munnar-kolukumalai
SHARE

പുത്തൻ പ്രതീക്ഷകളുമായെത്തുന്ന പുതുവത്സരത്തിലെ ആദ്യ പ്രഭാതം എന്നും ഓർത്തിരിക്കുന്ന ഒരു നിമിഷമാക്കിയാലോ? ഇടുക്കിയുടെ ചക്രവാളം തൊടുന്ന മലനിരകൾക്കിടയിലൂടെ മഞ്ഞിൽ കുളിച്ച് പൊൻപ്രഭ ചൊരിയുന്ന സൂര്യനെ കണ്ട് പുതിയ വർഷത്തിലെ ആദ്യ കിരണം കൺകുളിർക്കെ കാണാം. ഒരിക്കലും മറക്കാനാവാത്ത സൂര്യോദയ കാഴ്ചകൾ സമ്മാനിക്കുന്ന ജില്ലയിലെ 10 സ്ഥലങ്ങൾ ഇവയൊക്കെയാണ്.

കൊളുക്കുമല 

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് സമുദ്രനിരപ്പിൽനിന്ന് 2,200 മീറ്റർ ഉയരത്തിലുളള കൊളുക്കുമല. കേരളത്തിലെ ചിന്നക്കനാൽ പഞ്ചായത്തും തമിഴ്നാട്ടിലെ കൊരങ്ങിണി വനമേഖലയും അതിർത്തി പങ്കിടുന്ന മലനിരയാണ് കൊളുക്കുമല. ചിന്നക്കനാലിൽനിന്ന് 14 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. 2,000 രൂപയാണ് ജീപ്പ് വാടക.

 സ്വർഗംമേട് 

സേനാപതി പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സമുദ്ര നിരപ്പിൽനിന്ന് 1,500 മീറ്റർ ഉയരത്തിലുള്ള സ്വർഗംമേട്. സ്വർഗംമേട്ടിൽ നിന്നാൽ മൂന്നാർ വരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. 

kalvarimount2

പശ്ചിമഘട്ട മലനിരകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്രയും നന്നായി കാണാൻ കഴിയുന്ന മറ്റാരു സ്ഥലമില്ല. സേനാപതി, ഒട്ടാത്തി, അഞ്ചുമുക്ക്, മോസ്കോ എന്നിവിടങ്ങളിൽ നിന്ന് സ്വർഗംമേട്ടിലേക്ക് വഴികളുണ്ട്. മലമുകളിലെ ജീപ്പ് സഫാരിയും സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും.

ചൊക്രമുടി 

 ദേവികുളം ഗ്യാപ് റോഡിനു സമീപത്താണ് ചൊക്രമുടി. ദേശീയപാതയിൽ ഗ്യാപ് റോഡിനു സമീപത്തെ നടവഴിയിൽ കൂടി 2 മണിക്കൂർ നടന്നാൽ ചൊക്രമുടിയുടെ മുകളിലെത്താം. സമുദ്രനിരപ്പിൽനിന്ന് 2,643 അടി ഉയരത്തിലുള്ള ചൊക്രമുടിയിൽ നിന്നാൽ ഹൈറേഞ്ചിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റ ഫ്രെയിമിൽ കാണാനാകും. 

ചതുരംഗപ്പാറ 

മൂന്നാർ– കുമളി സംസ്ഥാനപാതയിൽ ശാന്തൻപാറയിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ മെട്ട്. തമിഴ്നാടിന്റെ അധീനതയിലുള്ള പ്രദേശമാണെങ്കിലും ഇവിടേക്കുള്ള റോഡ് കേരളത്തിന്റെ ഭാഗമാണ്. തമിഴ്നാട്ടിലെ പച്ചപുതച്ച കൃഷിയിടങ്ങളും പട്ടണങ്ങളും മലനിരകളുമെല്ലാം ചതുരംഗപ്പാറയിൽ നിന്നാൽ കാണാൻ കഴിയും. സദാസമയവും വീശുന്ന കാറ്റും ഇവിടത്തെ പ്രത്യേകതയാണ്. കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ഏതാനും കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Chokramudi-Peak-1

രാമക്കൽമേട്

മൂന്നാർ– കുമളി സംസ്ഥാനപാതയിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് സമുദ്ര നിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിലുള്ള രാമക്കൽമേട്. കുറവൻ, കുറത്തി ശിൽപങ്ങൾകൊണ്ട് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയ രാമക്കൽമേട്ടിൽനിന്നാൽ തമിഴ്നാട്ടിലെ കൃഷിയിടങ്ങളും കമ്പം, കോംബെ, തേവാരം എന്നീ ചെറു പട്ടണങ്ങളും കാണാൻ കഴിയും. 

നാടുകാണി 

തൊടുപുഴ, മൂലമറ്റം റോഡിൽ തൊടുപുഴയിൽനിന്ന് 32 കിലോമീറ്റർ അകലെയാണ് നാടുകാണി മല. മാനം തെളിഞ്ഞാൽ കൊച്ചി വരെയുള്ള സ്ഥലങ്ങളുടെ വിദൂര ദൃശ്യം ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും. വൈദ്യുതി വകുപ്പിനു കീഴിലുള്ള പ്രധാന ഹൈഡൽ ടൂറിസം സെന്റർ കൂടിയാണ് നാടുകാണി.

പാൽക്കുളംമേട് 

ചെറുതോണിയിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് വിദൂര കാഴ്ചകളുടെ കിളിവാതിൽ തുറക്കുന്ന പാൽക്കുളം മേട്. സമുദ്രനിരപ്പിൽനിന്ന് 3,125 അടിയോളം ഉയരമുള്ള കിലോമീറ്ററുകൾ ദൈർഘ്യമുള്ള മലനിരയാണിത്.

parunthumpara

മലമുകളിലെ തടാകവും മനോഹര കാഴ്ചയാണ്. കോട മഞ്ഞില്ലെങ്കിൽ കൊച്ചിയിലെ കെട്ടിടങ്ങൾ വരെ ഇവിടെ നിന്നാൽ കാണാം.

പാഞ്ചാലിമേട്

കോട്ടയം– കുമളി റോഡിൽ മുറിഞ്ഞപുഴയിൽനിന്ന് 4 കിലോമീറ്റർ അകലെയാണ് മനോഹര കാഴ്ചകളുടെ പറുദീസയായ പാഞ്ചാലിമേട്. പഞ്ചപാണ്ഡവന്മാർക്കൊപ്പം പാഞ്ചാലി ഇവിടെ താമസിച്ചിരുന്നതായാണ് ഐതിഹ്യം. സമുദ്രനിരപ്പിൽനിന്ന് 2,500 അടി ഉയരത്തിലാണ് മനോഹര കാഴ്ചകളുടെ കൊടുമുടിയായ പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.

കാൽവരിമൗണ്ട് 

കുറവൻ കുറത്തി മലകൾക്കിടയിൽ നീലാകാശം പോലെ മനോഹരിയായ ഇടുക്കി ജലാശയവും ഡാമും കാണാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കാൽവരി മൗണ്ട്. കട്ടപ്പന, ചെറുതോണി റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ കാൽവരിമൗണ്ടിലെത്താം. ഇവിടെനിന്ന് 4 കിലോമീറ്റർ അകലെയാണ് ഇടുക്കി ഡാം.

munnar-Kalvari-Mount

പരുന്തുംപാറ 

പീരുമേടിനും തേക്കടിക്കും ഇടയിൽ പീരുമേട്ടിൽനിന്ന് 8 കിലോമീറ്റർ അകലെയാണ് പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രം. ശബരിമല കാടുകളുടെ വിദൂര കാഴ്ചകൾ ഇവിടെനിന്നാൽ ആസ്വദിക്കാൻ കഴിയും. ഒപ്പം നല്ല തണുത്ത കാറ്റും.

parunthumpara

താമസത്തിന് ടെന്റുകൾ

സൂര്യോദയം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമാണ് ടെന്റുകൾ. തലേദിവസം രാത്രി വന്ന് പ്രദേശത്ത് ടെന്റ് അടിച്ച് താമസിക്കുകയാണെങ്കിൽ കണ്ണുതുറക്കുന്നതേ സൂര്യോദയം മുന്നിലുണ്ടാവും. ഒരാൾക്ക് താമസിക്കാവുന്ന ടെന്റുകൾ 1,500 രൂപ മുതൽ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. 5,000 രൂപ മുടക്കിയാൽ ഒരു കുടുംബത്തിന് സുഖമായി താമസിക്കാൻ പര്യാപ്തമായ ടെന്റുകൾ ലഭിക്കും. യാത്രപോകുന്ന പ്രദേശത്തെ ആളുകളോട് സംസാരിച്ച് അപകടങ്ങളില്ലാത്ത സ്ഥലമാണെന്ന് ഉറപ്പാക്കിയിട്ടേ ടെന്റ് അടിക്കാവൂ എന്നു മാത്രം.

English Summary: Best Tourist Places in Munnar

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA