ADVERTISEMENT

ജീവിതം ഒരിക്കലും പെർഫെക്ടല്ല. അത് ഒരു റോഡ് പോലെയാണ്. വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും കുഴികളും ഇരുളും വെളിച്ചവും ഒക്കെയുള്ള റോഡ്. ജീവിതം പോലുള്ള ഒരു റോഡാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും ചിത്രീകരിച്ച, സിനിമാക്കാരുടെ ഒരു ഭാഗ്യ ലൊക്കേഷനായ ഈ പാത സിനിമ റോഡ് എന്നും അറിയപ്പെടുന്നു.

pullikkanam

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് അടുത്തുള്ള കാഞ്ഞാർ കവലയിൽനിന്ന് ആരംഭിച്ചു വാഗമണ്ണിന് അടുത്തുള്ള പുള്ളിക്കാനം വരെ എത്തിനിൽക്കുന്ന 17 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡിനെ കുറിച്ചാണ് പറയുന്നത്. ദൃശ്യം, ദൃശ്യം 2, ഒപ്പം, ഓർഡിനറി, അവതാരം, ജോസഫ് അങ്ങനെ നീളുന്നു ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ലിസ്റ്റ്. ഇപ്പോഴും സിനിമകളുടെ പ്രധാന ലൊക്കേഷനാണ് പുള്ളിക്കാനം കവല.

തൊടുപുഴ –മൂലമറ്റം റോഡിൽ കാഞ്ഞാറുനിന്നു വലത്തേക്കു തിരിഞ്ഞ് ഞങ്ങൾക്ക് പോകേണ്ട പുള്ളിക്കാനം –വാഗമൺ റോഡിലേക്ക് കയറിയപ്പോള്‍ സ്വാഗതം അരുളിയ ആദ്യ കാഴ്ച വളരെ മനോഹരമായിരുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ചിരിക്കുന്നു. ആ അതുല്യ നിമിഷത്തെ ക്യാമറയിലാക്കി. വാഹനം വീണ്ടും കിതച്ചു കിതച്ച് മലകയറാൻ തുടങ്ങി. 

pullikkanam19

കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും

കുത്തനെയുള്ള കയറ്റങ്ങളിൽ കാറ്‌ വല്ലാതെ പമ്മുന്നുണ്ടായിരുന്നു, യാത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും കോട പുതച്ച മലനിരകൾ ഉണ്ടെന്നറിഞ്ഞപ്പോൾ ആവേശം ഇരട്ടിച്ചു. റോഡരികല്‍ കൂവപ്പള്ളി വെള്ളച്ചാട്ടം കണ്ടു. മനോഹര കാഴ്ച തന്നെ.

pullikkanam7

ആദ്യ കാഴ്ചയിൽ ആകാശത്തുനിന്ന് പൊട്ടി വീഴുന്ന ഏതോ ഉറവയായി തോന്നാം. അത്രയ്ക്കും ഉയരത്തിൽനിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. ചിത്രം എടുക്കാൻ നോക്കിയാലും ആ സൗന്ദര്യം ക്യാമറയുടെ ഫ്രെയിമിൽ പൂർണമായും കിട്ടാൻ ഇത്തിരി പ്രയാസമാണ്.

pullikkanam5

വീണ്ടും വണ്ടിയുടെ ചക്രങ്ങൾ ഉരുളാൻ തുടങ്ങി. ഒരുവശം അഗാധമായ ഗർത്തം. മറുവശം സഹ്യന്റെ ഗാംഭീര്യമാർന്ന മുഖവും. കാഴ്ച കണ്ടുള്ള യാത്ര എത്തിയത് മൂലമറ്റം വ്യൂ പോയിന്റിൽ ആയിരുന്നു. ആദ്യം കണ്ടത് ഇടതുവശത്തെ മലയുടെ പള്ള കീറി ഉണ്ടാക്കിയ റോഡായിരുന്നു. ഞങ്ങൾ കടന്നുവന്ന റോഡ്. മറു വശത്തു മൂലമറ്റത്തിനോട് ചേർന്നു നിൽക്കുന്ന മനോഹരമായ മലനിരകളും. എങ്ങും കോടയിൽ മുങ്ങി നിൽക്കുന്ന മലനിരകളുടെ ആ കാഴ്ച  ഏതു സഞ്ചാരിയുടെയും മനസ്സിൽ മഞ്ഞു വാരി വിതറും.

pullikkanam2

മലകയറിയ ആനവണ്ടിയും ബൈക്ക് പ്രേമികളും

പിന്നീടുള്ള പാതയിൽ കാഴ്ചകളും രസകരമായിരുന്നു. പച്ചപ്പുല്ലുകൾക്കിടയിലൂടെ കടന്നുപോകുന്ന കറുത്ത റോഡിന് വല്ലാത്ത ഭംഗിയാണ്. പാതയ്ക്കിരുവശവും ഉള്ള പച്ചപ്പട്ടു വിരിച്ച പോലെയുള്ള മലനിരകൾ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. ബൈക്ക് റൈഡേഴ്സിന്റെ സ്വർഗമെന്നും ഇൗ സ്ഥലത്തെ വിളിക്കാം. ബൈക്ക് യാത്രക്കാർ അവരുടെ അഭ്യാസപ്രകടനങ്ങൾ വഴിയിലുടനീളം നടത്തുന്നത് കാണാം. 

pullikkanam4

ആകർഷകമായ അടുത്ത കാഴ്ച മല കയറി വരുന്ന ആനവണ്ടിയായിരുന്നു. പ്രകൃതിയുടെ പച്ചപ്പിലൂടെ വണ്ടി മല കയറി വരുന്നതും മാഞ്ഞു പോകുന്നതും നോക്കി അറിയാതെ അവിടെ നിന്നുപോകും.  

pullikkanam8

കേരളത്തിലെ ടൈറ്റാനിക് വളവ്

യാത്രയിൽ വിസ്മയമായി തോന്നിയത് ടൈറ്റാനിക് വളവ് എന്ന റോഡാണ്. പ്രകൃതിയുടെ സൗന്ദര്യം ഒരുമിച്ച ആ റോഡിനെ ടൈറ്റാനിക് വളവ് എന്നാണ് വിളിക്കുന്നത്. റോഡിന്റെ വളവിന് കപ്പലിനോട് സാദ്യശ്യം ഉള്ളതിനാലാണ് അങ്ങനെ പറയുന്നത്.

pullikkanam11

നേരം ഇരുട്ടിത്തുടങ്ങി മുന്നോട്ടുള്ള റോഡിലെ കാഴ്ച വ്യക്തമാകുന്നില്ല. കാഴ്ചകൾ മഞ്ഞിൽ മൂടിയിരിക്കുന്നു.രാത്രി കിടന്നുറങ്ങാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ചുംബനമുനമ്പിന് തൊട്ടു മുകളിലായി റോഡിൽനിന്നു മാറി ഒരു സ്ഥലം കണ്ടെത്തി. ‌രാവിലെ തൊട്ടുമുന്നിൽ കാണുന്ന മലയുടെ നെറുകയിൽ കയറണം – അതായിരുന്നു ചിന്ത.

pullikkanam16

കയ്യിൽ കരുതിയ ടെന്റ് സെറ്റ് ചെയ്തു. ഭക്ഷണവും കഴിച്ച് രാത്രിയുടെ ശബ്ദ വീചികൾക്കു കാതോർത്തു പ്രകൃതിയുടെ മടിത്തട്ടിൽ  ആ മഞ്ഞിൽ അലിഞ്ഞു ചേർന്നു. മഴയും മഞ്ഞും കനക്കാൻ തുടങ്ങി. പലപ്പോഴും പ്രകൃതിയെ അറിഞ്ഞ് ഉറങ്ങാനുള്ള ശ്രമത്തെ ദയനീയമായി തണുപ്പ് പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു .പിന്നീട് എപ്പോഴോ രാത്രിയുടെ ദീർഘയാമങ്ങളിൽ കണ്ണുകളടഞ്ഞു.

pullikkanam3

അടുത്തദിവസം കണ്ണുകൾക്ക് വിരുന്നേകിയത് വീശിയടിക്കുന്ന കാറ്റിന്റെ സാമീപ്യമായിരുന്നു. കഠിനമായ തണുപ്പിനെ ചൂടുചായയിൽ ഒതുക്കുവാനായി ചെറിയ ചായക്കട നോക്കി നടന്നു. പുള്ളിക്കാനം എന്ന ചെറിയ കവലയുടെ ഹൃദയമിടിപ്പ് അറിയുന്ന ഒരു ചെറിയ ചായക്കടയിലെത്തി. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ കുഞ്ഞുകടയുടെ വെളിച്ചം അവിടമാകെ ലയിച്ചു കിടക്കുന്നു.

pullikkanam10

പണ്ടുമുതല്‍ പേരുകേട്ട ജയിംസ് ചേട്ടന്റെ കടയിൽനിന്നു ചായയും കുടിച്ച് അവിടെമാകെ ഒന്നു ചുറ്റിക്കറങ്ങി. എവിടെയും മഞ്ഞിൽ കുളിച്ചുനിൽക്കുന്ന കാഴ്ചകൾ മാത്രം. പുള്ളിക്കാനം കവല, കുരിശടി, പള്ളി, ക്ഷേത്രം അങ്ങനെയെല്ലാം മഞ്ഞിൽ ലയിച്ചു കിടക്കുന്നു. ആ പ്രദേശത്തെ വീടുകൾ തമ്മിൽ യാതൊരു അകലവും പാലിച്ചിരുന്നില്ല. എന്നാലും ഇടുങ്ങിയതും മനോഹരവുമായ കോട്ടേജുകൾ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.

pullikkanam14

ആ കാഴ്ചകളൊക്കെ പതുക്കെ ക്യാമറയിലാക്കി രാത്രി ടെന്റടിച്ച ലൊക്കേഷനിലേക്ക് എത്തി. ആ യാത്രയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. അവിടെ കാണുന്ന മലയുടെ നെറുകയിലേക്ക് നടന്നു തുടങ്ങി.

pullikkanam12

ചെങ്കുത്തായ കയറ്റങ്ങളും മഴ വെള്ളത്തിൽ ഒലിച്ചു വന്ന ഉരുളൻ കല്ലുകളും യാത്രയുടെ വേഗം അല്പം കുറച്ചെങ്കിലും, 20 മിനിറ്റ് കൊണ്ടു തന്നെ മലമുകളിൽ എത്തി. ആകാശത്തിന്റെ  അറ്റത്ത് കാണുന്ന സ്വർഗവാതിലിൽ കണ്ണുകള‌ുടക്കി. മുന്നിൽ ഹിമാലയം പോലെ മഞ്ഞിൻ മലനിരകൾ, തണുത്ത കാറ്റ് വീശിയടിക്കുന്നു. അസ്ഥി നുറുങ്ങുന്ന തണുപ്പായി. നിമിഷ നേരം കൊണ്ടു കാറ്റ്  കോടയെ മറച്ചു. കണ്ട കാഴ്ച ശരിക്കും അതിശയിപ്പിച്ചു. പച്ച മലയുടെ പടുകൂറ്റൻ കോട്ട, ഇടയ്ക്കിടെ കണ്ണീരൊഴുക്കുന്ന പോലെ വെള്ളച്ചാട്ടങ്ങൾ, താഴെ മനോഹരമായ പുൽമേടുകൾ, വലിയ ആ ക്യാൻവാസിൽ ഉള്ള പുൽമേടുകളിൽ ഒന്നുംതന്നെ അധികം ജനവാസം ഇല്ലായിരുന്നു.

pullikkanam17

മലയാള സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷൻ കീഴടക്കിയ സന്തോഷത്തിൽ ആ  മലകൾ കയറിയിറങ്ങി. മാസ് സിനിമകളുടെ കാലത്ത് ഓർഡിനറി ആയി വന്നു ഹിറ്റായി മാറിയ സിനിമ ലൊക്കേഷൻ. 

English Summary: Pullikkanam Vagamon Travel Experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com