ADVERTISEMENT

കൊച്ചി: പെട്ടെന്ന് ഒരു യാത്ര പോകണം എന്നാൽ അധികം ദൂരം പറ്റില്ല. അങ്ങനെ ചിന്തിച്ചിരിക്കുന്നവർക്ക് ഒരു പകുതി ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന തിരക്കു കുറഞ്ഞൊരു സ്ഥലമാണ് എറണാകുളം ജില്ലയിലെ കൊച്ചരീക്കല്‍ ഗുഹാസങ്കേതങ്ങള്‍. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവുമെല്ലാം ചേർന്ന് തീർത്തൊരു മാന്ത്രികയിടം. പെട്ടെന്നൊരു യാത്ര പ്ലാൻ ചെയ്ത് പോയി വരാൻ പറ്റിയ സ്ഥലമാണിത്. കുട്ടികൾക്കൊക്കെ ഇഷ്ടപ്പെടുന്ന, ഒരൽപ്പം സാഹസികതയൊക്കെ നിറഞ്ഞതാണ് കൊച്ചരിക്കൽ ഗുഹ. 

kochareekkal-caves-4

എറണാകുളത്ത് നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നമ്മൾ കൊച്ചരിക്കലിൽ എത്തും. പിറവം ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ പിറമാടം എന്ന സ്ഥലത്താണ് കൊച്ചരിക്കൽ കേവ്സ്. വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് കുറച്ച് സമയം ചെലവഴിക്കാം ഇവിടെയിരുന്ന്. അധികം അറിയപ്പെടാത്ത സ്ഥലമായതുകൊണ്ട് തിരക്ക് കുറവാണ്. പാർക്കിങ് ഏരിയയിൽ നിന്ന് കുറച്ച് മുന്നോട്ടു നടക്കുമ്പോൾ തന്നെ ഗുഹാ സങ്കേതങ്ങൾ കാണാനാകും. മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. 

താഴേയ്ക്കിറങ്ങുമ്പോൾ തന്നെ ചുറ്റും പച്ചവിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ കാണാം. കാടിന് സമാനമായി വളരുന്ന ഈ വടവൃക്ഷങ്ങളാണ് ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്ന്. എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നത് പോലെ തോന്നും ഇവിടെ നിൽക്കുമ്പോൾ. രണ്ടു ഗുഹകളാണ് ഇവിടെയുള്ളത്. അതിൽ ആദ്യം കാണുന്ന ഗുഹയിൽ നിന്നു ഒരു തെളിനീരുറവ ഉത്ഭവിക്കുന്നു. ആ ഉറവയിലെ ജലം അരുവിയായി താഴേയ്ക്ക് ഒഴുകി തൊട്ടടുത്ത കുളത്തിൽ നിറയും.

kochareekkal-caves-6

ഗുഹയിൽ നിന്നു ഉത്ഭവിക്കുന്ന ഉറവയിലേത് ശുദ്ധമായ തെളിനീരാണ്. ഇവിടെയുള്ളവർ കുടിയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളമാണ് ഈ ഉറവയിലേത്. അതുകൊണ്ട് വൃത്തിയായി സൂക്ഷിക്കേണ്ടത് നീർത്തടമാണ്. ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടു പോയാലും മാലിന്യം അവിടെ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളം മലിനമാക്കാതിരിക്കാൻ നമ്മൾ കരുതലോടെ വേണം ഇവിടെ ഇടപഴകാൻ. 

kochareekkal-caves-3

ആദ്യത്തെ ഗുഹയ്ക്കുള്ളിലേക്ക് ഏകദേശം 3 കിലോമീറ്റർ ദൂരമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അതിന് തെളിവുകൾ ഒന്നും തന്നെയില്ല. ഒരു ഇടുങ്ങിയ ഗുഹയാണിത്. തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ ഗുഹയും. ആദ്യത്തേതിൽ നിന്നു വ്യത്യസ്തമായി ഈ ഗുഹ അത്യാവശ്യം വലുപ്പം കൂടിയതാണ്. ഇതിന്റെ മുകളിലായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഏകദേശം ഒരാൾ പൊക്കത്തിൽ വീതിയുള്ള ഗുഹയ്ക്കുള്ളിൽ 40 പേർക്ക് വരെ അനായാസമായി നിൽക്കാനുള്ള സ്ഥലമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് നീരാളി കൈകൾ പോലെ മുത്തശ്ശി മരത്തിന്റെ വേരുകൾ പടർന്നിരിക്കുന്നു. ഈ വേരുകളിൽ ചവിട്ടിയാണ് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കേണ്ടത്.

ഗുഹയുടെ തുണുകളാണെന്ന് തോന്നും ഈ വലിയ വൃക്ഷത്തിന്റെ വേര് കണ്ടാൽ. ഗുഹയെ ചുറ്റിപ്പറ്റി നാട്ടുകാർ പല കഥകളും പറയുന്നുണ്ട്. ഒരു കഥ മൂന്ന് കിലോമീറ്റർ വരെ ഗുഹയ്ക്ക് അകത്തേക്ക് പോകാമായിരുന്നു എന്നാണ്. പിന്നെയൊരു കഥ പണ്ട് യുദ്ധ പോരാളികളുടെ ഒളിത്താവളമായിരുന്നു ഈ ഗുഹകൾ എന്നുമാണ്.

kochareekkal-caves

കഥകൾ എന്തായാലും ഇവിടെ നിൽക്കുമ്പോൾ നമുക്ക് തോന്നുക ഏതോ യക്ഷിക്കഥയിലെ മന്ത്രവാദമൊക്കെ നടക്കുന്ന പരിസരമാണെന്നാവും. അതിന് ആക്കം കൂട്ടാൻ ഒരു കുളവുമുണ്ടിവിടെ. ഗുഹ കഴിഞ്ഞാൽ കൊച്ചരിക്കലിനെക്കുറിച്ച് എടുത്തു പറയേണ്ട കാര്യം ഈ കുളമാണ്. വലിയ ആഴമൊന്നുമില്ലാത്ത കുളത്തിൽ നമുക്ക് ധൈര്യമായി ഇറങ്ങാമെങ്കിലും പാറക്കൂട്ടങ്ങളുള്ളതിനാൽ സൂഷിക്കണം. മുകളിലെ അരുവിയിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ഒഴുകിനിറയുന്നത്. മഴക്കാലത്ത് ഒരു ചെറിയ വെള്ളച്ചാട്ടം പോലെയാകും ഈ അരുവി കുളത്തിലേക്കെത്തുക. 

kochareekkal-caves-1

ഗുഹയ്ക്കു ചുറ്റുമായി മാനം മുട്ടിനിൽക്കുന്ന വൻ മരങ്ങളെക്കൂടി അറിയാതെ ഇവിടേക്കുള്ള യാത്ര പൂർത്തിയാകില്ല. 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന ചീനിയെന്ന മരമാണിത്. നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലകൊഴിയും വന്മരമാണ് ചീനി, കൊടും കാടുകൾക്കുള്ളിലേക്ക് കയറിയാൽ നമുക്ക് ഇതുപോലെയുള്ള വലിയ മരങ്ങൾ കാണാൻ പറ്റും. ഈ സ്ഥലത്ത് നിഗൂഢതകൾ നിറയ്ക്കുന്നത് ഈ മരങ്ങൾ കൂടി ചേർന്നാണ്. കുളക്കരയിൽ നിൽക്കുന്ന മരങ്ങളുടെ വേരുകൾക്കിടയിൽ ഒരാൾക്ക് സുഖമായി ഒളിച്ചിരിക്കാം. 

വൈകുന്നേരമാകുമ്പോൾ ഈ സ്ഥലത്തിന്റെ അന്തരീക്ഷം മൊത്തത്തിൽ ഫാന്റസി ഫീലാകും. കാവും കുളവും മന്ത്രവാദവും ഒക്കെയുള്ള  മാന്ത്രികകഥകളിലെ ഏതോ അജ്ഞാതയിടത്താണ് നമ്മളെന്ന് തോന്നും. കുറച്ചു നേരം ബഹളങ്ങളൊന്നുമില്ലാതെ കാടിന്റെ ഫീൽ അനുഭവിച്ച് ആ കുളക്കരയിൽ നിൽക്കുമ്പോൾ കാതുകളിൽ മന്ത്രോച്ചാരണങ്ങളും മണി മുഴക്കങ്ങളും കേട്ടാൽ ആരെയും തെറ്റുപറയാൻ പറ്റില്ല. അതാണ് കൊച്ചരിക്കൽ നമുക്ക് സമ്മാനിക്കുന്ന ഏറ്റവും നല്ല അനുഭവം.

kochareekkal-caves-2

ശ്രദ്ധിക്കാം

കൊച്ചരിക്കൽ കേവ്സിന് സമീപത്തായി കടകളോ മറ്റു സ്ഥാപനങ്ങളോ ഒന്നുമില്ല. ഒരു ചെറിയ ചായക്കട മാത്രമേ ഇവിടെയുള്ളു. കുട്ടികൾക്കും മറ്റും കഴിക്കാനുളളതും മറ്റ് ആവശ്യ സാധനങ്ങളും രാമമംഗലത്ത് നിന്നു വാങ്ങാം. എടിഎം, ആശുപത്രി മുതലായവയും രാമമംഗലത്ത് തന്നെയാണ്. 

എങ്ങനെ എത്തിച്ചേരാം

എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പിറവം ടൗണിൽ നിന്നും രാമമംഗലം വഴി പിറമാടത്തെത്താം. അവിടെയാണ് കൊച്ചരിക്കൽ കേവ്സ്. ഒരു മുഴുവൻ ദിവസം പോലും വേണ്ട പോയി വരാൻ എന്നത് തന്നെയാണ് കൊച്ചരിക്കൽ കേവ്സിനെ വ്യത്യസ്തമാക്കുന്നത്.

English Summary: Kochareekkal Caves 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com