2 ദിവസം, 1750 രൂപയ്ക്ക് താമരശേരിയിൽ നിന്ന് മൂന്നാർ പാക്കേജ്, ബംബർ ഹിറ്റായി ആനവണ്ടി ടൂർ

Thamarassery
SHARE

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ ഒരുക്കുന്നു കെഎസ്ആർടിസി. ഉല്ലാസയാത്രകൾ ഹിറ്റായതേടെ പല ഡിപ്പോകളിൽ നിന്നു കെഎസ്ആർടിസി പുതിയ യാത്രകളും പദ്ധതിയിടുന്നുണ്ട്. വയനാട്ടിലെ താമരശേരി ഡിപ്പോയിൽ നിന്നു മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കുമാണ് പുതിയ വിനോദയാത്ര സർവീസുകൾ ആരംഭിക്കുന്നത്. മൂന്നാറിലേക്കുള്ള ആദ്യയാത്ര 15 നു രാവിലെ ഒൻപത് മണിയ്ക്ക് ആരംഭിക്കും. നെല്ലിയാമ്പതി യാത്ര 16 നു പുലർച്ചെ നാലുമണിക്കു പുറപ്പെടും.

munnar-ksrtc-bus

വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരത്തെ തന്നെ താമരശേരി ഡിപ്പോയിൽ നിന്നു കെഎസ്ആർടിസി യാത്രകൾ ഒരുക്കിയിരുന്നു. തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം, കാക്കവയൽ, വൈത്തിരി പൂക്കോട് തടാകം തുടങ്ങിയവയെല്ലാം കണ്ടു വരുന്ന യാത്ര വിജയമായതിനെ തുടർന്നാണ് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കും വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രകൾ ശനി, ഞായർ ദിവസങ്ങളിലായി നടത്താനാണ് പദ്ധതി. ബുക്കിങ് അനുസരിച്ചു നെല്ലിയാമ്പതി യാത്ര ഞായറാഴ്ചകളിലോ മറ്റു പൊതു അവധി ദിനങ്ങളിലോ നടത്തും.

ആനവണ്ടിയിലെ മൂന്നാർ യാത്ര

കെഎസ്ആർടിസിയുടെ എയർ ബസിലാണ് രണ്ടുദിവസം നീളുന്ന മൂന്നാർ യാത്ര. 39 പേർക്ക് മാത്രമാണ് അവസരം. രാവിലെ താമരശേരി ഡിപ്പോയിൽ നിന്നു ആരംഭിക്കുന്ന യാത്ര വൈകുന്നേരം ഏഴുമണിയോടെ മൂന്നാറിൽ എത്തിച്ചേരും. രാത്രി ഭക്ഷണത്തിന് ശേഷം മൂന്നാറിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിൽ ഉറങ്ങാം. പിറ്റേന്ന് രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ മൂന്നാറിലെ പ്രധാന കാഴ്ചകൾ കാണാനായി യാത്ര തിരിക്കും.

ksrtc-munnar-trip2

ടാറ്റ ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയിന്റ്, ഫിലിം ഷൂട്ടിങ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയിന്റ്, ഫോറസ്ററ് ഫ്ലവർ ഗാർഡൻ എന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് സന്ദർശനം നടത്തുന്നത്. തുടർന്നുള്ള രണ്ടുമണിക്കൂർ ഷോപ്പിങ്ങിനുള്ളതാണ്. രാത്രി ഏഴുമണിയോടെ മൂന്നാറിൽ നിന്നു മടങ്ങും. 1750 രൂപയാണ് കെഎസ്ആർടിസിയുടെ ഈ വിനോദയാത്രയ്ക്ക് ഈടാക്കുന്നത്. ഭക്ഷണം, ടിക്കറ്റ്‌ ആവശ്യമുള്ള സ്ഥലങ്ങളിലെ പ്രവേശന തുക എന്നിവ യാത്രികർ മുടക്കേണ്ടതായുണ്ട്.  

പാവങ്ങളുടെ ഊട്ടിയിലേക്ക്

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. ജനുവരി 16 നു പുലർച്ചെ നാലുമണിയോടെയാണ് നെല്ലിയാമ്പതിലേക്കുള്ള യാത്ര താമരശേരിയിൽ നിന്നും പുറപ്പെടുന്നത്. പാലക്കാട്, വരയാട്ടുമല വ്യൂ പോയിന്റ്, സീതാർകുണ്ട്, പോത്തുപാറ, കേശവൻ പാറ, പോത്തുണ്ടി ഡാം എന്നിവയാണ് ഈ യാത്രയിലെ പ്രധാന ലക്ഷ്യങ്ങൾ. നാലുനേരത്തെ ഭക്ഷണം ഉൾപ്പെടെയുള്ള ഈ യാത്രയ്ക്കു 1050 രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. വൈകുന്നേരം ആറരയോടെയാണ് നെല്ലിയാമ്പതിയിൽ നിന്നും മടക്കം.

കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 9745481831, 9895218975, 8547640704

English Summary: Ksrtc Announces Budget Tourism Trips to Munnar Nelliyampathy

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS