വിമാനത്താവളം കാണാം, അറബിക്കടലും; കോടമഞ്ഞിറങ്ങുന്ന പാലുകാച്ചിപ്പാറ

palukachipara-trip
SHARE

കോടമഞ്ഞിറങ്ങുമ്പോൾ പാലുകാച്ചിപ്പാറയ്ക്കു സൗന്ദര്യമേറെയാണ്. മലയും പ്രകൃതിയും മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ നിന്നും സഞ്ചാരികളെ മാടിവിളിക്കും. അന്നേരം പുലർച്ചെ മുതൽ എത്തുന്ന സന്ദർശകർ  ആ കാഴ്ച ആസ്വദിക്കുവാനായി മലമുകളിൽ സ്ഥാനമുറപ്പിക്കും. കാറ്റും ചെറു തണുപ്പും ഇരുകൈകളും നീട്ടി ഓരോരുത്തരെയും പുണർന്നു കൊണ്ട് കടന്നു പോകും. അധികമാരും എത്താത്ത സ്ഥലങ്ങളിലേക്കു യാത്രകൾ പോകണമെന്നു ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നൊരിടമാണിത്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തു ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. പഴശിയുടെ ഒളിപ്പോർ യുദ്ധങ്ങളിലൂടെ പ്രശസ്തമായ പുരളി മലയുടെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 3000 അടി മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണുന്ന വലിയ പാറക്കെട്ടുകൾ സന്ദർശകർക്കു വിസ്മയകാഴ്ചയാണ്. കൂടാതെ അപൂർവ ഇനം പക്ഷികളും പരിചിതമല്ലാത്ത സസ്യങ്ങളുമൊക്കെ ഈ മലമുകളിലുണ്ട്. കണ്ണൂരിലെ മീശപ്പുലിമല എന്നൊരു പേര് കൂടി പാലുകാച്ചിപ്പാറയ്ക്കുണ്ട്. മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യൻ ഉദിച്ചുയരുന്ന ഇവിടുത്തെ പ്രഭാത കാഴ്ച കാണാനാണ് സഞ്ചാരികൾ അധികവും എത്തുന്നത്

മലമടക്കുകളിൽ നിന്നുമുള്ള ദൂരകാഴ്ചയിൽ കണ്ണൂർ വിമാനത്താവളം ദൃശ്യമാകും. അറബിക്കടലിന്റെ കാഴ്ചകളും പാലുകാച്ചി പാറയുടെ മുകളിൽ നിന്നാൽ കാണാവുന്നതാണ്. ഇവിടം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനുള്ള ആലോചനകൾ നടന്നു വരുന്നുണ്ട്.

എങ്ങനെ എത്താം

മട്ടന്നൂർ ടൗണിൽ നിന്ന് പത്തുകിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ശിവപുരം പടുപാറയിൽ നിന്നു മൈക്രോടവർ വഴി പാലുകാച്ചിപാറയിലെത്തി ചേരാം. കണ്ണൂർ നിന്നും 34 കിലോമീറ്ററും തലശേരിയിൽ നിന്നും 28 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതാണ്. ട്രക്കിങ് താൽപര്യമുള്ളവർക്ക് ഇങ്ങോട്ടുള്ള യാത്ര ഹരം പകരുമെന്നതുറപ്പാണ്. കോവിഡ് ഉയർന്ന സമയത്തു ഇങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ  നിരോധനം മാറിയതോടെ ധാരാളം സഞ്ചാരികളാണ് പാലുകാച്ചിപാറ കാണാനെത്തുന്നത്.

English Summary: Visit Palukachipara in Kannur

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS