ADVERTISEMENT

മഞ്ഞില്‍ പൊതിഞ്ഞ കാഴ്ചകളും മലമടക്കുകളുടെ സൗന്ദര്യവും നിറഞ്ഞ മൂന്നാർ കാഴ്ചയിൽ മനോഹരിയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ രാത്രി ചെലവഴിക്കാൻ നിരവധി താമസയിടങ്ങളും ഇവിടെയുണ്ട്. മനോഹര കാഴ്ചകൾ കണ്ട് മൂന്നാറിലേക്ക് യാത്രയുണ്ടോ? എങ്കിൽ ഇൗ റൂട്ടുകള്‍ തിരഞ്ഞെടുക്കാം.

munnar-route6

മൂന്നാറിലെ ഏറ്റവും സുന്ദരമായ റൂട്ടാണ് വട്ടവടയിലേക്കുള്ളത്. സഞ്ചാരികളെ ആകർഷിക്കുന്നത് രണ്ട് ഡാമുകൾ, ഒരു നാഷണൽ പാർക്കുമാണ്. പിന്നെ ശീതകാല പച്ചക്കറികൾ വിളയുന്ന വട്ടവടയും. ഇതെല്ലാം മൂന്നാറിൽനിന്ന് ഒരു ദിവസം കെണ്ട് കണ്ടുവരാം.

മാട്ടുപ്പെട്ടിയും മീശപ്പുലിമലയും

ഈ റൂട്ടിലെ ആദ്യത്തെ ഡാമാണ് മാട്ടുപ്പെട്ടി. ഡാമിനോടു ചേർന്നുള്ള പുൽമേട്ടിൽ ആനകള്‍ സ്വൈരവിഹാരം നടത്തുന്നത് കാണാം. ഡാമിൽ ഇറങ്ങരുത്. വട്ടവട റൂട്ടിലെ രണ്ടാമത്തെ ജലാശയമാണ് കുണ്ടള. കുണ്ടളയുടെ പേരിലായിരുന്നു മൂന്നാറിലെ റെയിൽവേ അറിയപ്പെട്ടിരുന്നത്. കുണ്ടളയിൽ നിന്ന് ആനമുടിച്ചോലയിലേക്കു പോകാം. മുൻകൂട്ടി ബുക്ക് ചെയ്താൽ ആനമുടിച്ചോലയിലെ മെത്താപ്പ് എന്ന മരവീട്ടിലും അടുത്തുള്ള മൺവീട്ടിലും താമസിക്കാം. സ്വർഗതുല്യമാണ് താമസം.

munnar-route1

മീശപ്പുലിമലയിലേക്കുള്ള വഴി തിരിയുന്നതും കുണ്ടളയ്ക്കടുത്തുവച്ചാണ്. സാധാരണ രീതിയിൽ അങ്ങോട്ട് പോകാൻ സാധിക്കില്ല. കെഎഫ്ഡിസിയുടെ പാക്കേജ് ടൂറാണ് മീശപ്പുലിമല ട്രെക്കിങ്. ബുക്ക് ചെയ്താൽ മാത്രമേ ഔദ്യോഗികമായി മീശപ്പുലിമലയിലേക്ക് പ്രവേശനമുള്ളൂ.

ഈ റൂട്ടിലെ അടുത്ത സ്റ്റോപ്പാണ് ടോപ്പ്സ്റ്റേഷൻ. തമിഴ്നാടിന്റെ താഴ്‍‍വരകാഴ്ചകൾ കാണാൻ പറ്റുന്ന സ്ഥലമാണിത്. പണ്ട് ഇവിടെ നിന്നും തേയില കെട്ടുകൾ താഴേയ്ക്കിറക്കാനായി റോപ്പ് വേയുണ്ടായിരുന്നു. അതിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും ടോപ്സ്റ്റേഷനിലുണ്ട്. ടോപ്പ്സ്റ്റേഷനിൽ നിന്നും പാമ്പാടുംചേല ദേശീയോദ്യാനത്തിന്റെ കാട്ടിലൂടെയാണ് യാത്ര ചെയ്യാൻ പോകുന്നത്. നീലഗിരി മാർട്ടെൻ എന്ന അപൂർവ സസ്തനിയെ ഭാഗ്യമുണ്ടെങ്കിൽ കാണാം. കാട്ടുപോത്തുകൾ യഥേഷ്ടമുണ്ട്. അതുകൊണ്ടുതന്നെ മെല്ലെ ഡ്രൈവ് ചെയ്യുക.

ചോലക്കാടും മരവീടും

പാമ്പാടുംഷോല നാഷണൽപാർക്കിന്റെ ഓഫിസും നേച്ചർ ക്യാംപ് സെന്ററും ഈ കാട്ടിലാണ് സ്ഥിതിചെയ്യുന്നത്. എതിർവശത്തു കാണുന്ന വയലുപോലെയുള്ള സ്ഥലത്തിനപ്പുറത്താണ് സഞ്ചാരികൾക്കു താമസിക്കാനുള്ള ഇരട്ട മരവീടുകൾ ഉള്ളത്.

munnar-route8

വെന്തരവ് മലയുടെ താഴെ ചോലക്കാടിനോട് ചേർന്നാണ് ഈ മരവീടുകൾ. കാടിന്റെ ശബ്ദം കേട്ട് മഞ്ഞുപൊതിയുന്ന ആ വീട്ടിൽ താമസിക്കുന്നത് അവിസ്മരണീയമായ അനുഭവമാണ്. ചോലക്കാടിന് തൊട്ടടുത്ത് താമസിക്കാം എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. വീടിന്റെ ഉമ്മറത്തു നിന്ന് വട്ടവടയിലേക്കുള്ള വഴി മഞ്ഞിനിടയിലൂടെ കാണാം. 

വട്ടവട

പാമ്പാടുംചോലയുടെ കാടു കണ്ട് നമ്മൾക്കു വട്ടവടയിലേക്കെത്താം.തട്ടുതട്ടായ കൃഷിയിടങ്ങളും ശീതകാലവിളയിടങ്ങളും ആസ്വദിച്ച് തിരിച്ചുപോരാം. സമയമുണ്ടെങ്കിൽ വട്ടവടയുടെ ആകാശക്കാഴ്ച്ച കിട്ടുന്ന ഒരു സ്ഥലത്തുകൂടി പോകണം.അതാണ് പഴത്തോട്ടം. അവിടെ നല്ല റിസോർട്ടുകളൊക്കെയുണ്ട്.ഒരു ദിവസം കൊണ്ടു വട്ടവടയിൽ പോയി തിരികെ മൂന്നാറിലേക്കെത്താം. അല്ലെങ്കിൽ വട്ടവടയിലോ പാമ്പാടുംഷോല നാഷണൽ പാർക്കിലോ താമസിക്കാം. 

munnar-route5

മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് 45 കിലോമീറ്ററാണ് ദൂരം. 

ബോഡിമെട്ട് റൂട്ട്

ഏറ്റവും സുന്ദരമായ സൂര്യോദയം കാണാൻ പറ്റുന്ന റൂട്ടാണിത്. കൊളുക്കുമലയിലെ സൂര്യോദയം ആരെയും കൊതിപ്പിക്കും. ബോഡിനായ്ക്കന്നൂരിലേക്കുള്ള വഴിയിൽ ആനയിറങ്കൽ ഡാം വരെ പോകാം. മൂന്നാറിൽ നിന്നും വെറും 27 കിലോമീറ്റർ മാത്രമേയുള്ളൂ ബോഡിമെട്ടിലേക്ക്. ട്രെക്കിങ് ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന റൂട്ടാണിത്.

munnar-route4

 

രാവിലെ ഈ റൂട്ടിലൂടെ ഡ്രൈവ് ചെയ്യുന്നതു അടിപൊളിയാണ്. മഞ്ഞുപൊതിഞ്ഞ മലനിരകൾ കാണാം ഇടതുവശത്ത്. വലത്തായി ചൊക്രമുടി. ചൊക്രമൂടിയിലേക്ക് വനംവകുപ്പ് ട്രക്കിങ് സംഘടിപ്പിക്കുന്നുണ്ട്. ഒരു മിനി മീശപ്പുലിമല എന്നു വേണമെങ്കിൽ ചൊക്രമുടിയെ വിശേഷിപ്പിക്കാം. നീലക്കുറിഞ്ഞി പൂക്കുന്ന ചൊക്രമുടി മലയിൽനിന്നാൽ ഗ്യാപ് റോഡിന്റെ ദൂരക്കാഴ്ച കിട്ടും. 

പാറയുടെ ചെരിവിലൂടെയുള്ള ചെറിയ വഴിയായിരുന്നു ഗ്യാപ് റോഡ്. ഇന്ന് വീതി കൂട്ടിവരുന്നുണ്ട്. മലയിൽകള്ളന്റെ ഗുഹ, ഗ്യാപ് റോഡിലെ ആകർഷങ്ങളിലൊന്നാണ്. ഈ ചെറുഗുഹയിൽ നമുക്കു കയറി ചിത്രങ്ങളെടുക്കാം. വീതിയേറിയ വഴിയിലൂടെയുള്ള ഡ്രൈവ് രസകരമാണ്.അകലെ ആനയിറങ്കൽ ഡാം കാണാം. ഡാമിലേക്ക് ഇറങ്ങാനുള്ള വഴികളുണ്ട്. പക്ഷേ, ആനയുണ്ടോ എന്നു നോക്കിവേണം അങ്ങോട്ടിറങ്ങാൻ. ആനയിറങ്ങുന്ന ഡാം ആണെന്ന പേരു മറക്കരുത്.  

കൊളുക്കുമലയിലെ സൂര്യോദയം

മൂന്നാറിലെ ഏറ്റവും സുന്ദരമായ പ്രഭാതം കാണാനായി പോകാം. അതൊരു ഒന്നൊന്നൊര ഓഫ് റോഡ് യാത്രയാണ്. തേയിലത്തോട്ടങ്ങളിലൂടെയാണ് പോകുന്നത്. സൂര്യനെല്ലിയിൽനിന്നു ഓഫ്-റോഡ് ജീപ്പുകൾ വാടകയ്ക്കെടുക്കാം. എന്നിട്ട് അതിരാവിലെ കൊളുക്കുമലയിലേക്ക് കയറണം. അവിടെ ഓർഗാനിക് തേയില ഫാക്ടറിയുണ്ട്. രാത്രി ഇവിടെ ടെന്റ് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബുക്കിങ്ങിന് 

https://munnarwildlife.com

https://kfdcecotourism.com

English Summary: A Scenic Road Trip in munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com