അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ ലിച്ചി, ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന അന്ന (ലിച്ചിയുടെ യഥാർഥ പേര്) അവധിക്കാല യാത്രയിലാണ്. വയനാടിന്റെ സൗന്ദര്യത്തിലലിഞ്ഞ് യാത്ര ആഘോഷമാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച വിഡിയോയിൽ 'രാത്രിയെ ചുംബിക്കാൻ സൂര്യന്റെ അഗ്നിജ്വാല' എന്നും താരം കുറിച്ചിട്ടുണ്ട്.
പുരാതന ജൈന ക്ഷേത്രത്തിൽ നിന്ന് 3.2 കിലോമീറ്റർ അകലെ സുൽത്താൻ ബത്തേരിയിൽ സ്ഥിതി ചെയ്യുന്ന സപ്ത റിസോർട്ട് ആൻഡ് സ്പായിലാണ് അന്ന എത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ റിസോർട്ടാണിത്. അവിടുത്തെ താമസവും കാഴ്ചകളും വളരെ മനോഹരമായിരുന്നുവെന്നും അന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നുണ്ട്. റിസോർട്ടിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് എടക്കൽ ഗുഹ. വയനാടിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കോണ്ടുപോകുവാനായി ഗൈഡും റിസോർട്ടിലുണ്ട്.
നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നും മനസ്സിനെ സ്വച്ഛമാക്കാന്‍ പറ്റിയ ഇടമാണ് വയനാട്. എന്തൊക്കെയാണെങ്കിലും മഴക്കാലത്തെ പ്രകൃതിക്കാഴ്ചകള് കണ്ടു മതിമറക്കാന്‍ വയനാടിനോളം വരില്ല എവിടെയും. കോട മഞ്ഞും തടാകങ്ങളും താഴ്വാരങ്ങളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തനിമ മാറാത്ത നാട്ടുപുറങ്ങളുടെ പച്ചപ്പും നിറഞ്ഞ വശ്യ സുന്ദരമായ പ്രകൃതി. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്.
യാത്രാപ്രേമിയാണ് താരം
യാത്രകളെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് അന്നയ്ക്ക്. മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ അന്ന യാത്രയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. ഫ്രണ്ട്സില്ലെങ്കിൽ ഒരോളവുമില്ല. ട്രിപ്പുപോകുമ്പോൾ തകർത്തുപൊളിച്ച് പോകണം. എന്നാലെ യാത്ര ഉഷാറാകുള്ളൂ. എന്റെ പോളിസി അതാണ്. പ്രത്യേകിച്ച് ഒരിടം എന്നൊന്നുമില്ല. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര എനിക്ക് അത്രമേൽ ഇഷ്ടമാണെന്നും അന്ന പറഞ്ഞിരുന്നു.
മൈസൂരുവിലെ ചിത്രങ്ങളും അന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കൊട്ടാരങ്ങളുടെ നഗരമെന്ന് വിശേഷിപ്പിക്കുന്ന മൈസൂരിൽ ഏറ്റവും കൂടുതൽ ആകർഷിച്ചതും അദ്ഭുതപ്പെടുത്തിയതും കൊട്ടാര കാഴ്ചകളാണെന്നും പലതവണ പോയിട്ടുണ്ടെങ്കിലും കാഴ്ചകൾക്കു മടുപ്പു തോന്നാറില്ല, മൈസൂരിലെത്തിയാൽ കൂട്ടുകാരുമൊത്തു നടക്കാനിറങ്ങുക പതിവാണ്. ദീർഘദൂരം കഥകൾ പറഞ്ഞും തമാശകൾ രസിച്ചും സമയം പോകുന്നതറിയില്ല.- അന്ന പറയുന്നു.
English Summary: Anna Rajan Shares Pictures from Wayanad