ADVERTISEMENT

നാൽപ്പതാളുണ്ടെങ്കിൽ ലാഭവും നഷ്ടവും ഇല്ലാതെ ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് 90 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന മലക്കപ്പാറ ടീ എസ്റ്റേറ്റ് വരെ പോയി മടങ്ങാം. അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന് എന്നിവിടങ്ങളിലൂടെ യാത്രയ്ക്കിടയിൽ ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെ കാണാം.

ksrtc-trip3

ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബർ ഒന്നിന് രാവിലെ പോയി രാത്രി തിരികെ എത്തുന്ന വിധം ബജറ്റ് ടൂറിസം യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചപ്പോൾ കെഎസ്ആർടിസി അധികൃതർ ഉദ്ദേശിച്ചത് ഇത്രയൊക്കെ ഉള്ളു. എന്നാൽ ‘കന്നിയാത്ര’യുടെ വിവരങ്ങൾക്കൊപ്പം വർത്തമാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ഉള്ള മൊബൈൽ നമ്പറിലേക്ക് നിർത്താതെ വിളിവന്നപ്പോഴെ സംഗതിയേറ്റു എന്ന് ഡിപ്പോ അധികൃതർ ഉറപ്പിച്ചു. ഇടയ്ക്ക് ഈ റൂട്ടിലേക്കു കൂടി വണ്ടി ഒന്നുമാറ്റിപ്പിടിച്ചാൽ തരക്കേടില്ല എന്നായി എല്ലാവരും. ചാലക്കുടിക്കാരുടെ മലക്കപ്പാറ വിജയയാത്ര അറിഞ്ഞതോടെ മറ്റു ഡിപ്പോക്കാരും വണ്ടി ഈ വഴിയിലേക്കു കൂടി ചാലാക്കി. അറിഞ്ഞും കേട്ടും സഞ്ചാരികളെല്ലായിടിത്തും എത്തിത്തുടങ്ങിയതോടെ ബജറ്റ് ടൂർ സർവീസ് സൂപ്പർഹിറ്റ്. 

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള 765 ട്രിപ്പുകളിലുടെ യാത്ര നടത്തിയത് 38750 യാത്രക്കാർ. ഈവഴിയിലുടെ കെഎസ്ആർടിസി നേടിയത് രണ്ടു കോടിയുടെ വരുമാനം. 48 വാരാന്ത ട്രിപ്പുകളും 2 തീർഥാടന യാത്രകളും 14 പ്രത്യേക സർവീസുകളും ആണ് ബജറ്റ് ടൂർ പദ്ധതിയിൽ ഇപ്പോൾ നടത്തുന്നത്. 

വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ രാത്രിയാത്രയും താമസം ഉൾപ്പെടുന്ന പാക്കേജുകളും ഒക്കെയായി ഓരോ ഡിപ്പോയും കൂടുതൽ പുതുമകൾ അവതരിപ്പിച്ചു വരികയാണ്. ഈ യാത്രയിലെ ഏറ്റവും പുതിയ പ്ലാനായ ആ‍ഡംബരക്കപ്പൽ യാത്ര കൂടി കൂട്ടിച്ചേർത്ത് മറ്റു ഡിപ്പോകളെ ഒരുപടി കടത്തിവെട്ടിയിരിക്കുകയാണ് കൊല്ലം ഡിപ്പോ. 23ന് പകൽ 12ന് കൊല്ലം ഡിപ്പോയിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ കൊച്ചി തുറമുഖത്ത് എത്തിക്കുന്ന യാത്രക്കാരെ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ‘ നെഫെർറ്റിറ്റി’ എന്ന കപ്പലിലാണ് 10 നോട്ടിക്കൽമൈൽ ദൂരത്തേക്ക് കടൽയാത്രയ്ക്കായി കൊണ്ടുപോകുന്നത്. 

ksrtc-trip1

വിവിധതരം ഗെയിമുകളും ഡീജെയും ഉൾപ്പെടുത്തിയിട്ടുള്ള യാത്ര കഴിഞ്ഞ് രാത്രിയോടെ മടങ്ങാവുന്ന തരത്തിലാണ് ക്രമീകരണം. ഭക്ഷണം ഉൾപ്പെടെ മുതിർന്നവർക്ക് 3500 രൂപയും കുട്ടികൾക്ക് 1800 രൂപയുമാണ് നിരക്ക്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 38 പേർക്കാണ് യാത്രയ്ക്ക് അവസരം. 

പുതിയ പുതിയ പാക്കേജുകൾ അവതരിപ്പിച്ചു വരുമ്പോഴും ഇതുവരെയുള്ള കണക്ക് അനുസരിച്ച് മലക്കപ്പാറ ട്രിപ്പുതന്നെയാണ് വരുമാനത്തിൽ മുന്നിൽ. 6 ജില്ലകളിൽ നിന്നാണ് ഇപ്പോൾ മലക്കപ്പാറ സർവീസ് . മലപ്പുറത്തു നിന്നുള്ള മൂന്നാർ ട്രിപ്പിനാണ് രണ്ടാം സ്ഥാനം. മുന്നാറിലേക്ക് കോതമംഗലത്തു നിന്നുള്ള ജങ്കിൾ സഫാരി ട്രിപ്പ് വരുമാനത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. മൂന്നാർ സഫാരി, പാലക്കാട് നെല്ലിയാമ്പതി, ആലപ്പുഴ–വാഗമൺ എന്നിവിടങ്ങളിലേക്കും യാത്രക്കാർ ധാരാളം ഉണ്ട്.

ഇക്കഴിഞ്ഞ വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബജറ്റ് യാത്ര ചില ഡിപ്പോകൾ ഒരുക്കി . പുതിയ റൂട്ടിൽ നഷ്ടക്കണക്കില്ലാത്ത ഓടുന്ന കെഎസ്ആർടിസി മധ്യവേനൽ അവധിക്കാലത്ത് യാത്രക്കാർക്കായി പുതിയ യാത്രാച്ചേരുവകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്.

English Summary: KSRTC-KSINC ship cruise Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com