ADVERTISEMENT

കോട്ടയത്തെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ഇല്ലിക്കല്‍കല്ല്‌. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എപ്പോഴും സുന്ദരമായ കാറ്റു വീശുന്ന ഇവിടം, മനോഹരമായ കാഴ്ചകള്‍ക്ക് പേരുകേട്ടതാണ്. നിരവധി അരുവികള്‍ ഇവിടെയുണ്ട്. ഇവയെല്ലാം ഒന്നുചേര്‍ന്ന് മീനച്ചിലാറായി ഒഴുകുന്നു.

illikalkallu2
Image from Shutterstock

മൂന്നു പാറക്കൂട്ടങ്ങൾ ചേര്‍ന്നതാണ് ഇല്ലിക്കൽ കല്ല്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറയ്ക്ക് കൂടക്കല്ല് എന്നാണ് പേര്. തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറയെ കൂനൻ കല്ല് എന്നു വിളിക്കുന്നു. കുരിശിട്ട കല്ല് ആണ് മറ്റൊന്ന്. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപ്പാലം’ എന്ന ഭാഗമുണ്ട്. വളരെ ബുദ്ധിമുട്ടാണ് ഇതിലൂടെ നടക്കാന്‍. മഴയും കോടമഞ്ഞും ഉള്ള സമയങ്ങളില്‍ അങ്ങേയറ്റം അപകടമാണ് ഇതിലൂടെയുള്ള നടത്തം.

നീലക്കൊടുവേലി ഇവിടെയോ?

അദ്ഭുത ഔഷധസസ്യമായ നീലക്കൊടുവേലി ഈ കൊടുമുടിയിൽ ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. കൂടാതെ പഞ്ചപാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ട ഒരു കഥയും ഇവിടെ പ്രചരിക്കുന്നുണ്ട്. വനവാസക്കാലത്ത് പാണ്ഡവരും പാഞ്ചാലിയും ഇവിടെ താമസിച്ചിരുന്നത്രേ. ഒരു ദിവസം ഭീമന് ഭക്ഷണം നല്‍കാന്‍ പാഞ്ചാലി അല്‍പം വൈകിപ്പോയി. ഇതില്‍ കുപിതനായ ഭീമന്‍ ഒരു ഉലക്കയെടുത്ത് ദൂരേക്ക് എറിഞ്ഞു. കൂനന്‍ കല്ലിന്‍റെയും കുടക്കല്ലിന്‍റെയും ഇടയിലൂടെ ആ ഉലക്ക ചെന്ന് വീണ സ്ഥലത്ത് ഒരു തോടുണ്ടായി എന്നാണ് കഥ. ഇവിടെയുള്ള ‘ഒലക്കപ്പാറ തോട്’ അങ്ങനെ ഉണ്ടായതാണ് എന്നാണ് വിശ്വാസം.

illikallkallu1
Image from Shutterstock

ഇല്ലിക്കല്‍കല്ല്‌ കൊടുമുടിയുടെ മുകളിൽനിന്നു നോക്കിയാല്‍ അറബിക്കടലും ഉദയാസ്തമയക്കാഴ്ചകളും കാണാൻ കഴിയും. കോട്ടയത്തുനിന്നു വാഗമണിനു പോകുന്ന വഴിയിലാണ് ഇല്ലിക്കല്‍ കല്ല്‌. കൊച്ചിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വണ്‍ ഡേ ടൂര്‍ പോകാന്‍ പറ്റിയ സ്ഥലമാണ്.  

വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലിനടുത്താണ്.  ഈരാറ്റുപേട്ട- തീക്കോയി- അടുക്കം വഴിയും ഈരാറ്റുപേട്ട- കളത്തുക്കടവ്- മങ്കൊമ്പ് വഴിയും തൊടുപുഴ- മേച്ചാല്‍ വഴിയും ഇല്ലിക്കൽകല്ലില്‍ എത്താം.

മഴക്കാലത്തിനു ശേഷമുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും പറ്റിയത്. മഴക്കാലത്ത് വഴികളില്‍ നല്ല വഴുക്കുള്ള സമയമായതിനാല്‍ ഈ പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍മഴ കടുക്കുന്ന സമയങ്ങളിലും യാത്ര അല്‍പം അപകടം തന്നെയാണ്. അതുകൊണ്ട് വളരെയേറെ ശ്രദ്ധിക്കണം.

ഇല്ലിക്കല്‍ കല്ലിന്‍റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇലവീഴാപൂഞ്ചിറയ്ക്ക് പുറമേ വാഗമണ്‍, കിക്കയം വെള്ളച്ചാട്ടം, മുനിയറ ഗുഹ, മര്‍മല വെള്ളച്ചാട്ടം, വെള്ളപ്പാറ വെള്ളച്ചാട്ടം, തങ്ങള്‍പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.

English Summary: IllikalKallu Travel Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com