ADVERTISEMENT

യാത്രകൾ എന്നും ഇഷ്ടമാണ്. പ്രിയമുള്ളവരോടൊത്താകുമ്പോൾ ഏറെ സന്തോഷം. ചെറുപ്പം മുതല്‍ ഒരുപാട് വിനോദ യാത്രകൾ പോയിട്ടുണ്ട്. വിവാഹത്തിനു ശേഷം ഭർത്താവ് കൊണ്ടുപോകാൻ കാത്തു നിൽക്കണ്ട എന്നുപറഞ്ഞു സന്തോഷത്തോടെ അമ്മ എന്നും യാത്രകൾ പ്രോത്സാഹിപ്പിച്ചിരുന്നു. വർഷത്തിൽ നിരവധി വിനോദ യാത്രകൾ പോകാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഓരോ യാത്രയും ഓരോ വിധത്തിൽ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ചെറുപ്പത്തിൽ അമ്മയുടെ സ്കൂളിൽനിന്നും ചേച്ചിയുടെ സ്കൂളിൽനിന്നും, പിന്നെ എന്റെ സ്കൂളിലും കോളജിലും ഹോസ്റ്റലിലുംനിന്ന്, വേദോപദേശ ടീച്ചർ ആയിരുന്നപ്പോൾ അവിടെനിന്ന്, പിന്നെ പഠിപ്പിച്ച കോളജിൽനിന്നു കുട്ടികളോടൊപ്പം.. അങ്ങനെ യാത്രയുടെ ഒരു പെരുമഴക്കാലം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

womens-travel3

എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതത്തിന്റെ കനത്ത ചൂടിൽനിന്ന് അൽപം തണൽ തേടിയുള്ള ഒളിച്ചോട്ടങ്ങൾ ആയിരുന്നു. കുറച്ച് നിമിഷത്തേക്കെങ്കിലും അവയുടെ സ്‌മൃതികളിൽ അഭിരമിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നു എന്നത് സത്യം.

womens-day

‌ഇത്രയേറെ ടൂർ പോയിട്ടും മനസ്സിനെ വല്ലാതങ്ങു പിടിച്ചുലച്ച യാത്രയായിരുന്നു കഴിഞ്ഞ ആഴ്ച നടത്തിയത്. ഏപ്രിൽ 5– എന്തായിരുന്നു അതിന്റെ പ്രത്യേകത എന്നാലോചിക്കുമ്പോൾ ഒരേ ഒരു കാരണം മാത്രം. 18 പെണ്ണുങ്ങൾ ഒരുമിച്ച് ഒരേ മനസ്സോടെ യാത്ര തിരിച്ചു. 

womens-travel5

കോളജിലെ അധ്യാപകന്മാർ ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നു എന്ന സൂചനയിൽ, എന്നാപ്പിന്നെ നമുക്കും എവിടെയെങ്കിലും പോകേണ്ടേ എന്ന ചെറിയ ചിന്തയിൽ പെട്ടെന്നെടുത്ത തീരുമാനമാണ് ഞങ്ങളുടേത്. കൊറോണക്കാലം അധ്യാപകർക്കു സമ്മാനിച്ച സ്‌ട്രെസും സ്‌ട്രെയിനും ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല. വെറുതെ ഇരുന്ന് ശമ്പളം വാങ്ങിയവർ എന്ന മുദ്ര കുത്തൽ തുടങ്ങി ഓൺലൈൻ ക്ലാസ്സുകളുടെ പ്രശ്നങ്ങൾ, വിദ്യാർഥികളുടെ സെമസ്റ്റർ ലാഗ് ചെയ്തതു മൂലം ഉണ്ടായ പ്രശ്നം, നാക് അക്രഡിറ്റേഷൻ സംബന്ധിച്ച ജോലികൾ, മറ്റു പേപ്പർ വർക്കുകൾ, സെമിനാർ, വാല്യൂവേഷൻ ക്യാംപ്, തുടരെ വരുന്ന പരീക്ഷ എല്ലാം കൊണ്ടും ജഗപൊഗ ആയിരിക്കുന്ന സമയത്ത് തലയിൽ ഉദിച്ച ഈ ടൂർ എന്തു കൊണ്ടും വേറിട്ട അനുഭവം തന്നെയായിരുന്നു.

പെണ്ണുങ്ങൾ ഒരുമിച്ച യാത്ര

പെണ്ണുങ്ങൾ മാത്രമായി ഒരു യാത്ര. ഒരുവിധത്തിലുള്ള നിബന്ധനകളും ഇല്ലാതെ എല്ലാവർക്കും സർവസ്വാതന്ത്ര്യത്തോടെ നടക്കാം. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടം പോലെ പാട്ടുപാടി നൃത്തം ചെയ്ത്, കൂവി വിളിച്ച്, ആർത്തു ചിരിച്ച്, വെള്ളത്തിൽ ഒഴുകി, മഴയിൽ നനഞ്ഞുകുതിർന്ന്, ഊഞ്ഞാലിലാടി ഞങ്ങൾ അങ്ങനെ അർമാദിച്ചു. ഇത്രയും നാളും ഒരുമിച്ചുണ്ടായിട്ടും എന്തേ ഇങ്ങനെയൊന്ന് ആർക്കും മുൻപു തോന്നിയില്ല എന്ന കുറ്റബോധം എല്ലാവരുടെയും മുഖത്തു ഒരു ചോദ്യചിന്ഹം പോലെ നിഴലിച്ചു. അത്രമേൽ ഹൃദയമായ അനുഭൂതിയായിരുന്നു ആ യാത്ര. 

ആദ്യം കാപ്രിക്കോട് എന്ന ആനവളർത്തൽ കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ആന കൂടാതെ മാൻ, മ്ലാവ് ഒക്കെ അവിടെയുണ്ട്. മുളങ്കൂട്ടങ്ങളാൽ മനോഹരിയായ പ്രകൃതി നമ്മെ കൂട്ടിനു വിളിക്കും. നടപ്പാതയിലൂടെ നടക്കുന്തോറും പ്രകൃതി കൂടുതൽ സുന്ദരിയാണെന്ന് തോന്നും. ഹരിപ്രസാദ് എന്ന അൻപതു തികഞ്ഞ കൊമ്പൻ അവിടെ നമ്മെ കാത്തുനിൽപ്പുണ്ടായിരുന്നു. വേറെയും രണ്ടു പേരുണ്ട്. അവർ സവാരിക്കു പോയതുകൊണ്ട് വേണ്ട വിധത്തിൽ പരിചയപ്പെടാനായില്ല.

കാപ്രിക്കോടിന്റെ സൗന്ദര്യം മുഴുവൻ ഹൃദയത്തിലും ക്യാമറയിലും ആവാഹിച്ചു. പിന്നെ വണ്ടി ചെന്നുനിന്നത് ഇല്ലിത്തോട് എന്ന സ്ഥലത്താണ്. അടിപൊളി സ്ഥലം. ഇഷ്ടം പോലെ ഊഞ്ഞാൽ. ഉള്ളിലേക്ക് നടന്നു. ഇത്തിരി ക്ഷീണിച്ചെങ്കിലും അതെല്ലാം ഊഞ്ഞാലാട്ടത്തോടെ പോയിമറഞ്ഞു. പിന്നെയല്ലേ രസം. ആധികം ആഴമില്ലാത്ത ഒരു പുഴ അങ്ങനെ ഒഴുകുകയാണ്, മനോഹരിയായി. ഒന്നും നോക്കിയില്ല, എല്ലാവരും ഒറ്റച്ചാട്ടത്തിന് വെള്ളത്തിലായി. കൂട്ടിനു മഴയുമെത്തി. പുഴയിൽ മഴ കൊണ്ട് അങ്ങനെ തകർത്തു തിമിർത്ത് ഉല്ലസിച്ചു. 

ഞങ്ങളുടേത് മാത്രമായ ഒരു ലോകം. പ്രായഭേദമെന്യേ ഞങ്ങൾ നന്നായി ആസ്വദിച്ചു. ഈ യാത്ര അവസാനിക്കുന്നില്ല. ഇത് ഒരു തുടക്കം മാത്രം. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആരും നമുക്ക് കൊണ്ടുത്തരില്ല. നാം തന്നെ കണ്ടെത്തണം. ജീവിതത്തിലെ ചില മാത്രകളെങ്കിലും നമുക്കായി മാറ്റിവച്ചു കൊണ്ട് ഫ്രസ്‌ട്രഷൻ ഇല്ലാത്ത നല്ല നാളെക്കായി ചില യാത്രകൾ ആവശ്യമാണ്. അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.

ലേഖിക : ഷിന്റ  ജി നെല്ലായി

അസിസ്റ്റന്റ് പ്രഫസർ

പ്രജ്യോതി നികേതൻ പുതുക്കാട്

English Summary: Ladies only Travel Experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com