ADVERTISEMENT

നാവില്‍ കൊതിയൂറും രുചികളുടെയും കടലോളം കാഴ്ചകളുടെയും പേരിലാണ് കോഴിക്കോട് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട് വന്നാല്‍ ഭക്ഷണപ്രിയന്മാര്‍ക്ക് പിന്നെ തിരിച്ചു പോകാന്‍ തോന്നില്ല. എന്നാല്‍, പ്രകൃതിസൗന്ദര്യം തേടി വരുന്നവര്‍ക്ക് അല്‍പം നിരാശയോടെ മടങ്ങേണ്ടി വരുന്നതാണ് പതിവ്. ചരിത്രസ്മാരകങ്ങള്‍ അല്ലാതെ, അത്ര പ്രശസ്തമായ പ്രകൃതിദത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെ കുറവാണ്. ഉള്ള ഇടങ്ങള്‍ തന്നെ സഞ്ചാരികള്‍ക്ക് അത്രത്തോളം അറിവുമില്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ചില ഇടങ്ങള്‍ സഞ്ചാരികളുടെ ഇടയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍ ഈയിടെയായി കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങുന്ന ഇടങ്ങളില്‍ ഒന്നാണ് മീറോഡ്‌ മല.

മേപ്പയൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ വില്ലേജുകളിൽ 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ്‌ മല. കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി ഇൗ മലയിലേക്ക് എത്താറുണ്ട്.

വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സമയം. ദൂരെ ഒരു ചെമ്പിന്‍ കുടം പോലെ സൂര്യന്‍ അലിഞ്ഞില്ലാതെയാകുന്ന അസ്തമയക്കാഴ്ച നയനമനോഹരമാണ്. ദൂരെയായി കടലും അകലാപ്പുഴയുടെ ഒഴുക്കുമെല്ലാം കാണാം. രാവിലെ ഇവിടെ എത്തിയാല്‍ ചെറിയ മഞ്ഞും ഉദയവുമെല്ലാം ആസ്വദിക്കാം. 

മലയ്ക്ക് സമീപം പണ്ടു കേന്ദ്രസര്‍ക്കാരിന്‍റെ മൈക്രോവേവ് റിപ്പീറ്റിങ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ മൈക്രോവേവ് മല എന്നാണ് നാട്ടുകാര്‍ ഇതിനിട്ട ഓമനപ്പേര്. മാത്രമല്ല, കളരി അഭ്യാസത്തിന് പ്രശസ്തമായിരുന്ന സ്ഥലങ്ങളും ഇവിടെ അടുത്തായി ഉണ്ടായിരുന്നു. 

നരക്കോടിനടുത്ത് നിന്ന് മലയിലേക്ക് റോഡുണ്ട്. ഇതില്‍ കുറച്ചു ഭാഗം മാത്രമേ ടാര്‍ ഇട്ടിട്ടുള്ളൂ. ബാക്കി ഭാഗം ചെമ്മണ്‍പാതയാണ്. കീഴരിയൂർ ഭാഗത്തു നിന്ന് നരക്കോട് മരുതേരിപറമ്പ് ഭാഗത്തു കൂടിയും മലയിലേക്ക് പോകാന്‍ വഴിയുണ്ട്.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് മീറോഡ്‌ മലയും സമീപപ്രദേശങ്ങളും. മിച്ചഭൂമി സമരത്തെ തുടർന്ന് സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്ത ഈ ഭൂമിയുടെ സിംഹഭാഗവും ഇപ്പോൾ സ്വകാര്യവ്യക്തികളുടെ കൈവശമാണ്.

English Summary: Meerod Hills in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com