കോടമഞ്ഞും മഴയും; 12 മണിക്കൂറിലെ അതികഠിനമായ ട്രെക്കിങ് വിശേഷങ്ങളുമായി പ്രിയങ്ക

priyanka-nair
Image From Instagram
SHARE

യാത്രകൾ നടത്താൻ ഒരുപാട് ഇഷ്ടമുള്ളയാളാണ് പ്രിയങ്ക. എപ്പോൾ യാത്ര നടത്തിയാലും അതിലൊക്കെ പ്രകൃതിയുമായൊരു അടുപ്പമുണ്ടാകും. കാട്ടിലേക്കുള്ള യാത്രകളാണ് താരത്തിന് ഏറെ ഇഷ്ടം. സ്വപ്‌ന യാത്രയായിരുന്ന അഗസ്ത്യാർകൂട ട്രെക്കിങ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. ഒരുപാട് ആഗ്രഹിച്ച് നടത്തിയ സ്വപ്നയാത്രയായിരുന്നു. അഗസ്ത്യകൂട മലനിരകള്‍ കീഴടക്കിയ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നുണ്ട്. 

ട്രെക്കിങ് പ്രേമിയായ പ്രിയങ്ക ഇപ്പോൾ വരയാടുമൊട്ട കൊടുമുടിയിലേക്ക് നടത്തിയ യാത്രാവിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കോടമഞ്ഞും മഴയും വകവയ്ക്കാതെ പന്ത്രണ്ടു മണിക്കൂര്‍ ട്രെക്കിങ് നടത്തിയെന്നും പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. ട്രെക്കിങ് വേഷത്തില്‍ മനോഹരമായ പുല്‍മേട്ടില്‍ നില്‍ക്കുന്ന പ്രിയങ്കയെ ചിത്രത്തില്‍ കാണാം.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മനോഹരമായ ടൂറിസ്റ്റ് ട്രെക്കിങ് കേന്ദ്രമാണ് വരയാടുമൊട്ട മലനിരകള്‍. നെടുമങ്ങാട് താലൂക്കിലെ പൊൻമുടി പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് വരയാടുമൊട്ട. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മലനിരകള്‍, പൊൻമുടി കുന്നുകൾക്കും പാലോട് കുന്നുകൾക്കും കല്ലാർ താഴ്‌വരയ്ക്കും ഇടയിലായാണ് സ്ഥിതിചെയ്യുന്നത്. മീശപുലിമലയ്ക്കും അഗസ്ത്യാർകൂടത്തിനും ശേഷം ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ കഠിനമായ ട്രെക്കിങ്ങാണിത്.

പേര് സൂചിപ്പിക്കുന്നത് പോലെ, വരയാടുകളെ കാണാനാവുന്ന മലനിരകളാണ്‌ ഇത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗൈഡഡ് ട്രെക്കിങ് പ്രോഗ്രാമുണ്ട്. നിത്യഹരിത ഷോല വനങ്ങളിലൂടെയുള്ള കാൽനടയാത്ര ഒരേസമയം കൗതുകവും അല്‍പം ഭീതിയും മനസ്സില്‍ ഉണര്‍ത്തും. 

ഒരു വശത്തേക്ക് 18 കിലോമീറ്റർ ട്രെക്കിങ് ആണ് ഉള്ളത്. വഴുവഴുപ്പുള്ള പാതകളും അപകടകരമായ അഗാധഗർത്തങ്ങളുമുള്ള കഠിനമായ ട്രെക്കിങ്ങിന്  ശേഷം വിജയകരമായി കൊടുമുടി കയറിക്കഴിഞ്ഞാൽ, ചുറ്റുമുള്ള മലകളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകൾ കാണാം. ചുറ്റും മഞ്ഞണിഞ്ഞ മലനിരകളുടെയും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പിന്റെയും കാഴ്ച ഹൃദയം കവരും. വരയാടുമൊട്ടയിലെ വരയാടുകൾ സഞ്ചാരികളുടെ മുന്നിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ.

ട്രെക്കിങ് പാക്കേജ് രണ്ട് റൂട്ടുകളിൽ ലഭ്യമാണ് - ഒന്ന് ഗോൾഡൻ വാലിയിൽ നിന്നും മറ്റൊന്ന് പൊൻമുടിയിൽ നിന്നും. ഈ പാക്കേജിൽ ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല, മഴക്കാലത്ത് ഈ ട്രെക്കിങ് പ്രോഗ്രാം ലഭ്യമല്ല. നവംബർ മുതല്‍ മെയ് വരെയാണ് യാത്രക്ക് ഏറെ അനുയോജ്യം. മുൻകൂർ ബുക്കിങ് ആവശ്യമാണ്. 

രാവിലെ 7.30 ന് ആരംഭിക്കുന്ന ട്രെക്കിങ് 12 മണിക്കൂർ നീണ്ടുനില്‍ക്കും. രണ്ടു ഗൈഡുകള്‍ ഗ്രൂപ്പിനൊപ്പം ഉണ്ടാകും സാധാരണയായി അഞ്ചുപേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ്. കല്ലാർ നദി, പൊൻമുടി, മീൻമുട്ടി വെള്ളച്ചാട്ടം, മണക്കയം വെള്ളച്ചാട്ടം, ബ്രിമോർ എസ്റ്റേറ്റ് എന്നിവ വരയാടുമൊട്ട കൊടുമുടിക്ക് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

English Summary: priyanka nair Shares Varayadumotta Trekking Experience

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA