ഇത് കോഴിക്കോടിന്‍റെ കുട്ടനാട്; കായല്‍ക്കാഴ്ചകളും ശിക്കാരവള്ളയാത്രയും മീന്‍രുചികളും

Akalapuzha1
Image: Arun payyadimeethal
SHARE

അകലാപ്പുഴ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പെട്ടെന്നോര്‍ക്കുക അതൊരു വലിയ പുഴയാണ് എന്നായിരിക്കും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു കായലാണ്. കോഴിക്കോട് ജില്ലയിൽ പയ്യോളി ചീർപ്പിനും കണയങ്കോടിനുമിടയിൽ, കോരപ്പുഴയിൽ തുടങ്ങി പറശ്ശിനിക്കടവ് വഴി കർണാടകത്തിലേക്കാണ് ഈ കായല്‍ ഒഴുകുന്നത്. കോഴിക്കോട്- വടകര റൂട്ടിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡിലൂടെ നാലുകിലോമീറ്റർ പോയാൽ ഇവിടെയത്താം. ഉള്‍നാടന്‍ ഗ്രാമഭംഗി കാണാനും ആസ്വദിക്കാനും ഇഷ്ടമുള്ളവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് അകലാപ്പുഴയിലേക്കുള്ള യാത്ര. 

കോഴിക്കോടിന്‍റെ കുട്ടനാട്

പലപ്പോഴും കോഴിക്കോടിന്‍റെ കുട്ടനാട് എന്നു അകലാപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. അത്രയധികം സാമ്യം അകലാപ്പുഴയ്ക്ക് കുട്ടനാടിനോടുണ്ട്. കാറ്റിലാടി നില്‍ക്കുന്ന തെങ്ങിന്‍തലപ്പുകളും കണ്ടല്‍ത്തോട്ടങ്ങളും കോള്‍ നിലവും ബണ്ടും പുഴയ്ക്ക് കുറുകെയുണ്ടാക്കിയ പാതയും തുരുത്തുകളുമെല്ലാം ഈ സാമ്യതയ്ക്ക് സാക്ഷ്യം പറയും! മാത്രമല്ല, കുട്ടനാട് പോലും തോറ്റുപോവുന്നത്രെ കിടിലന്‍ രുചിയില്‍ ഒരുക്കിയ മീന്‍വിഭവങ്ങളും ഇവിടെ കിട്ടും. 

പുഴയുടെ വഴിയേ ജീവിതം

ആലപ്പുഴക്കാര്‍ക്ക് വേമ്പനാട്ടു കായല്‍ എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് ഇവിടെയുള്ള നാട്ടുകാര്‍ക്ക് അകലാപ്പുഴ കായല്‍. അകലാപ്പുഴയ്ക്കു ചുറ്റും മീൻപിടിച്ചും കരിമീനും മറ്റും കൃഷി ചെയ്തും കക്കവാരിയും ജീവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. പുഴയെ ആശ്രയിച്ചാണ് ഈ പ്രദേശത്തെ ജീവിതം. ഈയിടെയായി വിനോദസഞ്ചാരവും ഇവിടുത്തെ ഒരു പ്രധാനവിനോദമാണ്.

തീവണ്ടി ഷൂട്ട്‌ ചെയ്ത പാമ്പന്‍തുരുത്ത്

സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനായ പാമ്പന്‍തുരുത്ത് അകലാപ്പുഴയിലാണ്‌ സ്ഥിതിചെയ്യുന്നത്. കായലിനു നടുവിലായി രണ്ടേക്കറോളം വരുന്ന ഒരു തെങ്ങിൻതോപ്പാണ് പാമ്പൻതുരുത്ത് എന്നറിയപ്പെടുന്നത്.

Akalapuzha3

പല നാട്ടില്‍ നിന്നും വിരുന്നെത്തുന്ന ദേശാടനക്കിളികളുടെയും മറ്റു ധാരാളം ജീവികളുടെയും കേന്ദ്രമാണിവിടം. ടോവിനോ നായകനായ ‘തീവണ്ടി’ എന്ന ചിത്രം  ഇവിടെ ഷൂട്ടിങ് നടത്തിയിട്ടുണ്ട്.

മലബാർ മാന്വലിലെ അകലാപ്പുഴ

അകലാപ്പുഴയ്ക്ക് ചരിത്രകാലത്തോളം പഴക്കമുണ്ട്. അകലാപ്പുഴയ്ക്ക് അടുത്തുള്ള തുറയൂർ, സംഘകാലഘട്ടത്തിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു എന്ന് കരുതപ്പെടുന്നു. ഇന്നത്തെ പ്രശസ്തമായ പിഷാരിക്കാവിനോടു ചേർന്ന് അന്ന് വാണിജ്യാവശ്യത്തിനായെത്തുന്ന ഉരു അടുത്തിരുന്നതായും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് അകലാപ്പുഴ വഴി ജലഗതാഗതം നടന്നിരുന്നു. ‘അകലമുള്ള പുഴ’ എന്നത് ലോപിച്ചാണ് അകലാപ്പുഴ എന്ന പേരുണ്ടായതെന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ  എഴുതിയിട്ടുണ്ട്. 

സഞ്ചാരികള്‍ക്കായി ശിക്കാരബോട്ട് യാത്ര

അകലാപ്പുഴയിലൂടെ ഇപ്പോള്‍ ശിക്കാരബോട്ടുകളില്‍ സഞ്ചാരികള്‍ക്ക് യാത്ര നടത്താം. നാലുവശവും തുറന്ന, പനയോലകൊണ്ടുള്ള മേലാപ്പുള്ള വള്ളങ്ങളില്‍, പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്ര അതിമനോഹരമാണ്. ലെയ്ക് വ്യു പാലസ് ശിക്കാരബോട്ട് സര്‍വീസിന്‍റെ 60 പേര്‍ക്ക് സഞ്ചരിക്കാവുന്ന ശിക്കാരബോട്ടില്‍ ചെറിയ മീറ്റിങ്ങുകള്‍, ജന്മദിനാഘോഷങ്ങള്‍, വിവാഹവാര്‍ഷിക പരിപാടികള്‍, വിവാഹനിശ്ചയം, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയെല്ലാം നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ കരയില്‍ കുട്ടികളുടെ പാര്‍ക്ക്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓപ്പണ്‍സ്റ്റേജ്, റെസ്റ്റോറന്റ്, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.

Akalapuzha

പുഴയോരത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുള്ള ജലയാത്ര നടത്താന്‍ വിദേശടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ധാരാളം സഞ്ചാരികള്‍ എത്തുന്നു. ഇതു കൂടാതെ രണ്ടുപേര്‍ക്കും അഞ്ചുപേര്‍ക്കും യാത്രചെയ്യാന്‍ പറ്റുന്ന പെഡല്‍ബോട്ടുകള്‍, വാട്ടര്‍സൈക്കിള്‍, റോയിങ് ബോട്ട് എന്നിവയും അകലാപ്പുഴയിലെ മറ്റു ചില ആകര്‍ഷണങ്ങളാണ്. ഈ വിനോദങ്ങള്‍ കൂടാതെ, അടുത്തുള്ള പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി കടപ്പുറം, തിക്കോടി ഡ്രൈവിങ് ബീച്ച്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരക്കാര്‍ ഭവനം, തിക്കോടി ലൈറ്റ് ഹൗസ് എന്നിവയും ഈ യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. 

English Summary: Akalapuzha Tourism in Kozhikode

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA