ADVERTISEMENT

അവധിക്കാല യാത്ര തിരുവനന്തപുരത്തേക്കാണോ? പൊൻമുടിയും കല്ലാറും മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന മറ്റിടങ്ങളും ഇവിടെയുണ്ട്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിറ്റിപ്പാറയുടെ കൗതുക കാഴ്ചയിലേക്ക് യാത്ര തിരിക്കാം.

ഏറ്റവും സുന്ദരമായ സൂര്യോദയവും അസ്തമയവും കാണാൻ പറ്റുന്ന മനോഹരമായ വ്യൂപോയിന്റാണ് തിരുവനന്തപുരത്തിന്റെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന ‘ചിറ്റിപ്പാറ’. അഗസ്ത്യമലയ്ക്ക് പുറകിൽ നിന്ന് സൂര്യൻ ഉദിച്ചുയരുന്ന മനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ ചിറ്റിപ്പാറയിൽ എത്തണം. പഞ്ഞിക്കെട്ടുകൾ പോലെ പരന്ന് കിടക്കുന്ന മേഘങ്ങൾക്ക് മുകളിലേക്ക് സൂര്യന്റെ സ്വർണവർണ പടരുന്ന കാഴ്ച അനിർവചനീയമാണ്. 360 ഡിഗ്രിയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കാഴ്ച. ചിറ്റിപ്പാറയ്ക്ക് മുകളിൽ ഏതുസമയത്തും വീശുന്ന തണുത്തകാറ്റ്. സൂര്യന്റെ ചൂട് കൂടുന്ന നിമിഷം മഞ്ഞും മേഘങ്ങളും മാഞ്ഞുപോകും. എങ്കിലും ചിറ്റിപ്പാറ ഒരുക്കിവയ്ക്കുന്ന വിദൂരദൃശ്യങ്ങൾ സഞ്ചാരികളുടെ മനം നിറയ്ക്കും. 

chittipara
Midhun_bs/shutterstock

പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ.1600 അടിയോളം ഉയരംവരും. ട്രെക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം. പൊൻമുടിയുടെ മനോഹാരിത ആസ്വദിച്ച് മടങ്ങുന്നവരാണ് മിക്കവരും. ചിറ്റിപ്പാറയുടെ വശ്യതയിലേക്ക് അധികമാരും എത്തിച്ചേരാറില്ല. മഞ്ഞിന്റെ മേലാങ്കിയണിഞ്ഞ ഇൗ സുന്ദരഭൂമിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിറ്റിപ്പാറയിലേക്ക് സന്ദർശകരും എത്താൻ തുടങ്ങി. 

നഗരതിരക്കുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി ഇരിക്കാനൊരിടം അതാണ് ചിറ്റിപ്പാറ. കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ മനോഹരമാണ് ചിറ്റിപ്പാറയും.

തിരുവനന്തപുരം പൊന്മുടി റൂട്ടിൽ വിതുര എത്തുന്നതിന് മുൻപ് , തൊളിക്കോടിനു ശേഷം ഇരുതല മൂലയിൽ നിന്ന് വലത്തോട്ട് ഉദ്ദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചിറ്റിപ്പാറ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന് അടുത്തെത്താം. ഇവിടെ വരെയേ വാഹനം പോകൂ. മുന്നോട്ട് ഉദ്ദേശം 15 മിനിറ്റ് ദൂരം നടക്കണം.

English Summary: Chittipara-The Meesapulimala of Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com