പ്രിയതമയ്ക്കൊപ്പം പണ്ടു പ്രണയനിമിഷങ്ങള്‍ ചിലവിട്ട ബീച്ചില്‍, മകനൊപ്പം ചാക്കോച്ചന്‍

kunchacko-boban
Image From Instagram
SHARE

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഭാര്യ പ്രിയക്കൊപ്പം ശംഖുമുഖം കടല്‍ത്തീരത്ത് പ്രണയനിമിഷങ്ങള്‍ ചിലവിട്ട ഓര്‍മയുമായി മലയാളത്തിന്‍റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ അതേ കടല്‍ത്തീരത്ത് മകനോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച ചാക്കോച്ചന്‍റെ വാക്കുകളില്‍ ഓര്‍മയുടെ മധുരം നിറയുന്നു. 

“റൊമാന്റിക് നിമിഷങ്ങള്‍ പങ്കിടാന്‍ ഞാൻ എന്‍റെ  പ്രിയതമയ്ക്കൊപ്പം  പോകാറുണ്ടായിരുന്ന ഇടമായിരുന്നു ഇത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, ഇതാ ഞങ്ങളുടെ ഈ സുന്ദരമായ ചെറിയ പകർപ്പുമായി ഞാൻ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു..” ചാക്കോച്ചന്‍ കുറിച്ചു. 

തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം ഓരോ മണല്‍ത്തരിയിലും ഗൃഹാതുരത്വത്തിന്‍റെ തിളക്കമാര്‍ന്ന ഓര്‍മ ഒളിപ്പിച്ചുവച്ച ശംഖുമുഖം കടൽത്തീരത്തെ സ്വര്‍ണവെയില്‍ വൈകുന്നേരങ്ങള്‍ വിലമതിക്കാനാവാത്തതാണ്. മാളുകളും ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്ള കഫേകളും ഹോട്ടലുകളുമെല്ലാം നിറയെ ഉള്ള ഇക്കാലത്ത്, സുഹൃത്തുക്കളോടും മറ്റു പ്രിയപ്പെട്ടവരോടുമൊപ്പം ഉല്ലാസകരമായ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിനായി വളരെ സമാധാനപരമായ അന്തരീക്ഷമാണ് ശംഖുമുഖം ഒരുക്കുന്നത്; അതും അഞ്ചു പൈസ ചിലവില്ലാതെ!

തിരുവനന്തപുരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വളരെ അടുത്താണ് ബീച്ച്. വിശാലമായ പഞ്ചാരമണലും ശാന്തമായ അന്തരീക്ഷവും, നഗരത്തിലെ ജനക്കൂട്ടത്തിന്‍റെ ഇരമ്പമില്ലാത്ത സുന്ദരമായ വൈകുന്നേരങ്ങളും ബീച്ചിന്‍റെ മുഖമുദ്രകളാണ്. 

ഈറ്റിങ് കിയോസ്‌കുകളുള്ള "സ്റ്റാർ ഫിഷ് റെസ്റ്റോറന്റ്", കാർ പാർക്കിങ് സൗകര്യമുള്ള ഓപ്പൺ എയർ തിയേറ്റർ എന്നിവയുമുണ്ട് ബീച്ചില്‍. ബീച്ചിനരികെയുള്ള ഓൾഡ് കോഫി ഹൗസിൽ രുചികരമായ ഭക്ഷണം ആസ്വദിക്കാം.

നഗരത്തിന്‍റെ അധിപനായ ശ്രീ അനന്തപത്മനാഭന്‍റെ 'ആറാട്ടുകടവ്' ആയി ശംഖുമുഖം ബീച്ച് കണക്കാക്കപ്പെടുന്നു. തിരുവനന്തപുരത്ത് ആറാട്ടു നാളിൽ പത്മനാഭസ്വാമി, നരസിംഹം, ശ്രീകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങൾ ഘോഷയാത്രയായി ശംഖുമുഖം കടൽത്തീരത്ത് ലക്കാദിവ് കടലിലേക്ക് കൊണ്ടുപോകുന്നു. രാജകുടുംബാംഗങ്ങൾ, സായുധരായ കാവൽക്കാർ, ക്ഷേത്ര അധികാരികൾ, മൌണ്ട് പോലീസ്, ഉദ്യോഗസ്ഥർ എന്നിവരുടെ അകമ്പടിയോടെ രാജകീയ വാളുമായി തിരുവിതാംകൂർ മഹാരാജാവ് ഘോഷയാത്ര നയിക്കും. ശംഖുമുഖത്ത് ആചാരപരമായ സ്നാനത്തിനുശേഷം ഇവ കൊണ്ടുപോകുന്നതോടെ ഉത്സവം സമാപിക്കുന്നു.

വിശേഷാവസരങ്ങളിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ ഈ കടല്‍ത്തീരത്ത് 'ബലി തർപ്പണം' നടത്തുന്നു. വിനായക ചതുർത്ഥി സമയത്ത് ഗണേഷ് നിമർജന്‍റെ പ്രധാന ലൊക്കേഷൻ ശംഖു മുഖമാണ്. എന്നാല്‍ ഈ പ്രദേശം മുഴുവൻ മാലിന്യം നിറഞ്ഞതിനാൽ ബീച്ചിന്‍റെ അവസ്ഥ ഇപ്പോള്‍ അല്‍പ്പം പരിതാപകരമാണ്.

സാഗരകന്യക ശിൽപം 

കാനായി കുഞ്ഞിരാമന്‍റെ ‘സാഗരകന്യക’ ശിൽപം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ഈ ഭീമൻ പ്രതിമയ്ക്ക് 35 മീറ്ററിലധികം നീളമുണ്ട്. കുട്ടികൾക്കായുള്ള ജവഹർലാൽ നെഹ്‌റു പാർക്ക് ഓഫ് ട്രാഫിക് സൈന്‍സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ കുട്ടികൾക്ക് സൈക്ലിങ് സൗകര്യവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ബീച്ചിനടുത്താണ് പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്. ഈ പിക്‌നിക് സ്പോട്ടിൽ ബോട്ടിംഗ് സൗകര്യം ലഭ്യമാണ്. സ്പീഡ് ബോട്ടുകൾ, റെസ്റ്റോറന്റുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ, ഇന്ത്യൻ എയർഫോഴ്‌സിന്‍റെ സതേൺ എയർ കമാൻഡിന്‍റെ സൈനിക മേഖലയും വിമാനത്താവളത്തിന്‍റെ ഒരു ഭാഗവും ശംഖുമുഖം ബീച്ചിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 

English Summary: Kunchacko Boban Shares pictures from shankumugham beach

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA