ADVERTISEMENT

കേരളത്തിന്റെ അകത്ത്, മലയാളികൾക്കിടയിൽ ഇടകലർന്ന് ജീവിച്ചിട്ടും തമിഴ് മാതൃഭാഷയും സംസ്കാരവും പിന്തുടരുന്ന കൽപാത്തി തെരുവിന്റെ ചരിത്രം എന്താണെന്നറിയാമോ? പാലക്കാട്ടിലേക്ക് ഒരിക്കൽ പോലും വന്നിട്ടില്ലെങ്കിലും കൽപാത്തി തെരുവിനെയും ടിപ്പുവിന്റെ കോട്ടയെയുമൊക്കെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ടിപ്പുവിന്റെ പടയോട്ട കാലം, പാലക്കാട്ടെ തെരുവുകളുടെയും കർഷക ജനതയുടെയും ചരിത്രം, തമിഴ്നാടിന്റെയും ആന്ധ്രയുടെയുമെല്ലാം ഇടകലർന്ന വിവിധ ജാതി–മത സംസ്കാരം ഇവയെല്ലാം ഇഴുകിച്ചേർന്ന പാലക്കാടിനെ ഒരു പക്ഷേ അധികമാർക്കും അറിയാൻ വഴിയില്ല.

palakkad1

ഏതാണ്ട് എഴുനൂറ് വർഷം മുൻപ് തമിഴ് രാജാക്കൻമാരായ ചേര–പാണ്ഡ്യരുടെ കാലത്ത് തഞ്ചാവൂരിൽ നിന്നുള്ള കുടിയേറ്റത്തോടെയാണ് കൽപാത്തിയിലെ, പാലക്കാട്ടെ തമിഴ് ബ്രാഹ്മണ ചരിത്രം തുടങ്ങുന്നത്. പാലക്കാട് രാജാവിനോട് പിണങ്ങിയ നമ്പൂതിരിമാർ ക്ഷേത്രങ്ങൾ വിട്ടൊഴിഞ്ഞതോടെ പൂജാ കർമങ്ങൾ നടത്താൻ രാജശേഖരവർമൻ രാജാവ് തഞ്ചാവൂരിൽ നിന്ന് പത്ത് ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവന്നു. ആ കുടിയിരുത്തൽ ആണ് നഗരത്തിലെ ഇന്നത്തെ അഗ്രഹാരങ്ങളുടെ ഉദയത്തിനും  അതുവഴി കർണാടക സംഗീതവും കൽപാത്തി രഥോൽസവുമൊക്കെ പാലക്കാടിന്റെ തനത് സംസ്കാരമായി നിൽക്കാനും കാരണമായത്. ഇന്ന് മലയാളവും മറ്റുമെല്ലാം ഇവർക്ക് സ്വായത്തമാണെങ്കിലും തമിഴ് സംസ്കാരം പൂർണമായി കൈവിട്ടിട്ടില്ല. 

അതു പോലെ മൂത്താൻമാർ തമിഴ് ചെട്ടിമാർ എല്ലാം തമിഴ്സംസ്കാരത്തിന്റെ സ്വാധീനത്തിന് ആക്കം കൂട്ടി. എന്നാൽ മൂത്താൻമാർ തമിഴ് ഭാഷയോട് ആദ്യമേ വിടപറഞ്ഞിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലത്ത് വന്ന കർണാടകയിൽ നിന്നുള്ള മുസ്‍ലിം വിഭാഗമായ പഠാണി, വ്യാപാരികളായ തമിഴ് റാവുത്തർമാർ, ബ്രിട്ടിഷ് സാമ്രാജ്യാത്തിന്റെ സ്വധീനത്താൽ ക്രിസ്ത്യൻ വിഭാഗവും പാലക്കാടിന്റെ വൈവിധ്യത്തിന് സംഭാവനകളേകി. ഇങ്ങനെ വിവിധ രീതിയിൽ ഒട്ടേറെ തെരുവുകളും വിവിധ വിഭാഗങ്ങളും പാലക്കാടിന്റെ ഭാഗമായി ഇന്നും നിലനിൽക്കുന്നുണ്ട് ആ തെരുവുകളിലൂടെ ഒരു യാത്ര പോകാം...

∙പരിമളം വീശുന്ന പാലക്കാടൻ തെരുവ്

നഗര മധ്യത്തിൽ പൂക്കളുടെ പരിമളം വീശുന്ന പൂക്കാരത്തെരുവാണ് പേരിനെ അനർഥമാക്കി ഇന്നും നിലനിൽക്കുന്നത്. വിവിധ വർണങ്ങളിലുള്ള മല്ലിക, ജമന്തി, മുല്ലപ്പൂ, റോസാപ്പൂ, കനകാംബരം തുടങ്ങിയവ നിരത്തിവച്ച കടകൾ പൂക്കാരത്തെരുവിനെ എപ്പോഴും ‘അണിയിച്ചൊരുക്കി’ നിർത്തുന്നു. ഇന്നും വിവിധ പരിപാടികൾക്കും വിവാഹങ്ങൾക്കും പൂക്കൾ വാങ്ങാൻ ആളുകൾ എത്തുന്നത് പൂക്കാരത്തെരുവിലാണ്.  ഈ ചെറിയ തെരുവിന്റെ ചരിത്രവും പൂക്കളാൽ രൂപപ്പെട്ടതാണ്. മുൻ കാലങ്ങളിൽ പൂക്കച്ചവടക്കാർ മാത്രം അധിവസിച്ചിരുന്നതും കച്ചവടം ചെയ്തിരുന്നതുമായ സ്ഥമായിരുന്നു ഇവിടം. ഈ തെരുവിൽ നിന്നാണ് പാലക്കാടൻ ഗ്രാമങ്ങളിലേക്ക് സൈക്കിളിൽ  പൂക്കൾ വിൽപനയ്ക്കെത്തിച്ചിരുന്നത്. 

palakkad5

പൊള്ളാച്ചിയിലെയും ഡിണ്ടിഗലിലെയും പാടങ്ങളിൽ വിരിയുന്ന പൂക്കളാണ് തെരുവിലേക്കെത്തുന്നത്. മുൻകാലങ്ങളിൽ പൂക്കടകൾ മാത്രം നിലനിന്നിരുന്ന ഇവിടെ കാലാന്തരങ്ങളിൽ മറ്റു കടകളും ഇടംനേടുകയായിരുന്നു. പല പൂക്കടക്കാരും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിപ്പോവുകയും ചെയ്തു. കല്യാണ സീസൺ അന്നും ഇന്നും പൂക്കാരത്തെരുവിന് വിശ്രമമില്ലാത്ത നാളുകളാണ്. ‘മേട്ടുപ്പാളയം സ്ട്രീറ്റ്’ എന്ന പേരിൽ പൂക്കാരത്തെരുവ് ഇന്നും പരിമളം പരത്തി നഗരമധ്യത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.

∙എരുമച്ചന്തകളുടെ എരുമക്കാരത്തെരുവ്

ആദ്യ കാലങ്ങളിൽ എരുമകളുടെ വ്യാപാരം നടന്നിരുന്ന തെരുവായിരുന്നു എരുമക്കാരത്തെരുവ്. അന്നത്തെ തമിഴ് ഗ്രാമീണ ജനതയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു എരുമക്കച്ചവടം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന എരുമകളെ വാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു എരുമക്കാരത്തെരുവിലെ അക്കാലത്തെ പതിവു കാഴ്ച. പൊള്ളാച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും എത്തുന്ന എരുമവ്യാപാരികളുടെ സങ്കേതവും എരുമക്കാരത്തെരുവ് ആയിരുന്നു.

palakkadpookkara-theruv

∙പാലക്കാടിനെ ‘കുപ്പായമണിയിച്ച’ തുന്നൽക്കാരത്തെരുവ്

ഒരു കാലത്ത് പാലക്കാടിന്റെ ‘ഫാഷൻ’ കേന്ദ്രമായിരുന്നു തുന്നൽക്കാരത്തെരുവ്. അന്നത്തെ സാമൂഹ്യ സ്ഥിതി അനുസരിച്ചുള്ള എല്ലാ തരം വസ്ത്രങ്ങളും തയ്ച്ചിരുന്നത് തുന്നൽക്കാരത്തെരുവിൽ നിന്നായിരുന്നു.

palakkad4

ജാതി വ്യവസ്ഥ രൂക്ഷമായ കാലത്തായിരുന്നു തുന്നൽക്കാരത്തെരുവിന്റെ പിറവി. അരക്കയ്യൻ ഷർട്ടും ജുബ്ബയുമെല്ലാം തയ്ച്ചെടുക്കാൻ പാലക്കാട്ടുകാർ തുന്നൽക്കാരത്തെരുവിലെത്തിയ കാലം ഇന്ന് വെറും ഓർമ മാത്രമായി.

∙അരിക്കാരത്തെരുവ്

പാലക്കാട്ടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വിവിധ തരത്തിലുള്ള അരികളെത്തിച്ച് വിൽക്കുന്ന കേന്ദ്രമായിരുന്നു അരിക്കാരത്തെരുവ് (ഹരിക്കാരത്തെരുവ്). മുൻ കാലങ്ങളിൽ അരിവ്യാപാരികളുടെ കേന്ദ്രമായിരുന്നു ഇവിടം. നെല്ലുകുത്തി അരിയാക്കി കൊണ്ടു വരുന്ന ഗ്രാമീണ വനിതകളും അരിക്കാരത്തെരുവിന്റെ പ്രത്യേകതകളായിരുന്നു.

palakkad3

∙തെരുവുകളുടെ വലിയങ്ങാടി

പാലക്കാട്ടെ കച്ചവട കേന്ദ്രമായ വലിയങ്ങാടിയിൽ പഴയ കാലത്തിന്റെ പ്രതാപമുണർത്തുന്ന ഒട്ടേറെ തെരുവുകളുണ്ട്. അവയിലൊന്നാണ് ‘എണ്ണക്കൊട്ടിൽ സ്ട്രീറ്റ്’. കുന്നംകുളത്തു നിന്നെത്തിയ എണ്ണവ്യാപാരികളാണ് ഈ തെരുവിന് ജീവൻ നൽകിയവർ. 

ഒരു കാലത്ത് ചക്കിൽ എണ്ണയാട്ടി കൊണ്ടുവരുന്നവരും വിൽപനക്കാരും ചേർന്ന് സജീവമായ തെരുവായിരുന്നു ഇത്. എണ്ണക്കൊട്ടിൽ സ്ട്രീറ്റ് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും കടകളുടെ ബോർഡുകളിലെ പേര് മാത്രമായി ഒതുങ്ങി. എണ്ണവിൽപനകേന്ദ്രങ്ങളൊന്നും ഇന്ന് ഇവിടെ ഇല്ല. ഗ്രാമങ്ങളിൽ എണ്ണ വിറ്റ് ജീവിക്കുന്നവർ ഈ തെരുവിന്റെ ജീവ നാഡിയായിരുന്നു. മുൻപ് ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന പല തെരുവുകളും ഇന്ന് നിലവിലില്ല. അവയിൽ ചിലതാണ് വണ്ടിത്തെരുവ്, ഗോഡൗൺ തെരുവ് തുടങ്ങിയവ.

∙അഗ്രഹാരത്തെരുവുകൾ

തമിഴ് ബ്രാഹ്മണർ അധിവസിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ തെരുവുകൾ രൂപം കൊണ്ടിരുന്നുവെങ്കിലും ഇന്ന് അവയെല്ലാം പല പേരുകളിലായി മാറി. പാലക്കാടിന്റെ അടയാളങ്ങളിൽ ഒന്നായ കൽപാത്തി തെരുവ് അവയിൽ ഒന്നാണ്.

∙പടയോട്ടക്കാല ഓർമയിൽ പഠാണിത്തെരുവ്

ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തെ സ്മരണകളുണർത്തുന്ന വിവിധ തെരുവുകളുണ്ട് പാലക്കാടിന്റെ മണ്ണിൽ. ടിപ്പുവിന്റെ വിശ്വസ്തരായ അനുയായികൾ താമസിച്ചിരുന്ന കേന്ദ്രമായിരുന്നു പട്ടാണിത്തെരുവ്. പടയോട്ടക്കാലത്ത് കുതിരപ്പട്ടാളത്തിന്റെ പരിചാരകരായ പട്ടാണി മുസ്‌ലിം വിഭാഗങ്ങൾ താമസിച്ച മേഖലയായിരുന്നു ഇവിടം.

palakkad2

മേട്ടുപ്പാളയം സ്ട്രീറ്റിനു സമീപത്തുള്ള ഡയാറ തെരുവിലും പട്ടാണി മുസ‍്‌ലിം വിഭാഗങ്ങളായിരുന്നു താമസിച്ചിരുന്നത്.  ടിപ്പു പിൻവാങ്ങിയെങ്കിലും ഈ തെരുവുകളുടെ പേര് ഇന്നും തുടരുന്നു. വലിയങ്ങാടിയിലെ പീരങ്കിത്തെരുവ്, പട്ടാളത്തെരുവ് തുടങ്ങിയവയെല്ലാം പടയോട്ടക്കാലത്ത് രൂപപ്പെട്ടവയായിരുന്നു. അക്കാലത്തെ അവശേഷിപ്പുകളിലൊന്നായി തെരുവിലുണ്ടായിരുന്ന പീരങ്കിപ്പാളി വർഷങ്ങൾക്കു മുൻപാണ് അധികൃതർ മ്യൂസിയത്തിലേക്കു മാറ്റിയത്. ഈ സ്ഥലപ്പേരുകൾ ക്രമേണ വിസ്മൃതിയിലാവുകയായിരുന്നു.

 English Summary: places visit in palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com