ഇത് ഇന്ത്യയുടെ സ്വന്തം ഗ്രാൻഡ് കാന്യൻ

canyon-gandikota
SHARE

അമേരിക്കൻ ഐക്യനാടുകളിലെ അതിഗംഭീരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രാൻഡ് കാന്യൻ എന്ന ഗർത്തം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെടുന്ന അഗാധ ഗർത്തങ്ങളെയാണ് സാധാരണയായി കാന്യൻ (Canyon) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കൊളറാഡോ എന്ന നദിയാണ് അവിടെ ഈ അഗാധ ഗർത്തം ഉണ്ടാക്കിയിരിക്കുന്നത്. നാനൂറ്റി അൻപതോളം കിലോമീറ്റർ നീളവും മുപ്പതു കിലോമീറ്ററോളം വീതിയും രണ്ടു കിലോമീറ്ററോളം ആഴവുമുള്ളതാണീ ഗർത്തം. ഇതിന്റെ രൂപീകരണത്തിന് ഏകദേശം ഇരുനൂറു കോടി വർഷങ്ങൾ എടുത്തിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇതത്രയും ഞാൻ വായിച്ച അറിവുകൾ മാത്രം. ഒരിക്കലെങ്കിലും അത് നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നതല്ലാതെ, ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് ഇവിടെ എഴുതാൻ ഒരു കാരണമുണ്ട്. നമുക്കുമുണ്ട് ഇത്തരമൊരു കാന്യൻ. അത് സന്ദർശിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. നാല് വർഷം മുൻപ് ഒരു ക്രിസ്മസ് അവധിക്കാലത്താണ് ഞങ്ങൾ അവിടം സന്ദർശിച്ചത്.

canyon-gandikota2

ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ ഒരു ഗ്രാമമാണ് ഗാന്ധിക്കോട്ട. അവിടെ ഒരു കോട്ടയുണ്ട്. അതിനോട് ചേർന്നാണ് ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ എന്നറിയപ്പെടുന്ന ഗാന്ധിക്കോട്ട കാന്യൻ ഉള്ളത്. അരിസോനയിൽ കൊളറാഡോ നദിയാണെങ്കിൽ ഇവിടെ പെണ്ണാറാണ് ഈ ഗർത്തം രൂപപ്പെടുത്തിയിരിക്കുന്നത്. എറാമല എന്ന പർവത നിരയെ നെടുകേ മുറിച്ചുകൊണ്ടാണ് പെണ്ണാർ ഈ ഗർത്തം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതുപോലെ വേറെയും കാന്യനുകളുണ്ടെങ്കിലും, ഗാന്ധിക്കോട്ട കാന്യനെയാണ് അരിസോനയിലേതുമായി താരതമ്യപ്പെടുത്തിയിരിക്കുന്നത്. കാഴ്ചയിലുള്ള സാമ്യം കൊണ്ടാണ് ഇതിനെ ഇൻഡ്യയുടെ ഗ്രാൻഡ് കാന്യൻ എന്ന് വിളിക്കുന്നത്.

അതിമനോഹരമായ ദൃശ്യമാണ് ഗാന്ധിക്കോട്ടയിലെ ഈ ഗർത്തം. അതിലൂടെ പെണ്ണാർ ഒഴുകുന്നത് അതിഗംഭീരമായ ദൃശ്യ വിരുന്നാണ്. സൂര്യോദയവും അസ്തമയവും ഇവിടുത്തെ സൗന്ദര്യം പതിന്മടങ്ങു വർധിപ്പിക്കും. കൂടുതൽ പേരും അസ്തമയം കാണുവാനാണെത്തുന്നതെന്നു തോന്നുന്നു.

ഞങ്ങൾ പോയ സമയത്ത് അത്ര തിരക്കില്ലായിരുന്നു. ബെംഗളൂരു നിവാസികളുടെ ഒരു പ്രിയപ്പെട്ട വാരാന്ത്യ വിനോദ കേന്ദ്രം കൂടിയാണിത്. 280 കിലോമീറ്റർ ദൂരമേയുള്ളൂ ബെംഗളൂരുവിൽനിന്ന് ഇവിടെ വരെ. (ഞാൻ മുൻ ലക്കങ്ങളിലൊന്നിൽ എഴുതിയിരുന്ന ബേലം ഗുഹയും ഇതിനടുത്താണ്. സന്ദർശകർ മിക്കവരും ഈ രണ്ടിടങ്ങളും ലപാക്ഷി ക്ഷേത്രവും സന്ദർശിച്ചു മടങ്ങുകയാണ് പതിവ്.) ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം ഇതിനോടു ചേർന്ന് നിലകൊള്ളുന്ന ഗാന്ധിക്കോട്ടയാണ്. വശങ്ങളിൽ ഈ ഗർത്തം നൽകുന്ന സംരക്ഷണമായിരിക്കും ഈ കോട്ട ഇവിടെ നിർമിക്കുവാനുള്ള കാരണം. ഈ കോട്ടയ്ക്ക് നമ്മുടെ മഹാത്മാവുമായി ബന്ധമൊന്നുമില്ല. ഗാന്ധി എന്നാൽ തെലുങ്കിൽ താഴ്‌വാരം എന്നാണത്രേ അർഥം. താഴ്‍‍‍വാരത്തിലെ കോട്ട, ഗാന്ധിക്കോട്ടയായി മാറി. 

canyon-gandikota1

1123 ൽ കാക രാജ എന്നൊരു നാട്ടു രാജാവ് പണികഴിപ്പിച്ചതാണീ കോട്ട. പിന്നീട് പല സാമ്രാജ്യങ്ങളുടെയും ശക്തികേന്ദ്രമായി ഇതു പ്രവർത്തിച്ചു. ചാലൂക്യ, ഖിൽജി രാജവംശങ്ങളുടെയും ഗോൽക്കൊണ്ട സുൽത്താന്മാരുടെയുമെല്ലാം ഭരണങ്ങൾക്കു വിധേയമായിട്ടുണ്ട് ഈ കോട്ട. പെമ്മസാനി സാമ്രാജ്യം മുന്നൂറു വർഷങ്ങളോളം തലസ്ഥാനമാക്കി ഭരിച്ച ഒരു പ്രദേശവുമാണിത്. ഈ പ്രദേശത്തിനും കോട്ടയ്ക്കും ആന്ധ്രയുടെ ചരിത്രത്തിലും പുരോഗതിയിലും വലിയ സ്വാധീനമാണുള്ളത്. ആദ്യം മണലുപയോഗിച്ചായിരുന്നു ഈ കോട്ട നിർമിച്ചത്. പിന്നീട് സുൽത്താന്മാരുടെ ഭരണകാലത്ത് ഇതിന് ഏറെ മാറ്റങ്ങളുണ്ടായി. ഇന്ന് കാണുന്ന കോട്ടയുടെ ഭാഗങ്ങൾ കാലക്രമേണ പുതുക്കി നിർമിക്കപ്പെട്ടവയാണ്.

ഇതിനുള്ളിൽ മനോഹരമായ ഒരു മസ്ജിദ് ഉണ്ട്. ജാമിയ മസ്ജിദ് എന്നാണിതിന്റെ പേര്. രണ്ടു ക്ഷേത്രങ്ങളും ഇതിനുള്ളിലുണ്ട്. രഘുനാഥസ്വാമി ക്ഷേത്രം മസ്ജിദിനോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. അനേകം തൂണുകളുള്ള ഒരു മണ്ഡപം മാത്രമേ ഇപ്പോൾ ഉള്ളൂ. ഉള്ളിൽ വിഗ്രഹങ്ങളൊന്നുമില്ല. ചുവന്ന ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് നിർമിതി. മാധവരായ ക്ഷേത്രമാണ് മറ്റൊന്ന്. വിജയനഗര സാമ്രാജ്യഭരണകാലത്തായിരിക്കണം ഈ ക്ഷേത്രം നിർമിച്ചിട്ടുണ്ടാവുക. ഭഗവാൻ വിഷ്ണുവാണ് മാധവരായർ. കോട്ടയുടെ കവാടമാണ് ഇന്നും കേടുകൂടാതെ നിലനിൽക്കുന്ന ഒരു മഹാനിർമിതി. ചാർമിനാറിനോട് രൂപ സാദൃശ്യമുള്ള ഒരു നിർമിതിയുണ്ട്. അത് നിരീക്ഷണ ഗോപുരമായോ പ്രാവു വളർത്തൽ കെട്ടിടമായോ നിർമിച്ചതായിരിക്കണം. പ്രൗഢ നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇന്ന് തകർന്നടിഞ്ഞിരിക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന ഭാഗങ്ങൾ തന്നെ, ഈ കോട്ടയുടെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ്. 

കടപ്പാക്കല്ലുകളുടെ നാട്ടിലൂടെയുള്ള യാത്രയും രസകരമാണ്. പൊട്ടിയ കല്ലുകൾ അടുക്കിവച്ച് വീടുകൾക്ക് മതിലുണ്ടാക്കുന്നവരെയും വീടുകൾ തന്നെയുണ്ടാക്കുന്നവരെയും ഇവിടത്തെ ഗ്രാമങ്ങളിൽ കാണാം. കടപ്പ പൊതുവേ ചൂട് കൂടിയ ഒരു സ്ഥലമായതുകൊണ്ട് തന്നെ, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഗാന്ധിക്കോട്ട സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. ഒരിക്കലെങ്കിലും ഒരു യാത്രികൻ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണിത്. ഇത് വേണ്ട രീതിയിൽ സംരക്ഷിക്കുന്നതിന് സർക്കാർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല എന്നെനിക്കു തോന്നുന്നു. ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് യഥാർഥത്തിൽ നമ്മൾ വളർത്തിയെടുക്കേണ്ടത്.

English Summary: India's Grand Canyon Gandikota

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA