ADVERTISEMENT

കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ അത്രയധികമൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒരിടമാണ് പൈനാവ്. ഇടുക്കി ജില്ലയുടെ ആസ്ഥാനവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായ ഈ ഹില്‍സ്റ്റേഷന്‍, കാഴ്ചയ്ക്ക് അതിമനോഹരവും ഒന്നോ രണ്ടോ ദിവസത്തെ ഹ്രസ്വ വിനോദയാത്രകള്‍ക്ക് ഏറെ അനുയോജ്യവുമാണ്. ഇടുക്കിയിലെ ധാരാളം വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൈനാവിനടുത്തായാണ് സ്ഥിതിചെയ്യുന്നത് എന്നൊരു മെച്ചവുമുണ്ട്. 

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലായി 3,900 അടി ഉയരത്തിലാണ് പൈനാവ് സ്ഥിതി ചെയ്യുന്നത്. സിവിൽ സ്റ്റേഷൻ, ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ പൈനാവിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആസ്ഥാനം ജില്ലയുടെ തന്നെ പേരിൽ അറിയപ്പെടാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നിന്‍റെ ആസ്ഥാനമാണ് പൈനാവ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപറ്റ ആണ് രണ്ടാമത്തേത്. 

മൂന്നാറിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള സഞ്ചാരികള്‍ക്ക് വാരാന്ത്യ യാത്രക്കായി തിരഞ്ഞെടുക്കാവുന്ന ഇടങ്ങളിൽ ഒന്നാണിത്. മൂന്നാറിൽ നിന്ന് 53 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 107 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം.  

മഞ്ഞുമൂടിയ പുലര്‍കാലങ്ങള്‍ക്കും കണ്ണിനെ കുളിരണിയിക്കുന്ന പശ്ചിമഘട്ട കാഴ്ചകള്‍ക്കുമെല്ലാം ഏറെ ജനപ്രിയമാണ് പൈനാവ്. പ്രകൃതിരമണീയമായ വനങ്ങളാലും പച്ചപ്പ് നിറഞ്ഞ കുന്നുകളാലും ചുറ്റപ്പെട്ട പൈനാവ് നല്ലൊരു ട്രക്കിങ് കേന്ദ്രം കൂടിയാണ്. പൈനാവിലെ ട്രെക്കിങ് ഒരു മികച്ച അനുഭവമാണെന്ന് പറയപ്പെടുന്നു. ട്രെക്കിങ്ങിനായെത്തുന്ന സന്ദർശകർക്ക് വനങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമെല്ലാം നീളുന്ന നിരവധി പാതകള്‍ കാണാനാവും. വഴിയില്‍ ആനകൾ കൂട്ടംകൂട്ടമായി റോഡിലൂടെ നീങ്ങുന്ന കാഴ്ചയാണ് മറ്റൊരു പ്രധാന അനുഭവം.

ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് പൈനാവ് കൂടി സന്ദര്‍ശിക്കാം. ചെറുതോണിക്കും കുളമാവിനും ഇടയിൽ യാത്ര ചെയ്യുന്നതിനായി ഇവിടെ നിന്ന് ബോട്ടുകളുണ്ട്. കൂടാതെ, വൈശാലി വ്യൂ പോയിന്റ്, മൈക്രോ വ്യൂ പോയിന്റ് 

ഇടുക്കി വന്യ ജീവി സങ്കേതം, ഇടുക്കി ഡാം, വൈശാലി എന്നിവയെല്ലാം പൈനാവിനടുത്ത് സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. ഇടുക്കി ബസ് സ്റ്റേഷനിൽ നിന്ന് വെറും 5 കിലോമീറ്റർ അകലെയായതിനാൽ പൈനാവിലേക്ക് റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. കൂടാതെ ചെറുതോണിയിൽ നിന്ന് കുളമാവ് ജങ്ഷൻ വരെ ജലത്തിലൂടെയും പൈനാവിലെത്താം. എറണാകുളവും(114 കി. മീ) കോട്ടയവുമാണ് (98 കി. മീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. 

മണ്‍സൂണ്‍ കഴിഞ്ഞ ശേഷം കുന്നിന്‍ചെരിവുകള്‍ ഉല്ലാസത്തോടെ പച്ചനിറം വാരിയണിയുന്ന സെപ്തംബർ മുതൽ മെയ് വരെയാണ് പൈനാവ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Best time to visit Painavu in Idukki 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com