ADVERTISEMENT

കേരള – കർണാടക അതിർത്തിയോടു ചേർന്ന് മനോഹരമായ കാഴ്ചകൾ സമ്മാനിച്ച്, തണുപ്പ് അരിച്ചിറങ്ങുന്ന ഇടം, ജോസ്ഗിരിയും തിരുനെറ്റിക്കല്ലും. മല മുകളിലേക്കുള്ള യാത്രയും അവിടെയെത്തിയാലുള്ള കാഴ്ചകളും

കണ്ണൂർ ജില്ലയിൽ, കുന്നിൻ മുകളിൽ മഞ്ഞു പുതച്ചു കിടക്കുന്നൊരു ഗ്രാമം, ജോസ്ഗിരി. അതിനും മുകളിൽ കോടമഞ്ഞ് മൂടുന്ന തിരുനെറ്റിക്കല്ല്. കോടമഞ്ഞും തണുപ്പും മനോഹരമായ വ്യൂ പോയിന്റുമായി ജോസ്ഗിരിയും തിരുനെറ്റിക്കല്ലും നൽകുന്നത് മറക്കാനാകാത്ത യാത്രാനുഭവങ്ങളാണ്. പുലർച്ചെയാണ് തിരുനെറ്റിക്കല്ല് കയറാൻ അനുയോജ്യമായ സമയം. മലമുകളിൽ നിന്നു കോട പുതച്ച നാട് കാണാൻ അതിലും നല്ല സമയമില്ലല്ലോ. എന്നാൽ സമയം അൽപം വൈകിയാലും പ്രശ്നമില്ല. മലമുകളിലേക്കുള്ള യാത്രയിൽ വില്ലനായി ചൂടെത്തില്ല. അവിടേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് നല്ല കാറ്റു നിറഞ്ഞ കാലാവസ്ഥയാണ്.

JosgiriHills2

കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണ് ജോസ്ഗിരി. നട്ടുച്ചയ്ക്കു പോലും മേമ്പൊടിക്കു തണുപ്പുള്ള കാറ്റാണ് ഇവിടെ വീശുന്നത്. കൂടുതൽ സമയങ്ങളിലും ഇവിടെ മഴ ലഭിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ജോസ്ഗിരിയിൽ നിന്നു രണ്ടു കിലോമീറ്ററോളം ദൂരമാണ് തിരുനെറ്റിയിലേക്കുള്ളത്. പേരു പോലെ തന്നെ, കണ്ണൂരിന്റെ നെറ്റിയിൽ കയറി നിൽക്കുന്ന പോലെ സമീപ പ്രദേശങ്ങളെല്ലാം ഇവിടെ നിന്നാൽ ദൃശ്യം. 

മല മുകളിൽ ജോസ്ഗിരി അതിനു മുകളിൽ തിരുനെറ്റിക്കല്ല്

കേരള – കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന മലയോര ഗ്രാമമാണ് ജോസ്ഗിരി. ഇവിടേക്കുള്ള യാത്രയും അതിമനോഹരമാണ്. കുഞ്ഞു ഹെയർ പിന്നുകൾ കയറി, ഒരു മലമുകളിലാണ് ജോസ്ഗിരി ഗ്രാമമുള്ളത്. പിന്നിടുന്ന വഴികളിലൊക്കെയും ചെറുതായി മഴ പൊടിയുന്നുണ്ടാകും, തണുപ്പ് അരിച്ചിറങ്ങുന്നുമുണ്ടാകും, കോട വന്ന് റോഡിനെ മൂടുന്നുമുണ്ടാകും. കുന്നുകയറി ജോസ്ഗിരിയിൽ എത്തുമ്പോൾ ചെറിയൊരു ടൗൺ ആണവിടെ. വിരലിൽ എണ്ണാവുന്ന കടകൾ മാത്രമുള്ളൊരു കുടിയേറ്റഗ്രാമം. 

JosgiriHills33

ജോസ്ഗിരിയിലെ ഈ ടൗണിൽ നിന്നാണ് തിരുനെറ്റിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കൊക്കോയും കാപ്പിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന വഴികൾ. തിരുനെറ്റിയിലേക്കുള്ള വഴിയിൽ വീടുകൾ ചുരുക്കമാണ്. മിക്ക വീടുകളിലും പന്നിക്ക‍ൃഷിയുണ്ട്. പന്നിഫാമുകൾ പലയിടത്തും കാണാം. അടിവാരത്ത് എത്തുമ്പോൾ കാണാം, അങ്ങു ദൂരെ, തിരുനെറ്റിക്കല്ല്. ആ കല്ലിനു മുകളിൽ കുരിശും സ്ഥാപിച്ചിട്ടുണ്ട്. ക്രൈസ്തവർ നോമ്പുകാലത്ത് അവിടേക്കാണ് കുരിശിന്റെ വഴി നടത്തുന്നത്. 

തിരുനെറ്റിയിലേക്ക് അൽപദൂരം ടാറിട്ട റോഡിലൂടെ പോകാം. പിന്നീടുള്ളത് മൺപാതയാണ്. ഓഫ്റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് തിരുനെറ്റി നല്ലൊരു ‍െഡസ്റ്റിനേഷനാണ്. സംഘമായി യാത്ര ചെയ്യുന്നവർക്ക് നടന്നുള്ള യാത്രയും ആസ്വാദ്യകരമാകുമെന്നുറപ്പ്. തിരുനെറ്റിക്കല്ലിന്റെ അവസാനഭാഗത്ത് നടന്നു മാത്രം കയറാൻ കഴിയുന്ന, കുത്തനെയുള്ള കുന്ന്. തണുപ്പുള്ള വെയിലാണ് ഇവിടത്തേത്. ചുറ്റും പുല്ല് നിറഞ്ഞ ആ ഇടവഴി കയറി ചെല്ലുന്നത് തിരുനെറ്റിക്കല്ലിലേക്കാണ്. ആ മലമുകളിൽ കുരിശു സ്ഥാപിച്ചൊരു ഉരുളൻ കല്ല്. 

JosgiriHills1

അതിലേക്കു കയറാൻ ഒരു ഏണി സ്ഥാപിച്ചുണ്ട്. അതു കയറി മുകളിലെത്തിയാൽ കാത്തു നിൽക്കുന്നത് അതിമനോഹരമായ പ്രകൃതിയുടെ ദൃശ്യങ്ങൾ. ഇടയ്ക്കു തലോടി പോകുന്ന ഇളംകാറ്റും തണുപ്പും. ഒരു ഭാഗത്ത് കണ്ണൂർ ജില്ലയിലെ മലയോര പട്ടണങ്ങളും വിവിധ ഭാഗങ്ങളും മറുഭാഗത്ത് കുടക് മേഖലകളുമാണു കാണാനാവുക. നീല നിറത്തിൽ അങ്ങു ദൂരെ, മലനിരകളും. ആ ആകാശദൃശ്യം മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്നുറപ്പ്. ഈ കല്ലിനു സമീപത്തായി മുഖത്തോടു മുഖം നോക്കി നിൽക്കുന്ന കൂറ്റൻ പാറകളും അതിനു നടുവിലൊരു ഉരുളൻ കല്ലും. 

സമുദ്ര നിരപ്പിൽ നിന്ന് 2300 അടി ഉയരത്തിലാണ് തിരുനെറ്റിക്കല്ലിന്റെ ഭംഗി. വ്ലോഗർമാർ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് എത്തുന്നുണ്ട്. സമീപ കാലത്ത് ഇവിടെ റിസോർട്ടുകളും ആരംഭിച്ചിട്ടുണ്ട്. ചിലതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. മലമുകളിൽ ടെന്റ് ക്യാംപിങ്ങും നടത്തുന്നുണ്ട്. തിരുനെറ്റിക്കല്ല് കാണണോ, മുൻകൂട്ടി പ്ലാൻ ചെയ്ത്, ഒരു ദിവസത്തെ കാഴ്ചകൾ കണ്ടു മടങ്ങാം. 

തിരുനെറ്റിയിലേക്ക് എത്തുന്നത്:

ചെറുപുഴയിൽ നിന്ന് 19 കിലോമീറ്റർ ദൂരമാണ് ജോസ്ഗിരിയിലേക്ക്. ചെറുപുഴ– കോഴിച്ചാൽ – രാജഗിരി വഴിയും തളിപ്പറമ്പിൽ നിന്ന് ആലക്കോട് – ഉദയഗിരി വഴിയും ജോസ്ഗിരിയിലെത്താം. ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെയാണ് തിരുനെറ്റിക്കല്ല്. ഇരുചക്ര വാഹനങ്ങൾ, ജീപ്പ് പോലുള്ള ഓഫ്റോഡ് വാഹനങ്ങളാണ് ഇവിടേക്കുള്ള യാത്രയ്ക്ക് അനുയോജ്യം. വാഹനങ്ങളിൽ പോയാലും മലമുകളിലെത്താൻ നടക്കുക തന്നെ വേണം. 

English Summary: Josgiri Hills and Thirunettikallu in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com