വിസ്മയിപ്പിക്കും ഈ ഇടങ്ങൾ, വർക്കലയിലേക്ക് യാത്ര പോകുന്നവർ കാണേണ്ടത്

HIGHLIGHTS
  • വിഡിയോ: ചൈതന്യ. എൻ.ജി
SHARE

എന്ത് മഹാദ്ഭുതങ്ങളാണ് ഓരോ കടലും ഒളിപ്പിച്ച് വച്ചിരിക്കുന്നത്. ആഴങ്ങളുടെ നീല മൗനം മുതൽ അർഥഗർഭമായ തിരയൊളി വരെ തേടി കടൽ ആസ്വദിക്കാൻ എത്തുന്നവർ കുറവല്ല. ഓരോരുത്തരും ഓരോ തരത്തിലാണ് കടലിനെ ആസ്വദിക്കുന്നത്. ചിലർക്ക് പ്രണയമാണ് കടൽ, ചിലർക്ക് മനസിന്റെ സംഘർഷം കടലിന്റെ മുരൾച്ചയിൽ മുക്കി കളയാനുളളിടം. മറ്റു ചിലർക്ക് എല്ലാം മറന്ന് പാറി നടക്കാനും മണ്ണുവാരി കളിക്കാനുമുള്ളയിടം. ആത്യന്തികമായി കടൽ എല്ലാവർക്കും ആസ്വാദനത്തിന്റെ പ്രതിരൂപമാണ്.

varkala-travel

കേരളം എന്ന് കേൾക്കുമ്പോൾ വിനോദ സഞ്ചാരികളിലൂടെ മനസിൽ പതഞ്ഞു പൊങ്ങുന്ന കാഴ്ചകളിൽ മുഖ്യം കടൽത്തീരങ്ങളിലെ ആഞ്ഞടിക്കുന്ന തിരമാലകളുടെ ചിത്രങ്ങളാണ്. കടൽത്തീരങ്ങൾ കൊണ്ട് പ്രശസ്തമായ നിരവധിയിടങ്ങൾ കേരളത്തിലുണ്ട്, അതിൽ പ്രമുഖവും കേരള ടൂറിസം ഭൂപടത്തിന്റെ മുഖവുമാണ് വർക്കല ബീച്ച്. രണ്ട് രീതിയിൽ കടൽ കാണാം എന്നത് തന്നെയാണ് വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. കടൽ തീരത്തേക്ക് ഇറങ്ങിയാൽ പാപനാശം ബീച്ചിലേക്ക് ഇറങ്ങാം, വർക്കല ക്ലിഫ് കടലിന്റെ ദൂരക്കാഴ്ചയും നൽകുന്നു.

varkala3

മിനി ഗോവ എന്ന് വിളിക്കുന്ന വർക്കല ചുറ്റിയടിക്കാൻ വരുന്നവരൊക്കെ വർക്കല ബീച്ചും ക്ലിഫുമെല്ലാം കറങ്ങി, അവിടെ താമസിച്ച് മടങ്ങുകയാണ് പതിവ്. എന്നാൽ വർ‍ക്കലയ്ക്ക് സമീപം പോയി വരാവുന്ന നിരവധി അൺ എക്സ്പ്ലോർഡ് സ്ഥലങ്ങളുണ്ട്. എല്ലാം വ്യത്യസ്തവും മനോഹരവുമാണ്. വർക്കല പോകുന്നവർ ഉറപ്പായും പോകേണ്ട ചില സ്ഥലങ്ങളെ അറിയാം.

varkala1

പിടയ്ക്കണ കരിമീൻ കിട്ടും പണയിൽ കടവ്

വക്കം പണയിൽ കടവ്, വളരെ ഗ്രാമീണമായ കടവാണിത്. വളരെ ആൾ തിരക്ക് കുറഞ്ഞ എന്നാൽ ഏറ്റവും മനോഹരം എന്ന് നിങ്ങൾക്ക് തോന്നാവുന്ന ഒരിടം. ഇവിടെ വന്നാൽ നല്ല പിടയ്ക്കണ കരിമീൻ വാങ്ങാം. ദിവസം കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇവിടെ വലയെറിഞ്ഞു കരിമീനിനേം പള്ളത്തിയേയും പിടിച്ചുകൊണ്ടു വരുന്നതു കാണാം.

panayil-kadavu

രാവിലെ ആറു മണി അല്ലെങ്കിൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വള്ളമെത്തുന്നത്. ചെറു ബോട്ടുകളിൽ കറങ്ങാനും അങ്ങ് ദൂരെ കാണുന്ന തുരുത്ത് സന്ദർശിക്കാനുമൊക്കെ കഴിയുമെന്നാണ് ഇവിടുത്തെ മെച്ചം. ഈ തുരുത്തിൽ ഒരു ശിവ ക്ഷേത്രമുണ്ട്. ഇവിടുത്തെ ശിവരാത്രി പ്രസിദ്ധവുമാണ്. ഒരു സ്വകാര്യ ഹോട്ടലുകാർ ഇവിടുന്ന് ലുലു മാൾ വരെ ഹൗസ് ബോട്ട് സർവീസ് ആരംഭിച്ചിട്ടുണ്ടെന്നുള്ളത് ഇവിടുത്തെ പ്രദേശവാസികൾക്ക് പോലും അത്ര അറിവുള്ള കാര്യമല്ല.

അഞ്ചുതെങ്ങ് കോട്ട

പണയിൽകടവിൽ നിന്ന് നേരെ അഞ്ചുതെങ്ങു കോട്ടയിലേക്ക് പോകാം. ഇവിടേക്ക് എത്തുമ്പോൾ ഉപ്പു രസമുള്ള വായു ശ്വാസത്തില്‍ നിറയുന്നത് നന്നായി തിരിച്ചറിയാം. “അഞ്ചുതെങ്ങ്”! ബ്രിട്ടീഷുകാര്‍ക്കെതിരെ നൂറ്റാണ്ടുകള്‍ മുമ്പ് കലാപങ്ങള്‍ക്ക് നാന്ദി കുറിച്ചയിടം. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം കലാപം നടന്നത് അഞ്ചുതെങ്ങ് എന്ന മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്താണെങ്കില്‍ ആ കലാപം അറിയപ്പെടുന്നത് ആറ്റിങ്ങല്‍ കലാപമെന്നാണ്.

trivandrum-anjuthengu-fort-entrance

ആറ്റിങ്ങള്‍ റാണിയുടെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലുള്ള അഞ്ചുതെങ്ങിന് പറയാന്‍ കഥകള്‍ ഒരുപാടുണ്ടാകും. ദൈന്യതയുടെയും കഷ്‌ടപ്പാടിന്റെയും വിനോദത്തിന്റെയും എന്ന് മാത്രമല്ല ചോരപ്പാടുകളുടെ കഥയും ഇവിടുത്തെ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.

Anchuthengu-travel

ഹൈദരാലിയുമായി യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും പടക്കോപ്പുകളും ബ്രിട്ടീഷുകാർ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. പറയാൻ ചരിത്രം ഏറേയുണ്ട്. കുറേ ചരിത്രവിവരങ്ങൾ കോട്ടയിൽ തന്നെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്.

Anchuthengu-fort

കോട്ടയുടെ മുൻവശത്ത് ചാട്ടവാറടി ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്കായുള്ള കൂറ്റൻ തൂണുകൾ കാണാം. അതിനു മുന്നിൽ ഇപ്പോൾ ഒരുനിര വീടും അതിനപ്പുറം ആർത്തിരമ്പുന്ന കടലുമാണ്. കോട്ടയ്ക്കുള്ളിൽ രഹസ്യ ഗുഹയും കാണാം. എന്നാൽ ആ ഗുഹയിൽ കയറിയ ചിലർക്ക് അപകടം പിണഞ്ഞതിനാൽ അത് ഒരു മുറിയുടെ രൂപത്തിലേക്ക് അടയ്ക്കുകയായിരുന്നു. നാലു വശത്തായി നാല് കോട്ടകൊത്തളങ്ങളുണ്ട്. ഈ കോട്ടക്കിപ്പുറം കടലിനിപ്പുറം വലിയൊരു ലൈറ്റ് ഹൗസ് ഉണ്ട്.

അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്

Lighthouse

വർക്കലയിൽ നിങ്ങൾക്ക് ലൈറ്റ് ഹൗസ് കാണാൻ കഴിയില്ല. എന്നാൽ ആ ഭാഗ്യം അഞ്ചുതെങ്ങ് നൽകുന്നുണ്ട്. കടലും പുഴയും ഒന്നിച്ചു മുകളിൽ നിന്ന് കാണണോ നേരെ ലൈറ്റ് ഹൗസിന് മുകളിലേക്ക് കയറാം. വളഞ്ഞ് പുളഞ്ഞ് കുത്തനെ കിടക്കുന്ന ലൈറ്റ് ഹൌസ് കൂടാരത്തിലേക്ക് കയറാം. “നീലയും വെള്ളയും നിറത്തില്‍ ചാലിച്ച് അഞ്ചുതെങ്ങ് കടപ്പുറത്തെ കഷ്‌ടതകള്‍ക്ക് സാക്ഷിയായ ഒരു ഒറ്റകണ്ണന്‍.” ആ ഒറ്റ കണ്ണന്റെ നെറുകയില്‍ എത്തുമ്പോൾ കാണുന്ന കാഴ്ച വാക്കുകളില്‍ വിവരിച്ചാല്‍ അൽപത്വമായി പോകും. വലത് പാപനാശവും ഇടത് നദീ-സാഗര സംഗമവും പിറകിലായി കായലും മുന്നിലായി അറബിക്കടലും അങ്ങനെ അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ മനോഹാരിതയെ കണ്ണുകളില്‍ ചാലിച്ചെടുക്കുമ്പോള്‍ അങ്ങ് അറബികടലിലെ ചക്രവാളങ്ങള്‍ കഥ പറയുന്നതായി തോന്നും. ലൈറ്റ് ഹൗസിന്റെ പടികൾ കയറി വന്നതിന്റെ ക്ഷീണം മുകളിലെത്തുമ്പോൾ കൊള്ളുന്ന കാറ്റിലങ്ങ് പാറിപറന്നു പോകും.

മുതലപ്പൊഴി

അഞ്ചുതെങ്ങു തീരദേശ റോഡിൽ നിന്ന് വീണ്ടുമങ്ങ് 6 കിലോമീറ്റർ പോയാൽ മുതലപൊഴിയായി. കടലിന്റെ ആർത്തിരമ്പലുകൾ ഏറ്റവും അടുത്തറിഞ്ഞ് നേരെ എത്തുന്നത് ഒരു പാലത്തിലേക്കാണ്. ആ പാലത്തിന് മുകളിൽ നിന്നുള്ള കടൽക്കാഴ്ചയുടെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാം എന്നാലത് വാക്കുകളിൽ വർണിക്കാനാവില്ല.

muthalapozhi1

ആ കാഴ്ചയും കാറ്റും അവിടെയെത്തി തന്നെ ആസ്വദിക്കണം. വാമനപുരം പുഴയും കടലും സംഗമിക്കുന്ന പൊഴിയാണിത്. പണ്ട് മുതലയുണ്ടായിരുന്ന പൊഴി ആയതിലാനാണ് മുതലപ്പൊഴി എന്ന പേര് വന്നത്.

കടലും പുഴയും സംഗമിക്കുന്ന ഇവിടം ഫോട്ടോഗ്രാഫർമാരുടെ പറുദീസയാണ്. കടപ്പുറത്തെ പച്ചപരവതാനി വിരിച്ചയിടം വിവാഹ ഫോട്ടോഷൂട്ടുകളിലെ പതിവ് സ്പോട്ടുമാണ്. പാറകൾ വിരിച്ച് കടലിനുള്ളിലേക്ക് നിർമിച്ചിരിക്കുന്ന പാതയിലൂടെ കടലിലേക്ക് ഇറങ്ങിച്ചെല്ലാം എന്നതിൽപരം സന്തോഷം വേറെയൊന്നില്ല. നല്ല ചൂണ്ടയുമായി വന്നാൽ പൊഴിക്കരയിലിരുന്ന മീനും പിടിക്കാം.

കുമാരനാശാൻ സ്മാരകം (കായിക്കര)

മഹാകവി കുമാരനാശാൻ ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതുമെല്ലാം കായിക്കരയിലാണ്. അഞ്ചുതെങ്ങിൽ നിന്നു വർക്കലയിലേക്ക് പോകുന്ന വഴിക്കാണ് കായിക്കര കുമാരനാശാൻ സ്മാരകം. കുമാരനാശാന്റെ ജനനം മുതൽ മരണ–മരണാനന്തര കാലത്തോളമുള്ള ഓർമകളുടെ ചരിത്ര ഗന്ധം അവശേഷിക്കുന്നിടം.

varkala2

ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാരകത്തില്‍ ഒരു ഓഡിറ്റോറിയവും ലൈബ്രറിയുമുണ്ട്. പക്ഷേ ഇവിടുത്തെ മറ്റൊരു ഹൈലേറ്റ് വരച്ചു വച്ചിരിക്കുന്നതു പോലുള്ള കടൽ സീനറിയാണ്. വളരെ മനോഹരമാണ് ഇവിടുത്തെ കാഴ്ച. ഒട്ടും തിരക്കില്ലാത്ത കടൽത്തീരം. നല്ല കാറ്റ് കൊണ്ട് ആശാൻ സ്മാരകത്തിലെ വിശ്രമയിടത്തിൽ കുറേനേരമിരിക്കാം.

റാത്തിക്കല്‍ ടൂറിസ്റ്റ് സ്പോട്ട്

നെടുങ്കണ്ടം ഒന്നാം പാലം കേറി വർക്കലയ്ക്കു പോകുന്ന വഴി (പഴയ വർക്കല റോഡ്). പാർവതി പുത്തനാർ ജലസേചന പദ്ധതിയ്ക്ക് അരികിലായുള്ളതാണ് റാത്തിക്കൽ ടൂറിസ്റ്റ് സ്പോട്ട്. അധികമാരും എക്സപ്ലോര്‍ ചെയ്തിട്ടില്ലാത്ത, കടൽത്തീരത്തെ ഈ മനോഹരയിടം ടൂറിസം വകുപ്പ് നോക്കി നടത്തുന്നില്ലെന്നത് അവിടേക്ക് എത്തുമ്പോൾ മനസിലാകും.

varkala-travel1

മൂന്നാലു വർഷം മുൻപ് വളരെ മനോഹരയിടമായിരുന്ന ഈ സ്ഥലത്തേക്ക് ടൂറിസം വകുപ്പിന്റെ കണ്ണ് ഉടനെയെത്തുമെന്ന് പ്രതീക്ഷിക്കാം.

വർക്കല ക്ലിഫ്

varkala-trip

വർക്കല ക്ലിഫിലേക്ക് പോകുന്നവർ, സ്റ്റേ കണക്കാക്കി പോകുന്നവരല്ലെങ്കിൽ ഉറപ്പായും സായാഹ്ന കാഴ്ചകൾ കാണാൻ എത്തണം. കേരളത്തിലെ മറ്റ് കടൽത്തീരങ്ങളിൽ എങ്ങും ലഭിക്കാത്തൊരു ആമ്പിയൻസും ഫീലും ഇവിടെ കിട്ടും. അസ്തമയ സൂര്യനെയും കണ്ട്, വർക്കല ക്ലിഫിലെ വ്യാപ്യാര കാഴ്ചകൾക്കിടയിലൂടെ ഊളിയിട്ട് പോകുമ്പോൾ ഇത് കേരളം തന്നെയാണോയെന്ന് തോന്നിയാൽ ഒരു അതിശയോക്തിയും വേണ്ട. ഇതാണ് നമ്മുടെ വർക്കല. തദ്ദേശീയരും വിദേശിയരും ഒരു പോലെ പ്രേമിക്കുന്ന കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ച്.

English Summary: Unexplored Places near Varkala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS