ADVERTISEMENT

സഞ്ചാരപ്രിയരായ മലയാളസിനിമാപ്രേമികൾക്ക് കൃത്യമായ ഇടവേളകളിൽ യാത്രപോകാൻ ഒരിടം സമ്മാനിക്കുന്ന ചില സിനിമകളുണ്ട്. മീശപ്പുലിമലയുടെയും ഗവിയുടെയുമൊക്കെ മനംമയക്കും സൗന്ദര്യം സിനിമയിലൂടെ കണ്ടു യാത്ര തിരിച്ച നിരവധി പേരുണ്ട്. പ്രക‍ൃതിയുടെ സൗന്ദര്യകൂട്ടിലേക്ക് ഇനി ഒരു പേരു കൂടി ചേർക്കാം. കുട്ടിക്കാനത്തിനടുത്തു സ്ഥിതി ചെയ്യുന്ന 'അമ്മച്ചി കൊട്ടാരം'. 

പകലുകളിൽ മഞ്ഞുമൂടിയും ചെറുമഴത്തുള്ളികളാൽ പുണർന്നും സ്വീകരിക്കുന്ന പ്രകൃതിയാണ് കുട്ടിക്കാനത്തേത്. നട്ടുച്ച നേരത്തും മഞ്ഞിൽ പാതി മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരം, കാഴ്ചക്കാരിൽ ചിത്രകഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും. ജെ.ഡി.മൺറോ എന്ന വിദേശിയാണ് ഈ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. 

അമ്മച്ചിക്കൊട്ടാരത്തിന്റെ കാഴ്ചയിലേക്ക്

അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്. തിരുവിതാംകൂർ രാജാവിന്റെ വേനൽ കാലവസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവം വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്.

idukki-mmachi-kottaram

കേരളീയ വാസ്തു ശില്പശൈലിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങൾക്കു വിദേശ നിർമിതിയുടെ മുഖഛായ നൽകിയിട്ടുണ്ട്. കൊട്ടാരത്തിന് മരപ്പലകകളാൽ മച്ചുകൾ നിർമിച്ചിട്ടുണ്ട്‌. നിലത്തിനു ഭംഗിയേകിയിരിക്കുന്നതു തറയോടുകളാണ്. 

നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്.

ഇരുപത്തിയഞ്ചു ഏക്കറിലാണ് ഈ അമ്മച്ചി കൊട്ടാരം നിലനിൽക്കുന്നത്. സംരക്ഷണത്തിൽ സംഭവിച്ച വീഴ്ചകൾ ചെറുതല്ലാത്ത രീതിയിൽ ഈ കൊട്ടാരത്തെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈകളിലാണ് ഇന്ന് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. പ്രൗഢി പേറുന്ന ഇതിന്റെ ആഢ്യത്വം കാണാൻ ഇനി ഈ മലകയറുന്നവർക്കു നമ്മുടെ സംസ്കാരത്തെയറിയാൻ കുറെയേറെ തിരുശേഷിപ്പുകൾ അവിടെയുണ്ട്.

കുട്ടിക്കാനത്തു നിന്നും കഷ്ടി ഒന്നര കിലോമീറ്റർ ദൂരം മാത്രമേ ഈ കൊട്ടാരവളപ്പിലേക്കുള്ളൂ. വാഹന സൗകര്യമുണ്ടെങ്കിലും കുറച്ചു സാഹസികത വേണമെന്നുള്ളവർക്ക് കെ.എ.പി.ബറ്റാലിയന് സമീപത്തിലൂടെ കാൽനടയായി കാട്ടിലൂടെ സഞ്ചരിച്ചു ഇവിടെ എത്തിച്ചേരാവുന്നതാണ്.

English Summary: Ammachi Kottaram Tourist attraction in Kuttikkanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com