മണ്‍സൂണില്‍ വയനാടൊരു സുന്ദരി; കോടമഞ്ഞും മഴയും പുണരുന്ന ട്രെക്കിങ്

wayanad
SHARE

മഴക്കാലത്ത് വയനാടിന്‍റെ സൗന്ദര്യം വാക്കുകള്‍ കൊണ്ട് വിവരിക്കുക ഏറെക്കുറെ അസാധ്യമാണ്. കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞാലും അത് നേരിട്ട് അനുഭവിക്കുമ്പോള്‍ ഉള്ള സ്വര്‍ഗീയാനുഭൂതിയുടെ ആയിരത്തില്‍ ഒന്ന് വരില്ല അത്. പച്ചപ്പിന്‍റെ പര്യായമായി വിലസിക്കുന്ന താ‌ഴ്‍‍‍വാരങ്ങളും കുളിരും കോടമഞ്ഞും മഴത്തുള്ളികളും ഒരുമിച്ചൊരു മായാലോകം തീര്‍ക്കുന്ന മണ്‍സൂണ്‍ വീണ്ടും വയനാടിനെത്തൊട്ടു. ഇനി വയനാടന്‍ യാത്രകളുടെ കാലം. ചുരം കയറി, പാട്ടും പാടി മലകളിലേക്ക് വിരുന്നു പോകാം. മണ്‍സൂണ്‍ ടൂറിസത്തിനായി വയനാടും ഒരുങ്ങിക്കഴിഞ്ഞു.

മണ്‍സൂണ്‍ യാത്ര ചെയ്യാം, സുരക്ഷിതമായി

വയനാട്ടിലെ മഴക്കാലം രണ്ട് തരത്തിലാണ്. ഒന്ന് ജൂണിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കും. രണ്ടാം മൺസൂൺ സീസൺ ഒക്ടോബർ മുതൽ നവംബർ വരെയാണ്, ഈ സമയത്ത് എങ്ങും കനത്ത ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളാണ് വയനാട്ടില്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും അനുയോജ്യം. 

wayanad1

എത്രയൊക്കെ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞാലും ഏറെക്കുറെ പ്രവചനങ്ങള്‍ക്ക് അതീതമായ ഒട്ടനവധി ഭൂപ്രദേശങ്ങള്‍ ഇവിടെയുണ്ട് എന്നത് ഒരു സത്യമാണ്. യാത്രകള്‍ക്കൊരുങ്ങുമ്പോള്‍ കാര്യമായ കരുതല്‍ വേണം. ഡി.ടി.പി.സി.യും വനംവകുപ്പും ജില്ലാഭരണകൂടവും ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതലുകള്‍ പാലിക്കണം. നിരോധിത മേഖലകള്‍ ഒഴിവാക്കുക. ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് എന്നിവിടങ്ങളില്‍ നിലവില്‍ ട്രക്കിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണ്‍സൂണില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

1. പൂക്കോട് തടാകം 

Pookode-Lake

മൺസൂൺ കാലത്ത് വയനാട്ടിൽ സന്ദർശിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് പൂക്കോട് തടാകം. വൈത്തിരിക്ക് മൂന്നു കിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ് തടാകം. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. തടാകത്തിൽ നിറയേ നീലനിറമുള്ള ആമ്പലുകൾ കാണാം. ചുറ്റും നടക്കുവാനായി നടപ്പാതയും ജലസവാരിക്കായി പെഡല്‍ ബോട്ടുകളുമുണ്ട്.

 2. ബാണാസുര സാഗർ അണക്കെട്ട്

ബാണാസുര സാഗർ ഡാമിൽ സന്ദർശകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നു എത്തിയ സഞ്ചാരികൾ.
ബാണാസുര സാഗർ ഡാമിൽ സന്ദർശകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നു എത്തിയ സഞ്ചാരികൾ.

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ, കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. അണക്കെട്ടിനരികില്‍ നിരവധി ട്രെക്കിംഗ് മേഖലകള്‍ ഉണ്ട്. കൂടാതെ, ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ദ്വീപുകളുടെ കാഴ്ച പ്രകൃതിരമണീയമാണ്.

3. മീൻമുട്ടി വെള്ളച്ചാട്ടം

meenmutty-waterfalls

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ്, കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന മീൻമുട്ടി. . തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടയിലൂടെയാണ് ഇവിടേക്കുള്ള യാത്ര. മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്ന കാഴ്ച അങ്ങേയറ്റം സുന്ദരമാണ്. മുകളിലേക്ക് കയറിപ്പോകാനായി നിരവധി ട്രെക്കിംഗ് റൂട്ടുകളും ഉണ്ട്. നിരവധി അപകടങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്നതിനാല്‍ പലപ്പോഴും ഇവിടം അടച്ചിടാറുണ്ട്‌. പോകുന്നതിനുമുന്നേ ഇക്കാര്യം ഉറപ്പുവരുത്തണം.

4. എടക്കൽ ഗുഹകൾ

edakkal-cave

ബിസി 5000 മുതലുള്ള കൊത്തുപണികൾ പ്രദർശിപ്പിച്ച എടക്കൽ ഗുഹകൾ, വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിലാണ് ഗുഹ. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവിടെയാണ്‌ ഉള്ളത്. വയനാട്ടിലേക്ക് യാത്ര പോകുന്ന ഒരു വിനോദസഞ്ചാരിയും ഒരിക്കലും വിട്ടുപോകരുതാത്ത ഇടമാണ് ഇത്.

5. വയനാട് വന്യജീവി സങ്കേതം

 Wild elephants trigger panic in Wayanad

ആനകൾക്കും പുലികൾക്കും പ്രശസ്തമാണ് വയനാട് വന്യജീവി സങ്കേതം. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബന്ദിപ്പൂർ ദേശീയോദ്യാനം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവയും ഇതിനു സമീപത്താണ്. 

6. കുറുവ ദ്വീപ്

kuruva-island

കബനി നദിയിലാണ് 950 ഏക്കർ വിസ്തീർണമുള്ള കുറുവദ്വീപ് സ്ഥിതിചെയ്യുന്നത്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളുമെല്ലാമുണ്ട്. സാധാരണയായി കാല്‍നടയായിത്തന്നെ ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും കാണാം. എന്നാല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയങ്ങളില്‍ വഞ്ചി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇവിടേക്ക് എത്തുന്നത്.

English Summary:  Wayanad Monsoon Tourism

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS