ADVERTISEMENT

ഏതു നേരവും  തഴുകിയെത്തുന്ന കുളിർ കാറ്റ്  മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കാൻ സ്വയം മൂടുപടമാകുന്ന  കോടമഞ്ഞ്, ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴ.. ഇലവീഴാപൂഞ്ചിറയെ സുന്ദരിയാക്കാൻ ഇത്രെയൊക്കെ തന്നെ ധാരാളം.  പേരിൽ  കൗതുകം നിറ‍ഞ്ഞിരിക്കുന്ന ഈ  സുന്ദരിയെ ഒന്ന് കാണാൻ  കൊതിക്കാത്തവർ ചുരുക്കം.  നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം..മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഇഞ്ചിറ.

Elaveezhapoonchira3
സഞ്ചാരികളുടെ തിരക്കിൽ ഇലവീഴാപൂഞ്ചിറ

മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. 

Elaveezhapoonchira
ഇലവീഴാപൂഞ്ചിറയിലെ സഞ്ചാരികൾ

ഈ മനോഹാരിതയ്ക്കപ്പുറം ഏതു നിമിഷവും ഇടിവെട്ടി ആകാശം ഇടിഞ്ഞുവീഴാം. ഇടിമിന്നലെന്ന അപകടം ഒളിപ്പിച്ചുവച്ച മൊട്ടക്കുന്നുകൂടിയാണിവിടം. സൗബിൻ ഷാഹിർ നായകനായി ഷാഹി കബീർ‌ സംവിധാനം ചെയ്ത ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന സിനിമയിലൂടെ ഭൂമിക്കും ആകാശത്തിനുമിടയിലെ ഈ ഇടത്താവളം നാടാകെ അറിഞ്ഞു.

Elaveezhapoonchira14
ഇലവീഴാപൂഞ്ചിറയിലെ ജീപ്പ് സർവീസ്

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ. തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്.

Elaveezhapoonchira6
പുതിയ വയർലസ് സ്റ്റേഷൻ

കോട്ടയം ജില്ലയിലെ പൊലീസ് വയർലെസ് കൺട്രോൾ കേന്ദ്രമാണ് പൂഞ്ചിറയിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായതിനാലാണ് വയർലെസ് സ്റ്റേഷൻ ഇവിടെ സ്ഥാപിച്ചത്. ഈ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ കഥയാണ് ഇലവീഴാപ്പൂഞ്ചിറ എന്ന സിനിമ പറയുന്നത്.

Elaveezhapoonchira7
പഴയ വയർലസ് സ്റ്റേഷൻ

സിനിമയിൽ കാണിച്ചിരിക്കുന്ന വയർലസ് സ്റ്റേഷനല്ല യഥാർഥ പൊലീസ് ഔട്ട്പോസ്റ്റ്. എന്നാൽ ട്രെയിൻ ബോഗി പോലുള്ള ‘റീൽ’ സ്റ്റേഷൻ സിനിമാക്കാർ സെറ്റിട്ടതും അല്ല. ഫിഷറീസ് വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്ന പഴയ ഓഫിസാണു വയർലസ് സ്റ്റേഷനാക്കി മാറ്റിയെടുത്തത്. ഇപ്പോൾ ഇവിടെ ഫിഷറീസ് ഓഫിസ് പ്രവർത്തനമില്ല.

Elaveezhapoonchira2
പഴയ വയർലസ് സ്റ്റേഷൻ

കരിങ്കല്ലുകൊണ്ടു പണിത പുതിയ കെട്ടിടത്തിലാണ് വയർലസ് സ്റ്റേഷൻ. ഇടിമിന്നലിൽനിന്നു രക്ഷപ്പെടാൻ ത്രിതല സെക്യൂരിറ്റി പാലിച്ചാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. മൂന്നാർ രാജമലയിലാണ് ഇടുക്കി ജില്ലയുടെ വയർലെസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 

Elaveezhapoonchira1
പഴയ വയർലസ് സ്റ്റേഷൻ

ട്രെക്കിങ് പ്രിയർക്കു ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ മികച്ചയിടമാണ്. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദർശകർക്കു ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.

Elaveezhapoonchira8
പൂഞ്ചിറ

മഹാഭാരതവുമായി ബന്ധമുള്ള ഒരു പഴങ്കഥ പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അക്കാലത്തു ഭീമസേനൻ പാഞ്ചാലിയ്ക്കു കുളിയ്ക്കാനായി നിർമിച്ചു നൽകിയതാണ് ഈ ചിറ(കുളം) എന്നാണ് പറയപ്പെടുന്നത്.

Elaveezhapoonchira4
ഇല്ലിക്കൽ കല്ലിന്റെ കാഴ്ച

ഇലവീഴാപൂഞ്ചിറയിൽ നിന്നാൽ ഇല്ലിക്കല്ലിന്റെ വിദൂരദൃശ്യം ആസ്വദിക്കാം.

Elaveezhapoonchira11

സഞ്ചാരികളുടെ പ്രിയയിടമായി ഇൗ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ.

English Summary: Iaveezhapoonchira Tourist Destinatio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com