പോകണം ഒരിക്കലെങ്കിലും ഈ വഴി; മുനിമാരെ മോഹിപ്പിച്ച മറയൂരിലേക്ക്

HIGHLIGHTS
  • ചിത്രങ്ങൾ: അരുൺ വർഗീസ്
marayoor-travel-
ആനക്കോട്ടപ്പാറ
SHARE

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി. മഴച്ചാറ്റല്‍ ഏല്‍ക്കാതിരിക്കാന്‍ ആളുകള്‍ കടവരാന്തയിലേക്ക് കയറി നില്‍ക്കുന്നു. ഉച്ചസമയമായിട്ടും മൂന്നാറില്‍ നല്ല തണുപ്പാണ്. മഴപെയ്യാന്‍ തുടങ്ങിയതോടെ തണുപ്പു വര്‍ധിച്ചു. മൂന്നാര്‍ ടൗണില്‍ ചുറ്റിത്തിരിയുന്നവരില്‍ ഏറെയും പുറമെനിന്നു വന്ന സഞ്ചാരികളാണ്. പല ഭാഷക്കാര്‍, ദേശക്കാര്‍, രൂപക്കാര്‍, വേഷക്കാര്‍. കോവിഡിന്റെ ക്ഷീണമെല്ലാം മറന്ന് മൂന്നാര്‍ വീണ്ടും സഞ്ചാരികളുടെ ഇഷ്ടതാവളമായി മാറിയിരിക്കുന്നു. 

marayoor-travel-13
മൂന്നാർ–മറയൂർ പാതയിലെ ദൃശ്യം

യാത്ര തുടരാന്‍ മഴ തോരുന്നതുവരെ കാത്തു നില്‍ക്കണോ എന്നു കുറച്ചുനേരം ആലോചിച്ചു. മഴ കുറയുന്ന ലക്ഷണമൊന്നും കാണാത്തതിനാല്‍ പോയേക്കാം എന്നുകരുതി. മഴക്കോട്ട് എടുത്തിട്ട് സ്‌കൂട്ടര്‍ തിരിച്ചു. മറയൂര്‍ ആണ് ലക്ഷ്യം. മറയൂരിലെത്തി പറ്റുമെങ്കില്‍ വൈകിട്ടു തന്നെ തിരിച്ചുപോരാനാണ് ഉദ്ദേശ്യം. അതിനാല്‍ മഴ കാര്യമാക്കാതെ മുന്നോട്ടു പോയി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും മഴ കനത്തു. പെരിയവരൈ പാലത്തിന് അടുത്തെത്തിയപ്പോഴേക്കും ശക്തമായ മഴ. വീതിയേറിയ പെരിയവരൈ പാലത്തിനു കീഴെ പുഴ കുത്തിയൊലിച്ചു പോകുന്നു. വീതിയുള്ള റോഡും വീതിയില്ലാത പാലങ്ങളുമാണ് സാധാരണ കാണാറ്. എന്നാല്‍ ഇവിടെ വീതി കുറഞ്ഞ റോഡ് വന്ന് വിശാലമായ പാലത്തിലേക്ക് കയറുന്നു. 2018ലെ പ്രളയത്തില്‍ കന്നിമലയാര്‍ കരകവിഞ്ഞ്, ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പെരിയവരൈ പഴയ പാലം ഒലിച്ചുപോയി. കഴിഞ്ഞ വര്‍ഷമാണ് വീതിയേറിയ പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുഴയുടെ ഇരുവശവും വെട്ടിവൃത്തിയാക്കി മണ്‍തിട്ട പിടിപ്പിച്ചിരിക്കുന്നു. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാനാണ് പുഴയോരം ചെത്തിയൊരുക്കിയതെന്ന് വ്യക്തം. ഇനിയൊരു പ്രളയം കൂടി താങ്ങാന്‍ പെരിയവരൈക്കാര്‍ക്ക് സാധിച്ചെന്നു വരില്ല. 

marayoor-travel-8
മറയൂരിലെ മുനിയറ

ഹെല്‍മെറ്റ് ചില്ലിന് മുകളിലൂടെ ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍ കാഴ്ച അവ്യക്തമാക്കി. സ്‌കൂട്ടറിന്റെ നീക്കം വളരെ പതുക്കെയായി. യാത്രകളില്‍ മിക്കപ്പോഴും കൂടെയുണ്ടാകാറുള്ള സജിത്താണ് ഇത്തവണയും സ്‌കൂട്ടര്‍ ഓടിക്കുന്നത്. വണ്ടി നിര്‍ത്തി എവിടെയെങ്കിലും അല്‍പനേരം കയറി നില്‍ക്കണോ എന്നായി ചിന്ത. മിക്ക വര്‍ഷവും മഴയാത്ര നടത്താറുള്ളതാണ്. കനത്തു പെയ്യുന്ന മഴയത്ത് ബൈക്കില്‍ ഏതെങ്കിലും അറിയാ സ്ഥലങ്ങളിലേക്കൊരു പ്രയാണം. ഇക്കൊല്ലത്തെ മഴയാത്രയായിക്കോട്ടെ എന്നു പറഞ്ഞ് വണ്ടി പിന്നെയും ഇഴഞ്ഞു നീങ്ങി. മഴക്കോട്ടിന്റെ വിടവുകളില്‍ക്കൂടി മഴത്തുള്ളി കിനിഞ്ഞിറങ്ങുന്നത് അറിയാന്‍ തുടങ്ങി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. മഴയുടെ കൈ പിടിച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഒരു മലയില്‍നിന്നു മറ്റൊരു മലയിലേക്ക് ഒളിച്ചോടി. 

marayoor-travel-14
ലേഖകന്‍: അരുൺ വർഗീസ്

ഒട്ടും തിടുക്കമില്ലാതെ, മഴയേറ്റ് വലിയൊരു കാലിക്കൂട്ടം റോഡിലൂടെ നടന്നു പോകുന്നു. വടിയുമായി കൂടെയുള്ള ആള്‍ പ്രത്യേക തരം ശബ്ദമുണ്ടാക്കി കാലികളെ റോഡരികിലേക്ക് നീക്കാന്‍ ശ്രമിക്കുന്നു. വലിയ വടിയുണ്ടായിട്ടും അയാള്‍ അത് പ്രയോഗിക്കുന്നില്ല. കാലിക്കൂട്ടത്തിനു പിന്നാലെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കാറുകള്‍ നീട്ടി ഹോണ്‍ മുഴക്കിയിട്ടും ലവലേശം വകവയ്ക്കാതെ കാലികള്‍ റോഡ് നിറഞ്ഞ് നടന്നു. ഇരുവശത്തും മലനിരകള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു. ആ മലകളില്‍ നിന്നെല്ലാം പാറക്കെട്ടുകളിലൂടെ വെള്ളിനൂലിഴപോലെ വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്നു. മലയുടെ തലപ്പുകളില്‍ കോടമൂടിയിരിക്കുന്നു. ആകാശം താണിറങ്ങിവന്ന് മലയുടെ മുകള്‍ ഭാഗം മറച്ചതുപോലെ തോന്നും. അതുകൊണ്ടുതന്നെ ആ വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും ആകാശത്തുനിന്നും പൊട്ടിപ്പുറപ്പെട്ടതായേ തോന്നൂ.  

marayoor-travel-9
മറയൂർ മുരുകൻ കോവിൽ

മഴയില്ലാ താഴ്‌വാരം

ഇരവികുളം ദേശീയോദ്യാനത്തിന് മുന്‍പിലെത്തിയപ്പോള്‍ ചെറിയ ആള്‍ക്കൂട്ടം. വരയാടിനെ കാണാന്‍ കാത്തുനിര്‍ക്കുന്നവരാണ് ഏറെയും. കുടകളും കോട്ടുകളും വില്‍ക്കുന്നവര്‍ സഞ്ചാരികളുമായി വിലപേശുന്നുണ്ടായിരുന്നു. പാട്ടകെട്ടി മറച്ചുണ്ടാക്കിയ ഷെഡ്ഡിലെ അടുപ്പിന്‍ മുകളില്‍ ചോളം വേവുന്നു. വെളുത്ത ചൂടു പുക കോടമഞ്ഞിനൊപ്പം ഇഴുകിച്ചേര്‍ന്ന് ഒഴുകിപ്പോകുന്നു. ദേശീയോദ്യാനത്തില്‍ കയറിയാല്‍ വീണ്ടും വൈകുമെന്നതിനാല്‍ യാത്ര തുടര്‍ന്നു. മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ടായിരുന്നു.  

marayoor-travel-3
മൂന്നാറിലെ തേയിലത്തോട്ടം

വളഞ്ഞും പുളഞ്ഞും തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പോകുന്ന വഴി. ലയങ്ങളും അമ്പലങ്ങളും വഴിയോരത്ത് അങ്ങിങ്ങായി കാണാം. നിലംപറ്റി നില്‍ക്കുന്ന തേയിലച്ചെടികള്‍ക്കിടയില്‍ ചിലയിടത്ത് കാവല്‍ക്കാരനെപ്പോലെ ഏതെങ്കിലും  വന്‍മരം ഒറ്റക്കൊമ്പനായി തലയുയര്‍ത്തി നില്‍ക്കുന്നു. ക്യാമറയില്‍ പതിയുന്ന ചിത്രവും നഗ്നനേത്രങ്ങളില്‍ പതിയുന്ന ദൃശ്യവും രണ്ടും രണ്ടാകും. അതുകൊണ്ട് അതിമനോഹരമായ യാത്രകളില്‍ ഫോട്ടോയെടുക്കാന്‍ അധികം സമയം പാഴാക്കാറില്ല. നേത്രങ്ങളില്‍ പതിയുന്ന ദൃശ്യങ്ങള്‍ അതേപടി ഉള്‍ക്കോണിലെവിടെയെങ്കിലും സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഓരോ സ്ഥലത്തേയും കാറ്റിനും ഗന്ധത്തിനും ചൂടിനും തണുപ്പിനും ഓരോ സ്വത്വമുണ്ടാകും. ക്യാമറകള്‍ക്ക് പകര്‍ത്താന്‍ കഴിയാത്ത അനുഭൂതി.

marayoor-travel-12
മൂന്നാർ–മറയൂർ വഴിയിലെ ദൃശ്യം

വലിയ ഇറക്കം ആരംഭിച്ചു. മലയുടെ ഒരു ചെരുവിലൂടെയാണ് റോഡ് താഴേക്ക് ഇറങ്ങിപ്പോകുന്നത്. അങ്ങു ദൂരെ താഴ്‌വാരവും ലയങ്ങളും. മലമുകളില്‍നിന്ന് അരുവികള്‍ വെണ്‍നുര ചിതറി ഒഴുകുന്നു. താഴ്‌വാരത്ത് മഴ പെയ്യുന്നുണ്ടായിരുന്നില്ല എന്നു മാത്രമല്ല, കാര്‍മേഘം തുളച്ച് സൂര്യരശ്മികള്‍ അവിടെയെല്ലാം പരിലസിക്കുകയും ചെയ്യുന്നു. ഈ കാഴ്ച ഞങ്ങള്‍ കാണുന്നത് കുന്നില്‍ മുകളില്‍ മഴച്ചാറ്റലേറ്റുകൊണ്ടാണ്.  മഴ നനഞ്ഞുകൊണ്ട് മഴയില്ലാത്ത, വെയിലേറ്റ് കിടക്കുന്ന ഒരു നാടിനെ ഏറെ നേരം നോക്കി നിന്നു.  കാര്‍മേഘങ്ങളെ കടത്തിക്കൊണ്ടു വരുന്ന കാറ്റ് അനായാസം താഴ്‌വാരം താണ്ടി മലയോരത്തെത്തുമ്പോഴേക്കും കിതയ്ക്കാന്‍ തുടങ്ങും. കരിമ്പാറകളില്‍ തട്ടി നില്‍ക്കും. ഇതോടെ മലമുകളിലേക്ക് മഴ പെയ്തിറങ്ങും. താഴ്‌വാരം വെയിലേറ്റു കിടക്കുകയും ചെയ്യും. ഞങ്ങളെപ്പോലെ ഈ കാഴ്ച കണ്ട് റോഡിനോരം ചേര്‍ന്ന് അങ്ങിങ്ങായി നിരവധിപ്പേര്‍ ആശ്ചര്യപ്പെട്ടു നില്‍ക്കുണ്ടായിരുന്നു. 

marayoor-travel-7
മുനിയറ

ചന്ദനക്കാറ്റും ശര്‍ക്കരമധുരവും

ഇറങ്ങിയിറങ്ങിപ്പോകുന്തോറും ലോകത്തിന്റെ മറ്റൊരു കോണിലേക്കാണ് പോകുന്നതെന്ന് തോന്നി. ഇരുവശവും കോടപുതച്ച് വലിയ പാറക്കെട്ടുകള്‍. വെട്ടിമിനുക്കിയ തേയിലച്ചെടികള്‍. ഏതോ മഹാനായ കലാകാരന്‍ അനന്തമായ കാന്‍വാസില്‍ വരച്ചിട്ട ചിത്രംപോലെയായിരുന്നു അ ദേശം. പച്ചയുടെ ഏറ്റക്കുറച്ചിലുകള്‍കൊണ്ട് തീര്‍ത്ത അതുല്യമായ ചാരുത. ഇതിനിടയിലെ മനുഷ്യനിര്‍മിതികളും അവയുടെ വര്‍ണങ്ങളും ഏച്ചുകെട്ടിയതുപോലെ തോന്നി. പ്രകൃതിയുടെ അകക്കാമ്പില്‍ പ്രകൃതിയോട് ഒട്ടും ഇണങ്ങാത്ത രീതിയില്‍ മനുഷ്യന്‍ ജീവിച്ചുതുടങ്ങിയിരിക്കുന്നു. ആ ഏച്ചുകെട്ടല്‍ പ്രകൃതിയിലുണ്ടാക്കിയ മാറ്റം ചെറുതല്ല. കാട് നാടാകുന്നത് വൈകിയവേളയിലെങ്കിലും തടയപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ് ഈ കുന്നിറങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നത്. 

marayoor-travel-4
മറയൂരിലെ ശർക്കര നിർമാണ കേന്ദ്രം

ചന്ദനവും ശര്‍ക്കരയുമാണ് മറയൂരിന്റെ പെരുമ വര്‍ധിപ്പിക്കുന്നത്. മലയിറങ്ങി മറയൂര്‍ അങ്ങാടിയെത്തുന്നതിന് മുന്‍പായി ചന്ദനക്കാടുകള്‍ കാണാം. റോഡരികില്‍ വലിയ കമ്പിവേലികെട്ടിയിരിക്കുന്നതില്‍ വനത്തിലേക്ക് കയറാന്‍ സാധിക്കില്ല. എല്ലാ ചന്ദനമരങ്ങള്‍ക്കും നമ്പര്‍ നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് ചന്ദനക്കടത്തിന്റെ വാര്‍ത്തകളായിരുന്നു മറയൂര്‍ എന്ന സ്ഥലപ്പേരുമായി ബന്ധപ്പെട്ട് പുറംലോകം അറിഞ്ഞിരുന്നത്. വടക്കേ ഇന്ത്യയിലേതുപോലെ വിശാലമായ കരിമ്പുപാടങ്ങളല്ല മറയൂരില്‍. ചെറിയ പാടങ്ങളില്‍ ചന്ദനക്കാറ്റേറ്റ് കരുത്തോടെ വളരുന്ന കരിമ്പുചെടികള്‍. മറയൂരില്‍ പലയിടത്തും കുടില്‍വ്യവസായമായി ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്നു. കരിമ്പുജ്യൂസും ശര്‍ക്കരപ്പാനിയുമെല്ലാം ഇത്തരം സ്ഥലങ്ങളില്‍നിന്നു വാങ്ങാം.  

മറയൂറിലെ മുനിയറ
മറയൂറിലെ മുനിയറ

30 കിലോമീറ്ററോളം ഇറക്കം ഇറങ്ങി തേയിത്തോട്ടങ്ങളും ചന്ദനക്കാടുകളും താണ്ടി മറയൂരിൽ എത്തിയപ്പോഴേക്കും വൈകുന്നേരമായി. അടുത്ത ദിവസങ്ങളിലൊന്നും അവിടെ മഴ പെയ്തതിന്റെ ലക്ഷണങ്ങളില്ല. തമിഴും മലയാളവും ഇടകലര്‍ന്ന് സംസാരിക്കുന്ന ആളുകളുടെ കയ്യിലൊന്നും കുടയുമുണ്ടായിരുന്നില്ല. ബിഎസ്എന്‍എല്ലിനും ജിയോയ്ക്കും മാത്രം റേഞ്ച് കിട്ടുന്ന നാടാണത്. മറ്റേതെങ്കിലും സിം കാര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ പുറം ലോകവുമായുള്ള ബന്ധം  നഷ്ടപ്പെടും. ചായകുടിക്കാന്‍ അടുത്തു കണ്ട ബേക്കറിയില്‍ കയറി. എന്താണ് വേണ്ടതെന്ന് മലയാളത്തില്‍ ചോദിച്ച ചേട്ടന്‍ ബേക്കറിയുടെ പാചകപ്പുരയില്‍ ചെന്ന് ഉച്ചത്തില്‍ തമിഴില്‍ സംസാരിക്കുന്നു. ചൂടു ചായ കുടിച്ച് അല്‍പനേരം മറയൂര്‍ അങ്ങാടിയില്‍ ചെലവഴിച്ചു. നേരം നന്നെ വൈകിയതിനാല്‍ മൂന്നാറിലേക്ക് തിരിച്ചുപോക്ക് ബുദ്ധിമുട്ടാണ്. ഇരുട്ടായാല്‍ വഴിയില്‍ ആനയിറങ്ങാനും സാധ്യതയുണ്ട്. എന്തായാലും മടക്കം അടുത്ത ദിവസമാക്കാം എന്നുറപ്പിച്ചു. 

മാമുനിമാരുടെ ഇഷ്ടതാവളം

മറയൂര്‍ ഉദുമല്‍പേട്ട് റോഡില്‍നിന്നു വലത്തേക്ക് തിരിഞ്ഞ് കാന്തല്ലൂരിലേക്കുള്ള വഴി പിടിച്ചു. റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. മുന്നോട്ടു പോകുന്നതിനിടെയാണ് ഇടതുവശത്തായി മുനിയറകളിലേക്കുള്ള ദിശാ സൂചിക കണ്ടത്. ചെറിയൊരു റോഡ് ചെന്നുകയറുന്നത് പാറക്കെട്ടിനു മുകളിലേക്കാണ്. മറയൂര്‍ ഗ്രാമത്തിന്റെ നടുക്കായി ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുന്നിലാണ് ഞങ്ങള്‍ എത്തിയത്. മറയൂരിന്റെ ഭംഗി അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അറിയണമെങ്കില്‍ ഈ കുന്നിനു മുകളില്‍ കയറണം. ചുറ്റോടു ചുറ്റും ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്ന മലകള്‍. മലയടിവാരത്ത് കരിമ്പും പച്ചക്കറികളും വിളയുന്ന കൃഷിയിടങ്ങള്‍, ചെറിയ വീടുകള്‍. സന്ധ്യ മയങ്ങിത്തുടങ്ങി. 

marayoor-travel-5
മറയൂരിൽ മുനിയറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം

അങ്ങുദൂരെ കൂടു തേടി പേരറിയാ പക്ഷികള്‍ പറന്നു പോകുന്നു. അത്രമേല്‍ മനോഹരമായ ഈ ഇടത്തെ പ്രകൃതി മല കൊണ്ട് മറച്ചുവച്ചതുപോലെ തോന്നും. അല്ലെങ്കിലും അമൂല്യമായതിനെല്ലാം മറയും സംരക്ഷണവും ആവശ്യമാണല്ലോ. അങ്ങനെ മറഞ്ഞിരിക്കുന്ന ഊരായതിനാലാകാം മറയൂര്‍ ആയി മാറിയത്. മലകെട്ടി മറയൂരിനെ പ്രകൃതി കാത്തെങ്കിലും മറയൂരിലെ മുനിയറകള്‍ക്ക് ആ സംരക്ഷണം ലഭിച്ചില്ലെന്ന് കുന്നിന്‍മുകളില്‍ എത്തിയപ്പോള്‍ മനസ്സിലായി.  മരങ്ങളില്ലാത്ത ആ പാറക്കെട്ടിനുമുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മുനിയറകള്‍ കാണാം. പണ്ടെങ്ങോ കെട്ടിയ കമ്പിവേലി തകര്‍ന്നുപോയിരിക്കുന്നു. പാറകള്‍ അടര്‍ന്നു വീണിരിക്കുന്നു. 

marayoor-travel-10
മറയൂരിലെ മലനിരകൾ

പാറകള്‍ പാളികളായി പിളര്‍ന്നെടുത്ത് മൂന്നു കല്ലുകള്‍ ചുറ്റുമതിലായും ഒരു കല്ല് മേല്‍ക്കൂരയായും ഉപയോഗിച്ചാണു മുനിയറികളെന്ന ഈ കല്‍വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മുനിയറകള്‍ക്ക് 3000 മുതല്‍ 9000 വരെ വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ലോഹങ്ങള്‍ ഉപയോഗിക്കാത്ത കാലഘട്ടത്തിലാണ് ഇത്തരം മുനിയറകള്‍ നിര്‍മിച്ചിരിക്കുന്നത്. ചിലതരം പച്ചിലകളുടെ ചാറുപിഴിഞ്ഞ് കല്ലു കീറാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഒഴിച്ച് അടര്‍ത്തിയെടുത്തിരുന്നതായാണു ഗവേഷകര്‍ പറയുന്നത്. രണ്ടു തരം മുനിയറകളുണ്ട്. പാറക്കുന്നുകളുടെ മുകളില്‍ സ്ഥിതിചെയ്യുന്ന മുനിയറകള്‍ തപസ്സ് അനുഷ്ഠിക്കാനുള്ള പീഠമായും മണ്ണിന്റെ അടിയിലുള്ളത് ശവശരീരം  മറവു ചെയ്യാനുമാണ് ഉപയോഗിച്ചിരുന്നത്. 

സമ്പന്നമായ ചരിത്രത്തിനൊപ്പം മായക്കാഴ്ചകള്‍ നിറഞ്ഞ മഴനിഴല്‍ പ്രദേശമാണ് അഞ്ചുനാടെന്നു വിശേഷിപ്പിക്കപ്പെടുന്ന മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകള്‍. പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങള്‍ക്കൊപ്പം മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്രവും ഈ നാടിനുണ്ട്. പ്രകൃതി സര്‍വ അലങ്കാരങ്ങളും നടത്തി അണിയിച്ചൊരുക്കിയ മോഹന സ്ഥലമായ മറയൂരില്‍ ആദിമകാലത്തുതന്നെ മനുഷ്യന്‍ വാസം തുടങ്ങിയതില്‍ അദ്ഭുതപ്പെടാനില്ല.

marayoor-travel-6
മുനിയറ

സൂര്യന്‍ മറഞ്ഞിരിക്കുന്നു. കുന്നിന്‍ ചെരിവിലൂടെ തണുത്ത് കാറ്റ് കയറി വന്നു. ഒരു മലമുകളില്‍നിന്നു മറ്റേ മലമുകളിലേക്ക് കാര്‍മേഘങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന കാറ്റ് മറയൂരിനെ തഴുകി മാത്രമേ കടന്നു പോകൂ. പാറക്കെട്ടിന് മുകളിലെ ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ അങ്ങ് ദൂരെ മലമുകളില്‍ നേര്‍ത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. പശ്ചിമ ഘട്ടമലനിരകളില്‍ ഇത്രയേറെ മനോഹരമായ ഇടം മുന്‍പ് കണ്ടിട്ടില്ല. ഇവിടെ വന്ന് കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മാണവുമായി കഴിഞ്ഞുകൂടാം എന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാലും കുറ്റം പറയാന്‍ സാധിക്കില്ല. കാരണം, 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്‍മം കൂടി' എന്ന വയലാറിന്റെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന ഇടമാണ് മറയൂര്‍.

English Summary: Marayoor Travel Experience

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}