മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘കരിക്ക്’ വെബ്സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു. മോഡലിങ്ങിലും സജീവമായ ഈ തിരുവനന്തപുരംകാരി ഈയിടെ കിടിലന്‍ മേക്കോവറുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരുന്നു. സ്ഥിരമായി യാത്രകള്‍ ചെയ്യാറുള്ള അമേയ, യാത്രയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. കണ്ടാല്‍ ചിരി വരുന്ന ക്യാപ്ഷനുകള്‍ക്കൊപ്പം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അമേയയെ ‘ക്യാപ്ഷന്‍ റാണി’ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ഇക്കുറിയും യാത്രയുടെ ചിത്രവുമായാണ് അമേയ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.
മൂന്നാറില്‍ നിന്നുള്ള ചിത്രമാണ് അമേയ പങ്കുവച്ചിരിക്കുന്നത്. “ജസ്റ്റ് എന്‍ജോയ് ഈച് മൊമന്‍റ്... മഴയെത്തും മുൻപേ !! അങ്ങനെ എൻജോയ് ചെയ്യുമ്പോൾ പാന്‍റ് ഇടാൻ ശ്രദ്ധിക്കുക.” ഇങ്ങനെയാണ് അമേയ ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. കറുത്ത ഹുഡി അണിഞ്ഞ് ഒരു അരുവിക്കരികില്‍ നില്‍ക്കുന്ന അമേയയെ ചിത്രത്തില്‍ കാണാം.
യാത്രയെന്നും പ്രണയം
‘‘നമ്മുടെ ചിന്തകള്‍, രീതികള്‍, കാഴ്ചപ്പാടുകള്‍ അങ്ങനെ എല്ലാത്തിലും വളരെ പോസിറ്റീവായ മാറ്റം വരുത്തുവാന്‍ യാത്രകള്‍ക്കു കഴിയും. യാത്ര നൽകുന്ന സന്തോഷവും ആശ്വാസവും ഒന്നുവേറെ തന്നെയാണ്. മനസ്സ് ഫ്രീയാക്കാൻ ഏറ്റവും നല്ല മെഡിസിനാണ് യാത്രകൾ. പാറകളിൽ വലിഞ്ഞു കയറുന്നതും കാടും കാട്ടാറുമൊക്കെ താണ്ടി കാട്ടിലൂടെയുള്ള നടത്തവുമൊക്കെ ആസ്വദിക്കാറുണ്ട്’’ – മുൻപു മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ അമേയ പറയുന്നുണ്ട്.
മൂന്നാറിലെ മൺസൂൺ
മഴക്കാലത്ത് സഞ്ചാരികള്‍ മൂന്നാര്‍ യാത്ര ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ മൂന്നാറിലെ മണ്‍സൂണിന് ഒരു പ്രത്യേക ചാരുതയുണ്ട്. അതീവവശ്യമായ ഒരനുഭവമാണ് അതെന്ന് ഒരിക്കലെങ്കിലും മൂന്നാറിലെ മഴക്കാലം കണ്ടവര്‍ പറയും. അധികം ബഹളമോ തിരക്കോ ഇല്ലാത്തതിനാല്‍ കാഴ്ചകള്‍ ശരിക്കും ആസ്വദിക്കാം, മഴയ്ക്കുള്ള മുന്‍കരുതലുകള്‍ വേണമെന്നു മാത്രം. മാത്രമല്ല, ഈ സമയത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം കിഴിവുകൾ നല്‍കാറുമുണ്ട്.
ചരിഞ്ഞുവീഴുന്ന മഴത്തുള്ളികളില്‍ മനംമയങ്ങിയാടുന്ന മരങ്ങളും തുള്ളിത്തൂവുന്ന വെള്ളച്ചാട്ടങ്ങളും മലനിരകളുമെല്ലാം മൂന്നാറിന്‍റെ മുക്കിലും മൂലയിലും കാണാം. മൂന്നാറിലെ മഴക്കാലത്ത് ഈ ദൃശ്യം ഏറ്റവും മനോഹരമായി ഒപ്പിയെടുക്കാന്‍ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ഫോട്ടോ പോയിന്‍റ്. ടോപ്പ് സ്റ്റേഷനിലേക്കും മാട്ടുപ്പെട്ടിയിലേക്കും പോകുന്ന വഴിയില്‍, മൂന്നാറിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഈ പ്രകൃതിരമണീയമായ സ്ഥലം. കാൽനടയാത്രക്കാർക്കും ട്രെക്കിങ് ചെയ്യുന്നവര്‍ക്കുമെല്ലാം ഏറെ ഇഷ്ടമുള്ള മറ്റൊരിടമാണ് പോത്തമേട് വ്യൂ പോയിന്‍റ്. തെളിഞ്ഞ ദിവസങ്ങളില്‍ മുതിരപ്പുഴയാറും ഇടുക്കി ആർച്ച് ഡാമും മനോഹരമായ സൂര്യാസ്തമയ കാഴ്ചയും ഇവിടെനിന്ന് ആസ്വദിക്കാം.
ടോപ്പ് സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ, ഏകദേശം 20 കിലോമീറ്റർ ഡ്രൈവ് ചെയ്ത ശേഷം കുണ്ടല തടാകം കാണാം. ഇവിടെ ഇറങ്ങി സമയം ചെലവഴിക്കാം. മൂന്നാറിൽനിന്ന് 12-13 കിലോമീറ്റർ അകലെ, മൂന്നാർ-മധുര ദേശീയ പാതയില്‍ ലോക്ഹാർട്ട് ഗ്യാപ് എന്ന ഒരു സ്ഥലമുണ്ട്. രണ്ട് പർവതങ്ങൾക്കിടയില്‍, ഹൃദയത്തിന്‍റെ ആകൃതിയില്‍ കിടക്കുന്ന ഈ സ്ഥലവും മഴക്കാലത്ത് ഹൈക്കിങ്ങിനു മറ്റും പറ്റിയ ഇടമാണ്.
ആനപ്പുറത്ത് കയറി കാടിനുള്ളിലൂടെ ഒരു സവാരി ആയാലോ? മാട്ടുപ്പെട്ടി റോഡിലുള്ള കർമലഗിരി പാർക്ക് ആ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കുന്നു.
ഇവ കൂടാതെ, വരയാടുകളുടെയും നീലക്കുറിഞ്ഞിപ്പൂക്കളുടെയും വീടായ ഇരവികുളം നാഷനല്‍ പാര്‍ക്കും 1700 മീറ്റർ ഉയരമുള്ള മാട്ടുപ്പെട്ടി അണക്കെട്ടും ആറ്റുകാൽ വെള്ളച്ചാട്ടവും ഇടതൂർന്ന ഹരിത വനങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ലക്കോം വെള്ളച്ചാട്ടവും തേക്കടിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ചിന്നക്കനാൽ വെള്ളച്ചാട്ടവുമെല്ലാം മണ്‍സൂണ്‍ കാലത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍ തന്നെയാണ്.
English Summary: Ameya Mathew enjoys holiday in Munnar