ADVERTISEMENT

നിർത്താതെ കോടമഞ്ഞിറങ്ങുന്ന മലയായിരിക്കണം. ആശിക്കുമ്പോൾ മനസ്സുകുളിർപ്പിക്കാൻ മഴപെയ്യുന്ന ഇടം. കണ്ണ് ചെന്നെത്തുന്നിടത്തെല്ലാം പച്ചപ്പ് വേണം. കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടിയ സാഹസിക യാത്രയായിരിക്കണം. എന്നാൽ സുരക്ഷിതവുമാവണം...നിബന്ധനകൾക്ക് നീളം കൂടും മുമ്പേ സുഹൃത്ത് പിടിയിട്ടു.

ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതിയൊരു ബാഗ് പായ്ക്ക് ചെയ്തോ, പരമാവധി കനം കുറച്ചെടുക്കാൻ ശ്രദ്ധിക്കണം. എവിടേയ്ക്കാണെന്ന ചോദ്യത്തിനു മുന്നിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു ആദ്യത്തെ മറുപടി. മലപ്പുറം ജില്ലയിൽ നിലമ്പൂർ ഭാഗത്തായൊരു കുന്നുണ്ട്. അധികമാരും അറിയാതെ പ്രകൃതിയൊളിപ്പിച്ചു വച്ച കാഴ്ചയുടെ നിധിപ്പെട്ടി. അവിടം വരെ ഒന്നു പോയി നോക്കാം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ! എന്ന ജഗതിചേട്ടന്റെ ഡയലോഗും മനസ്സിലിട്ട് കേട്ടറിവിന്റെ വഴിയേ ‘ചെക്കുന്നിന്റെ സൗന്ദര്യം’ തേടി യാത്ര തിരിച്ചു

ചെക്കുന്ന് അഥവാ ഒട്ടകത്തിന്റെ മുതുക്

travel-kerala

കോഴിക്കോട് നിന്ന് അരീക്കോട്– ഒതായി റൂട്ടിലേക്ക് തിരിഞ്ഞതും കർക്കിടകം മുഖം കറുപ്പിക്കാൻ ഒരുങ്ങി. തൂങ്ങി നിൽക്കുന്ന കാർമേഘങ്ങളോട് അൽപ്പനേരം കാത്തിരിക്കാൻ അപേക്ഷിച്ച് ചൂളാട്ടിപ്പാറ കവലയിൽ വണ്ടി നിർത്തി. ‘ഏറനാടൻ മലമടക്കുകളെ തഴുകിയൊഴുകുന്ന ചാലിയാറാണ് ഈ നാടിനെ സുന്ദരിയാക്കുന്നത്.

മലബാർ മാന്വലിൽ സുവർണനദിയെന്നാണ് ചാലിയാറിന്റെ വിശേഷണം. അതിനു കാരണം പുഴയില്‍ സ്വർണത്തിന്റെ അംശമുണ്ടെന്ന വിശ്വാസമാണ്. അക്കൂട്ടത്തിൽ ചെക്കുന്നിനെ കുറിച്ചും വില്യം ലോഗൻ പറഞ്ഞിട്ടുണ്ട്, ദ് ക്യാമൽ ഹബ് അഥവാ ഒട്ടകത്തിന്റെ മുഴ എന്ന്. എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന മലയാണ് ചെക്കുന്ന്. 

travel-kerala1

മൂടൽ മഞ്ഞും മഴയും പച്ചപ്പും ആദിവാസി ഊരും ചേർന്ന മനോഹരമായ മലമ്പ്രദേശം. ’ ചെക്കുന്നിലേക്ക് വഴികാട്ടിയായി കൂടെ വരുന്ന ജാഫർ ചാലോളി വാക്കുകൾ കൊണ്ട് വർണിച്ച് ട്രെക്കിങ്ങിന് ആവേശം പകർന്നു. ചൂളാട്ടിപ്പാറ കവലയിൽ നിന്ന് വേഴക്കോട് ബദൽ സ്കൂളിന് മുന്നിലേക്കുള്ള റബർമരങ്ങൾ അതിരിടുന്ന വഴിയേ വണ്ടി മുന്നോട്ട്. മലമുകളില്‍ താമസിക്കുന്ന മയിലാടി ആദിവാസി കോളനിയിലെ കുട്ടികൾക്ക് വേണ്ടി സർക്കാർ നിർമിച്ചു നൽകിയതാണ് ബദൽ സ്കൂൾ.

ഇവിടെ വരെയേ വണ്ടി വരൂ. അതായത് ചെക്കുന്ന് ട്രക്കിങ്ങ് ബദൽ സ്കൂളിനു മുന്നിൽ നിന്നാരംഭിക്കുന്നു. മുന്നിൽ നടന്നുപോയവർ വെട്ടിയെടുത്ത കാട്ടുവഴി തെളിഞ്ഞ് കാണുമെന്നതിനാൽ വഴി തെറ്റുമെന്ന ആശങ്കയുണ്ടായില്ല. മഴതണുപ്പിൽ കാട് വിറയ്ക്കുന്ന പോലെ. തട്ടുതട്ടായി കിടക്കുന്ന കാട്ടുവഴിയേ നടന്നു. കുറച്ചുദൂരം കഴിഞ്ഞതും വേഴക്കോട് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടുതുടങ്ങി. ഒരു ഭാഗം പൂർണമായി പരന്നുകിടക്കുന്ന പാറയ്ക്ക് സമീപം മഴയോട് കലഹിച്ച് കുത്തിയൊഴുകുകയാണ് വെള്ളച്ചാട്ടം.

കഥകളുടെ കുന്ന്, സാഹസികതയുടെയും

മലയിറങ്ങുന്ന കാറ്റ് പാടി നടക്കുന്ന ചെക്കുന്നിന്റെ െഎതിഹ്യകഥകൾ കെട്ടഴിഞ്ഞ് വീണു. പുരാതന ഗോത്രസമൂഹം ആരാധന നടത്തിയിരുന്നൊരു ക്ഷേത്രവും അതിനടുത്തായി നിധിശേഖരവും ഉണ്ടെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. ദേവതപ്പാറ എന്ന് വിളിക്കുന്ന അവിടേയ്ക്ക് പോകാൻ കഴിയില്ലെന്ന് ജാഫർ നേരത്തെ സൂചിപ്പിച്ചിരുന്നു. ‘ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു ഷേഖ് ചെക്കുന്ന് മലയിൽ ഒളിച്ചെന്നും അങ്ങനെ ഷേഖ് കുന്ന് പിൽക്കാലത്ത് ചെക്കുന്നായി മാറി എന്നുമാണ് പേരിനു പിന്നിലെ കഥ. വർത്തമാനങ്ങൾക്കിടയിൽ കയറ്റം തുടങ്ങിയത് അറിഞ്ഞില്ല.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com