കൂറ്റൻ പാൽസംഭരണി പൊട്ടിച്ചൊഴിക്കിയപോലെ; ഹാപ്പിയാക്കും ബ്ലാപ്പിളഫോൾസ്

blappila-waterfalls
ബ്ലാപ്പില വെള്ളച്ചാട്ടം ചിത്രം, വിഡിയോ: നിഖിൽരാജ്
SHARE

കണ്ണെത്തും ദൂരെ രണ്ട് വെള്ളച്ചാട്ടങ്ങൾ. കൈവീശി, കാലാഞ്ഞു നടന്നാൽ കൺമുൻപിൽ തെളിയുക കാനനച്ചോലയുടെ സുന്ദരദൃശ്യങ്ങൾ. പത്തനംതിട്ട നഗരത്തിൽനിന്ന് അധികമകലെയല്ലാതെ, ഹാരിസൻ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിലാണ് ഇൗ രസക്കാഴ്ച.

കോന്നി അട്ടച്ചാക്കാൽ – മലയാലപ്പുഴ പാതയിൽ ചെങ്ങറ വ്യൂ പോയിന്റും പിന്നിട്ട് ചേർത്തട്ട കവലയിൽനിന്ന് വലത്തേയ്ക്കു തിരിഞ്ഞാൽ ബ്ലാപ്പിള വെള്ളച്ചാട്ടത്തിലേക്ക് വഴി തുടങ്ങുകയായി. പ്ലാന്റേഷനിലേക്ക് ചെരിഞ്ഞിറങ്ങുന്ന ചെറുവഴി തന്നെ കാഴ്ചയുടെ കലവറയാണ്. പച്ചപ്പണി‍ഞ്ഞുനിൽക്കുന്ന താഴ്‌വാരത്തുനിന്ന് വഴി മൂന്നായി തിരിയുന്നു. മൂന്നിലൂടെപ്പോയാലും ചെന്നെത്തുക വെള്ളച്ചാട്ടത്തിനടുത്തേക്കാണ്. ഈ മൺപാതകളിലൂടെ വാഹനയാത്ര ആയാസകരമാണ്. കറുകളിലെത്തുന്നവർ ഇവിടെ വാഹനം നിർത്തിയിട്ട ശേഷം നടന്നുപോകുന്നതാകും ഉചിതം. ഫോർവീൽ ഡ്രൈവ് വാഹനങ്ങളും ബൈക്കുകളും വെള്ളച്ചാട്ടത്തിന് അടുത്തുവരെയെത്തും. പക്ഷേ റബർ മരങ്ങളുടെ തണലേറ്റ് കഥയൊക്കെപ്പറഞ്ഞുള്ള ചെറുനടത്തം നല്ലൊരനുഭവമാണ്. പ്ലാന്റേഷനുള്ളിൽ പലവഴികളുണ്ട്. എല്ലാത്തിനും ഒരേ രൂപമായതിനാൽ തെറ്റാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വട്ടംകറങ്ങും, ഉറപ്പ്.

പ്ലാന്റേഷനുള്ളിലൂടെയുള്ള നടപ്പ് നീളുന്തോറും വെള്ളമൊഴുകുന്ന ശബ്ദം ചെവിയിലേക്കെത്തും. തൊട്ടരികിലാണ് വെള്ളച്ചാട്ടമെന്നു തോന്നിപ്പിക്കും വിധം. ശബ്ദത്തിനു ചെവിയോർത്ത് കണ്ണുപായിച്ചാലും വെള്ളച്ചാട്ടം കാണില്ല. കാരണം ഒളിപ്പിച്ചുവച്ച നിധിപോലെ മരങ്ങളാൽ മൂടിയിരിക്കുകയാണ് ആ സുന്ദരകാഴ്ച. സ്വർഗത്തിലേക്കുള്ള വഴി ദുർഘടവും ഞെരുങ്ങിയതുമാണെന്നു പറയുന്നതു പോലെയാണിവിടെയും കാര്യങ്ങൾ. ഇഞ്ചമുള്ളുകൾ അതിരുതീർക്കുന്ന നടപ്പുവഴിയിലൂടെ ഇറങ്ങണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. ശ്രദ്ധയോടെ പോയില്ലെങ്കിൽ വീഴാൻ ഇടയുണ്ട്. വഴിയിറങ്ങി തോട്ടിലേക്കെത്തുമ്പോൾ മുതൽ കാഴ്ചയുടെ ഉത്സവം തുടങ്ങുകയായി. ഉരുളൻ കല്ലുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളം. കാലിൽ തൊട്ടുരുമ്മും വെള്ളാരംകല്ലുകൾ. തോട്ടിലൂടെ കുറച്ചുകൂടി മുന്നോട്ടുപോയാലേ വെള്ളച്ചാട്ടം കണ്ണിലെത്തൂ.

അടുക്കടുക്കായി നുരഞ്ഞിറങ്ങും വെള്ളം കണ്ടാൽ ആരോ മുകളിൽനിന്ന് കൂറ്റൻ പാൽസംഭരണി പൊട്ടിച്ചൊഴിക്കിയതാണെന്നു തോന്നും. അത്രയ്ക്കുണ്ട് വെണ്മ. ഏകദേശം 35 മീറ്ററോളം പരന്നൊഴുകുന്ന കാഴ്ച അതിഗംഭീരം. കുട ചൂടുന്നതുപോലെ ആഞ്ഞിലിമരത്തിന്റെ ശിഖരങ്ങൾ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് താഴ്ന്നുപരന്നു കിടക്കുന്ന കാഴ്ചയും കാഴ്ചപ്പൊലിമയേറ്റുന്നു. ഒഴുകിയിറങ്ങുന്ന വെള്ളം പതിക്കുന്നുന്നിടത്തിറങ്ങി കുളിക്കാനും സൗകര്യമുണ്ട്. ഇവിടം പൊതുവേ അപകടകരമല്ലെങ്കിലും മഴക്കാലത്ത് ഒഴുക്ക് കൂടുമ്പോൾ വെള്ളത്തിന്റെ അളവ് കൂടും. അപ്പോൾ വെള്ളച്ചാട്ടത്തിനരികിലേക്ക് പോകുന്നത് ഉചിതമല്ല.

ഇവിടെനിന്ന് തിരച്ചുകയറി മൺപാതയിലൂടെ അൽപം മുന്നോട്ടുപോയാൽ രണ്ടാം വെള്ളച്ചാട്ടത്തിലെത്താം. റബർമരങ്ങൾക്കിടയിൽ സുന്ദരിയായ ഒഴുകിയിറങ്ങുന്ന അലസതയെന്നുതോന്നിപ്പിക്കുന്ന, പാറക്കെട്ടുകളെ നോവിക്കാതെ പതഞ്ഞെഴുകാൻ എങ്ങനെ കഴിയുന്നെന്നു ചിന്തിപ്പിക്കുന്ന സുന്ദരക്കാഴ്ച. പ്രധാന പാതയിൽനിന്ന് ഇടവഴികളിലിറങ്ങിവേണം ഇവിടേക്കും പോകാൻ. ഇൗ രണ്ടു വെള്ളച്ചാട്ടങ്ങൾക്കിടയിലും ചെറുപൂരങ്ങളെന്ന പോലെ വള്ളമൊഴുക്കിന്റെ ഉഗ്രൻ കാഴചകളുണ്ട്. ഒരുവട്ടം പോയാൽ ഒരായിരം അനുഭവങ്ങൾ സമ്മാനിക്കും ബ്ലാപ്പിള വെള്ളക്കാഴ്ചകൾ. പക്ഷേ വേനലാകും മുൻപ് പോകണം. അതുമ്പുംകുളത്തുനിന്ന് കാക്കാട്ടാറ്റിലേക്കൊഴുകുന്ന ബ്ലാപ്പിളത്തോട്ടിലെ ഒഴുക്കനുസരിച്ചാകും വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം. കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ കാലുകളൊന്ന് സൂക്ഷിച്ചു നോക്കിയേക്കണം, നാടുകാണാനായി തോട്ടപ്പുഴു കടിച്ചിച്ചിരിപ്പുണ്ടോയെന്ന്.

English Summary:  Blapila Water Falls Places to visit in Pathanamthitta

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}